തിരയുക

ആയാസകരവും ജീവിതത്തിന് അനിവാര്യവുമായ വിവേചനബുദ്ധി!

ഫ്രാൻസീസ് പാപ്പായുടെ പ്രതിവാര പൊതുദർശന പ്രഭാഷണം: പുതിയ പ്രബോധന പരമ്പര, വിവേചനബുദ്ധിയെ അധികരിച്ച് .

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ഫ്രാൻസീസ് പാപ്പാ, മുപ്പത്തിയൊന്നാം തീയതി ബുധനാഴ്ച (31/08/22)   വത്തിക്കാനിൽ, വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ തൊട്ടടുത്തുള്ള അതിവിശാലമായ പോൾ ആറാമൻ ശാലയിൽ പ്രതിവാര പൊതുകൂടിക്കാഴ്ച അനുവദിച്ചു. പൊതുദർശന പരിപാടിക്കായി ചക്രക്കസേരയുടെ സഹായത്തോടെ ശാലയിലേക്കു കൊണ്ടുവന്ന പാപ്പായെ, അവിടെ സന്നിഹിതരായിരുന്ന വിവിധ രാജ്യക്കാരായിരുന്ന തീർത്ഥാടകരും സന്ദർശകരും എഴുന്നേറ്റുനിന്ന്, കരഘോഷത്തോടും ആനന്ദാരവങ്ങളോടും കൂടെ  വരവേറ്റു. പ്രസംഗവേദിയിലെത്തിയ പാപ്പാ റോമിലെ സമയം രാവിലെ ഏതാണ്ട് 9.00 മണിക്ക്, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 12.30-ന് ത്രിത്വൈകസ്തുതിയോടുകൂടി പൊതുദര്‍ശനപരിപാടിക്ക് തുടക്കം കുറിച്ചു. തുടര്‍ന്ന് പാപ്പാ ഇരിപ്പിടത്തിൽ ആസനസ്ഥനായപ്പോൾ എല്ലാവരും ഇരുന്നു. തദ്ദനന്തരം വിവിധ ഭാഷകളില്‍ വിശുദ്ധഗ്രന്ഥഭാഗ പാരായണമായിരുന്നു.

സ്വർഗ്ഗരാജ്യം, വയലിൽ ഒളിച്ചുവച്ചിരിക്കുന്ന നിധിക്കും തുല്യം. അതു കണ്ടെത്തുന്നവൻ അതു മറച്ചുവയ്ക്കുകയും  സന്തോഷത്തോടെ പോയി തനിക്കുള്ളതെല്ലാം വിറ്റ് ആ വയൽ വാങ്ങുകയും ചെയ്യുന്നു..... സ്വർഗ്ഗരാജ്യം എല്ലാത്തരം മത്സ്യങ്ങളെയും ശേഖരിക്കാൻ കടലിൽ എറിയപ്പെട്ട വലയ്ക്കു തുല്യം. 48 വല നിറഞ്ഞപ്പോൾ അവർ അത് കരയ്ക്കു വലിച്ചുകയറ്റി. അവർ അവിടെയിരുന്ന് നല്ല മത്സ്യങ്ങൾ പാത്രത്തിൽ ശേഖരിക്കുകയും ചീത്ത മത്സ്യങ്ങൾ പുറത്തേക്ക് എറിയുകയും ചെയ്തു.” (മത്തായിയുടെ സുവിശേഷം, 13:44,47-48)

ഈ വായനയ്ക്കു ശേഷം പാപ്പാ, താൻ പൊതുകൂടിക്കാഴ്ചാവേളയിൽ വാർദ്ധക്യത്തെ അധികരിച്ച് നടത്തിപ്പോന്നിരുന്ന പ്രബോധനപരമ്പര കഴിഞ്ഞയാഴ്ച അവസാനിച്ചതിനെ തുടർന്ന് പുതിയൊരു പരമ്പരയ്ക്ക് തുടക്കം കുറിച്ചു. “വിവേചനബുദ്ധി”  എന്ന വിഷയമാണ് പാപ്പാ ഈ വിചിന്തനത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്.   ഇറ്റാലിയന്‍ ഭാഷയില്‍ ആയിരുന്ന തന്‍റെ മുഖ്യ പ്രഭാഷണത്തില്‍ പാപ്പാ ഇപ്രകാരം പറഞ്ഞു:

 ജീവിതത്തിലെ തിരഞ്ഞെടുക്കലുകളിൽ അത്യന്താപേക്ഷിതമായ വിവേചനബുദ്ധി                          

പ്രിയ സഹോദരീസഹോദരന്മാരേ, ശുഭദിനം!

ഇന്ന് നമ്മൾ വിവേകം എന്ന വിഷയത്തെ അവലംബമാക്കി പുതിയൊരു പ്രബോധന പരമ്പര ആരംഭിക്കുകയാണ്. വാർദ്ധക്യത്തെ അധികരിച്ചുള്ള പരമ്പര അവസാനിച്ചു, ഇപ്പോൾ നമ്മൾ വിവേചനബുദ്ധി എന്ന വിഷയത്തെ അധികരിച്ച് പുതിയ പരമ്പര ആരംഭിക്കുന്നു. വിവേചിച്ചറിയുക എന്നത് എല്ലാവരേയും സംബന്ധിച്ച സുപ്രധാനമായൊരു പ്രവൃത്തിയാണ്, കാരണം തിരഞ്ഞെടുപ്പുകൾ ജീവിതത്തിൻറെ അവിഭാജ്യ ഘടകമാണ്. തിരഞ്ഞടുപ്പുകൾ വിവേചിച്ചറിയുക. ഒരുവൻ ഭക്ഷണം, വസ്ത്രം, പഠ്യപദ്ധതി, ജോലി, ബന്ധം എന്നിവ തിരഞ്ഞെടുക്കുകയാണ് ചെയ്യുന്നത്. ഇവയിലെല്ലാം, ഒരു ജീവിത പദ്ധതിയും, അതിനുപുറമെ, ദൈവവുമായുള്ള നമ്മുടെ ബന്ധവും  സാക്ഷാത്ക്കരിക്കപ്പെടുന്നു.

യേശു ഉപയോഗിക്കുന്ന സാദൃശ്യങ്ങൾ

സുവിശേഷത്തിൽ, യേശു സാധാരണ ജീവിതത്തിൽ നിന്ന് എടുത്ത സാദൃശ്യങ്ങൾ ഉപയോഗിച്ച് വിവേചനബുദ്ധിയെക്കുറിച്ച് സംസാരിക്കുന്നു; ഉദാഹരണത്തിന്,  നല്ല മത്സ്യം തിരഞ്ഞെടുക്കുകയും ചീത്ത മത്സ്യം ഉപേക്ഷിക്കുകയും ചെയ്യുന്ന മത്സ്യത്തൊഴിലാളികളെപ്പറ്റി വിവരിക്കുന്നു; അല്ലെങ്കിൽ നിരവധിയ മുത്തുകൾക്കിടയിൽ, ഏറ്റവും മൂല്യവത്തായത് തിരിച്ചറിയാൻ അറിയാവുന്ന വ്യാപാരിയെക്കുറിച്ച്. അതുമല്ലെങ്കിൽ വയൽ ഉഴുതുമറിക്കുമ്പോൾ നിധി കണ്ടെത്തുന്നവനെക്കുറിച്ച് (cf. മത്തായി 13: 44-48).

തെരിഞ്ഞടുപ്പിൽ കർത്താവ് നാം തന്നെ

ഈ ഉദാഹരണങ്ങളുടെ വെളിച്ചത്തിൽ, വിവേചനബുദ്ധി, ഉചിതമായ അവസരം ഉപയോഗപ്പെടുത്തുന്നതിനുള്ള ധിക്ഷണാശക്തി, വൈദഗ്ദ്ധ്യം, ഇച്ഛാശക്തി എന്നിവയുടെ അഭ്യസനമായി അവതരിപ്പിക്കപ്പെടുന്നു: ഇവയെല്ലാം ഒരു നല്ല തെരിഞ്ഞെടുപ്പ് നടത്തുന്നതിനാവശ്യമായ വ്യവസ്ഥകളാണ്. നല്ല തിരഞ്ഞെടുപ്പു നടത്തുന്നതിന് ബുദ്ധിയും വൈദഗ്ദ്ധ്യവും ഇച്ഛാശക്തിയും വേണം. വിവേചനബുദ്ധി പ്രവർത്തനക്ഷമമാകുന്നതിന് ഒരു വില നല്കേണ്ടത് ആവശ്യമാണ്. തൻറെ ജോലി ഏറ്റവും മികച്ച രീതിയിൽ നിർവ്വഹിക്കുന്നതിന്, മത്സ്യത്തൊഴിലാളി, അദ്ധ്വാനം, കടലിൽ ചെലവഴിച്ച നീണ്ട രാത്രികൾ, പിടിച്ചെടുത്തവ ആർക്കുള്ളതാണോ അവരുടെ നന്മയ്ക്കായി നഷ്ടം സഹിച്ച് അവയുടെ ഒരു ഭാഗം ഉപേക്ഷിക്കൽ, എന്നിവയെല്ലാം കണക്കിലെടുക്കുന്നു. മുത്ത് വാങ്ങാൻ സകലവും ചിലവഴിക്കാൻ മുത്ത് വ്യാപാരി മടിക്കുന്നില്ല; നിധി കണ്ട മനുഷ്യനും അപ്രകാരം തന്നെ ചെയ്യുന്നു. അപ്രതീക്ഷിതവും ആസൂത്രിതമല്ലാത്തതുമായ സാഹചര്യങ്ങളിൽ സുപ്രധാനം, എടുക്കേണ്ട തീരുമാനത്തിൻറെ പ്രാധാന്യവും അടിയന്തരാവസ്ഥയും തിരിച്ചറിയുകയാണ്. ഓരോരുത്തരും തിരഞ്ഞെടുപ്പു നടത്തണം; നമുക്കായി തിരഞ്ഞെടുക്കാൻ മറ്റൊരാളില്ല.

ഇഷ്ടങ്ങൾ അന്തർലീനമായ വിവേചനബുദ്ധി, ആനന്ദത്തിലേക്കാനയിക്കുന്ന വിവേചനബുദ്ധി 

സുവിശേഷം വിവേചനബുദ്ധിയുടെ മറ്റൊരു പ്രധാന വശം ചൂണ്ടിക്കാട്ടുന്നു: അതിൽ ഇഷ്ടങ്ങൾ ഉൾക്കൊള്ളുന്നു. എല്ലാം വിൽക്കാനുള്ള ബുദ്ധിമുട്ട് നിധി കണ്ടെത്തിയ ആൾക്ക് അനുഭവപ്പെടുന്നില്ല, അത്രമാത്രം വലുതാണ് അവൻറെ ആനന്ദം (cf. മത്തായി 13:44). സുവിശേഷകനായ മത്തായി ഉപയോഗിച്ച പദം, ഒരു മാനവ യാഥാർത്ഥ്യത്തിനും പ്രദാനം ചെയ്യാൻ കഴിയാത്ത ഒരു പ്രത്യേക സന്തോഷത്തെ സൂചിപ്പിക്കുന്നു; വാസ്തവത്തിൽ അത് സുവിശേഷത്തിലെ ചുരുക്കംചില ഭാഗങ്ങളിൽ ആവർത്തിക്കപ്പെടുന്നു, അവയെല്ലാം ദൈവവുമായുള്ള കണ്ടുമുട്ടലിനെക്കുറിച്ചു പരാമർശിക്കുന്നവയാണ്. അത്, സുദീർഘവും ക്ലേശകരവുമായ യാത്രയ്‌ക്ക് ശേഷം വീണ്ടും നക്ഷത്രത്തെ കാണുമ്പോൾ പൂജരാജാക്കന്മാർക്കുണ്ടായ സന്തോഷമാണ് (cf. മത്തായി 2:10); പുനരുത്ഥാനത്തെക്കുറിച്ചുള്ള ദൈവദൂതൻറെ അറിയിപ്പ് കേട്ടതിനുശേഷം, ശൂന്യമായ കല്ലറയിൽ നിന്ന് മടങ്ങുന്ന സ്ത്രീകളുടെ സന്തോഷമാണത് (cf. Mt 28: 8). കർത്താവിനെ കണ്ടുമുട്ടിയവരുടെ സന്തോഷമാണത്. നല്ലൊരു തീരുമാനം, നീതിപൂർവ്വകമായ തീരുമാനം എടുക്കുകയെന്നത് നിന്നെ ആത്യന്തികമായ ആ ആനന്ദത്തിലേക്ക് ആനയിക്കും.

സമാഗമത്തിൽ നിന്നാരംഭിക്കുന്ന തിരഞ്ഞെടുപ്പുകൾ 

അന്ത്യവിധിയിൽ ദൈവം നമ്മുടെ കാര്യത്തിലും വേർതിരിക്കൽ നടത്തും. കർഷകൻറെയും മത്സ്യത്തൊഴിലാളിയുടെയും വ്യാപാരിയുടെയും സാദൃശ്യങ്ങൾ സ്വർഗ്ഗരാജ്യത്തിൽ എന്താണ് സംഭവിക്കുന്നത് എന്നതിൻറെ ഉദാഹരണങ്ങളാണ്, ഒരു നിലപാട് സ്വീകരിക്കേണ്ട സാധാരണ ജീവിത പ്രവർത്തനങ്ങളിൽ ആവിഷ്കൃതമാകുന്ന ഒരു രാജ്യം. അതുകൊണ്ടാണ് വിവേചിച്ചറിയുക എന്നത് ഇത്രമാത്രം പ്രധാനമായിരിക്കുന്നത്: ആദ്യനോട്ടത്തിൽ അപ്രധാനവും  എന്നാൽ നിർണ്ണായകവുമായ സാഹചര്യങ്ങളിൽ നിന്ന് മഹത്തായ തിരഞ്ഞെടുപ്പുകൾ ഉണ്ടാകാം. യേശുവുമായുള്ള അന്ത്രയോസിൻറെയും യോഹന്നാൻറെയും ആദ്യ കൂടിക്കാഴ്ചയെക്കുറിച്ച് നമുക്ക് ചിന്തിക്കാം, "ഗുരോ, നീ എവിടെയാണ് വസിക്കുന്നത്?" - "വന്ന് കാണുക" (cf. യോഹന്നാൻ 1:38-39). വളരെ സാധാരണമായ ഒരു ചോദ്യത്തിൽനിന്നു പിറവിയെടുക്കുന്ന സമാഗമം. വളരെ ചെറിയൊരു വിനിമയം, പക്ഷേ അത് ജീവിതത്തെ മുഴുവൻ മുദ്രിതമാക്കുന്ന ഒരു മാറ്റത്തിൻറെ തുടക്കമാണ്. വർഷങ്ങൾക്കുശേഷം, സുവിശേഷകൻ, തന്നെ എന്നെന്നേക്കുമായി മാറ്റിമറിച്ച ആ കൂടിക്കാഴ്ചയെക്കുറിച്ച് ഓർമ്മിക്കുന്നു, അവൻ സമയവും ഓർക്കുന്നു: "അത് ഏകദേശം ഉച്ചകഴിഞ്ഞ് നാല് മണിആയിരുന്നു" (യോഹന്നാൻ 1,39). കാലവും നിത്യതയും അവൻറെ ജീവിതത്തിൽ കണ്ടുമുട്ടിയ സമയമാണിത്.

അദ്ധ്വാനം ആവശ്യപ്പെടുന്ന വിവേചനബുദ്ധി 

ആകയാൽ: അറിവ്, അനുഭവം, ഇഷ്ടങ്ങൾ, ഹിതം: ഇതാ, ഇവ വിവേചിച്ചറിയുന്നതിന് അനിവാര്യമായ ചില ഘടകങ്ങൾ ആണ്. ഈ പരമ്പരയുടെ പ്രയാണത്തിൽ നമ്മൾ തുല്യ പ്രാധാന്യമുള്ള മറ്റുള്ളവയും കാണും. വിവേചനബുദ്ധി - ഞാൻ പറഞ്ഞതുപോലെ - ഒരു അദ്ധ്വാനം ഉൾക്കൊള്ളുന്നതാണ്. വേദപുസ്തകമനുസരിച്ച്,  നാം ജീവിക്കേണ്ടതായ, ആസൂത്രിതമായ ഒരു ജീവിതത്തിനു മുന്നിലല്ല നമ്മൾ: ഇല്ല! യാഥാർത്ഥ്യങ്ങൾക്കനുസരിച്ച് നമ്മങ്ങൾ അത് നിരന്തരം തീരുമാനിക്കേണ്ടതുണ്ട്. വിലയിരുത്താനും തിരഞ്ഞെടുക്കാനും ദൈവം നമ്മെ ക്ഷണിക്കുന്നു: അവിടന്ന് നമ്മെ സ്വതന്ത്രരായി സൃഷ്ടിച്ചു, നമ്മുടെ സ്വാതന്ത്ര്യം നാം വിനിയോഗിക്കണമെന്ന് അവിടന്ന് ആഗ്രഹിക്കുന്നു. ഇക്കാരണത്താൽ, വിവേകം ആയാസകരമാണ്.

ഭൂമിയെ ഉദ്യാനമാക്കാം അല്ലെങ്കിൽ മൃത്യുവിൻറെ മരുഭൂമിയാക്കാം

നമുക്ക് പലപ്പോഴും ഈ അനുഭവം ഉണ്ടായിട്ടുണ്ട്: നല്ലതായി തോന്നി തിരഞ്ഞെടുക്കുന്ന ചിലത് എന്നാൽ അങ്ങനെ ആയിരിക്കില്ല. അല്ലെങ്കിൽ നമുക്ക് യഥാർത്ഥത്തിൽ ഗുണകരമായത് എന്തെന്ന് അറിയുകയും അത് തിരഞ്ഞെടുക്കാതിരിക്കുകയും ചെയ്യുന്നു. മൃഗങ്ങളിൽ നിന്ന് വ്യത്യസ്തമായി, മനുഷ്യന് തെറ്റുപറ്റാം, അവൻ ശരിയായ രീതിയിൽ തിരഞ്ഞെടുക്കാൻ ആഗ്രഹിച്ചേക്കില്ല - സ്വാതന്ത്ര്യം, അല്ലേ? ബൈബിൾ അതിൻറെ ആദ്യ താളുകളിൽ നിന്നു തുടങ്ങി അത് കാണിച്ചുതരുന്നുണ്ട്. ദൈവം മനുഷ്യന് കൃത്യമായ ഒരു നിർദ്ദേശം നൽകുന്നു: നിനക്ക് ജീവിക്കണമെങ്കിൽ, ജീവിതം ആസ്വദിക്കണമെങ്കിൽ, നീ ഒരു സൃഷ്ടിയാണെന്നും, നന്മതിന്മകളുടെ മാനദണ്ഡം നീയല്ലെന്നും നീ നടത്തുന്ന തിരഞ്ഞെടുപ്പുകൾ നിനക്കും മറ്റുള്ളവർക്കും ലോകത്തിനും അനന്തരഫലം ഉണ്ടാക്കുമെന്നും ഓർക്കുക. (cf. ഉൽപ്പത്തി 2:16-17); നിനക്ക് ഭൂമിയെ മനോഹരമായ പൂന്തോട്ടമാക്കാം അല്ലെങ്കിൽ നിനക്ക് അതിനെ മരണത്തിൻറെ മരുഭൂമിയാക്കാം. ഒരു മൗലിക പ്രബോധനം: അത് ദൈവവും മനുഷ്യനും തമ്മിലുള്ള ആദ്യത്തെ സംഭാഷണമാണെന്നത് യാദൃശ്ചികമല്ല. സംഭാഷണം ഇതാണ്: കർത്താവ് ദൗത്യം നൽകുന്നു, നീ ഇതു ചെയ്യുക ഇതും ചെയ്യുക; മനുഷ്യൻ ഓരോ ചുവടുവയ്പിലും ഏത് തീരുമാനമാണ് എടുക്കേണ്ടതെന്ന് വിവേചിച്ചറിയണം. ഒരു തീരുമാനമെടുക്കുന്നതിന് മുമ്പ് നാം മനസ്സും ഹൃദയവുംകൊണ്ടു നടത്തേണ്ട പരിചിന്തനമാണ് വിവേകം.

ദൈവവുമായുള്ള പുത്രനിർവ്വിശേഷ ബന്ധം വ്യവസ്ഥ ചെയ്യുന്ന വിവേചനബുദ്ധി  

വിവേചനബുദ്ധി ആയാസകരമാണ്, എന്നാൽ ജീവിക്കാൻ അത്യന്താപേക്ഷിതമാണ്. എനിക്ക് എന്നെത്തന്നെ അറിയണമെന്ന്, ഇപ്പോൾ ഇവിടെ എനിക്ക് എന്താണ് നല്ലതെന്ന് അറിയണമെന്ന് അത് ആവശ്യപ്പെടുന്നു. സർവ്വോപരി ദൈവവുമായുള്ള ഒരു പുത്രബന്ധം അത് വ്യവസ്ഥ ചെയ്യുന്നു. ദൈവം പിതാവാണ്, നമ്മെ ഒറ്റയ്ക്കാക്കുന്നില്ല അവിടുന്ന്, നമുക്ക് ഉപദേശമേകാനും പ്രോത്സാഹനം പകരാനും നമ്മെ സ്വാഗതം ചെയ്യാനും സദാ സന്നദ്ധനാണ്. എന്നാൽ അവിടന്ന് ഒരിക്കലും സ്വന്തം ഇഷ്ടം അടിച്ചേൽപ്പിക്കുന്നില്ല. എന്തുകൊണ്ട്? കാരണം അവിടന്ന് സ്നേഹിക്കപ്പെടനാണ്  ഭയപ്പെടാനല്ല ആഗ്രഹിക്കുന്നത്. കൂടാതെ, നാം അടിമകളല്ല മക്കളയായിരിക്കണമെന്നാണ്, ദൈവം ആഗ്രഹിക്കുന്നത്.: സ്വതന്ത്രരായ മക്കൾ. സ്നേഹം സ്വാതന്ത്ര്യത്തിൽ മാത്രമേ ജീവിക്കാൻ കഴിയൂ. ജീവിക്കാൻ പഠിക്കണമെങ്കിൽ ഒരാൾ സ്നേഹിക്കാൻ പഠിക്കണം, ആകയാൽ വിവേചിച്ചറിയുക ആവശ്യമാണ്: ഈ ബദലിനു മുന്നിൽ എനിക്ക് ഇപ്പോൾ എന്തുചെയ്യാൻ കഴിയും? അത് ഉപരി സ്നേഹത്തിൻറെയും സ്നേഹത്തിൽ ഉപരി പക്വതയുടെയും അടയാളമാകട്ടെ. പരിശുദ്ധാത്മാവ് നമ്മെ നയിക്കുന്നതിനായി നമുക്ക് പ്രാർത്ഥിക്കാം! അനുദിനം, വിശിഷ്യ, നമുക്ക് തിരഞ്ഞെടുപ്പുകൾ നടത്തേണ്ടിവരുമ്പോൾ നാം അവിടത്തെ വിളിച്ചപേക്ഷിക്കണം നന്ദി.

പ്രഭാഷണാനന്തര അഭിവാദ്യങ്ങൾ

ഈ വാക്കുകളെ തുടര്‍ന്ന് പാപ്പായുടെ, ഇറ്റാലിയന്‍ ഭാഷയിലായിരുന്ന, പ്രഭാഷണത്തിന്‍റെ സംഗ്രഹം ആംഗലവും അറബിയുമുള്‍പ്പെടെ വിവിധഭാഷകളില്‍ പാരായണം ചെയ്യപ്പെടുകയും ഓരോ വായനയുടെയും അവസാനം പാപ്പാ ആ ഭാഷാക്കാരെ ഇറ്റാലിയന്‍ ഭാഷയില്‍ അഭിവാദ്യം ചെയ്യുകയും ചെയ്തു.

സൃഷ്ടിയ്ക്കായുള്ള പ്രാർത്ഥനാ  ദിനം

സെപറ്റംബർ 1-ന് സൃഷ്ടിക്കായുള്ള പ്രാർത്ഥനാദിനം ആചരിക്കുന്നതും വിശുദ്ധ ഫ്രാൻസീസ് അസ്സീസിയുടെ തിരുന്നാൾ ദിനമായ ഒക്ടോബർ 4 വരെ നീളുന്ന “സൃഷ്ടിയുടെ സമയം” ആരംഭിക്കുന്നതും പാപ്പാ അനുസ്മരിച്ചു. ഈ ആചരണത്തിനുള്ള ഈ വർഷത്തെ പ്രമേയം "സൃഷ്ടിയുടെ ശബ്ദം കേൾക്കുക" എന്നതാണെന്ന് പറഞ്ഞ പാപ്പാ, ഇത് ,നമ്മുടെ പൊതു ഭവനത്തെ പരിപാലിക്കാനുള്ള മൂർത്തമായ പ്രതിബദ്ധത എല്ലാവരിലും പരിപോഷിപ്പിക്കട്ടെയെന്ന് ആശംസിച്ചു. അതിരുകടന്ന ഉപഭോഗത്തിൻറെ പിടിയിലമർന്നിരിക്കുന്ന നമ്മുടെ സഹോദരിയായ മാതൃഭൂമി നെടുവീർപ്പിടുകയും ചൂഷണവും വിനാശകരമായ പ്രവർത്തനങ്ങളും അവസാനിപ്പിക്കാൻ യാചിക്കുകയും ചെയ്യുന്നുവെന്ന് ഓർമ്മിപ്പിച്ച പാപ്പാ, കാലാവസ്ഥ, ജൈവവൈവിധ്യം കുറഞ്ഞുകൊണ്ടിരിക്കൽ എന്നീ ഇരട്ട പ്രതിസന്ധികളെ നിശ്ചയദാർഢ്യത്തോടെ നേരിടുന്നതിന് മാനവ കുടുംബത്തെ ഒന്നിപ്പിക്കാൻ ഐക്യരാഷ്ട്രസഭയുടെ കോപ് 27 (Cop27) കോപ് 15 ( Cop15) എന്നീ ഉച്ചകോടികൾക്ക് സാധിക്കട്ടെയെന്ന്  ആശംസിച്ചു.

ഇറാഖിനു വേണ്ടി പ്രാർത്ഥിക്കുക

കഴിഞ്ഞ ദിവസങ്ങളിൽ ഇറാഖിൻറെ തലസ്ഥാനമായ ബാഗ്ദാദിൽ നടന്ന അക്രമ സംഭവങ്ങളിൽ പാപ്പാ ആശങ്ക പ്രകടിപ്പിക്കുകയും അന്നാട്ടിലെ ജനങ്ങൾക്ക് സമാധാനം പ്രദാനം ചെയ്യുന്നതിനായി ദൈവത്തോടു പ്രാർത്ഥിക്കാൻ എല്ലാവരെയും ക്ഷണിക്കുകയും ചെയ്തു.  കഴിഞ്ഞ വർഷം തനിക്ക് ഇറാഖ് സന്ദർശിക്കാൻ കഴിഞ്ഞതിലും അവിടെ സാധാരണ നില സംജാതമാകണമെന്നും സമാധാനപരമായ സഹവർത്തിത്വത്തിൽ ജീവിക്കണമെന്നുമുള്ള അവിടത്തെ വിവിധ മതസമൂഹങ്ങളുടെ ആഗ്രഹം അടുത്തറിയാൻ സാധിച്ചതിലുമുള്ള സന്തോഷം വെളിപ്പെടുത്തിയ പാപ്പാ സംഭാഷണവും സാഹോദര്യവുമാണ് ഇപ്പോഴത്തെ പ്രയാസത്തെ നേരിടാനും ഈ ലക്ഷ്യത്തിലെത്താനുമുള്ള സുപ്രധാന പാതയെന്ന് പ്രസ്താവിച്ചു.

സെപ്റ്റംബർ 1, രണ്ടാം ലോക മഹായുദ്ധാരംഭത്തിൻറെ ഓർമ്മ ദിനം

പോളണ്ടുകാരെ സംബോധന ചെയ്ത പാപ്പാ അന്നാടിനെ ഏറെ വേദനയിലാഴ്ത്തിയ രണ്ടാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടത് ഓർമ്മിക്കുന്ന ദിനമാണ് സെപ്റ്റംബർ ഒന്ന് എന്നത് പാപ്പാ അനുസ്മരിച്ചു. ഇന്നു നാം മൂന്നാം ലോകമഹായുദ്ധത്തിലാണെന്നു പറഞ്ഞ പാപ്പാ ഗതകാലാനുഭവങ്ങൾ അവനവനിലും കുടുംബങ്ങളിലും സാമൂഹ്യവും അന്താരാഷ്ട്രതലത്തിലുള്ളതുമായ ജീവിതത്തിലും സമാധാനം ഊട്ടിവളർത്താൻ പ്രചോദനം പകരട്ടെയെന്ന് ആശംസിച്ചു.

ഇറ്റലിയിൽ 6 വർഷം മുമ്പുണ്ടായ ഭൂകമ്പ ദുരന്തം

ഇറ്റലിയിലെ റിയേത്തെ, അമത്ത്രീച്ചെ എന്നിവിടങ്ങളിൽ നിന്നെത്തിയിരുന്നവരെ അഭിവാദ്യം ചെയ്ത പാപ്പാ, 6 വർഷം മുമ്പ് ആഗസ്റ്റ് 24-ന് അമത്ത്രീച്ചെ, അക്കൂമൊളി, അർക്വാത്ത ദെൽ ത്രോന്തൊ എന്നിവിടങ്ങളിലുണ്ടായ ഭൂകമ്പത്തെക്കുറിച്ച് അനുസ്മരിച്ചു. ആ ദുരന്തത്തിൽ മരണമടഞ്ഞവർക്കായി പ്രാർത്ഥിച്ച പാപ്പാ അവരുടെ കുടുംബാംഗങ്ങളോടുള്ള തൻറെ സാമീപ്യം അറിയിക്കുകയും ചെയ്തു. 

സമാപനാഭിവാദ്യവും ആശീർവ്വാദവും

പൊതുദർശനപരിപാടിയുടെ അവസാനഭാഗത്ത് പാപ്പാ,  പ്രായാധിക്യത്തിലെത്തിയവർ, രോഗികൾ, യുവജനങ്ങൾ, നവദമ്പതികൾ എന്നിവരെ, പതിവുപോലെ, അഭിവാദ്യം ചെയ്തു. തുടർന്ന് ലത്തീൻഭാഷയിൽ സ്വർഗ്ഗസ്ഥനായ പിതാവേ എന്ന കർത്തൃപ്രാർത്ഥന ആലപിക്കപ്പെട്ടതിനു ശേഷം, പാപ്പാ,  എല്ലാവർക്കും തൻറെ അപ്പൊസ്തോലികാശീർവ്വാദം നല്കി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

31 August 2022, 12:32

ഏറ്റവും അടുത്ത പൊതുകൂടിക്കാഴ്ച

വായിച്ചു മനസ്സിലാക്കാന്‍ >