പാപ്പാ: ദൈവഹിത സാക്ഷാത്ക്കാരത്തിന് ഏക ഉപാധി എളിയവരുടെ ശക്തി!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
വത്തിക്കാനിൽ നിന്ന് 120 കിലോമീറ്ററിലേറെ കിഴക്കുമാറി സ്ഥിതി ചെയ്യുന്ന ലാക്വില (L'Aquila)-യിൽ ആയിരുന്നു ഫ്രാൻസീസ് പാപ്പാ ഇരുപത്തിയെട്ടാം തീയതി ഞായറാഴ്ച(28/08/22) ഉച്ചവരെ. 2016 ആഗസ്റ്റ് 24-ന് മദ്ധ്യ ഇറ്റലിയിൽ ഉണ്ടായ അതിശക്തമായ ഭൂകമ്പത്തിനിരയായ ഒരു പ്രദേശമാണ് ലാക്വില. അവിടെ കോള്ളെമാജൊയിൽ പരിശുദ്ധമറിയത്തിൻറെ നാമധേയത്തിലുള്ള ബസിലിക്ക ആഗസ്റ്റ് 28,29 തീയതികളിൽ സന്ദർശിക്കുകയും വിശ്വാസപ്രമാണവും, സ്വർഗ്ഗസ്ഥനായ പിതാവേ എന്ന പ്രാർത്ഥനയും ചൊല്ലുകയും പാപ്പായുടെ നിയോഗങ്ങൾക്കായി പ്രാർത്ഥിക്കുകയും കുമ്പസാരിച്ച് കുർബ്ബാന കൈക്കൊള്ളുകയും ചെയ്യുന്നവർക്ക് പൂർണ്ണ ദണ്ഡവിമോചനം 1294-ൽ സെലസ്റ്റിൻ പഞ്ചമൻ പാപ്പാ പ്രഖ്യാപിച്ച “സെലെസ്റ്റിൻ പാപപ്പൊറുതി” അഥവാ “പെർദൊണാൻസ ചെലെസ്തിനിയാന” (Perdonanza Celestiniana) അനുവർഷം ആചരിക്കുന്നതിനോടനുബന്ധിച്ച് കോള്ളെമാജൊയിലെ പരിശുദ്ധ മറിയത്തിൻറെ ബസിലിക്കയുടെ വിശുദ്ധവാതിൽ തുറക്കുന്നതിനാണ് പാപ്പാ അവിടെ എത്തിയത്. ആദ്യമായിട്ടാണ് ഒരു പാപ്പാ “സെലെസ്റ്റിൻ പാപപ്പൊറുതി” വാർഷികാചരണത്തിന് തുടക്കം കുറിക്കുന്നത്. പൂർണ്ണദണ്ഡവിമോചനം പ്രാപിക്കാൻ ഇത്തവണ 2023 ആഗസ്റ്റ് 28 വരെ വിശ്വാസികൾക്ക് അവസരം നല്കുന്ന ഈ ആചരണത്തോടനുബന്ധിച്ച വശുദ്ധവാതിൽ തുറക്കൽ കർമ്മത്തിനു മുമ്പ് പാപ്പാ ബസിലിക്കാങ്കണത്തിൽ വിശുദ്ധ കുർബ്ബാന അർപ്പിച്ചു. ദിവ്യബലി മദ്ധ്യേ നടത്തിയ സുവിശേഷ പ്രഭാഷണത്തിൽ പാപ്പാ ഇപ്രകാരം പറഞ്ഞു:
വിശുദ്ധരുടെ ജീവിതം
സുവിശേഷത്തിൻറെ ആകർഷണീയമായൊരു വിശദീകരണമാണ് വിശുദ്ധർ. യേശു വിളംബരം ചെയ്യാൻ വന്ന സുവിശേഷം, അതായത്, ദൈവം നമ്മുടെ പിതാവാണ്, നാം ഓരോരുത്തരും പിതാവിനാൽ സ്നേഹിക്കപ്പെടുന്നു എന്ന സദ്വാർത്ത നമുക്ക് കാണാൻ കഴിയുന്ന ശുഭാപ്തിവിശ്വാസമുണർത്തുന്ന സവിശേഷ വീക്ഷണമാണ് അവരുടെ ജീവിതം. ഇതാണ് സുവിശേഷത്തിൻറെ ഹൃദയം, യേശുവാണ് ഈ സ്നേഹത്തിൻറെ, അവിടത്തെ മനുഷ്യാവതാരത്തിൻറെയും വദനത്തിൻറെയും തെളിവ്.
