തിരയുക

മിഖായെൽ ഗൊർബച്ചെവ്, സോവ്യറ്റ് യൂണിയൻറെ അവസാനത്തെ പ്രസിഡൻറ് മിഖായെൽ ഗൊർബച്ചെവ്, സോവ്യറ്റ് യൂണിയൻറെ അവസാനത്തെ പ്രസിഡൻറ് 

മിഖായേൽ ഗൊർബച്ചേവിൻറെ നിര്യാണത്തിൽ പാപ്പാ അനുശോചിച്ചു!

പാപ്പാ: ജനതകൾക്കു മദ്ധ്യേ ഐക്യവും സാഹോദര്യവും സംജാതമാക്കുന്നതിനും സ്വന്തം നാടിൻറെ പുരോഗതിക്കും വേണ്ടി ക്രാന്തദർശിത്വത്തോടുകൂടി പ്രവർത്തിച്ച് വ്യക്തിയായിരുന്നു സോവ്യറ്റ് യൂണ്യൻറെ അവസാനത്തെ പ്രസിഡൻറ് ആയിരുന്ന മിഖായേൽ ഗൊർബച്ചേവ്.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

സോവ്യറ്റ് യൂണ്യൻറെ അവസാനത്തെ പ്രസിഡൻറ് ആയിരുന്ന മിഖായേൽ ഗൊർബച്ചോവിൻറെ നിര്യാണത്തിൽ മാർപ്പാപ്പാ അനുശോചനം രേഖപ്പെടുത്തി.

ദീർഘനാളായി രോഗബാധിതനായിരുന്ന 91 വയസ്സു പ്രായമുണ്ടായിരുന്ന ഗൊർബച്ചോവിന് ആഗസ്റ്റ് 30-ന്, ചൊവ്വാഴ്ചയാണ് അന്ത്യം സംഭവിച്ചത്.

"ജനതകൾക്കു മദ്ധ്യേ ഐക്യവും സാഹോദര്യവും സംജാതമാക്കുന്നതിനും ഒപ്പം സുപ്രധാനമായ മാറ്റങ്ങളുടെ ഒരു കാലഘട്ടത്തിൽ സ്വന്തം നാടിൻറെ പുരോഗതിക്കും വേണ്ടി ക്രാന്തദർശിത്വത്തോടുകൂടി ഗൊർബച്ചോവിന് നടത്തിയ പരിശ്രമങ്ങൾ ഫ്രാൻസീസീസ് പാപ്പാ  ബുധനാഴ്‌ച (31/08/22) അദ്ദേഹത്തിൻറ മകൾ ഇറീന ഗൊർബച്ചോവിന് അയച്ച അനുശോചന സന്ദേശത്തിൽ അനുസ്മരിക്കുന്നു. അദ്ദേഹത്തിൻറെ ആത്മശാന്തിക്കായി പാപ്പാ കാരുണ്യവാനായ ദൈവത്തോടു പ്രാർത്ഥിക്കുകയും ചെയ്യുന്നു.

സോവ്യറ്റ് യൂണ്യൻറെ പതനത്തിനു നേതൃത്വം വഹിക്കുകയും ശീതയുദ്ധത്തിനു സമാധാനപരമായി വിരാമമിടുകയും ചെയ്ത മിഖായേൽ ഗൊർബച്ചോവ് 1985 ലാണ് സോവ്യറ്റ് യൂണ്യൻറെ പ്രസിഡൻറായത്. 1991 ഡിസംബർ 25 വരെ, 7 വർഷക്കാലത്തോളം, തൽസ്ഥാനത്തു തുടർന്ന അദ്ദേഹം സോവ്യറ്റ് യൂണ്യനെ ജനാധിപത്യവല്ക്കരിക്കുന്നതിനു ശ്രമിക്കുകയും “ഗ്ലാസ്നോസ്റ്റ്” അഥവാ തുറവുനയവും “ പെരെസ്ത്രോയിക്ക” അഥവാ രാഷ്ട്രീയ സാമൂഹ്യ സാമ്പത്തിക പരിഷ്ക്കരണവും നടപ്പിലാക്കുകയും ചെയ്തു. അദ്ദേഹത്തിൻറെ ഭരണകാലത്തിൻറെ അവസാനഘട്ടത്തിലാണ് സോവ്യറ്റ് റിപ്പബ്ലിക്കുകൾ ഓരോന്നും സ്വാതന്ത്ര്യം പ്രഖ്യാപിക്കുകയും സോവ്യറ്റ് യൂണ്യൻ 15 സ്വതന്ത്രരാഷ്ട്രങ്ങളായി മാറുകയും ചെയ്തത്.

1990-ലെ സമാധാനത്തിനുള്ള നൊബേൽ പുരസ്കാര ജേതാവാണ് ഗൊർബച്ചോവ്. 1931 മാർച്ച് 2-ന് തെക്കൻ റഷ്യയിലെ പ്രിവോയിൽനെയിൽ ജനിച്ച അദ്ദേഹം പ്രമേഹവും വൃക്കരോഗവും മൂലം മോസ്കൊയിലെ സെൻട്രൽ ക്ലിനിക്ക് ആശുപത്രിയിൽ  ഇക്കഴിഞ്ഞ ജൂൺ 22 മുതൽ ചികിത്സയിലായിരുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

01 September 2022, 14:11