തിരയുക

പാപ്പാ: അസമത്വവും നമ്മുടെ ഗ്രഹത്തെ മാരകമാംവിധം മലിനീകരിക്കുന്നു!

ഇറ്റലിയിലെ അസ്സീസി പട്ടണത്തിൽ സെപ്റ്റംബർ 22 മുതൽ 24 വരെ (22-4/09/22) സംഘടിപ്പിക്കപ്പെട്ട “ഫ്രാൻചെസ്കൊയുടെ സമ്പദ്ഘടന” അഥവാ, “ഇക്കോണമി ഓഫ് ഫ്രാൻചെസ്കൊ” (ECONOMY OF FRANESCO, EoF) അന്താരാഷ്ട്ര പ്രസ്ഥാനത്തിൻറെ സമ്മേളനത്തിൽ പങ്കെടുത്തവരെ ഫ്രാൻസീസ് പാപ്പാ സമാപന ദിനത്തിൽ ശനിയാഴ്‌ച (24/09/22) അസ്സീസിയിൽ വച്ച് സംബോധന ചെയ്തു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ബൃഹത്തായതും സങ്കീർണ്ണവുമായ ലോകസമ്പദ് വ്യവസ്ഥയ്ക്ക് മാറ്റം വരുത്താൻ സാമ്പത്തികവിദഗ്ദ്ധരും വ്യവസായസംരംഭകരും പരിവർത്തനത്തിൻറെ ശില്പികളുമായ ഇളം തലമുറക്കാർക്ക് സാധിക്കുമെന്ന് മാർപ്പാപ്പാ.

ഇറ്റലിയിലെ അസ്സീസി പട്ടണത്തിൽ സെപ്റ്റംബർ 22 മുതൽ 24 വരെ (22-4/09/22) സംഘടിപ്പിക്കപ്പെട്ട “ഫ്രാൻചെസ്കൊയുടെ സമ്പദ്ഘടന” അഥവാ, “ഇക്കോണമി ഓഫ് ഫ്രാൻചെസ്കൊ” (ECONOMY OF FRANESCO, EoF)  എന്ന ശീർഷകത്തിലുള്ള അന്താരാഷ്ട്ര  പ്രസ്ഥാനത്തിൻറെ സമ്മേളനത്തിൽ പങ്കെടുത്ത നൂറിൽപ്പരം നാടുകളിൽ നിന്നുള്ള ആയിരത്തോളം ചെറുപ്പക്കാരെ ഈ സമ്മേളനത്തിൻറെ സമാപന ദിനത്തിൽ ശനിയാഴ്‌ച (24/09/22) അസ്സീസിയിൽ വച്ച് സംബോധന ചെയ്യുകയായിരുന്നു ഫ്രാൻസീസ് പാപ്പാ.

അന്നു രാവിലെ വത്തിക്കാനിൽ നിന്ന് ഹെലിക്കോപ്റ്റർ മാർഗ്ഗം അവിടെ എത്തിയ പാപ്പാ സമ്മേളനവേദിയിൽ വച്ച് വിവിധരാജ്യക്കാരായ 8 യുവതീയുവാക്കളുടെ സാക്ഷ്യങ്ങൾ ശ്രവിച്ചതിനു ശേഷമാണ് തൻറെ പ്രഭാഷണം നടത്തിയത്.

പരിസ്ഥിതി പ്രതിസന്ധി, കോവിദ് 19 മഹാമാരി, ഉക്രൈയിൻ യുദ്ധം വിവിധ നാടുകളിൽ വർഷങ്ങളായി തുടരുന്ന യുദ്ധങ്ങൾ എന്നിവ ജീവിതത്തെ മുദ്രിതമാക്കുന്ന ബുദ്ധിമുട്ടുകൾ നിറഞ്ഞ കാലഘട്ടത്തിലാണ് ഇന്നത്തെ തലമുറ അവരുടെ യുവത്വം ജീവിക്കുന്നതെന്ന വസ്തുത പാപ്പാ അനുസ്മരിച്ചു. വളരെ സമ്പന്നമായ ഒരു പൈതൃകം കൈമാറാൻ കഴിഞ്ഞെങ്കിലും ഈ ഗ്രഹത്തെ കാത്തുപരിപാലിക്കുന്നതിൽ തങ്ങൾ അജ്ഞരായിരുന്നുവെന്നും തങ്ങൾ സമാധാനം സംരക്ഷിക്കുന്നില്ലെന്നും പറഞ്ഞ പാപ്പാ  നശിച്ചുകൊണ്ടിരിക്കുന്ന പൊതുഭവനത്തെ കെട്ടിപ്പടുക്കുന്നവരാകാൻ യുവ സാമ്പത്തിക വദഗ്ദ്ധരും വ്യവസായ സംരംഭകരും വിളിക്കപ്പെട്ടിരിക്കുന്നുവെന്ന് ഓർമ്മിപ്പിച്ചു.