വിനീതനാകുക
ലാക്വില നഗരത്തിനും പ്രാദേശിക സഭയ്ക്കും വേണ്ടിയുള്ള ഒരു പ്രത്യേക ദിനമായ ഇന്ന് നാം കുർബ്ബാന അർപ്പിക്കുന്നു: സെലസ്തീനിയൻ പാപപ്പൊറുതി. ഇവിടെ വിശുദ്ധ സെലസ്റ്റിൻ അഞ്ചാമൻ മാർപാപ്പയുടെ തിരുശേഷിപ്പുകൾ സൂക്ഷിച്ചിരിക്കുന്നു. ആദ്യ വായനയിൽ നാം കേട്ടവ ഈ മനുഷ്യനിൽ പൂർണ്ണമായി സാക്ഷാത്കൃതമായിതായി തോന്നുന്നു: "നീ എത്ര ഉന്നതനാണോ അത്രമാത്രം വിനീതനാകുക, അപ്പോൾ കർത്താവിൻറെ കൃപയ്ക്ക് നീ പാത്രമാകും" (പ്രഭാഷകൻ 3:18). സെലസ്റ്റിൻ അഞ്ചാമനെ നമ്മൾ പ്രമാദപരമായി അനുസ്മരിക്കുന്നത്, ദാന്തെയുടെ “ഡിവൈൻ കോമഡിയിലെ” പദപ്രയോഗമെടുത്താൽ,"വലിയ തിരസ്കർത്താവ്" ആയിട്ടാണ്; എന്നാൽ സെലസ്റ്റിൻ പഞ്ചമൻ "വിസമ്മതത്തിൻറെ" ആളല്ല, അദ്ദേഹം "സമ്മതത്തിൻറെ" ആളായിരുന്നു.
വിനീതരുടെ ശക്തി... വിശ്വസിക്കുന്നവനു സകലവും സാദ്ധ്യം
വാസ്‌തവത്തിൽ, ദൈവഹിതം സാക്ഷാത്കരിക്കാൻ എളിയവരുടെ ശക്തി സ്വീകരിക്കുകയല്ലാതെ മറ്റൊരു മാർഗ്ഗവുമില്ല, മറ്റൊന്നില്ല. ദുർബ്ബലരും പരാജിതരുമായി മാനവ നയനങ്ങൾക്കുമുന്നിൽ കാണപ്പെടുന്നവർ യഥാർത്ഥത്തിൽ യഥാർത്ഥ വിജയികളാണ് എന്നതു തന്നെയാണ് ഇതിനു കാരണം, എന്തെന്നാൽ അവർ മാത്രമാണ് കർത്താവിൽ പൂർണ്ണമായി വിശ്വസിക്കുകയും അവിടത്തെ ഹിതം അറിയുകയും ചെയ്യുന്നത്. വാസ്‌തവത്തിൽ “ദൈവം തൻറെ രഹസ്യങ്ങൾ വെളിപ്പെടുത്തുന്നത് എളിയവർക്കാണ്. […] താഴ്മയുള്ളവരാൽ അവിടന്ന് മഹത്വീകരിക്കപ്പെടുന്നു "(പ്രഭാഷകൻ 3:19-20). ഔദ്ധത്യം ആധിപത്യം പുലർത്തുന്ന ലോകത്തിൻറെ അരൂപിയിൽ, ഇന്നത്തെ ദൈവവചനം നമ്മെ വിനയാന്വിതരും സൗമ്യരുമാകാൻ ക്ഷണിക്കുന്നു. വിനയം എന്നത് സ്വയം വിലകുറയ്ക്കലല്ല, മറിച്ച് നമ്മുടെ കഴിവുകളും ഒപ്പം ദുരിതങ്ങളും തിരിച്ചറിയാൻ നമ്മെ പ്രാപ്തരാക്കുന്ന ആരോഗ്യകരമായ യാഥാർത്ഥ്യത്തിലാണ് അടങ്ങിയിരിക്കുന്നത്. നമ്മുടെ ദുരിതങ്ങളിൽ നിന്ന് തുടങ്ങി, വിനയം, സകലവും സാധ്യമായവനും നമുക്കു തനിച്ച് ഒന്നും നേടാൻ കഴിയാതിരിക്കുമ്പോഴും നമുക്ക് നേടിത്തരുന്നവനുമായ ദൈവത്തിലേക്ക് തിരിയുന്നതിന് നമ്മിൽ നിന്ന് നയനങ്ങൾ മാറ്റാൻ നമ്മെ പ്രാപ്തരാക്കുന്നു, കൂടാതെ നമുക്ക് സ്വന്തമായി ലഭിക്കാത്തത് നേടുകയും ചെയ്യുന്നു. "വിശ്വസിക്കുന്നവന് എല്ലാക്കാര്യങ്ങളും സാധിക്കും" (മർക്കോസ് 9:23).
കാരുണ്യം സുവിശേഷത്തിൻറെ കാതൽ
വിനയാന്വിതരുടെ ശക്തി കർത്താവാണ്, തന്ത്രങ്ങളല്ല, മാനുഷികോപാധികളല്ല, ഈ ലോകത്തിൻറെ യുക്തികളല്ല, കണക്കുകൂട്ടലുകൾ അല്ല ... അല്ല, കർത്താവാണ്. ഈ അർത്ഥത്തിൽ, സെലസ്റ്റിൻ അഞ്ചാമൻ സുവിശേഷത്തിൻറെ ഒരു ധീരസാക്ഷിയാണ്, കാരണം അധികാരത്തിൻറെ ഒരു യുക്തിക്കും അദ്ദഹത്തെ തടവിലാക്കാനും നിയന്ത്രിക്കാനും കഴിഞ്ഞില്ല. ലൗകിക യുക്തിയിൽ നിന്ന് മുക്തവും കാരുണ്യം എന്ന ദൈവനാമത്തിൻറെ സമ്പൂർണ്ണ സാക്ഷിയുമായ ഒരു സഭയെ അദ്ദേഹത്തിൽ നാം ആദരിക്കുന്നു. കാരുണ്യമാണ് സുവിശേഷത്തിൻറെ കാതൽ, കാരണം നമ്മുടെ ദുരിതങ്ങളിൽ നാം സ്നേഹിക്കപ്പെടുന്നു എന്നു നമ്മൾ അറിയുന്നതാണ് കരുണ. അവ ഒരുമിച്ച് പോകുന്നു. സ്വന്തം ദുരിതം മനസ്സിലാക്കിയില്ലെങ്കിൽ കരുണ മനസ്സിലാക്കാൻ സാധിക്കില്ല. ഒരു വിശ്വാസിയായിരിക്കുക എന്നതിനർത്ഥം ഇരുണ്ട, ഭയപ്പെടുത്തുന്ന ഒരു ദൈവത്തെ സമീപിക്കുക എന്നല്ല. എബ്രായർക്കുള്ള ലേഖനം ഇതിനെക്കുറിച്ച് നമ്മെ ഓർമ്മിപ്പിക്കുന്നു: "സ്പർശിക്കാവുന്ന വസ്തുവിനെയോ എരിയുന്ന അഗ്നിയെയോ അന്ധകാരത്തെയോ കാർമേഘത്തെയോ ചുഴലിക്കാറ്റിനെയോ കാഹളധ്വനിയെയോ ഇനി അരുതേ എന്ന് കേട്ടവരെക്കൊണ്ടു പറയിക്കുന്ന വാക്കുകളുടെ മുഴക്കെത്തെയോ അല്ല നിങ്ങൾ സമീപിക്കുന്നത്” 12:18-19). അല്ല, പ്രിയ സഹോദരീ സഹോദരന്മാരേ, പിതാവിൻറെ കരുണയും രക്ഷിക്കുന്ന സ്നേഹവുമായ ദൈവപുത്രനായ യേശുവിനോട് നാം അടുത്തിരിക്കുന്നു. കാരുണ്യം അവിടന്നാണ്, കരുണയോടെ മാത്രമേ നമ്മുടെ ദുരിതങ്ങളെക്കുറിച്ച് സംസാരിക്കാൻ കഴിയൂ. സ്വന്തം ദുരവസ്ഥയല്ലാതെ മറ്റൊരു വഴിയിലൂടെ കാരുണ്യം പ്രാപിക്കാൻ നമ്മളിൽ ആരെങ്കിലും വിചാരിച്ചാൽ, നമുക്ക് വഴി തെറ്റിയിരിക്കുന്നു. അതുകൊണ്ട് നമ്മൾ സ്വന്തം യാഥാർത്ഥ്യം മനസ്സിലാക്കേണ്ടത് സുപ്രധാനമാണ്.
പൊറുക്കുന്നതിലൂടെ കെട്ടിപ്പടുക്കുന്ന സമാധനം
സെലസ്റ്റിൻ അഞ്ചാമൻ മാർപാപ്പാ നല്കിയ ദാനം ലാക്വില നൂറ്റാണ്ടുകളായി സജീവമായി നിലനിർത്തുന്നു. കാരുണ്യമുണ്ടെങ്കിൽ മാത്രമേ ഓരോ സ്ത്രീയുടെയും പുരുഷൻറെയും ജീവിതം സന്തോഷത്തോടെ ജീവിച്ചുതീർക്കാൻ കഴിയൂ എന്ന് എല്ലാവരേയും ഓർമ്മിപ്പിക്കാൻ കഴിയുക ഒരു ഭാഗ്യമാണ്. കാരുണ്യം എന്നത് സ്വാഗതം ചെയ്യപ്പെടുന്നതിൻറെയും, വീണ്ടും ശക്തിപ്രാപിച്ച്, സൗഖ്യപ്പെട്ട് പ്രചോദിതരായി സ്വന്തം കാലിൽ വീണ്ടും നില്ക്കാൻ കഴിയുന്നതിൻറെയും അനുഭവമാണ്. പൊറുക്കപ്പെടുക എന്നത് പുനരുത്ഥാനത്തോട് ഏറ്റവും അടുത്ത് വരുന്നത് ഇവിടെ ഇപ്പോൾ അനുഭവിക്കുക എന്നതാണ്. പാപമോചനം മരണത്തിൽ നിന്ന് ജീവനിലേക്കും, വേദനയുടെയും തെറ്റിൻറെയും അനുഭവത്തിൽ നിന്ന് സ്വാതന്ത്ര്യത്തിലേക്കും സന്തോഷത്തിലേക്കും കടക്കലാണ്. ഈ ദേവാലയം സദാ നമുക്ക് അനുരഞ്ജനപ്പെടാനും നമ്മെ വീണ്ടും കാലിൽ നില്ക്കാൻ പ്രാപ്തരാക്കുകയും മറ്റൊരു അവസരം പ്രദാനം ചെയ്യുകയും ചെയ്യുന്ന കൃപ അനുഭവിച്ചറിയാനും കഴിയുന്ന ഇടമായിരിക്കട്ടെ. നമ്മുടെ ദൈവം സാദ്ധ്യതകളുടെ ദൈവമാണ്: “കർത്താവേ, എത്ര തവണ? ഒരു പ്രാവശ്യം? ഏഴ് പ്രാവശ്യം?" - "ഏഴ് എഴുപത് തവണ". മറ്റൊരവസരം എപ്പോഴും തരുന്നത് ദൈവമാണ്. വർഷത്തിലൊരിക്കൽ മാത്രമല്ല, എന്നും, എല്ലാ ദിവസവും അത് പാപപ്പൊറുതിയുടെ ദേവാലയമാകട്ടെ. വാസ്തവത്തിൽ, ഇങ്ങനെ, സ്വീകരിച്ചതും നൽകപ്പെടുന്നതുമായ പൊറുക്കലിലൂടെ സമാധാനം കെട്ടിപ്പടുക്കുന്നു.
ദുരിതത്തിലും വെള്ളി വെളിച്ചം
എങ്ങനെ പാപമോചനം നേടാമെന്ന്, സ്വന്തം ദുരിതത്തിൽ നിന്ന് ആരംഭിച്ച്, അതിലേക്ക് നോക്കിക്കൊണ്ട്, അന്വേഷിക്കുന്നു, കാരണം സ്വന്തം ദുരിതത്തിൽ പോലും കർത്താവിലേക്ക് പോകാനുള്ള വഴിയായ ഒരു വെളിച്ചം നാം എപ്പോഴും കണ്ടെത്തും. അവിടന്നാണ് ദുരിതത്തിൽ പ്രകാശം പരത്തുന്നത്. ഉദാഹരണത്തിന്, ഇന്ന്, രാവിലെ, ഞങ്ങൾ ലാക്വിലിയിലെത്തുകയും കനത്ത മൂടൽമഞ്ഞുമൂലം എല്ലാം ഇരുണ്ട് ഒന്നിനും കഴിയാതെ താഴേക്കിറങ്ങാൻ കഴിയാത്ത അവസ്ഥയിൽ ഞാൻ ഇതെക്കുറിച്ചു ചിന്തിച്ചു, പൈലറ്റ് ഹെലികോപ്റ്ററുമായി വട്ടം കറങ്ങിക്കൊണ്ടിരുന്നു... അവസാനം അദ്ദേഹം ഒരു ചെറിയൊരു വിടവു കാണുകയും അതിലേക്കു കടക്കുകയും ചെയ്തു: അദ്ദേഹം വിജയംകണ്ടു, അദ്ദേഹം ഒരു വിദഗ്ദ്ധൻ തന്നെ. ഞാൻ ദുരിതത്തെക്കുറിച്ച് ചിന്തിച്ചു: ദുരിതത്തിലും, സ്വന്തം ദുരിതത്തിലും ഇതുതന്നെ സംഭവിക്കുന്നു. പലതവണ അവിടെ, നമ്മൾ ആരാണെന്ന് നോക്കുമ്പോൾ, ഒന്നുമല്ല; നമ്മൾ വട്ടം കറങ്ങുന്നു... എന്നാൽ ചിലപ്പോൾ കർത്താവ് ഒരു ചെറിയ ഒരു വിടവ് ഉണ്ടാക്കുന്നു: നി നന്നെ സ്വയം അവിടെ വയ്ക്കുക, അവ കർത്താവിൻറെ മുറിവുകളാണ്! അവിടെ കരുണയുണ്ട്, എന്നാൽ അത് നിൻറെ ദുരിതത്തിലാണ്. നീ പ്രവേശിക്കേണ്ടതിന് കർത്താവ് നിൻറെ ദുരിതത്തിൽ ഉണ്ടാക്കുന്ന വിടവുണ്ട്. നിൻറെ, എൻറെ, നമ്മുടെ ദുരിതത്തിൽ വരുന്ന കരുണ.
കഷ്ടതയനുഭവിച്ചവർ കാരുണ്യം കാത്തുസൂക്ഷിക്കുന്നു
പ്രിയ സഹോദരീസഹോദരന്മാരേ, ഭൂകമ്പം നിമിത്തം നിങ്ങൾ വളരെയേറെ കഷ്ടപ്പെട്ടു, ഒരു ജനതയെന്ന നിലയിൽ നിങ്ങൾ വീണ്ടും എഴുന്നേല്ക്കാൻ സ്വന്തം കാലിൽ നിൽക്കാൻ പരിശ്രമിക്കുന്നു. എന്നാൽ കഷ്ടത അനുഭവിച്ചവർക്ക് സ്വന്തം യാതനകൾ ഒരു നിധിപോലെ സൂക്ഷിക്കാൻ കഴിയണം, മറ്റുള്ളവരുടെ വേദന മനസ്സിലാക്കാനുള്ള വരവും തങ്ങൾ അനുഭവിച്ച ഇരുളിൽ തങ്ങൾക്കു ലഭിച്ചിട്ടുണ്ടെന്ന് അവർ മനസ്സിലാക്കണം. കരുണയെന്ന ദാനം കാത്തുസൂക്ഷിക്കാൻ നിങ്ങൾക്കു കഴിയും, കാരണം സർവ്വവും നഷ്ടപ്പെടുക, നിർമ്മിച്ചതെല്ലാം തകരുന്നത് കാണുക, നിങ്ങൾക്ക് ഏറ്റവും പ്രിയപ്പെട്ടത് ഉപേക്ഷിക്കുക, സ്നേഹിക്കപ്പെട്ടയാളുടെ അഭാവത്തിൻറെ വിടവ് അനുഭവിക്കുക എന്നതിൻറെ അർത്ഥമെന്താണെന്ന് നിങ്ങൾക്കറിയാം. നിങ്ങൾ ദുരിതം അനുഭവിച്ചതിനാൽ നിങ്ങൾക്ക് കാരുണ്യം കാത്തുസൂക്ഷിക്കാൻ കഴിയും.
എളിമയും സൗമ്യതയും
ജീവിതത്തിൽ ഓരോരുത്തർക്കും, ഒരു ഭൂകമ്പം അനുഭവിക്കാതെ തന്നെ, "ആത്മാവിൻറെ ഭൂകമ്പം" എന്നു പറയാം, അത് അനുഭവിക്കാൻ കഴിയും, അത് അവനെ, സ്വന്തം ദൗർബല്യം, പരിമിതികൾ, ദുരിതം എന്നിവയുമായി സമ്പർക്കത്തിലാക്കുന്നു. ഈ അനുഭവത്തിൽ ഒരാൾക്ക് എല്ലാം നഷ്ടപ്പെടാം, എന്നാൽ ഒരാൾക്ക് യഥാർത്ഥ വിനയം പഠിക്കാനും കഴിയും. അത്തരം സാഹചര്യങ്ങളിൽ, ഒരാൾക്ക് ജീവിതത്തെ കയ്പു നിറഞ്ഞതാകാൻ അനുവദിക്കാം, അല്ലെങ്കിൽ സൗമ്യത പഠിക്കാം. എളിമയും സൗമ്യതയും, ആകയാൽ കാരുണ്യം കാത്തുപരിപാലിക്കാനും അതിനു സാക്ഷ്യം വഹിക്കാനും ചുമതലയുള്ളവരുടെ സവിശേഷതകളാണ്. അതെ, കാരുണ്യം, അത് നമ്മിലേക്ക് വരുന്നതിനാലും, നാം അതിനെ കാത്തുസൂക്ഷിക്കുന്നതിനാലും അതിനു സാക്ഷ്യം നൽകാൻ നമുക്ക് സാധിക്കും. കരുണ എനിക്ക്, എൻറെ ദുരിതത്തിന് ഒരു ദാനമാണ്, എന്നാൽ ഈ കാരുണ്യം കർത്താവിൽ നിന്നുള്ള ദാനമായി മറ്റുള്ളവർക്ക് കൈമാറണം.
ലൗകിക സ്ഥാനമല്ല ഒരുവനെ അവനാക്കുന്നത്
എന്നിരുന്നാലും, നാം തെറ്റായ പാതയിലൂടെ സഞ്ചരിക്കുകയാണ് എന്ന് പറയുന്ന ഒരു അപായമണിയുണ്ട്, ഇന്നത്തെ സുവിശേഷം ഇത് നമ്മെ ഓർമ്മിപ്പിക്കുന്നു (cf. ലൂക്കാ 14:1.7-14). ഒരു പരീശൻറെ വീട്ടിൽ യേശുവിനെ ഉച്ചഭക്ഷണത്തിന് ക്ഷണിക്കുന്ന സംഭവം നാം ശ്രവിച്ചു. സാധാരണ സംഭവിക്കുന്നതു പോലെ മെച്ചപ്പെട്ട ഇരിപ്പിടത്തിനായി പലരും പരക്കംപായുന്നത് അവിടന്ന് ശ്രദ്ധാപൂർവ്വം നിരീക്ഷിക്കുന്നു. നമുക്ക് ഇന്നും പ്രസക്തമായ ഒരു ഉപമ പറയാൻ ഇന്ന് അവിടത്തേയ്ക്ക് അവസരമേകുന്നു: "ആരെങ്കിലും നിന്നെ വിവാഹവിരുന്നിന് ക്ഷണിച്ചാൽ പ്രമുഖസ്ഥാനത്ത് കയറിയിരിക്കരുത്. ഒരുപക്ഷേ നിന്നെക്കാൾ ബഹുമാന്യനായ ഒരാളെ അവൻ ക്ഷണിച്ചിട്ടുണ്ടായിരിക്കും. നിങ്ങളെ രണ്ടുപേരെയും ക്ഷണിച്ചവൻ വന്ന്, ഇവന് സ്ഥലം കൊടുക്കുക എന്നു നിന്നോടു പറയും. അപ്പോൾ നീ ലജ്ജിച്ച് അവസാനത്തെ സ്ഥാനത്ത് പോയി ഇരിക്കേണ്ടിവരും” (ലൂക്കാ 14:8-9). ഈ ലോകത്ത് ഒരുവൻ വഹിക്കുന്ന സ്ഥാനത്തെ ആശ്രയിച്ചാണ് അവൻ വിലമതിക്കപ്പെടുന്നതെന്ന് പലപ്പോഴും കരുതുന്നു. മനുഷ്യൻ അവൻ കൈവശം വച്ചിരിക്കുന്ന സ്ഥാനമല്ല, അവൻ, അവനു പ്രാപ്തമായ സ്വാതന്ത്ര്യമാണ്, അവൻ അവസാനത്തെ സ്ഥാനം പിടിക്കുമ്പോഴോ അല്ലെങ്കിൽ കുരിശിൽ ഒരു സ്ഥലം അവനുവേണ്ടി ഒരുക്കപ്പെടുമ്പോഴോ അത് പൂർണ്ണമായും ആവിഷ്കൃതമാകുന്നു.
ആന്തരിക സ്വാതന്ത്ര്യം
തൻറെ ജീവിതം ഈ ലോകത്തിന് അനുസൃതമായ രീതിയിലുള്ള ഒരു ജീവാവസ്ഥയല്ല, മറിച്ച്, താൻ വന്നിരിക്കുന്നത് ശുശ്രൂഷിക്കപ്പെടാനല്ല ശുശ്രൂഷിക്കാനാണ് (മാർക്കോസ് Mk 10:45) എന്നു പറഞ്ഞ ക്രിസ്തുവിൻറെ ശൈലിയിലുള്ള ഒന്നാണെന്ന്, ക്രൈസ്തവനറിയാം. സുവിശേഷവിപ്ലവം മുഴുവൻ ഇത്തരത്തിലുള്ള സ്വാതന്ത്ര്യത്തിലാണെന്ന് മനസ്സിലാക്കുന്നതുവരെ, ആന്തരിക സ്വാതന്ത്ര്യത്തിൻറെ അഭാവത്തിൻറെ ബാഹ്യ ലക്ഷണമല്ലാതെ മറ്റൊന്നുമല്ലാത്ത, യുദ്ധങ്ങൾക്കും അക്രമങ്ങൾക്കും അനീതികൾക്കും നാം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കും. ആന്തരിക സ്വാതന്ത്ര്യം ഇല്ലാത്തിടത്ത്, സ്വാർത്ഥത, വ്യക്തിവാദം, സ്വാർത്ഥ താൽപ്പര്യം, അടിച്ചമർത്തൽ എന്നീ ദുരിതങ്ങൾക്ക് വഴിതുറക്കുന്നു. ദുരിതങ്ങൾ നേതൃത്വം ഏറ്റെടുക്കുന്നു.
പരിശുദ്ധ അമ്മ ശാന്തിയേകട്ടെ !
സഹോദരീ സഹോദരന്മാരേ, ലാക്വില യഥാർത്ഥത്തിൽ പൊറുക്കലിൻറെ തലസ്ഥാനമാകട്ടെ, സമാധാനത്തിൻറെയും അനുരഞ്ജനത്തിൻറെയും തലസ്ഥാനമാകട്ടെ! തൻറെ സ്തോത്രഗീതത്തിൽ മറിയം പാടുന്ന ആ പരിവർത്തനം എല്ലാവർക്കുമേകാൻ ലാക്വിലയ്ക്ക് കഴിയട്ടെ: "അവൻ ശക്തരെ സിംഹാസനങ്ങളിൽ നിന്ന് മറിച്ചിട്ടു, എളിയവരെ ഉയർത്തി" (ലൂക്കാ 1,52); ഇന്നത്തെ സുവിശേഷത്തിൽ യേശു നമ്മെ ഓർമ്മിപ്പിച്ചത് ഇതാണ്: "തന്നെത്തന്നെ ഉയർത്തുന്നവൻ താഴ്ത്തപ്പെടും, തന്നെത്തന്നെ താഴ്ത്തുന്നവൻ ഉയർത്തപ്പെടും" (ലൂക്കാ 14:11). ലാക്വിലയിലെ ജനങ്ങളുടെ രക്ഷ എന്ന അഭിധാനത്തിൽ നിങ്ങൾ വണങ്ങുന്ന മറിയത്തിന്, സുവിശേഷമനുസൃതം ജീവിക്കാമെന്ന തീരുമാനം നമുക്ക് ഭരമേൽപ്പിക്കാം. അവളുടെ മാതൃസന്നിഭ മാദ്ധ്യസ്ഥ്യത്താൽ ലോകത്തിന് മുഴുവൻ പാപമോചനവും സമാധാനവും ലഭിക്കട്ടെ. സ്വന്തം ദുരിതത്തെക്കുറിച്ചുള്ള അവബോധവും കരുണയുടെ സൗന്ദര്യവും.
നന്ദി പ്രകാശനം
സുവിശേഷ ചിന്തകൾ പങ്കുവച്ചതിനു ശേഷം വിശുദ്ധ കുർബ്ബാന തുടർന്ന പാപ്പാ സമാപനാശീർവ്വാദത്തിനു മുമ്പ് മദ്ധ്യാഹ്ന പ്രാർത്ഥന നയിച്ചു. പ്രാർത്ഥനയ്ക്കു മുമ്പ് പാപ്പാ ലാക്വിലയിലെ പൗരസഭാധികാരികൾക്കും വൈദികർക്കും സന്ന്യാസീസന്ന്യാസിനികൾക്കും കുടുംബങ്ങൾക്കും ഗായകസംഘത്തിനും സന്നദ്ധ പ്രവർത്തകർക്കുമെല്ലാം നന്ദി പ്രകാശിപ്പിച്ചു.
പാക്കിസ്ഥാനിലെ ജലപ്രളയ ദുരന്തം
പാക്കിസ്ഥാനിലുണ്ടായ വെള്ളപ്പൊക്കദുരത്തെക്കുറിച്ച് അനുസ്മരിച്ച പാപ്പാ മരണമടഞ്ഞവർക്കും മുറിവേറ്റവർക്കും പാർപ്പിടങ്ങൾ നഷ്ടപ്പെട്ടവടക്കും വേണ്ടി പ്രാർത്ഥിക്കുകയും ഉദാരമായ അന്താരാഷ്ട്ര ഐക്യദാർഢ്യം അഭ്യർത്ഥിക്കുകയും ചെയ്തു.
സമാധാനപ്രാർത്ഥന
ലോകത്തിനും പാപമോചനവും ശാന്തിയും നലക്ണമെന്ന പരിശുദ്ധ കന്യാകമറിയത്തോടുള്ള തൻറെ പ്രാർത്ഥന പാപ്പാ ആവർത്തിച്ചു.യുദ്ധക്കെടുതിയനുഭവിക്കുന്ന ഉക്രൈയിൻകാരുൾപ്പടെയുള്ള സകലർക്കും വേണ്ടി പ്രാർത്ഥിച്ച പാപ്പാ സമാധാനത്തിൻറെ ദൈവം രാഷ്ട്രങ്ങളുടെ ഉത്തരവാദിത്വം പേറുന്നവരുടെ ഹൃദയങ്ങളിൽ കനിവിൻറെയും കാരുണ്യത്തിൻറെയും മാനവികവും ക്രൈസ്തവികവുമായ അവബോധം പുനരുജ്ജീവിപ്പിക്കട്ടെയെന്ന് ആശംസിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: