ഈജിപ്തിലെ ഗീസയിലെ കോപ്റ്റിക് ദേവാലയത്തിൽ നടന്ന തീപിടുത്തത്തിൽ ഖേദമറിയിച്ചുകൊണ്ട് പാപ്പായുടെ ടെലഗ്രാം സന്ദേശം
സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
ഗീസയിലെ അബു സെഫെയ്ൻ ദേവാലയത്തിൽ അനേകരുടെ പ്രത്യേകിച്ച് കുഞ്ഞു മക്കളുടേയും മെത്രാനായ അബ്ദുൾ ബക്കിറ്റിന്റെയും മരണത്തിനിടയാക്കിയ തീപിടുത്തത്തെക്കുറിച്ചറിയാനിടയായ ഫ്രാൻസിസ് പാപ്പാ അതീവ ദു:ഖിതനാണെന്ന് സന്ദേശത്തിൽ രേഖപ്പെടുത്തി. തന്റെ ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നതോടൊപ്പം പരുക്കേറ്റവരോടും അഗ്നിബാധയാൽ ബുദ്ധിമുട്ടനുഭവിക്കുന്നവരോടും തന്റെ ആത്മീയ സാന്നിധ്യം ഉറപ്പു നൽകുകയും ചെയ്തു. അഗ്നിബാധയ്ക്ക് ഇരയായവരേയും അവരുടെ കുടുംബങ്ങളെയും സർവ്വ ശക്തനായ ദൈവത്തിന്റെ കരുണാദ്ര സ്നേഹത്തിന് സമർപ്പിക്കുകയും കർത്താവിലുള്ള സമാശ്വാസത്തിനും ശക്തിക്കുമായി പ്രാർത്ഥിക്കുകയും ചെയ്യുന്നുവെന്നും തന്റെ സന്ദേശത്തിൽ പാപ്പാ അറിയിച്ചു.
കഴിഞ്ഞ ഞായറാഴ്ച രാവിലെ 9 മണിയോടെ അബു സെഫെയ്ൻ പള്ളിയിൽ വിശുദ്ധ കുർബാനയ്ക്കായി വിശ്വാസികൾ സമ്മേളിച്ചിരുന്ന സമയത്ത് കെട്ടിടത്തിന്റെ രണ്ടാം നിലയിലെ ശീതീകരണ യൂണിറ്റിലുണ്ടായ വൈദ്യുതി തകരാറിനെ തുടർന്ന് തീപിടുത്തം ഉണ്ടായതെന്നാണ് വിവരം. രണ്ടാം നിലയിൽ തീ പടരുന്നതിന് മുമ്പ് അവിടെയുണ്ടായിരുന്നവർ വലിയ പൊട്ടിത്തെറി ശബ്ദം കേട്ടു. ഇംബാബ ജില്ലയിലെ പള്ളിയിൽ ആ സമയം ഏകദേശം അയ്യായിരത്തോളം പേർ ഉണ്ടായിരുന്നു.
ഒരു പ്രവേശന കവാടത്തിൽ തീ പടർന്നതുമൂലമുണ്ടായ തടസ്സവും, തിക്കും തിരക്കുമുണ്ടാക്കുകയും ഭീതി പടർത്തുകയും ചെയ്തതും കാര്യങ്ങൾ വഷളാക്കി. ആളുകൾ പടികൾ ഇറങ്ങാൻ തിരക്കുകൂട്ടുകയും മറ്റുള്ളവരുടെ പുറത്തേക്ക് വീഴാൻ തുടങ്ങുകയും ചെയ്തുവെന്ന് ഒരു ദൃക്‌സാക്ഷി പറഞ്ഞു. തീപിടുത്തമുയർത്തിയ കനത്ത പുകയാണ് പരിക്കുകളുടെയും മരണങ്ങളുടെയും പ്രധാന കാരണമെന്ന് അധികൃതർ അറിയിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: