തിരയുക

പാപ്പാ: നിദ്രയിലാണ്ടുപോകരുത്, അലസതയിൽ നിപതിക്കരുത്, ജാഗരൂകരായിരിക്കുക!

ഫ്രാൻസീസ് പാപ്പായുടെ മദ്ധ്യാഹ്നപ്രാർത്ഥനാ പ്രഭാഷണം.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ഫ്രാൻസീസ് പാപ്പാ ഈ ഞായറാഴ്ചയും (07/08/22) മദ്ധ്യാഹ്നത്തിൽ വത്തിക്കാനിൽ പതിവു പോലെ ത്രികാലപ്രാർത്ഥന നയിച്ചു. യൂറോപ്പിൽ ജൂലൈ ആഗസ്റ്റ് മാസങ്ങൾ വേനലവധിയുടെ വേളയാണെങ്കിലും വിവിധ രാജ്യക്കാരായിരുന്ന നിരവധി വിശ്വാസികൾ ഈ പ്രാർത്ഥനയിൽ പങ്കുചേരുന്നതിനും പാപ്പായുടെ ആശീർവ്വാദം സ്വീകരിക്കുന്നതിനുമായി, കടുത്ത സൂര്യതാപം വകവയ്ക്കാതെ, വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ ചത്വരത്തിൽ  സന്നിഹിതരായിരുന്നു. ബസിലിക്കാങ്കണത്തിൽ, ദേവാലയാഭിമുഖമായി നില്ക്കുകയാണെങ്കിൽ, വലത്തു വശത്തായി കാണപ്പെടുന്ന പേപ്പൽ അരമനയുടെ ഒരു ഭാഗത്തിൻറെ ഏറ്റവും മുകളിലത്തെ നിലയിലുള്ള ജാലകത്തിങ്കൽ നിന്നാണ് പാപ്പാ ത്രികാല ജപം നയിക്കാറുള്ളത്.  റോമിലെ സമയം ഉച്ചയ്ക്ക് 12 മണിക്ക്, ഇന്ത്യയിലെ സമയം, ഇന്ത്യയും ഇറ്റലിയും തമ്മിൽ ഇപ്പോഴുള്ള സമയവിത്യാസമനുസരിച്ച്, ഉച്ചതിരിഞ്ഞ് 3,30-ന് കർത്താവിൻറെ മാലാഖ എന്നാരംഭിക്കുന്ന പ്രാർത്ഥന ചൊല്ലുന്നതിനായി പാപ്പാ, ആ സമയത്തിന് അല്പം മുമ്പ് ജാലകത്തിങ്കൽ പ്രത്യക്ഷനായപ്പോൾ ബസിലിക്കാങ്കണത്തിൽ സന്നിഹിതരായിരുന്ന ജനസഞ്ചയത്തിൻറെ കരഘോഷവും ആനന്ദരവങ്ങളും ഉയർന്നു.  പ്രാർത്ഥനയ്ക്കു മുമ്പ്, പാപ്പാ, പതിവുപോലെ നടത്തിയ വിചിന്തനത്തിന് ആധാരം, ലത്തീൻ റീത്തിൻറെ ആരാധനാക്രമനുസരിച്ച്, ഈ ഞായറാഴ്ച (31/07/22) ദിവ്യബലി മദ്ധ്യേ വായിക്കപ്പെട്ട ദൈവവചന ഭാഗങ്ങളിൽ, ലൂക്കായുടെ സുവിശേഷം പന്ത്രണ്ടാം അദ്ധ്യായം 32-48 വരെയുള്ള വാക്യങ്ങൾ, അതായത്, സ്വർഗ്ഗത്തിൽ നിക്ഷേപം കരുതിവയ്ക്കാനും കർത്താവിൻറെ വരവ് പ്രതീക്ഷിച്ച് സദാ ജാഗരൂഗരായിരിക്കാനും  ആഹ്വാനം ചെയ്യുന്ന ഭാഗം ആയിരുന്നു. പാപ്പാ ഇറ്റാലിയൻ ഭാഷയിൽ നടത്തിയ വിചിന്തനത്തിൻറെ പരിഭാഷ:

"ഭീതിയരുത്, ഒരുങ്ങിയിരിക്കുക"

പ്രിയ സഹോദരീസഹോദരന്മാരേ, ശുഭദിനം!

ഇന്നത്തെ ആരാധനാക്രമത്തിലെ സുവിശേഷത്തിൽ, യേശു, സകല ഭയപ്പാടുകളിലും  ശിഷ്യന്മാർക്ക് ആത്മധൈര്യം പകരുന്നതിനും  ജാഗരൂകരായിരിക്കാൻ അവരെ ക്ഷണിക്കുന്നതിനുമായി അവരോട് സംസാരിക്കുന്നു. അവിടന്ന് അവർക്ക് രണ്ട് മൗലിക പ്രബോധനങ്ങൾ നൽകുന്നു: ആദ്യത്തേത് "ചെറിയ അജഗണമേ, ഭയപ്പെടേണ്ട" (ലൂക്കാ 12:32); രണ്ടാമത്തേത് "ഒരുങ്ങിയിരിക്കുക" (ലൂക്കാ 12:35). “ഭയപ്പെടേണ്ട”, “തയ്യാറായിരിക്കുക”. ചിലപ്പോഴൊക്കെ നമ്മെ തളർത്തുന്ന ഭയങ്ങളെ പരാജയപ്പെടുത്താനും നിഷ്ക്രിയവും മരവിച്ചതുമായ ഒരു ജീവിതം നയിക്കാനുള്ള പ്രലോഭനത്തെ മറികടക്കാനുമുള്ള രണ്ട് സുപ്രധാന പദങ്ങളാണിവ. "ഭയപ്പെടേണ്ട", "ഒരുങ്ങിയിരിക്കുക": ഈ രണ്ട് ക്ഷണങ്ങളെക്കുറിച്ച് നമുക്ക് ചിന്തിക്കാം.

ഭയപ്പേടേണ്ട- സ്വർഗ്ഗീയ പിതാവ് സ്വസുതനെ നല്കിയിരിക്കുന്നു

പേടിക്കേണ്ട. ഒന്നാമതായി, യേശു ശിഷ്യന്മാർക്ക് പ്രചോദനം പകരുകയാണ്. വയലുകളിലെ ലില്ലിപ്പൂക്കളെയും ആകാശത്തിലെ പറവകളെയും കാക്കുന്ന പിതാവിൻറെ സ്‌നേഹസാന്ദ്രവും പരിപാലനാപരവുമായ കരുതൽ സ്വന്തം മക്കളോട് എത്രയോ കൂടുതാലയിരിക്കും എന്നതിനെക്കുറിച്ച് അവരോട്  സംസാരിച്ചു കഴിഞ്ഞേയുള്ളു യേശു.  ആകയാൽ ആകുലരാകുകയും അസ്വസ്ഥരാകുകയും വേണ്ട: നമ്മുടെ ജീവിതം ദൈവത്തിൻറെ കരങ്ങളിൽ സുരക്ഷിതമാണ്. ഭയപ്പെടേണ്ട എന്ന യേശുവിൻറെ ഈ ക്ഷണം സാന്ത്വനം പകരുന്നു. ചിലപ്പോൾ, വാസ്തവത്തിൽ, അവിശ്വാസത്തിൻറെയും ഉൽക്കണ്ഠയുടെയുമായ ഒരു വികാരത്തിൻറെ തടവിലായിരിക്കുന്നതായി നമുക്കനുഭവപ്പെടുന്നു: ഇത് നസ്സഹായാവസ്ഥയിലാണെന്ന ഭയം, അംഗീകരിക്കപ്പെടുകയും സ്നേഹിക്കപ്പെടുകയും ചെയ്യുന്നില്ലയെന്ന ഭയം, നമ്മുടെ പദ്ധതികൾ നടപ്പിലാക്കാൻ കഴിയില്ലയെന്ന ഭയം, ഒരിക്കലും സന്തോഷം ലഭിക്കില്ല എന്ന ഭയം ആണ്, അങ്ങനെ പോകുന്നു. അപ്പോൾ പരിഹാരങ്ങൾ കണ്ടെത്താനും, ഉയിർത്തെഴുന്നേൽപ്പിനുള്ള ഒരു ഇടം കണ്ടെത്താനും, വസ്തുക്കളും സമ്പത്തും സമാഹരിക്കാനും, സുരക്ഷ നേടാനും നാം പാടുപെടുന്നു; എങ്ങനെയായിരിക്കും ഇതിൻറെ അന്ത്യം? നിരന്തരമായ ഉത്കണ്ഠയിലും ആകുലതയിലും നാം ജീവിക്കുന്നു. മറുവശത്ത്, യേശു നമുക്ക് ഉറപ്പുനൽകുന്നു: ഭയപ്പെടേണ്ട! നിങ്ങൾക്ക് യഥാർത്ഥമായി ആവശ്യമുള്ളതെല്ലാം നൽകാൻ ആഗ്രഹിക്കുന്ന പിതാവിൽ വിശ്വാസമർപ്പിക്കുക. അവിടന്ന് ഇതിനകം നിങ്ങൾക്ക് സ്വസുതനെ നല്കി, അവൻറെ രാജ്യം നൽകി, അനുദിനം നിങ്ങളെ കാത്തുപരിപാലിച്ചുകൊണ്ട്  എപ്പോഴും നിങ്ങൾക്ക് പരിപാലനാപമായി തുണയേകുന്നു. ഭയപ്പെടേണ്ട: ഇതാ, നിങ്ങളുടെ ഹൃദയം ചേർത്തുവയ്ക്കേണ്ട ഉറപ്പ്! ഭയപ്പെടരുത്: ഈ ഉറപ്പിനോട് ചേർത്തുവയ്ക്കപ്പെട്ട ഒരു ഹൃദയം. പേടിക്കരുത്.

പരോന്മുഖത

എന്നാൽ, കർത്താവ് നമ്മെ സ്‌നേഹത്തോടെ കാത്തുപരിപാലിക്കുന്നു  എന്ന അവബോധം നിദ്രയിലാഴുന്നതിനും അലസരായിരിക്കുന്നതിനും നമ്മെ അനുവദിക്കുന്നില്ല! നേരെമറിച്ച്, നാം ഉണർന്നിരിക്കണം, ജാഗരൂകരായിരിക്കണം. വാസ്‌തവത്തിൽ, സ്‌നേഹിക്കുക എന്നതിനർത്ഥം മറ്റുള്ളവരുടെ കാര്യത്തിൽ ശ്രദ്ധയുള്ളവരായിരിക്കുക, അവരുടെ ആവശ്യങ്ങളൾ മനസ്സിലാക്കുക, സംലഭ്യരായിരിക്കുക, കേൾക്കാനും സ്വാഗതം ചെയ്യാനും തയ്യാറാകുക എന്നാണ്.

ഒരുക്കമുള്ളവരായിരിക്കുക

രണ്ടാമത്തെ വാക്ക്: "തയ്യാറായിരിക്കുക". ഇന്നത്തെ രണ്ടാമത്തെ ക്ഷണമാണിത്. അത് ക്രിസ്തീയ ജ്ഞാനമാണ്. യേശു ഈ ക്ഷണം പലവുരു ആവർത്തിക്കുന്നു, ഇന്ന് അവിടന്ന് ഇതു ചെയ്യുന്നത് ഒരു ഗൃഹനാഥനിൽ കേന്ദ്രീകൃതമായ മൂന്ന് ചെറിയ ഉപമകളിലൂടെയാണ്, ആദ്യത്തേതിൽ, യജമാനൻ വിവാഹവിരുന്നു കഴിഞ്ഞ് പെട്ടെന്ന് മടങ്ങിവരുന്നു, രണ്ടാമത്തേതിലാകട്ടെ, കള്ളന്മാരാൽ ആശ്ചര്യപ്പെടുത്തപ്പെടാൻ ഗൃഹനാഥൻ ആഗ്രഹിക്കുന്നില്ല, മൂന്നാമത്തേതിൽ യജമാനൻ ഒരു നീണ്ട യാത്രകഴിഞ്ഞ് മടങ്ങിവരുന്നു. ഇവയിലെല്ലാം, സന്ദേശം ഇതാണ്: നാം ഉണർന്നിരിക്കണം, ഉറങ്ങിപ്പോകരുത്, അതായത്, ശ്രദ്ധ വ്യതിചലിക്കരുത്, ആന്തരിക അലസതയ്ക്ക് വഴങ്ങരുത്, കാരണം, നാം പ്രതീക്ഷിക്കാത്ത സാഹചര്യങ്ങളിൽ പോലും, കർത്താവ് വരുന്നു. കർത്താവിൻറെ കാര്യത്തിൽ ഈ ശ്രദ്ധ ഉണ്ടായിരിക്കണം, നിദ്രയിലാണ്ടുപോകരുത്. ഉണർന്നിരിക്കണം.

നമുക്കു ഭരമേല്പിക്കപ്പെട്ടരിക്കുന്നവയുടെ കണക്കു ബോധിപ്പിക്കേണ്ടവർ നമ്മൾ

അവിടന്ന് നമ്മെ ഏൽപ്പിച്ചവയുടെ കണക്ക് നമ്മുടെ ജീവിതാന്ത്യത്തിൽ അവിടന്ന് ചോദിക്കും; അതുകൊണ്ടുതന്നെ, ജാഗരൂകരായിരിക്കുക എന്നതിനർത്ഥം ഉത്തരവാദിത്വമുള്ളവരായിരിക്കുക, അതായത്, ആ വസ്തുക്കളെ വിശ്വസ്തതയോടെ സംരക്ഷിക്കുകയും കൈകാര്യം ചെയ്യുകയും ചെയ്യുക എന്നാണ്. നമുക്ക് വളരെയധികം ലഭിച്ചു: ജീവിതം, വിശ്വാസം, കുടുംബം, ബന്ധങ്ങൾ, ജോലി, മാത്രമല്ല നമ്മുടെ വാസയിടങ്ങൾ, നമ്മുടെ നഗരം, സൃഷ്ടി. ഒരുപാട് കാര്യങ്ങൾ നമുക്ക് ലഭിച്ചിട്ടുണ്ട്. നമുക്ക് സ്വയം ചോദിക്കാം: കർത്താവ് നമുക്കേകിയ ഈ പൈതൃകത്തെ നാം പരിപാലിക്കുന്നുണ്ടോ? നാം അവയുടെ മനോഹാരിത  കാത്തുസൂക്ഷിക്കുന്നുണ്ടോ, അതോ അവയെ നാം നമുക്കുവേണ്ടിയും ഈ നിമിഷത്തെ സൗകര്യങ്ങൾക്കായും മാത്രം ഉപയോഗിക്കുകയാണോ? ഇതിനെക്കുറിച്ച് നാം അൽപ്പം ഒന്നു ചിന്തിക്കേണ്ടതുണ്ട്: നമുക്ക് നല്കപ്പെട്ടിരിക്കുന്നവയുടെ സംരക്ഷകരാണോ നമ്മൾ?

പരിശുദ്ധ അമ്മയുടെ സഹായം തേടുക

സഹോദരീ സഹോദരന്മാരേ, കർത്താവ് എപ്പോഴും നമ്മെ അനുഗമിക്കുന്നു എന്ന സുനിശ്ചിതത്വത്തിൽ നമുക്ക് ഭയലേശമന്യേ സഞ്ചരിക്കാം. കർത്താവ് കടന്നുപോകുമ്പോൾ നാം ഉറങ്ങിപ്പോകാതിരിക്കുന്നതിന് നമുക്ക് ഉണർന്നിരിക്കാം. വിശുദ്ധ അഗസ്റ്റിൻ പറയുമായിരുന്നു: "കർത്താവ് കടന്നുപോകുകയും ഞാൻ അത് അറിയാതിരിക്കുകയും ചെയ്യുമെന്ന് ഞാൻ ഭയപ്പെടുന്നു"; ഉറങ്ങിപ്പോകുകയും കർത്താവ് കടന്നുപോകുന്നത് ഞാൻ അറിയാതിരിക്കുകയും ചെയ്യും. ഉണർന്നിരിക്കുക! കർത്താവിൻറെ സന്ദർശനത്തെ സ്വാഗതം ചെയ്യുകയും, സന്നദ്ധതയോടും ഉദാരതയോടും, " ഇതാ ഞാൻ" എന്ന് പറയുകയും ചെയ്ത കന്യകാമറിയം നമ്മെ സഹായിക്കട്ടെ. ഈ വാക്കുകളെ തുടർന്ന് പാപ്പാ കര്‍ത്താവിന്‍റെ മാലാഖ എന്നാരംഭിക്കുന്ന പ്രാർത്ഥന നയിക്കുകയും ആശീർവ്വാദം നല്കുകയും ചെയ്തു.

ഉക്രൈയിനിൽ നിന്ന് ധാന്യക്കപ്പലുകളുടെ പുറപ്പാട് 

ആശീർവ്വാദാനന്തരം പാപ്പാ, ഉക്രൈയിനിൽ നിന്ന് ധാന്യവുമായി ആദ്യ കപ്പലുകൾ പുറപ്പെട്ടിരിക്കുന്നതിൽ തൻറെ സംതൃപ്തിയറിയിച്ചു.  ധാന്യങ്ങൾ നിറച്ച ആദ്യ കപ്പലുകൾ ഉക്രൈയിനിലെ തുറമുഖങ്ങളിൽ നിന്ന് പുറപ്പെടുന്നതിനെ സംതൃപ്തിയോടെ അഭിവാദ്യം ചെയ്യാൻ താൻ  ആഗ്രഹിക്കുന്നു എന്നു പറഞ്ഞ പാപ്പാ, സകലർക്കും ഗുണകരമായ സംഭാഷണം നടത്തുകയും സമൂർത്ത ഫലം പുറപ്പെടുവിക്കുകയും ചെയ്യുക സാദ്ധ്യമാണെന്ന് ഈ ചുവടുവയ്പ്പ് കാണിച്ചുതരുന്നുവെന്ന് പ്രസ്താവിച്ചു. ഈ സംഭവം പ്രത്യാശയുടെ അടയാളമാണെന്നും പാപ്പാ കൂട്ടിച്ചേർത്തു. ഈ പാത പിന്തുടരുന്നതിലൂടെ, നമുക്ക് പോരാട്ടം അവസാനിപ്പിച്ച് നീതിപൂർവ്വകവും ശാശ്വതവുമായ സമാധാനത്തിലേക്ക് എത്താൻ കഴിയുമെന്ന് താൻ ആത്മാർത്ഥമായി പ്രത്യാശിക്കുന്നുവെന്നും പാപ്പാ പറഞ്ഞു.

ക്രൊയേഷ്യയിൽ തീർത്ഥാടകരുടെ ബസ് അപകടം

ആറാം തീയതി ശനിയാഴ്ച (06/08/22)  ക്രൊയേഷ്യയിൽ പത്തിലേറെപ്പേരുടെ ജീവനപഹരിക്കുകയും 30 ലേറെപ്പേരെ മുറിവേല്പിക്കുകയും ചെയ്ത ബസ്സപകടത്തിൽ പാപ്പാ തൻറെ ദുഃഖം രേഖപ്പെടുത്തി. മെജുഗോർ മരിയൻ തീർത്ഥാടന കേന്ദ്രത്തിലേക്ക് പോളണ്ടിൽ നിന്നു പോകുകയായിരുന്ന തീർത്ഥാടകരുടെ ബസ്സാണ് അപകടത്തിൽപ്പെട്ടെതെന്നതും പാപ്പാ അനുസ്മരിക്കുകയും അവർക്കെല്ലാവർക്കും അവരുടെ കുടുംബങ്ങൾക്കും വേണ്ടി പരിശുദ്ധ കന്യകാമറയിത്തോടു പ്രാർത്ഥിക്കുകയും ചെയ്തു.

യുവജന തീർത്ഥാടനം

സ്പെയിനിലെ സന്ധ്യാഗൊ ദെ കൊമ്പൊസ്തേലയിലേക്കുള്ള യൂറോപ്യൻ യുവജന തീർത്ഥാടനത്തിന് ഈ ഞായറാഴ്ച (07/08/22) സമാപനം കുറിക്കുന്നതും പാപ്പാ ത്രികാലപ്രാർത്ഥനാ വേളയിൽ അനുസമരിച്ചു. അതിൽ സംബന്ധിച്ച എല്ലാ യുവതീയുവാക്കൾക്കും അതുപോലെ തന്നെ ഈ തീർത്ഥാടനത്തിൻറെ സംഘാടകർക്കെല്ലാവർക്കും പാപ്പാ സസന്തോഷം ആശീർവ്വാദം നല്കുകയും ചെയ്തു. അവരുടെ ജീവിതം സദാ ഒരു യാത്ര, യേശുക്രിസ്തുവിനൊപ്പമുള്ള ഒരു യാത്ര, ദൈവോന്മുഖവും സഹോദരോന്മുഖവും ആയ ഒരു യാത്ര, സേവനത്തിലും സന്തോഷത്തിലും ഉള്ള ഒരു യാത്ര ആയിരിക്കട്ടെയെന്ന് പാപ്പാ ആശംസിച്ചു.