വിശുദ്ധ ഫ്രാൻസീസ് അസ്സീസിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതും ഭൗമസൗഹൃദവും സമാധാനത്തിൻറെതുമായ ഒരു നവസമ്പദ്ഘടനയാണ് ഇന്ന് ആവശ്യമെന്ന് പാപ്പാ വ്യക്തമാക്കി. പ്രവചനാത്മക മാനത്താൽ പ്രചോദിതമായ ഒരു സമ്പദ്‌വ്യവസ്ഥ ഇന്ന് പരിസ്ഥിതിയുടെയും ഭൂമിയുടെയും പുതിയൊരു ദർശനത്തിൽ ആവിഷ്കൃതമാകുന്നുവെന്നും പാപ്പാ പറഞ്ഞു. ലോകത്തെ പാവപ്പെട്ടവരുടെ നയനങ്ങളിലൂടെ ദർശിക്കുക, തൊഴിലിനെയും തെഴിലാളികളെയും മറക്കാതിരിക്കുക, ആശയങ്ങളും അഭിലാഷങ്ങളും മൂല്യങ്ങളും സമൂർത്തമാക്കിത്തീർക്കുക എന്നീ മൂന്നു നിർദ്ദേശങ്ങളും പാപ്പാ മുന്നോട്ടു വച്ചു.

സത്വരവും നിർണ്ണായകവുമായ ഒരു മാറ്റം അനിവാര്യമാണെന്ന് പാപ്പാ പറഞ്ഞു. പരിസ്ഥിതിയെ മാലിന്യമുക്തമാക്കേണ്ടതിൻറെ പ്രാധാന്യത്തെക്കുറിച്ചും പരാമർശിച്ച പാപ്പാ കാർബൺ ഡയോക്സൈഡ് മാത്രമല്ല ജീവനെടുക്കുന്ന മലിനീകരണമെന്നും അസമത്വവും നമ്മുടെ ഗ്രഹത്തെ മാരകമാാംവിധം മലിനീകരിക്കുന്നുവെന്നും പ്രസ്താവിച്ചു

2019 മെയ് 1-ന് ആഗോള യുവ സാമ്പത്തികവിദഗ്ദ്ധർക്കും വ്യവസായ സംരംഭകർക്കുമായി അയച്ച ഒരു കത്തിലൂടെ “ഇക്കോണമി ഓഫ് ഫ്രാൻചെസ്കൊ” വാർഷിക സമാഗമത്തിന് താൻ ക്ഷണം നല്കിയതും അതിനു ശേഷം 3 വർഷം ഈ കൂടിക്കാഴ്ചയ്ക്കായി കാത്തിരിക്കേണ്ടി വന്നതും പാപ്പാ തൻറെ പ്രഭാഷണത്തിൻറെ തുടക്കത്തിൽ അനുസ്മരിക്കുകയുണ്ടായി.

പ്രഭാഷണത്തിൻറെ ഉപസംഹാരം- സ്വർഗ്ഗീയ പിതാവിനോടുള്ള  പ്രാർത്ഥന

പിതാവേ, ഭൂമിയെ ഗുരുതരമായി മുറിവേൽപ്പിച്ചതിനും, തദ്ദേശീയ സംസ്കാരങ്ങളെ അനാദരിച്ചതിനും, ദരിദ്രരെ വിലമതിക്കുകയും സ്നേഹിക്കുകയും ചെയ്യാത്തതിനും, പങ്കുവയ്ക്കാതെ സ്വത്തു സമ്പാദിച്ചതിനും ഞങ്ങൾ അങ്ങയോട് മാപ്പു ചോദിക്കുന്നു. ജീവിക്കുന്ന ദൈവമേ, അങ്ങയുടെ ആത്മാവിനാൽ ഈ യുവതയുടെ ഹൃദയങ്ങളെയും കരങ്ങളെയും മനസ്സിനെയും പ്രചോദിപ്പിക്കുകയും അവരെ ഒരു വാഗ്ദത്ത ദേശത്തേക്ക് അയയ്ക്കുകയും ചെയ്തു. അവരുടെ ഉദാരതയെയും സ്നേഹത്തെയും മഹത്തായ ഒരു ആദർശത്തിനായി ജീവിതം ചെലവഴിക്കാനുള്ള അവരുടെ ആഗ്രഹത്തെയും ദയാവായ്പോടെ നോക്കൂ. അവരെ അവരുടെ സംരംഭങ്ങളിലും പഠനത്തിലും സ്വപ്നങ്ങളിലും അനുഗ്രഹിക്കൂ; പ്രയാസങ്ങളിലും കഷ്ടപ്പാടുകളിലും അവർക്ക് തുണയേകൂ, അവയെ പുണ്യവും ജ്ഞാനവുമാക്കി മാറ്റാൻ അവരെ സഹായിക്കൂ. നന്മയ്ക്കും ജീവിതത്തിനുമുള്ള അവരുടെ ആഗ്രഹങ്ങളെ പിന്തുണയ്ക്കുക, മോശം മാതൃകകൾക്കു മുന്നിൽ അവർക്കുണ്ടാകുന്ന നിരാശയിൽ അവരെ താങ്ങി നിറുത്തുക, അവർ നിരാശയിൽ നിപതിക്കാതെ മുന്നേറാൻ അവരെ പ്രാപ്തരാക്കുക. സ്നേഹത്താലും, നൈപുണ്യത്താലും, കരങ്ങളാലും ലോകത്തെ പരിവർത്തനം ചെയ്യുന്നതിൻറെ സന്തോഷം, ഒരു ആശാരിയായിത്തീർന്ന  ഏകജാതനായ നീ,  അവർക്ക് പ്രദാനം ചെയ്യുക. ആമേൻ.

“ഇക്കോണമി ഓഫ് ഫ്രാൻചെസ്കൊ” കൂടിക്കാഴ്ച കഴിഞ്ഞ് പാപ്പാ ഉച്ചയ്ക്ക് അസ്സീസിയിൽ നിന്ന് വത്തിക്കാനിൽ തിരിച്ചെത്തി.  

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

24 September 2022, 13:34