ഫ്രാൻസിസ് പാപ്പാ : വിശ്വാസവും യുക്തിയും തമ്മിൽ സംഘർഷമില്ല
സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
പൊന്തിഫിക്കൽ അംഗീകാരമുള്ള ഈ അന്തർദ്ദേശിയ അൽമായ കൂട്ടായ്മയുടെ അറുപതാം വാർഷികം പ്രമാണിച്ചായിരുന്നു കൂടിക്കാഴ്ച. അവരെ അഭിസംബോധന ചെയ്തു കൊണ്ട് അവരുടെ കൂട്ടായ്മയുടെ (FASTA) സ്ഥാപകന് രണ്ടാം വത്തിക്കാൻ കൗൺസിലിൽ നിന്നു വന്ന പഠനങ്ങൾക്ക് സംഭാവന ചെയ്യാനുണ്ടായിരുന്ന ആഗ്രഹം പാപ്പാ അടിവരയിട്ടു.
കൗൺസിൽ സന്ദേശം പുണർന്ന കൂട്ടായ്മ
സുവിശേഷവൽക്കരണ ദൗത്യത്തിൽ മാമ്മോദീസയിലൂടെ ദൈവത്തിന്റെ മക്കളായി തീരുന്ന അൽമായർക്ക് സ്വന്തമാകുന്ന അവകാശത്തെയും കടമയെയും കുറിച്ചുണ്ടായ ബോധ്യമാണ് കൗൺസിലിന്റെ പുതുമകളിൽ ഒന്ന് എന്ന് പാപ്പാ പറഞ്ഞു. ഇത് മനസ്സിൽ വച്ചു കൊണ്ട്, യേശുവിന്റെ ശിഷ്യരിൽ താൻ പ്രചോദിപ്പിക്കുന്ന താലന്തുകളിലൂടെ പരിശുദ്ധാത്മാവ് എങ്ങനെയാണ് മനുഷ്യരുടെ സകല യാഥാർത്ഥ്യങ്ങളിലും തന്റെ വഴി കണ്ടെത്തുന്നതെന്നത് അത്ഭുതകരമാണെന്ന് പരിശുദ്ധ പിതാവ് സൂചിപ്പിച്ചു.
അവരുടെ സമൂഹം കൗൺസിലിന്റെ സന്ദേശങ്ങൾ പുണർന്ന് സംസ്കാരത്തേയും, യുവജനങ്ങളേയും, കുടുംബങ്ങളേയും സുവിശേഷവൽക്കരിക്കുന്നതിനുള്ള വിവിധ പദ്ധതികൾ ആസൂത്രണം ചെയ്ത് പല തരത്തിലുള്ള വിദ്യാലയങ്ങൾ, കലാലയങ്ങൾ, സർവ്വകലാശാലകൾ പോലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ചത് എങ്ങനെയാണ് എന്ന് നാമിന്ന് കാണുന്നുവെന്ന് പാപ്പാ തുടർന്നു.
പൊരുത്തം
അവരുടെ മധ്യസ്ഥനായ വിശുദ്ധ തോമസ് അക്വിനാസ് ജീവിച്ചിരുന്ന ചരിത്രപരമായ കാലഘട്ടത്തിലും അതിന്റെതായ വെല്ലുവിളികൾ ഉണ്ടായിരുന്നു എന്ന് ഫ്രാൻസിസ് പാപ്പാ പറഞ്ഞു. ഗ്രീക്ക് തത്വചിന്തകനായ അരിസ്റ്റോട്ടിലിന്റെ ചിന്തകളെ കണ്ടെത്തുന്ന കാലമായിരുന്നു അത്. അരിസ്റ്റോട്ടിലിന്റെ വിജാതീയ ചിന്തകൾ ക്രൈസ്തവ വിശ്വാസവുമായി സംഘർഷത്തിലാവുമെന്ന ഭയം മൂലം അദ്ദേഹത്തിന്റെ കൃതികൾ പഠിക്കുവാൻ ചിലർ വിമുഖത കാണിച്ചു. എന്നിരുന്നാലും, അരിസ്റ്റോട്ടിലിന്റെ ഭൂരിഭാഗം കൃതികളും ക്രൈസ്തവ വെളിപാടുമായി പൊരുത്തപ്പെടുന്നതാണെന്ന് കണ്ടെത്തിയ വി. തോമസിന് വിശ്വാസവും യുക്തിയും തമ്മിൽ ഒരു നൈസർഗ്ഗീകമായ സ്വരചേർച്ചയുണ്ടെന്ന് കാണിക്കാൻ കഴിഞ്ഞുവെന്ന് ഫ്രാൻസിസ് പാപ്പാ പറഞ്ഞു. ഈ സമ്പന്നത മൗലീകവാദവും, മതഭ്രാന്തും, പ്രത്യയശാസ്ത്രങ്ങളും മറികടക്കാൻ അത്യാവശ്യമാണെന്ന് പാപ്പാ അടിവരയിട്ടു.
അദ്ദേഹത്തിന്റെ ദൈവവുമായുള്ള ബന്ധം
വി.തോമസ് അക്വിനാസ് നമുക്ക് നൽകിയിട്ടു പോയ മറ്റൊരു സാക്ഷ്യം, പരിശുദ്ധ കുർബ്ബാനയിലെ യേശുവിന്റെ യഥാർത്ഥ സാന്നിധ്യം ആരാധിക്കുന്ന അദ്ദേഹത്തിന്റെ ദൈവവുമായുള്ള ആഴമായ ബന്ധമായിരുന്നു. അദ്ദേഹത്തിന്റെ ആത്മീയത, ദൈവത്തിന്റെ രഹസ്യം കണ്ടെത്താൻ അദ്ദേഹത്തെ സഹായിക്കുകയും, കഴിവുകൾ തന്റെ എഴുത്തുകൾക്ക് രൂപം നൽകാൻ ഇടയാക്കുകയും ചെയ്തു എന്ന് ഫ്രാൻസിസ് പാപ്പാ ചൂണ്ടിക്കാണിച്ചു. ലോകത്തിലും സംഭവങ്ങളിലുമുള്ള കർത്താവിന്റെ സാന്നിധ്യം വെളിപ്പെടുത്തേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ് എന്ന് ഊന്നിപ്പറഞ്ഞ പരിശുദ്ധ പിതാവ് അതിന് പ്രാർത്ഥനയും, ദേവാലയത്തിലെ യേശുവിന്റെ ഹൃദയവുമായി നമ്മുടെ ഹൃദയം ഒരുമിക്കേണ്ടതും ആവശ്യമാണെന്നും ഓർമ്മിപ്പിച്ചു.
സിദ്ധി ജീവിക്കുക
തങ്ങളുടെ സിദ്ധി ജീവിക്കുന്നത്, വിദ്യാഭ്യാസത്തിലൂടെ അവർ സാക്ഷാൽക്കരിക്കുമ്പോൾ അദ്ധ്യാപനം കൃത്യമായും ആത്മീയ കാരുണ്യ പ്രവൃത്തികളിൽ ഒന്നാണ് എന്നത് അവർ മറക്കരുതെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. "വിദ്യാഭ്യാസം, ഒരു അർത്ഥം നൽകുന്നു, മനുഷ്യജീവിതത്തിന്റെ ഓരോ അംശത്തിനും വിശദീകരണമേകുന്നു. അത് വിവരം പങ്കുവയ്ക്കുന്നതോടെയോ കഴിവു വികസിപ്പിക്കുന്നതോടെയോ അവസാനിക്കുന്നില്ല, മറിച്ച് ആ പദത്തിന്റെ ഉൽപത്തി ശാസ്ത്രം വെളിവാക്കുന്നതു പോലെ, അത് ഓരോ വ്യക്തിയുടേയും ഏറ്റം നല്ലവ പുറത്തു കൊണ്ടുവരാൻ ഇടയാക്കുന്നു", പാപ്പാ തുടർന്നു.
അവരുടെ സംഘടനയുടെ സ്ഥാപകനായ ബ്രദർ ആനിബാളിന്റെ അപ്പോസ്തല പ്രവർത്തിയിൽ കണ്ട മാതൃത്വ മാനം ഓർമ്മിച്ചു കൊണ്ട് FASTA യിലെ ഓരോ അംഗത്തേയും മാതാവിന്റെ സംരക്ഷണയിൽ ഏൽപ്പിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ച പരിശുദ്ധ പിതാവ്, മറിയം ദൈവീക ആർദ്രത കൊണ്ട് നമ്മെ സംസ്കാരത്തിന്റെയും, യുവാക്കളുടേയും കുടുംബങ്ങളുടേയും സുവിശേഷവൽക്കരരാവാൻ പഠിപ്പിക്കുന്നു എന്നു പറഞ്ഞു കൊണ്ടാണ് ഉപസംഹരിച്ചത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: