പാപ്പായുടെ കസാക്കിസ്ഥാൻ സന്ദർശനം പാർത്തിരിക്കുന്ന റഷ്യൻ കത്തോലിക്കർ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
ഫ്രാൻസീസ് പാപ്പായുടെ ഭാവി കസാക്കിസ്ഥാൻ സന്ദർശനം റഷ്യക്കാരായ കത്തോലിക്കരെ സംബന്ധിച്ചിടത്തോളം അതീവ പ്രാധാന്യമർഹിക്കുന്നുവെന്ന് റഷ്യയിലെ മോസ്കൊയിലുള്ള ദൈവമാതാ മെത്രോപ്പോലിത്തൻ അതിരൂപതയുടെ ആർച്ച്ബിഷപ്പ് പാവൊളൊ പെത്സി.
സെപ്റ്റംബർ 13-15 വരെ പാപ്പാ കസാക്കിസ്ഥാനിൽ നടത്തുന്ന ഇടയസന്ദർശനത്തോടനുബന്ധിച്ച് ദൈവമാതാ അതിരൂപത സെപ്റ്റംബർ 12-15 വരെ അന്നാട്ടിലേക്ക് “ഞങ്ങൾ ഐക്യത്തിൻറെ സാക്ഷികൾ” എന്ന മുദ്രാവാക്യവുമായി, ഒരു തീർത്ഥാടനം സംഘടിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നതിനെക്കുറിച്ച് വത്തിക്കാൻ വാർത്താവിഭാഗത്തിന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഇതു പറഞ്ഞത്.
പാപ്പായ്ക്ക് റഷ്യ സന്ദർശിക്കാൻ എന്ന് സാധിക്കും എന്നതിനെക്കുറിച്ച് ഒന്നും പറയാൻ പറ്റാത്ത ഒരു അവസ്ഥ നിലനില്ക്കുന്നതിനാൽ റഷ്യയോട് ചേർന്നു കിടക്കുന്ന രാജ്യമായ കസാക്കിസ്ഥാനിൽ പാപ്പായെത്തുമ്പോൾ അത് റഷ്യയിലെ കത്തോലിക്കർക്ക് മഹത്തായ ഒരു അവസരമാണെന്നും, തന്നെയുമല്ല കസാക്കിസ്ഥാനിലേക്കു കൂടുതൽ സ്വതന്ത്രമായി യാത്ര ചെയ്യാൻ അവർക്കു കഴിയുമെന്നും ആർച്ച്ബിഷപ്പ് പെത്സി പറഞ്ഞു.
റഷ്യയിലെ കത്തോലിക്കർക്ക് പാപ്പായോടുള്ള വിശ്വസ്തയും, സർവ്വോപരി, സ്നേഹവും പ്രകടിപ്പിക്കാനുളള സവിശേഷാവസരമായിരിക്കും അതെന്നും അതുകൊണ്ടു തന്നെയാണ് പാപ്പായുടെ കസാക്കിസ്ഥാൻ സന്ദർശനവേളയിൽ ഇത്തരമൊരു തീർത്ഥാടനം സംഘടിപ്പിക്കാൻ ദൈവമാതാ അതിരൂപത ശ്രമിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.
ലോകമതങ്ങളുടെയും പാരമ്പര്യമതങ്ങളുടെയും നേതാക്കളുടെ ഏഴാം ആഗോളസമ്മേളനത്തിൽ പങ്കെടുക്കുകയാണ് പാപ്പായുടെ കസാക്കിസ്ഥാൻ സന്ദർശനത്തിൻറെ മുഖ്യ ലക്ഷ്യം.
കാസാക്കിസ്ഥാൻറെ തലസ്ഥാനമായ നൂർ സുൽത്താൻ ആണ് പാപ്പായുടെ സന്ദർശന വേദി. 2019 മാർച്ച് വരെ അസ്താന എന്നായിരുന്നു ഈ നഗരം അറിയപ്പെട്ടിരുന്നത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: