ഫ്രഞ്ച് അൾത്താര ശുശ്രൂഷകരോടു പാപ്പാ :നിങ്ങളുടെ പ്രവർത്തനത്തിൽ അഭിമാനിക്കുക
സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
"യേശുവിന്റെ ജീവൻ നമുക്കുവേണ്ടി നൽകുന്ന ദിവ്യബലിയിൽ അവിടുത്തെ സേവിക്കുന്നത് ഒരു ബഹുമതിയാണ് എന്ന് പാപ്പാ ഓർമ്മപ്പെടുത്തി. വത്തിക്കാനിലെ പോൾ ആറാമൻ ഹാളിൽ ഫ്രാൻസിൽ നിന്നുള്ള ഏകദേശം 1,200 യുവ അൾത്താര ശുശ്രുഷകരെ അഭിസംബോധന ചെയ്തുകൊണ്ട് നൽകിയ സന്ദേശത്തിൽ ഫ്രാൻസിസ് പാപ്പാ ഈ കാര്യം അടിവരയിട്ടു പറഞ്ഞു.
മറ്റ് യുവാക്കൾക്ക് മാതൃക
ആർച്ച് ബിഷപ്പ് ഡി മൗലിൻസ്-ബ്യൂഫോർട്ട് ഓഫ് റെയിംസിന്റെ നേതൃത്വത്തിൽ തീർത്ഥാടനത്തിനായി തിരഞ്ഞെടുത്ത 'വരൂവിൻ, സേവിക്കുവിൻ, പോകുവിൻ” എന്ന പ്രമേയത്തെ കുറിച്ച് സൂചിപ്പിച്ച പാപ്പാ അവർ ചെയ്യുന്ന കാര്യങ്ങളിൽ അഭിമാനിക്കണമെന്ന് പറഞ്ഞു. കാരണം ആരാധന ക്രമങ്ങളിൽ അവരുടെ പങ്കാളിത്തം വഴി അവർ “എല്ലാവർക്കും സുവിശേഷത്തിന്റെ മൂർത്തമായ സാക്ഷ്യം വാഗ്ദാനം ചെയ്യുന്നു”എന്നും കൂടാതെ അവരുടെ പ്രായത്തിലുള്ള അനേകം ചെറുപ്പക്കാർക്കും “ഒരു മാതൃകയാകാൻ കഴിയും” എന്നും പാപ്പാ വിശദീകരിച്ചു.
“ആരാധന കർമ്മങ്ങളിലെ നിങ്ങളുടെ മനോഭാവം നിങ്ങളെ കാണുന്നവർക്ക് ഒരു പ്രേഷിത പ്രവർത്തനമാണ്. സന്തോഷത്തോടും, ആദരവോടും പ്രാർത്ഥനാ മനോഭാവത്തോടും കൂടി അൾത്താരയിൽ നിങ്ങളുടെ ശുശ്രുഷ നിർവ്വഹിച്ചാൽ, സഭയ്‌ക്കായി തങ്ങളെത്തന്നെ സമർപ്പിക്കാനുള്ള ആഗ്രഹം മറ്റ് യുവജനങ്ങളിലും നിങ്ങൾ തീർച്ചയായും പ്രചോദിപ്പിക്കും” എന്ന് പാപ്പാ പ്രത്യാശ പ്രകടിപ്പിച്ചു.
ചുറ്റുമുള്ളവരിൽ യേശുവിനെ സേവിക്കുക
അൾത്താര ശുശ്രൂഷകരുടെ ദൗത്യം കുർബാനയിൽ അവസാനിക്കുന്നില്ല മറിച്ച് ആവശ്യമുള്ള അയൽക്കാരെ സേവിക്കുന്നതിൽ തുടരുകയാണെന്ന് പാപ്പാ അഭിപ്രായപ്പെട്ടു. കുർബാനയിൽ യേശുവിനെ ശുശ്രൂഷിച്ച ശേഷം, പകൽ സമയത്ത് നിങ്ങൾ കണ്ടുമുട്ടുന്ന ആളുകളിലേക്ക് അവിടുത്തെ സേവിക്കാൻ പ്രത്യേകിച്ച് അവർ ദരിദ്രരും അവശതയുള്ളവരുമാണെങ്കിൽ അവരുമായി പ്രത്യേകമായി അവിടുന്ന് ഐക്യപ്പെട്ടിരിക്കുന്നതിനാൽ നിങ്ങളെ അവിടുന്ന് അയയ്ക്കുന്നു എന്ന് പാപ്പാ പറഞ്ഞു. അതിനാൽ, ബുദ്ധിമുട്ടുള്ള, അയൽപക്കങ്ങളിൽ താമസിക്കുന്ന അവരുടെ സമപ്രായക്കാരിലേക്കും അല്ലെങ്കിൽ വലിയ കഷ്ടപ്പാടുകളും ആസക്തികളും പോലും നേരിടുന്ന യുവാക്കളായ കുടിയേറ്റക്കാരിലേക്കും അഭയാർത്ഥികളിലേക്കും എത്തിച്ചേരാൻ അവരോടു പാപ്പാ അഭ്യർത്ഥിച്ചു.“യേശുവിന് അവരെ അറിയാമെന്നും, അവൻ അവരെ സ്നേഹിക്കുന്നുവെന്നും, അവൻ അവരോടു ക്ഷമിക്കുന്നുവെന്നും, അവരുടെ പ്രശ്‌നങ്ങൾ പങ്കുവെക്കുന്നുവെന്നും, അവരെ വിധിക്കാതെ ആർദ്രതയോടെ അവരെ നോക്കുന്നുവെന്നും പറഞ്ഞു കൊടുക്കാ൯ നിങ്ങളുടെ പ്രായത്തിലുള്ള പലർക്കും ആരെയെങ്കിലും ആവശ്യമുണ്ട്. നിങ്ങളുടെ ധൈര്യം, നിങ്ങളുടെ ഉത്സാഹം, നിങ്ങളുടെ സ്വാഭാവികത എന്നിവയാൽ നിങ്ങൾക്ക് അവരെ സമീപിക്കാൻ കഴിയും.” പാപ്പാ വ്യക്തമാക്കി.
" സാങ്കല്‍പ്പികം” എന്നതിനേക്കാൾ "യഥാർത്ഥ സൗഹൃദങ്ങൾ" തിരഞ്ഞെടുക്കുക
"സാമീപ്യത്തിന്റെ" പ്രാധാന്യം ഊന്നിപ്പറഞ്ഞുകൊണ്ട് സ്വാർത്ഥതയുടെ പ്രലോഭനങ്ങളിൽ അകപ്പെടരുതെന്നും ചെറിയ സംഘങ്ങളിലും, വെർച്വൽ സോഷ്യൽ നെറ്റ്‌വർക്കുകളിലും വീഴരുതെന്നും ഫ്രാൻസിസ് പാപ്പാ അൾത്താര ശുശ്രൂഷകരോടും ആഹ്വാനം ചെയ്തു. "സാങ്കല്‍പ്പികം" എന്നതിനേക്കാൾ "യഥാർത്ഥ സൗഹൃദങ്ങൾക്ക്" അവർ മുൻഗണന നൽകണമെന്ന് പറഞ്ഞ പാപ്പാ അത് മായയാണെന്നും അവരെ തടവിലിടുകയും യാഥാർത്ഥ്യത്തിൽ നിന്ന് വേർപെടുത്തുകയും ചെയ്യുന്നുവെന്നും സൂചിപ്പിച്ചു.
മുത്തശ്ശി മുത്തശ്ശന്മാരുമായുള്ള ബന്ധങ്ങൾ കാത്തു സൂക്ഷിക്കുക
യുവാക്കളുടെ മാനുഷിക പക്വതയ്ക്കും അവരുടെ വിശ്വാസത്തിനും പ്രായമായവർ ഒരു "ആവശ്യമായ വിഭവം" മാണെന്ന് ഒരിക്കൽക്കൂടി ആവർത്തിച്ചു പറഞ്ഞുകൊണ്ട്, മുത്തശ്ശീ-മുത്തശ്ശന്മാരുമായുള്ള ബന്ധം കാത്തുസൂക്ഷിക്കാൻ യുവ തീർത്ഥാടകരെ "നിങ്ങളുടെ വേരുകൾ അന്വേഷിക്കുക, നിങ്ങളുടെ സംസ്കാരത്തെയും, ചരിത്രത്തെയും അറിയാനും സ്നേഹിക്കാനും പഠിക്കുക, അങ്ങനെ നിങ്ങളിൽ നിന്ന് വ്യത്യസ്തരായവരുമായി സംവാദത്തിൽ ഏർപ്പെടാൻ, മറ്റുള്ളവരെ ബഹുമാനിക്കുമ്പോൾ നിങ്ങൾ ആരാണെന്നതിൽ ശക്തരാണ്." പാപ്പാ പങ്കുവച്ചു.
വലിയ സ്വപ്നം
ഒരു പുരോഹിതനാക്കുക ഒരു സന്യാസ സഭയിൽ പ്രവേശിക്കുക എന്നതുൾപ്പെടെ വലിയ സ്വപ്നം കാണാനും അവരുടെ അഭിലാഷങ്ങൾ വളർത്തിയെടുക്കാനും പ്രോത്സാഹിപ്പിച്ച പാപ്പാ അവരുടെ സ്വപ്നങ്ങൾ ഒരിക്കലും ഉപേക്ഷിക്കരുത് എന്നും ഒരിക്കലും ഒരു വിളിയെയും അടക്കം ചെയ്യരുതെന്നും പറഞ്ഞു.
പരിശുദ്ധ മറിയത്തെ ഭരമേൽപ്പിക്കുക
കന്യാമറിയത്തിലൂടെ തങ്ങളെത്തന്നെ കർത്താവിൽ ഭരമേൽപ്പിക്കാൻ ആഹ്വാനം ചെയ്ത പാപ്പാ, അവളുടെ ഉദാരവും, ഫലദായകവും, സന്തോഷപൂർവ്വവുമായ 'അതെ' എന്ന വാക്കിലൂടെ തന്നെത്തന്നെ ഒരു ദാസിയാക്കി എന്ന് പറഞ്ഞു. "നിങ്ങളുടെ പാതകളിൽ, നിങ്ങളുടെ ബുദ്ധിമുട്ടുകളുടെയും ഏകാന്തതയുടെയും നിമിഷങ്ങളിൽ, നിങ്ങളെത്തന്നെ അവളെ ഭരമേൽപ്പിക്കാൻ മറക്കരുത്," എന്ന് പറഞ്ഞു കൊണ്ട് പാപ്പാ തന്റെ സന്ദേശം ഉപസംഹരിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: