ജോൺ പോൾ ഒന്നാമൻ പാപ്പാ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക്
സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
പുഞ്ചിരിക്കുന്ന പാപ്പാ എന്ന പേരിൽ വിശേഷിപ്പിക്കപ്പെടുന്ന ജോൺ പോൾ ഒന്നാമൻ 1978 സെപ്റ്റംബർ 28 ആം തീയതിയാണ് അപ്രതീക്ഷിതമായി മരണമടഞ്ഞത്. പാപ്പായെ തിരഞ്ഞെടുത്ത കോൺക്ലേവ് നടന്ന ഒരു മാസത്തിനു ശേഷമായിരുന്നു അദ്ദേഹം ഈ ലോകത്തിൽ നിന്നും വിടപറഞ്ഞത്. ദൈവത്തിന്റെ നന്മയെ ഒരു പുഞ്ചിരിയോടു കൂടി ആശയവിനിമയം ചെയ്യാൻ അദ്ദേഹത്തിന് കഴിഞ്ഞു എന്ന് ഫ്രാൻസിസ് പാപ്പാ പറഞ്ഞു. വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുന്ന വേളയിൽ വിശുദ്ധ പത്രോസിന്റെ ബസിലിക്കയുടെ മുന്നിൽ ഒരു വലിയ ബാനറിൽ വാഴ്ത്തപ്പെട്ട ജോൺ ഒന്നാമന്റെ പാപ്പയുടെ ചായാചിത്രം അനാവരണം ചെയ്തു.
ഇരുപതാം നൂറ്റാണ്ടിൽ ജനിച്ച ആദ്യ പാപ്പയും ഇറ്റലിക്കാരനുമായിരുന്നു ജോൺപോൾ ഒന്നാമൻ. 1912 ഒക്ടോബർ 17ൽ അൽബിനോ ലുച്ചാനി ഇറ്റലിയുടെ വടക്കൻ വെനേത്തോ മേഖലയിൽ ദാരിദ്ര്യത്തിലാണ് വളർന്നത്.
1935ൽ ഇറ്റാലിയൻ രൂപതയായ ബലൂണോ എ ഫെൽത്രേ രൂപതയ്ക്കു വേണ്ടി 22 മത്തെ വയസ്സിൽ വൈദികനായി അഭിഷേകം ചെയ്യപ്പെട്ടു. പത്തുവർഷം രൂപത സെമിനാരിയുടെ റെക്ടരായി സേവനം അനുഷ്ഠിച്ച അദ്ദേഹം ധാർമിക ദൈവശാസ്ത്രം, വിശുദ്ധകല എന്നിവയെ കുറിച്ചു പഠിപ്പിച്ചു.
1962 മുതൽ 1965 വരെ നടന്ന രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ എല്ലാ സെഷനുകളിലും വിത്തോറിയോ വെ നോത്തോയുടെ മെത്രാനായി അദ്ദേഹം പങ്കെടുത്തു. തുടർന്നുള്ള ദശകത്തിൽ വെനീസിലെ പാത്രിയാർക്കീസ് എന്ന നിലയിൽ കൗൺസിൽ മാർഗ്ഗ നിർദ്ദേശങ്ങൾ നടപ്പിലാക്കാൻ പ്രവർത്തിക്കുകയും ചെയ്തു.
തുടർന്ന് ഒരു കർദ്ദിനാൾ എന്ന നിലയിൽ ചരിത്രപുരുഷന്മാർ, വിശുദ്ധന്മാർ, സാങ്കല്പിക കഥാപാത്രങ്ങൾ, എന്നിവർക്കായി "തുറന്ന കത്തുകളുടെ "ഒരു ശേഖരം പ്രസിദ്ധീകരിച്ചു. ഇല്ലുസ്ത്രീസ്സിമി എന്ന പുസ്തകത്തിൽ യേശു, ദാവീദ് രാജാവ്, മാർക്ക് ട്വിയിൻ, ചാൾസ് ഡിക്കെൻസ്, ക്രിസ്റ്റഫർ മാർലോ, സുപ്രസിദ്ധ കഥാപാത്രങ്ങളായ ഫിനോക്കിയോയോ, സെവില്ലെയിലെ ക്ഷുരകനായ ഫിഗാരോ എന്നിവർക്കുള്ള കത്തുകൾ ഉൾപ്പെടുന്നു. തന്റെ മുൻഗാമികളായ ജോൺ 23 പാപ്പയ്ക്കും, പോൾ ആറാമൻ പാപ്പയ്ക്കും ശേഷം ഇരട്ട പേര് സ്വീകരിക്കുന്ന ആദ്യത്തെ പാപ്പയായി 1978ൽ അദ്ദേഹം ചരിത്രം സൃഷ്ടിച്ചു. അദ്ദേഹത്തിന്റെ എപ്പിസ്കോപ്പൽ മുദ്രാവാക്യം ലളിതമായിരുന്നു. Humilitas (എളിമ ) എന്നായിരുന്നു അത്.
65ആം വയസ്സിൽ മരിക്കുന്നതിന് തൊട്ടു മുൻപ് ജോൺപോൾ ഒന്നാമൻ കർത്താവേ എന്റെ കുറവുകളോടും പോരായ്മകളോടും കൂടി എന്നെ സ്വീകരിക്കണമെ. എന്നാൽ അങ്ങ് ആഗ്രഹിക്കുന്നത് പോലെ എന്നെ ആക്കണമേ എന്ന് പ്രാർത്ഥിച്ചിരുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: