തിരയുക

പാപ്പാ: ധനത്തോടും വസ്തുവകകളോടും അത്യാർത്തിയുള്ളവരാണോ നമ്മൾ?

ഫ്രാൻസീസ് പാപ്പായുടെ ത്രികാലജപ സന്ദേശം. "ഭോഷാ, ഈ രാത്രി നിൻറെ ആത്മാവിനെ നിന്നിൽ നിന്ന് ആവശ്യപ്പെടും; അപ്പോൾ നീ ഒരുക്കിവച്ചിരിക്കുന്നവ ആരുടേതാകും? ഇതു പോലെയാണ് ദൈവസന്നിധിയിൽ സമ്പന്നനാകാതെ തനിക്കുവേണ്ടി സമ്പത്തു ശേഖരിച്ചു വയ്ക്കുന്നവനും" (ലൂക്കാ 12:20-21)

ജോയി കരിവേലി, വത്തിക്കാൻ സറ്റി

തൻറെ ഒരാഴ്ചയോളം ദീർഘിച്ച കാനഡ സന്ദർശനം കഴിഞ്ഞ് മുപ്പതാം തീയതി ശനിയാഴ്‌ച (30/07/22) വത്തിക്കാനിൽ തിരിച്ചെത്തിയെ ഫ്രാൻസീസ് പാപ്പാ ഞായറാഴ്ച (31/07/22) മദ്ധ്യാഹ്നത്തിൽ വത്തിക്കാനിൽ പതിവുള്ള ത്രികാലപ്രാർത്ഥന നയിച്ചു. യൂറോപ്പിൽ വേനലവധിക്കാലമാണെങ്കിലും വിവിധ രാജ്യക്കാരായിരുന്ന നിരവധി വിശ്വാസികൾ ഈ പ്രാർത്ഥനയിൽ പങ്കുചേരുന്നതിനും പാപ്പായുടെ ആശീർവ്വാദം സ്വീകരിക്കുന്നതിനുമായി, കടുത്ത സൂര്യതാപത്തെ അവഗണിച്ചുകൊണ്ട്, വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ ചത്വരത്തിൽ  സന്നിഹിതരായിരുന്നു. ബസിലിക്കാങ്കണത്തിൽ, ദേവാലയാഭിമുഖമായി നില്ക്കുകയാണെങ്കിൽ, വലത്തു വശത്തായി കാണപ്പെടുന്ന പേപ്പൽ അരമനയുടെ ഒരു ഭാഗത്തിൻറെ ഏറ്റവും മുകളിലത്തെ നിലയിലുള്ള പതിവു ജാലകത്തിങ്കൽ നിന്നുകൊണ്ടായിരുന്നു പാപ്പാ കർത്താവിൻറെ മാലാഖ എന്നാരംഭിക്കുന്ന ത്രികാല ജപം നയിച്ചത്.  റോമിലെ സമയം ഉച്ചയ്ക്ക് 12 മണിക്ക്, ഇന്ത്യയിലെ സമയം, ഇന്ത്യയും ഇറ്റലിയും തമ്മിൽ ഇപ്പോഴുള്ള സമയവിത്യാസമനുസരിച്ച്, ഉച്ചതിരിഞ്ഞ് 3,30-ന് പ്രാർത്ഥന ചൊല്ലുന്നതിനായി പാപ്പാ, ആ സമയത്തിന് അല്പം മുമ്പ് ജാലകത്തിങ്കൽ പ്രത്യക്ഷനായപ്പോൾ ബസിലിക്കാങ്കണത്തിൽ സന്നിഹിതരായിരുന്ന ജനസഞ്ചയത്തിൻറെ കരഘോഷവും ആനന്ദരവങ്ങളും ഉയർന്നു. പ്രാർത്ഥനയ്ക്കു മുമ്പ്, പാപ്പാ, പതിവുപോലെ നടത്തിയ വിചിന്തനത്തിന് ആധാരം, ലത്തീൻ റീത്തിൻറെ ആരാധനാക്രമനുസരിച്ച്, ഈ ഞായറാഴ്ച (31/07/22) ദിവ്യബലി മദ്ധ്യേ വായിക്കപ്പെട്ട ദൈവവചന ഭാഗങ്ങളിൽ, ലൂക്കായുടെ സുവിശേഷം പന്ത്രണ്ടാം അദ്ധ്യായം 13-21 വരെയുള്ള വാക്യങ്ങൾ, അതായത്, ദൈവസന്നിധിയിൽ സമ്പന്നനാകതെ ഇഹത്തിൽ സമ്പത്തു ശേഖരിക്കാൻ ശ്രമിക്കുന്ന ഭോഷനായ ധനികൻറെ ഉപമ ആയിരുന്നു. പാപ്പാ ഇറ്റാലിയൻ ഭാഷയിൽ നടത്തിയ വിചിന്തനം ഇപ്രകാരം പരിഭാഷപ്പെടുത്താം:

സാധാരണമായിരിക്കുന്ന സ്വത്തു തർക്കങ്ങൾ                        

പ്രിയ സഹോദരീസഹോദരന്മാരേ, ശുഭദിനം!

ഇന്നത്തെ ആരാധനാക്രമത്തിലെ സുവിശേഷഭാഗത്തിൽ, ഒരു മനുഷ്യൻ യേശുവിനോട് ഇങ്ങനെ അഭ്യർത്ഥിക്കുന്നു: "ഗുരോ, പിതൃസ്വത്ത് ഞാനുമായി പങ്കുവയ്ക്കാൻ എൻറെ സഹോദരനോട് പറയുക" (ലൂക്കാ 12:13). ഇത് വളരെ സാധാരണമായ ഒരു അവസ്ഥയാണ്, സമാനമായ പ്രശ്നങ്ങൾ ഇപ്പോഴും അനുദിനം ഉണ്ടാകുന്നുണ്ട്: എത്രയോ സഹോദരീസഹോദരന്മാർ, ഒരേ കുടുംബത്തിലെ എത്രയോ അംഗങ്ങൾ, നിർഭാഗ്യവശാൽ, പാരമ്പര്യ സ്വത്തിൻറെ പേരിൽ പരസ്പരം വഴക്കുണ്ടാക്കുന്നു, സംസാരിക്കാതിരിക്കുക പോലും ചെയ്യുന്നു!

അത്യാഗ്രഹം എന്ന രോഗം 

ആ മനുഷ്യനോട് പ്രത്യത്തരിക്കുന്ന യേശു, വിശദാംശങ്ങളിലേക്ക് കടക്കുന്നില്ല, മറിച്ച് വസ്തുക്കൾ കൈവശം വയ്ക്കുന്നത് മൂലമുണ്ടാകുന്ന ഭിന്നതകളുടെ വേരുകളിലേക്ക് ഇറങ്ങുകയും, വ്യക്തമായി ഇപ്രകാരം പറയുകയും ചെയ്യുന്നു: "എല്ലാ അത്യാഗ്രഹങ്ങളിലും നിന്ന് അകന്നുനിൽക്കുവിൻ" (ലൂക്കാ 12:15). എന്താണ് അത്യാഗ്രഹം? വസ്തുക്കളോടുള്ള കടിഞ്ഞാണില്ലാത്ത ആസക്തിയാണ്, സമ്പന്നനാകാനുള്ള നിരന്തര താല്പര്യമാണ്. ഇത് മനുഷ്യനെ നശിപ്പിക്കുന്ന ഒരു രോഗമാണ്, കാരണം കൈവശപ്പെടുത്താനുള്ള ആഗ്രഹം ആശ്രിതത്വമാണ്. എല്ലാറ്റിനുമുപരിയായി, ധാരാളം ഉള്ളവർ ഒരിക്കലും സംതൃപ്തരല്ല: അവർ എപ്പോഴും കൂടുതൽ ആഗ്രഹിക്കുന്നു, അവനവനു വേണ്ടി മാത്രം. എന്നാൽ ഇങ്ങനെയുളളവൻ ഇനി സ്വതന്ത്രനല്ല: അവൻ അത്യാസക്തനാണ്, വിരോധാഭാസപരമായി, അവൻ, സ്വതന്ത്രനും ശാന്തനുമായ ജീവിക്കാൻ  ഉപകരിക്കേണ്ടിയിരുന്നവയുടെ അടിമയാണ്. അവൻ ധനം വിനിയോഗിക്കുന്നതിനു പകരം അതിൻറെ ദാസനായി മാറുന്നു. അതുപോലെ തന്നെ, അത്യാഗ്രഹം സമൂഹത്തിനും അപകടകരമായ ഒരു രോഗമാണ്: അത് കാരണം നമ്മൾ ഇന്ന് മറ്റ് വിരോധാഭാസങ്ങളിലേക്ക്, ചരിത്രത്തിൽ മുമ്പെങ്ങുമില്ലാത്തവിധം, ഒരു അനീതിയിൽ എത്തിയിരിക്കുന്നു, അവിടെ കുറച്ച് ആളുകൾക്ക് ധാരാളം ഉണ്ട്, അനേകർക്ക് കുറച്ച് അല്ലെങ്കിൽ ഒന്നും ഇല്ല. യുദ്ധങ്ങളെയും സംഘർഷങ്ങളെയും കുറിച്ച് നമുക്ക് ചിന്തിക്കാം: വിഭവങ്ങൾക്കും സമ്പത്തിനും വേണ്ടിയുള്ള ആർത്തിയാണ് മിക്കവാറും എല്ലായ്‌പ്പോഴും ഇവിടെയുള്ളത്. എത്രയെത്ര താൽപ്പര്യങ്ങളാണ്  ഒരു യുദ്ധത്തിനു പിന്നിൽ ഉള്ളത്! തീർച്ചയായും ഇവയിലൊന്നാണ് ആയുധക്കച്ചവടം. ഈ വ്യാപാരം ഒരു അപകീർത്തിയാണ്, അതിന് കീഴടങ്ങാൻ നമുക്കാകില്ല, നാം അടിയറവുപറയുകയുമരുത്.

യുദ്ധം ഉൾപ്പെടെയുള്ള തിന്മകളുടെ മൂല കാരണം അത്യാർത്തി 

ഇന്ന് യേശു നമ്മെ പഠിപ്പിക്കുന്നത്, ഇതിൻറെയെല്ലാം കേന്ദ്രസ്ഥാനത്തു വരുന്നത്, ചില ശക്തരോ അല്ലെങ്കിൽ ചില സാമ്പത്തിക വ്യവസ്ഥകളോ, മാത്രമല്ല എന്നാണ്: അതായത്, മുഖ്യസ്ഥാനത്ത്, എല്ലാവരുടെയും ഹൃദയത്തിലുള്ള അത്യാഗ്രഹമാണ്. അതിനാൽ നമുക്ക് സ്വയം ചോദിക്കാം: വസ്തുവകകളിലും സമ്പത്തിലും നിന്നുള്ള എൻറെ അകൽച്ച ഏതവസ്ഥയിലാണ്? എനിക്ക് കുറവുള്ളതിനെക്കുറിച്ച് ഞാൻ പരാതിപ്പെടാറുണ്ടോ അതോ ഉള്ളതുകൊണ്ട് തൃപ്തിപ്പെടാൻ എനിക്കറിയാമോ? പണത്തിൻറെയും അവസരത്തിൻറെയും പേരിൽ ബന്ധങ്ങളും മറ്റുള്ളവർക്കായുള്ള സമയവും ബലികഴിക്കാൻ ഞാൻ പ്രലോഭിപ്പിക്കപ്പെടുന്നുണ്ടോ? വീണ്ടും, അത്യാഗ്രഹത്തിനറെ അൾത്താരയിൽ ഞാൻ നീതിബോധവും സത്യസന്ധതയും കുരുതികഴിക്കുമോ? "അൾത്താര" എന്ന് ഞാൻ പറഞ്ഞു, അത്യാഗ്രഹത്തിൻറെ ബലിപീഠം, പക്ഷേ ഞാൻ എന്തുകൊണ്ട് ബലിപീഠം എന്ന് പറഞ്ഞു? കാരണം ഭൗതിക വസ്‌തുക്കൾ, പണം, സമ്പത്ത് എന്നിവ ഒരു ആരാധനയായി, യഥാർത്ഥ വിഗ്രഹാരാധനയായി പരിണമിച്ചേക്കാം. അതുകൊണ്ട് യേശു ശക്തമായ വാക്കുകളിലൂടെ നമുക്ക് മുന്നറിയിപ്പ് നൽകുന്നു. രണ്ട് യജമാനന്മാരെ സേവിക്കാൻ കഴിയില്ലെന്ന് അവിടന്ന് പറയുന്നു, നമ്മൾ ശദ്ധിക്കുക – അവിടന്നു പറയുന്നത് ദൈവും പിശാചും എന്നല്ല, അല്ലെങ്കിൽ, നന്മയും തിന്മയും എന്നുമല്ല, മറിച്ച് ദൈവവും സമ്പത്തും എന്നാണ്. (cf. ലൂക്കാ 16:13). രണ്ട് യജമാനന്മാരെ. ദൈവത്തെയും പിശാചിനെയും സേവിക്കാൻ നിങ്ങൾക്ക് കഴിയില്ലെന്ന് അവിടന്ന് പറയുമെന്നായിരിക്കും നാം പ്രതീക്ഷിക്കുക. പകരം അവിടന്നു പറയുന്നു: ദൈവവും സമ്പത്തും. സമ്പത്തിൻറെ ഉപയോഗം ശരിയാണ്; എന്നാൽ സമ്പത്തിനെ സേവിക്കുകയെന്നത് പാടില്ല: അത് വിഗ്രഹാരാധനയാണ്, അത് ദൈവത്തെ ദ്രോഹിക്കലാണ്.

ദൈവഹിതാനുസാരം സമ്പന്നനാകുക

അപ്പോൾ - നമ്മൾ ഇങ്ങനെ ചിന്തിച്ചേക്കാം - ഒരാൾക്ക് സമ്പന്നനാകാൻ ആഗ്രഹിക്കാൻ പാടില്ലേ? തീർച്ചയായും അഭിലഷിക്കാം, അത് ന്യായമാണ്, സമ്പന്നനാകുന്നത് മനോഹരമാണ്, പക്ഷേ ദൈവഹിതാനുസാരമുള്ള സമ്പന്നർ. ദൈവമാണ് എല്ലാവരെക്കാളും സമ്പന്നൻ: അവൻ സഹാനുഭൂതിയിലും കരുണയിലും സമ്പന്നനാണ്. അവിടത്തെ സമ്പന്നത ആരെയും ദരിദ്രരാക്കുന്നില്ല, വഴക്കുകളും ഭിന്നതകളും സൃഷ്ടിക്കുന്നില്ല. നല്കാനും വിതരണം ചെയ്യാനും പങ്കുവയ്ക്കാനും ഇഷ്ടപ്പെടുന്ന സമ്പന്നതയാണ് അത്. സഹോദരീസഹോദരന്മാകരേ,  സുഖമായി ജീവിക്കാൻ ഭൗതിക സമ്പത്ത് ശേഖരിച്ചാൽ മാത്രം പോരാ, കാരണം - യേശു വീണ്ടും പറയുന്നു - ജീവിതം ഒരാളുടെ കൈവശമുള്ളവയെ ആശ്രയിച്ചിരിക്കുന്നതല്ല (cf. ലൂക്കാ 12:15). മറിച്ച്, അത് നല്ല ബന്ധങ്ങളെ ആശ്രയിച്ചിരിക്കുന്നു: ദൈവവുമായും മറ്റുള്ളവരുമായും കൂടാതെ കുറവുള്ളവരുമായി പോലുമുള്ള ബന്ധത്തെ. ആകയാൽ, നമുക്ക് സ്വയം ചോദിക്കാം: ഞാൻ എങ്ങനെ സമ്പന്നനാകാനാണ് ആഗ്രഹിക്കുന്നത്? ദൈവഹിതത്തിനനുസരിച്ചാണോ അതോ എൻറെ അത്യാഗ്രഹത്തിനനുസരിച്ചാണോ ഞാൻ സമ്പന്നനാകാൻ അഭിലഷിക്കുന്നത്? അനന്തരാവകാശ വിഷയത്തിലേക്ക് തിരിച്ചുവരികയാണെങ്കിൽ,   ഞാൻ കൈമാറാൻ  ആഗ്രഹിക്കുന്ന പാരമ്പര്യാവകാശം എന്താണ്? ബാങ്കിലെ പണമോ, ഭൗതിക വസ്‌തുക്കളോ, അല്ലെങ്കിൽ എനിക്ക് ചുറ്റുമുള്ള സന്തുഷ്ടരായ ആളുകളോ, ഒരിക്കലും മറക്കാനാവാത്ത നല്ല പ്രവൃത്തികളോ, വളരാനും പക്വത പ്രാപിക്കാനും ഞാൻ സഹായിച്ച ആളുകളോ? എന്നേക്കും നിലനിൽക്കുന്ന യഥാർത്ഥ ജീവിതസമ്പത്ത് എന്താണെന്ന് മനസ്സിലാക്കാൻ പരിശുദ്ധ മാതാവ് നമ്മെ സഹായിക്കട്ടെ.

ആശീർവ്വാദവും സമാപനാഭിവാദ്യങ്ങളും

പ്രഭാഷണാനന്തരം പാപ്പാ കര്‍ത്താവിന്‍റെ മാലാഖ എന്നാരംഭിക്കുന്ന പ്രാർത്ഥന നയിക്കുകയും ആശീർവ്വാദം നല്കുകയും ചെയ്തു. അതിനുശേഷം പാപ്പാ, തൻറെ കാനഡസന്ദർശനം കഴിഞ്ഞ് താൻ ശനിയാഴ്‌ച (30/07/22) വത്തിക്കാനിൽ തിരിച്ചെത്തിയതിനെക്കുറിച്ച് പരാമർശിക്കുകയും ഈ യാത്രയെക്കുറിച്ച് വരുന്ന ബുധനാഴ്‌ചത്തെ പ്രതിവാരപൊതുകൂടിക്കാഴ്ചാ വേളയിൽ സംസാരിക്കുമെന്ന് വെളിപ്പെടുത്തുകയും ചെയ്തു.

നന്ദിപ്രകാശനം

ഈ അനുതാപതീർത്ഥാടനം സാദ്ധ്യമാക്കിത്തീർത്ത എല്ലാവർക്കും, അതായത്, കാനഡയിലെ പൗരാധികാരികൾ, തദ്ദേശീയജനവിഭാഗങ്ങളുടെ തലവന്മാർ, പ്രാദേശിക മെത്രാന്മാർ തുടങ്ങിയ എല്ലാവർക്കും പാപ്പാ ഒരിക്കൽക്കൂടി നന്ദി പ്രകാശിപ്പിച്ചു. പ്രാർത്ഥനയാൽ തനിക്ക് തുണയേകിയവർക്കും പാപ്പാ നന്ദി പറഞ്ഞു.

ഉക്രൈയിനിലെ ജനങ്ങൾക്കായുള്ള പ്രാർത്ഥന തുടരുന്ന പാപ്പാ  

ആക്രമണവിധേയരും പീഡിതരുമായ ഉക്രൈയിനിലെ ജനതയെ യുദ്ധത്തിൻറെ വിപത്തിൽ നിന്ന് മോചിപ്പിക്കുന്നതിന് ദൈവത്തോടുള്ള പ്രാർത്ഥന ഈ അപ്പൊസ്തോലികയാത്രായുടെ അവസരത്തിലും താൻ മുടക്കിയിട്ടില്ലെന്ന് പാപ്പാ വെളിപ്പെടുത്തി. ഉക്രൈയിൻ ജനതയ്ക്കും ലോകത്തിനു മുഴുവനും യുദ്ധം അനുദിനം വരുത്തുന്ന നാശനഷ്ടങ്ങൾ കണക്കിലെടുത്തുകൊണ്ട്, യാഥാർത്ഥ്യത്തെ വസ്തുനിഷ്ഠമായി വീക്ഷിച്ചാൽ, ന്യായമായ ഒരേയൊരു കാര്യം ചർച്ചയിലേർപ്പെടുകയാണെന്ന് പാപ്പാ പറഞ്ഞു. സമാധാനത്തിൻറെ സമൂർത്ത ചുവടുകൾ വയ്ക്കാൻ വിവേകം പ്രചോദനം പകരട്ടെയെന്ന് പാപ്പാ ആശംസിക്കുകയും ചെയ്തു.

സമാപനാഭിവാദ്യം

അവസാനം പാപ്പാ, റോമാക്കാരുൾപ്പടെയുള്ള  തീർത്ഥാടകരെ അഭിവാദ്യം ചെയ്തു. തദ്ദനന്തരം പാപ്പാ, ത്രികാലപ്രാർത്ഥനയിൽ സംബന്ധിച്ച എല്ലാവർക്കും നല്ലൊരു ഞായർ ആശംസിക്കുകയും തനിക്കുവേണ്ടി പ്രാർത്ഥിക്കാൻ മറക്കരുതെന്ന പതിവ് അഭ്യർത്ഥന നവീകരിക്കുകയും ചെയ്തു. അതിനു ശേഷം പാപ്പാ, എല്ലാവ‍ര്‍ക്കും നല്ല ഒരു ഉച്ചവിരുന്നു നേരുകയും വീണ്ടും കാണാമെന്നു പറയുകയും ചെയ്തുകൊണ്ട് സുസ്മേരവദനനായി കൈകൾ വീശി ജാലകത്തിങ്കൽ നിന്നു പിൻവാങ്ങി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

01 August 2022, 12:41

ത്രികാലപ്രാര്‍ത്ഥന - ദിവസത്തിൽ മൂന്നു പ്രാവശ്യം ജപിക്കുന്ന സഭയുടെ ഔദ്യോഗിക പ്രാർത്ഥനയാണിത്. സനാതനമായ രക്ഷാകര രഹ്യമാണ് ഇതിന്‍റെ ഉള്ളടക്കം. രാവിലെ
6 മണിക്കും, മദ്ധ്യാഹ്നം 12 മണിക്കും, വൈകുന്നേരം 6 മണിക്കും ദേവാലയമണി മുഴങ്ങുമ്പോഴാണ് ഇത് ഉരുവിടുന്നത്.  

കര്‍ത്താവിന്‍റെ മാലാഖ... എന്നു തുടങ്ങുന്ന ത്രികാലജപം സാധാരണകാലങ്ങളില്‍ ചൊല്ലുമ്പോള്‍ പെസഹാക്കാലത്ത് സ്വര്‍ല്ലോക രാജ്ഞിയേ... എന്ന പ്രാര്‍ത്ഥനയുമാണ് ചൊല്ലുന്നത്. പ്രാര്‍ത്ഥനയുടെ ഇടയ്ക്ക് ചൊല്ലുന്ന നന്മനിറഞ്ഞ മറിയമേ, എന്ന ജപം ക്രിസ്തുവിന്‍റെ രക്ഷാകര ചരിത്രത്തില്‍ മറിയത്തിനുള്ള പങ്ക് വിളിച്ചോതുന്നു. ത്രിത്വസ്തുതിയോടെയാണ് ത്രികാലപ്രാര്‍ത്ഥന അവസാനിക്കുന്നത്.


പൊതുവെ എല്ലാ ഞായറാഴ്ചകളിലും സവിശേഷദിനങ്ങളിലും മദ്ധ്യാഹ്നത്തിലാണ് “ആഞ്ചെലൂസ്…” എന്ന ശീര്‍ഷകത്തില്‍ പാപ്പായുടെ സാന്നിദ്ധ്യത്തില്‍ ത്രികാലപ്രാ‍ര്‍ത്ഥന നടത്തപ്പെടുന്നത്. ഞായറാഴ്ചകളില്‍ മദ്ധ്യാഹ്നം കൃത്യം 12 മണിക്ക് വത്തിക്കാനിലെ അപ്പസ്തോലിക അരമനയുടെ മൂന്നാംനിലയുടെ രണ്ടാം ജാലകത്തില്‍ പ്രത്യക്ഷപ്പെട്ട്, താഴെ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ സമ്മേളിച്ചിരിക്കുന്ന തീര്‍ത്ഥാടകര്‍ക്കും സന്ദര്‍ശകര്‍ക്കുമൊപ്പം പാപ്പാ ത്രികാലപ്രാര്‍ത്ഥന ചൊല്ലുന്ന പതിവിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്.

ഏറ്റവും ഒടുവിലത്തെ ത്രികാലപ്രാര്‍ത്ഥന

വായിച്ചു മനസ്സിലാക്കാന്‍ >