തിരയുക

ജൈവ ഭക്ഷണം, പ്രകൃതി ഭക്ഷണം, ഓർഗാനിക് സ്റ്റോർ, ഓർഗാനിക് ഷോപ്പ് പ്ലാസ്റ്റിക്കിൽ സൂക്ഷിക്കാതെ (ഫയൽചിത്രം). ജൈവ ഭക്ഷണം, പ്രകൃതി ഭക്ഷണം, ഓർഗാനിക് സ്റ്റോർ, ഓർഗാനിക് ഷോപ്പ് പ്ലാസ്റ്റിക്കിൽ സൂക്ഷിക്കാതെ (ഫയൽചിത്രം). 

പാപ്പാ: ഭക്ഷ്യവസ്തുക്കളിലുള്ള ഊഹക്കച്ചവടങ്ങൾ അവസാനിപ്പിക്കുക, ഭക്ഷണം എല്ലാവർക്കും ഉള്ളതാകട്ടെ

ഭക്ഷണ ദുർവ്യയത്തിനും നഷ്ടപ്പെടുത്തലിനുമെതിരെയുള്ള അന്തർദേശീയ ബോധവൽക്കരണ ദിനത്തിൽ ഫ്രാൻസിസ് പാപ്പാ ഭക്ഷണത്തെയും കൃഷിയെയും സംബന്ധിച്ച ഐക്യരാഷ്ട്രസഭയുടെ സംഘടനയായ FAO (Food and Agriculture Organization) യ്ക്ക് നൽകിയ സന്ദേശത്തിൽ ലോക ജനസംഖ്യയുടെ മൂന്നിൽ ഒന്ന് പേർക്ക് മതിയായ ഭക്ഷണം ലഭിക്കുന്നതിന് തടസ്സമാകുന്ന സാമൂഹിക നീതിയുടെ അഭാവത്തെ അടിവരയിട്ടു. ഉൽപ്പാദിപ്പിക്കുന്നത് നശിപ്പിക്കാനല്ല, പുനർവിതരണം ചെയ്യാനാണ് നമ്മൾ സൗകര്യം ചെയ്യേണ്ടത് എന്ന് പാപ്പാ ഓർമ്മിപ്പിച്ചു.

സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

ഇന്നേ ദിവസം ഉയർത്തിക്കാണിക്കാനുദ്ദേശിക്കുന്ന ഒരു പ്രശ്നം നമുക്ക് തള്ളിക്കളയാനാവില്ല എന്ന് FAO യുടെ ഡയറക്ടറായ ക്യൂ ഡോങ്ങ്യൂവിനോടു പറഞ്ഞ പാപ്പാ, "ഭക്ഷണദുർവ്യയം എന്നതിനർത്ഥം വ്യക്തികളെ ദുർവ്യയം ചെയ്യുകയാണ് " എന്ന് ശക്തമായ താക്കീത് നൽകി. ലോകത്തിൽ അതിസമൃദ്ധിയിൽ ജീവിക്കുന്നവരും ഇപ്പോഴും വിശപ്പനുഭവിരിക്കുന്നവരും വിശന്നു മരിക്കുന്നവരും തമ്മിൽ നിലനിൽക്കുന്ന ആഴമായ അസമത്വം എടുത്തു പറഞ്ഞ ഫ്രാൻസിസ് പാപ്പാ, വാക്കുകളിലൊതുക്കാതെ പ്രാവർത്തീകമായ രീതിയിൽ നീതിക്കുവേണ്ടി കാതടപ്പിക്കുന്ന വിധം നിലവിളിക്കുന്ന പട്ടിണിക്കാരുടെ രോദനത്തോടു പ്രതികരിക്കണമെന്ന് പാപ്പാ ശക്തമായ ഭാഷയിൽ ആവശ്യപ്പെട്ടു.

ഭക്ഷണം നശിപ്പിക്കുന്നത് ലജ്ജാവഹം

ഭക്ഷണം ശരിയായ രീതിയിൽ ഉപയോഗിക്കാതെ അതിനെ ദുർവ്യയം ചെയ്യുന്നതും നശിപ്പിച്ചു കളയുന്നതും "ഉപയോഗിച്ചു വലിച്ചെറിയുന്ന സംസ്കാരം" ജീവിക്കുന്നതാണെന്നും  അടിസ്ഥാനപരമായ മൂല്യമുള്ള ഒന്നിനോടുള്ള നിസ്സംഗതയാണ് ഇത് കാണിക്കുന്നതെന്നും തന്റെ സന്ദേശത്തിൽ പാപ്പാ രേഖപ്പെടുത്തി.

ഓരോ വ്യക്തിയുടേയും അടിസ്ഥാനവും വളരെ പ്രധാനപ്പെട്ട  അവകാശവുമാണ് ആവശ്യമായ ഭക്ഷണം. അത് ലഭ്യമല്ലാതിരിക്കുകയോ വാങ്ങാനുള്ള വഴിയില്ലാതിരിക്കുകയോ ചെയ്യുന്നുവെന്നറിഞ്ഞു കൊണ്ട് ഭക്ഷണം കുപ്പത്തൊട്ടിയിൽ കളയുന്നതും ആവശ്യമുള്ളവർക്ക് എത്തിച്ചു കൊടുക്കാൻ വേണ്ട സൗകര്യം ഇല്ലാതെ വരുന്നതും അപകീർത്തിപരവും വേദനാജനകവുമാണ്, പാപ്പാ എഴുതി.

വിശക്കുന്നവരുടെ നിലവിളി

ലോക ഭക്ഷ്യ സുരക്ഷയെക്കുറിച്ചും പോഷകാഹാരത്തെക്കുറിച്ചുമുള്ള റിപ്പോർട്ടുകളിൽ നിന്ന് കണക്കുകൾ ഉദ്ധരിച്ചു കൊണ്ട് വർദ്ധിച്ചു വരുന്ന അസമത്വത്തെ പാപ്പാ ചൂണ്ടിക്കാണിച്ചു.

"മനുഷ്യ കുലം കടന്നു പോകുന്ന വിവിധ തരം പ്രതിസന്ധികൾ കാരണം ആവശ്യത്തിനു ഭക്ഷണമില്ലാത്തവരുടെ എണ്ണം കഴിഞ്ഞ വർഷം വളരെ പ്രബലമായി വർദ്ധിച്ചു. അവരുടെ നിലവിളി തീരുമാനങ്ങൾ എടുക്കുന്ന കേന്ദ്രങ്ങളിൽ മുഴങ്ങണം" പാപ്പാ തുടർന്നു. അതിനാൽ "നമ്മൾ പുനർവിതരണം ചെയ്യാൻ വേണ്ടി ശേഖരിക്കണം, അല്ലാതെ നശിപ്പിക്കാനല്ല " എന്ന് താൻ 2019 ൽ യൂറോപ്യൻ ഫെഡറേഷന്റെ ഭക്ഷണ ബാങ്കിന് നൽകിയ പ്രഭാഷണം വീണ്ടും ആവർത്തിക്കുകയാണെന്നും വീണ്ടും വീണ്ടും അത് ആവർത്തിക്കുന്നതിൽ താൻ തളരില്ല എന്നും പാപ്പാ ഉറപ്പിച്ചു പറഞ്ഞു.

സമൃദ്ധിയുടെ വിരോധാഭാസം

30 കൊല്ലം മുൻപ് വി. ജോൺ പോൾ രണ്ടാമൻ അറിയിച്ച "സമൃദ്ധിയുടെ വിരോധാഭാസ" ത്തിനു മുന്നിൽ മുഴുവൻ അന്തർദ്ദേശീയ സമൂഹവും അണിനിരക്കണം എന്ന് ഫ്രാൻസിസ് പാപ്പാ അറിയിച്ചു. യഥാർത്ഥത്തിൽ അന്തിപട്ടിണിയായി ഒരാളും പോകാതിരിക്കാൻ ആവശ്യമായ ഭക്ഷണം ലോകത്തിലുണ്ട്. സത്യത്തിൽ 800 കോടി ജനങ്ങളുടെ വിശപ്പടക്കാൻ ആവശ്യമായ ഭക്ഷണം ഉൽപ്പാദിപ്പിക്കപ്പെടുന്നുണ്ട്. എന്നിട്ടും വിശപ്പില്ലാതായിട്ടില്ല എന്നു പറഞ്ഞു കൊണ്ട് ഫ്രാൻസിസ് പാപ്പാ പ്രശ്നത്തിന്റെ ഹൃദയഭാഗത്തിലേക്ക് കടന്നു. നമുക്കില്ലാത്തത് സാമൂഹിക നീതിയാണ്, വിഭവങ്ങൾ കൈകാര്യം ചെയ്യുന്ന രീതിയിലും സമ്പത്തിന്റെ വിതരണത്തിലുമുള്ള അനീതിയാണ് എന്ന് പാപ്പാ വിരൽ ചൂണ്ടി.

ജീവിതം ഭക്ഷണത്തെ ആശ്രയിച്ചിരിക്കുന്നതിനാൽ ഭക്ഷണം ഊഹക്കച്ചവടക്കാരുടെ വിഷയമാവരുത്. വൻകിട ഉൽപ്പാദകർ  മനുഷ്യന്റെ ആവശ്യങ്ങൾ പരിഗണിക്കാതെ നിർബന്ധിത ഉപഭോഗത്തെ പ്രോൽസാഹിപ്പിച്ച് സമ്പന്നരാകാൻ പരിശ്രമിക്കുന്നത് ഒരു അപവാദമാണ്. അതിനാൽ ഭക്ഷണത്തെ ചുറ്റിപ്പറ്റിയുള്ള ഊഹക്കച്ചവടം അവസാനിപ്പിക്കണമെന്ന് പാപ്പാ പറഞ്ഞു. എല്ലാവരുടേയും അടിസ്ഥാന നന്മയായ ഭക്ഷണത്തെ കുറച്ചു പേർക്ക് വിലപേശാനുള്ള വസ്തുവാക്കുന്നത് അവസാനിപ്പിക്കുക തന്നെ വേണമെന്നും പാപ്പാ വിശദീകരിച്ചു.

തന്നോടു മോശമായി പെരുമാറുന്നത് നിറുത്താൻ ഭൂമി കേഴുന്നു

ഭൂമിയെ അത്യാഗ്രഹത്തോടെ ചൂഷണം ചെയ്യുന്നതും നമ്മുടെ ഉപഭോഗാധിക്യം കൊണ്ട് അതിനെ ദുരുപയോഗം ചെയ്യുന്നതും നിറുത്തണമെന്നും ഫ്രാൻസിസ് പാപ്പാ ആവശ്യപ്പെട്ടു. ഭക്ഷണം പാഴാക്കുന്നതും നഷ്ടപ്പെടുത്തുന്നതും ഹരിതവാതക ഉദ്വമനം വർദ്ധിപ്പിക്കുകയും കാലാവസ്ഥ വ്യതിയാനത്തിനും അതിന്റെ ദൂഷ്യ ഫലങ്ങൾക്കും ഇടയാക്കും. "ദൈവം നൽകിയ പൊതു ഭവനത്തെ പരിപാലിക്കാൻ നമ്മുടെ നോട്ടത്തിന്റെ മൂർച്ച കൂട്ടാനും ഹൃദയം വിശാലമാക്കാനും ഇന്നത്തെ യുവജനങ്ങൾ നടത്തുന്ന അപേക്ഷ കേൾക്കാനും പാപ്പാ ആഹ്വാനം ചെയ്തു. അതിനാൽ വാക്കുകൾ കൊണ്ടുള്ള വ്യായാമങ്ങളിൽ തൃപ്തിപ്പെടാതെ, വിസ്മൃതിയിൽ തിരിച്ചറിയാത്ത പ്രഖ്യാപനങ്ങളിൽ പരിഹാരം കാണാതെ, പൊതു നന്മയ്ക്കായി അടിയന്തിരമായി പ്രവർത്തിക്കേണ്ട സമയമാണിത് എന്നും രാജ്യങ്ങളും, വൻകിട ബഹുരാഷ്ട്ര കമ്പനികളും, സംഘടനകളും വ്യക്തികളും, ഒരാൾ പോലും സ്വയം ഒഴിവാകാതെ പ്രായോഗികമായും സത്യസന്ധമായും നീതിക്കുവേണ്ടി മുറവിളി കൂട്ടുന്ന വിശക്കുന്നവരുടെ നിലവിളിയോടു പ്രതികരിക്കാൻ പാപ്പാ ആവശ്യപ്പെട്ടു. അതിനാൽ, അതിജീവനത്തിനാവശ്യമായ ഭക്ഷണമില്ലാത്തവരായി ആരും ഉണ്ടാകാതിരിക്കാൻ ഓരോരുത്തരും ബോധ്യത്തോടെയും ഉത്തരവാദിത്വത്തോടെയും സ്വന്തം ജീവിത ശൈലി നിയന്ത്രിക്കാൻ ഫ്രാൻസിസ് പാപ്പാ തന്റെ സന്ദേശത്തിൽ ആവശ്യപ്പെട്ടു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

30 September 2022, 12:06