സമാപനാഭിവാദ്യം

തുടർന്നു പാപ്പാ റോമാക്കാരുൾപ്പടെയുള്ള  തീർത്ഥാടകരെയും വിവിധ യുവ സംഘങ്ങളെയും അഭിവാദ്യം ചെയ്തു. തദ്ദനന്തരം പാപ്പാ, ത്രികാലപ്രാർത്ഥനയിൽ സംബന്ധിച്ച എല്ലാവർക്കും നല്ലൊരു ഞായർ ആശംസിക്കുകയും തനിക്കുവേണ്ടി പ്രാർത്ഥിക്കാൻ മറക്കരുതെന്ന പതിവ് അഭ്യർത്ഥന നവീകരിക്കുകയും ചെയ്തു. അതിനു ശേഷം പാപ്പാ, എല്ലാവ‍ര്‍ക്കും നല്ല ഒരു ഉച്ചവിരുന്നു നേരുകയും വീണ്ടും കാണാമെന്നു പറയുകയും ചെയ്തുകൊണ്ട് പുഞ്ചിരിയോടെ കൈകൾ വീശി ജാലകത്തിങ്കൽ നിന്നു പിൻവാങ്ങി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

08 August 2022, 12:18

ത്രികാലപ്രാര്‍ത്ഥന - ദിവസത്തിൽ മൂന്നു പ്രാവശ്യം ജപിക്കുന്ന സഭയുടെ ഔദ്യോഗിക പ്രാർത്ഥനയാണിത്. സനാതനമായ രക്ഷാകര രഹ്യമാണ് ഇതിന്‍റെ ഉള്ളടക്കം. രാവിലെ
6 മണിക്കും, മദ്ധ്യാഹ്നം 12 മണിക്കും, വൈകുന്നേരം 6 മണിക്കും ദേവാലയമണി മുഴങ്ങുമ്പോഴാണ് ഇത് ഉരുവിടുന്നത്.  

കര്‍ത്താവിന്‍റെ മാലാഖ... എന്നു തുടങ്ങുന്ന ത്രികാലജപം സാധാരണകാലങ്ങളില്‍ ചൊല്ലുമ്പോള്‍ പെസഹാക്കാലത്ത് സ്വര്‍ല്ലോക രാജ്ഞിയേ... എന്ന പ്രാര്‍ത്ഥനയുമാണ് ചൊല്ലുന്നത്. പ്രാര്‍ത്ഥനയുടെ ഇടയ്ക്ക് ചൊല്ലുന്ന നന്മനിറഞ്ഞ മറിയമേ, എന്ന ജപം ക്രിസ്തുവിന്‍റെ രക്ഷാകര ചരിത്രത്തില്‍ മറിയത്തിനുള്ള പങ്ക് വിളിച്ചോതുന്നു. ത്രിത്വസ്തുതിയോടെയാണ് ത്രികാലപ്രാര്‍ത്ഥന അവസാനിക്കുന്നത്.


പൊതുവെ എല്ലാ ഞായറാഴ്ചകളിലും സവിശേഷദിനങ്ങളിലും മദ്ധ്യാഹ്നത്തിലാണ് “ആഞ്ചെലൂസ്…” എന്ന ശീര്‍ഷകത്തില്‍ പാപ്പായുടെ സാന്നിദ്ധ്യത്തില്‍ ത്രികാലപ്രാ‍ര്‍ത്ഥന നടത്തപ്പെടുന്നത്. ഞായറാഴ്ചകളില്‍ മദ്ധ്യാഹ്നം കൃത്യം 12 മണിക്ക് വത്തിക്കാനിലെ അപ്പസ്തോലിക അരമനയുടെ മൂന്നാംനിലയുടെ രണ്ടാം ജാലകത്തില്‍ പ്രത്യക്ഷപ്പെട്ട്, താഴെ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ സമ്മേളിച്ചിരിക്കുന്ന തീര്‍ത്ഥാടകര്‍ക്കും സന്ദര്‍ശകര്‍ക്കുമൊപ്പം പാപ്പാ ത്രികാലപ്രാര്‍ത്ഥന ചൊല്ലുന്ന പതിവിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്.

ഏറ്റവും ഒടുവിലത്തെ ത്രികാലപ്രാര്‍ത്ഥന

വായിച്ചു മനസ്സിലാക്കാന്‍ >