തിരയുക

മെജുഗോറിൽ നടക്കുന്ന യുവജനോത്സവത്തിനുള്ള ഫ്രാൻസീസ് പാപ്പായുടെ സന്ദേശം ആർച്ച്ബിഷപ്പ് ആൽദൊ കവാല്ലി വായിക്കുന്നു  മെജുഗോറിൽ നടക്കുന്ന യുവജനോത്സവത്തിനുള്ള ഫ്രാൻസീസ് പാപ്പായുടെ സന്ദേശം ആർച്ച്ബിഷപ്പ് ആൽദൊ കവാല്ലി വായിക്കുന്നു  

അവനവനിൽ നിന്നു പുറത്തു കടന്നാൽ പോരാ എവിടേയ്ക്കു പോകണം എന്നറിയണം-പാപ്പാ!

തെക്കുകിഴക്കെ യൂറോപ്യൻരാജ്യമായ ബോസ്നിയ ഹെർസഗൊവീനയിലെ മെജ്ഗോറിയിൽ ആഗ്സറ്റ് 1-6 (1-6/08/22) വരെ നടക്കുന്ന യുവജനോത്സവത്തിന് ഫ്രാൻസീസ് പാപ്പായുടെ സന്ദേശം.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

സമാധാനത്തിനായി യേശുവിൻറെ പക്കൽ അണയുകയും അവിടുന്നിൽ നിന്നു പഠിക്കുകയും വേണമെന്ന് മാർപ്പാപ്പാ യുവതയോട്.

തെക്കുകിഴക്കെ യൂറോപ്യൻരാജ്യമായ ബോസ്നിയ ഹെർസഗൊവീനയിലെ മെജ്ഗോറിയിൽ ആഗ്സറ്റ് 1-6 (1-6/08/22) വരെ നടക്കുന്ന യുവജനോത്സവത്തിൽ പങ്കെടുക്കുന്ന യുവജനത്തിന് നല്കിയ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പായുടെ ഈ ഓർമ്മപ്പെടുത്തൽ ഉള്ളത്. 

“അദ്ധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ നിങ്ങളെല്ലാവരും എൻറെ അടുക്കൽ വരുവിൻ; ഞാൻ നിങ്ങളെ ആശ്വസിപ്പിക്കാം….” എന്നു തുടങ്ങുന്ന യേശുവചസ്സുകൾ മത്തായിയുടെ സുവിശേഷം  പതിനൊന്നാം അദ്ധ്യായത്തിൽ നിന്ന് ഉദ്ധരിച്ചുകൊണ്ട് പ്രസ്തുത വാക്കുകളെ ആധാരമാക്കിയാണ് പാപ്പാ ഈ സന്ദേശം നല്കിയിരിക്കുന്നത്. ഈ സന്ദേശം യുവജനോത്സവത്തിൻറെ ഉദ്ഘാടന വേളയിൽ ഒന്നാം തീയതി തിങ്കളാഴ്ച അപ്പൊസ്തോലിക് വിസിറ്റർ ആർച്ചുബിഷപ്പ് ആൽദൊ കവാല്ലി വായിച്ചു.

തൻറെ കാലഘട്ടത്തിലെ ജനതയോടു പറഞ്ഞതു പോലെ യേശു ഇന്ന് യുവജനത്തെ ക്ഷണിക്കുന്നുവെന്നും അവിടന്നിൽ നിന്നു പഠിക്കുകയും അങ്ങനെ സമാധാനം കണ്ടെത്തുകയും ചെയ്യാം എന്നും പാപ്പാ പറയുന്നു. നമ്മൾ ഹൃദയങ്ങളിൽ നിരാശയും ഗതകാലമുറിവുകളും പേറുകയും അനീതികൾ സഹിക്കേണ്ടിവരുകയും നിരവധിയായ അനിശ്ചിതത്വങ്ങളും ഉത്കണ്ഠകളും ഉണ്ടാകുകയും ചെയ്യുമ്പോൾ യേശു നമ്മെ അവിടത്തെപ്പക്കലേക്കു വിളിക്കുകയും തന്നിൽ നിന്നു പഠിക്കാൻ ആവശ്യപ്പെടുകയും ചെയ്യുന്നുവെന്നും ഇത് ചലനാത്മകതയ്ക്കുള്ള ഒരു ക്ഷണമാണെന്നും പാപ്പാ ഓർമ്മിപ്പിക്കുന്നു.

ജീവിതത്തിനു മുന്നിൽ ഭയന്ന് മരവിച്ചു നില്ക്കാതെ അവിടത്തെപ്പക്കലണയാനും അവിടന്നിൽ വിശ്വാസമർപ്പിക്കാനുമുള്ള ക്ഷണമാണ് അതെന്നും ഇത് വളരെ എളുപ്പമായി തോന്നാമെങ്കിലും ഇരുളടഞ്ഞ വേളകളിൽ അവനവനിൽത്തന്നെ അടച്ചുപൂട്ടുന്നതിനുള്ള പ്രവണതയുണ്ടാകുക സ്വാഭാവികമാണെന്നും പാപ്പാ കൂട്ടിച്ചേർക്കുന്നു.പോംവഴി നമ്മെ യഥാർത്ഥത്തിൽ സ്നേഹിക്കുന്നവനുമായി ബന്ധത്തിലാകുകയും അവൻറെ നേർക്ക് കണ്ണുകളുയർത്തുകയുമാണെന്ന് പാപ്പാ പറയുന്നു. അവനവനിൽ നിന്നു പുറത്തുകടന്നാൽ മാത്രം പോരാ, എവിടേയ്ക്കു പോകണമെന്ന് അറിയുകയും വേണമെന്നു പറഞ്ഞ പാപ്പാ, മെച്ചപ്പെട്ടൊരു ഭാവി വാഗ്ദാനം ചെയ്യുന്ന കെണികൾ ധാരാളമാണെന്ന് മുന്നറിയിപ്പു നല്കുകയും ചെയ്യുന്നു.  ഹൃദയത്തിലുള്ള സകലവും പേറിക്കൊണ്ട് യേശുവിൻറെ പക്കലണയാൻ ഭയപ്പെടേണ്ടെന്നും നമുക്ക് യഥാർത്ഥ, ആശ്വാസം, സമാധാനം, പ്രദാനം ചെയ്യുന്ന ഏക കർത്താവാണ് അവിടന്നെന്നും പാപ്പാ പറയുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

04 ഓഗസ്റ്റ് 2022, 12:53