തിരയുക

ഉക്രൈയിൻകാരനായ ഒരു അഭയാർത്ഥി ബാലനെ ഫ്രാൻസീസ് പാപ്പാ ആശ്ലേഷിക്കുന്നു,04/06/22 ഉക്രൈയിൻകാരനായ ഒരു അഭയാർത്ഥി ബാലനെ ഫ്രാൻസീസ് പാപ്പാ ആശ്ലേഷിക്കുന്നു,04/06/22 

പാപ്പായും ഉക്രൈയിൻറെ പ്രസിഡൻറും ഫോൺ സംഭാഷണത്തിൽ!

പാപ്പായുടെ പ്രാർത്ഥനകൾക്ക് പ്രസിഡൻറ് വ്ലോദിമിർ ത്സെലെൻസ്കി നന്ദി പ്രകാശിപ്പിക്കുന്നു.

ജോയി കരിവേലി, വത്തിക്കാൻ സറ്റി

പാപ്പായും ഉക്രൈയിനിൻറെ പ്രസിഡൻറും ഒരിക്കൽക്കൂടി ടെലെഫോൺ സംഭാഷണത്തിൽ ഏർപ്പെട്ടു.

ഫ്രാൻസീസ് പാപ്പായുമായി താൻ ആഗസ്റ്റ് 12-ന് വെള്ളിയാഴ്‌ച (12/08/22) നടത്തിയ ഈ ടെലെഫോൺ സംഭാഷണത്തെക്കുറിച്ച് ഉക്രൈയിനിൻറെ  പ്രസിഡൻറ് വ്ലോദിമിർ ത്സെലെൻസ്കി തന്നെയാണ് ഒരു ട്വിറ്ററിൽ വെളിപ്പെടുത്തിയത്.

നടപ്പുവർഷം (2022) ഫെബ്രുവരി 24-ന് റഷ്യ ഉക്രൈയിനെതിരെ തുടങ്ങിയ സായുധാക്രമണത്തിൻറെ ഭീകരതയെക്കുറിച്ച് ട്വിറ്ററിൽ പരമാർശിക്കുന്ന അദ്ദേഹം പാപ്പായുടെ പ്രാർത്ഥനകൾക്ക് നന്ദി പ്രകാശിപ്പിക്കുകയും ചെയ്യുന്നു.

ഉക്രൈനും ഉക്രൈയിൻ ജനതയ്ക്കും ലോകത്തിലെ ആദ്ധ്യാത്മിക നേതാക്കളുടെ പിന്തുണ ആവശ്യമുണ്ടെന്നും ഉക്രൈനിൽ അക്രമി നടത്തുന്ന ഭീകരചെയ്തികളെക്കുറിച്ചുള്ള സത്യം ഈ നേതാക്കൾ ലോകത്തെ ധരിപ്പിക്കണമെന്നും പ്രസിഡൻറ് ത്സെലെൻസ്കി ട്വിറ്ററിൽ കുറിച്ചു. 

ഉക്രൈയിൻ പരിശുദ്ധസിംഹാസനത്തിനു വേണ്ടി നിയമിച്ചിട്ടുള്ള സ്ഥാനപതി അന്ത്രീ യുറാഷും    പാപ്പായും പ്രസിഡൻറും തമ്മിൽ നടന്ന ഈ ടെലെഫോൺ സംഭാഷണത്തെക്കുറിച്ച് ട്വീറ്റ് ചെയ്തു. പാപ്പായെ അഭിവാദ്യം ചെയ്യുന്നതിൽ ഉക്രൈയിനും ഉക്രൈയിൻ ജനതയ്ക്കും സന്തോഷമുണ്ടെന്ന് ട്വിറ്ററിൽ കുറിച്ച അദ്ദേഹം പാപ്പായുടെ ഭാവി കിയെവ് സന്ദർശനത്തെക്കുറിച്ചുള്ള പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തു.

പാപ്പാ ഉക്രൈയിൻ ജനതയോടു പലതവണ ഐക്യദാർഢ്യം പ്രകടിപ്പിച്ചിട്ടുണ്ട്. അതിൻറെ ഒരു തുടർച്ചയാണ് ഈ ടെലെഫോൺ സംഭാഷണവും. ഉക്രൈയിനിൽ റഷ്യയുടെ ആക്രമണം ആരംഭിച്ചതിനു ശേഷം മൂന്നാം ദിവസം അതായത്, ഫെബ്രുവരി 26-ന് (2022) പാപ്പാ പ്രസിഡൻറ് ത്സെലെൻസ്കിയുമായി ഫോൺസംഭാഷണവും മാർച്ച് 22-ന് (2022) വീഡിയൊ സംഭാഷണവും നടത്തിയിരുന്നു.

യുദ്ധം ഒന്നിനും ഒരു പരിഹാരമല്ലെന്നും, ജീവഹാനികൾക്കും നാശനഷ്ടങ്ങൾക്കും കാരണമാകുന്ന അത് നരകുലത്തിൻറെ തോൽവിയാണെന്നും വ്യക്തമാക്കിക്കൊണ്ട് പാപ്പാ, യുദ്ധം അവസാനിപ്പിക്കാൻ പലവുരു അഭ്യർത്ഥിക്കുകയും ആഹ്വാനം ചെയ്യുകയും  സംഭാഷണത്തിൻറെ അനിവാര്യത എടുത്തുകാട്ടുകയും ചെയ്തിരുന്നു.

ഏതാണ്ട് 6 മാസമായി റഷ്യ ഉക്രൈയിനിൽ ആക്രമണം നിർബ്ബാധം തുടരുകയാണ്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

13 August 2022, 12:22