തിരയുക

പൊതുജന കൂടികാഴ്ചയിൽ പകർത്തിയ ചിത്രം... പൊതുജന കൂടികാഴ്ചയിൽ പകർത്തിയ ചിത്രം... 

“ക്രിസ്തു ജീവിക്കുന്നു”: മുതിർന്നവരാകുക എന്നതിന് ഏറ്റവും നല്ലത് ഉപേക്ഷിക്കണം എന്ന് അർത്ഥമില്ല

“Christus Vivit” അഥവാ “ക്രിസ്തു ജീവിക്കുന്നു” എന്ന ഫ്രാൻസിസ് പാപ്പായുടെ അപ്പോസ്തോലിക പ്രബോധനത്തിന്റെ 159ആം ഖണ്ഡികയെ അടിസ്ഥാനമാക്കിയ വിചിന്തനം.

സി. റൂബിനി സി.റ്റി.സി, വത്തിക്കാൻ ന്യൂസ്

ശബ്ദരേഖ

അപ്പോസ്തോലിക പ്രബോധനം

അപ്പോസ്തോലിക പ്രബോധനമെന്നത് കത്തോലിക്കാ സഭയില്‍ പാപ്പാ പ്രസിദ്ധീകരിക്കുന്ന ഔദ്യോഗിക ലേഖനങ്ങളുടെ വിവിധതരത്തിലുളള പരമ്പരകളിൽപ്പെടുന്ന ഒരു ലേഖനമാണ്. ഇവയുടെ പ്രാധാന്യ ശൃംഖലയില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന ചാക്രീക ലേഖനങ്ങള്‍ കഴിഞ്ഞാല്‍ തൊട്ടടുത്ത സ്ഥാനമാണ് അപ്പോസ്തോലിക പ്രബോധനങ്ങള്‍ക്കുള്ളത്.

അഞ്ചാം അദ്ധ്യായം

അഞ്ചാം അദ്ധ്യായത്തിന്റെ  ശീർഷകം തന്നെ "യുവജനങ്ങളുടെ വഴികൾ'' എന്നാണ്. യുവത്വത്തിന്റെ ആകുലതയെയും ആകാംക്ഷയെയും ഉത്ക്കണ്ഠയെയും വിവരിക്കുമ്പോഴും ഫ്രാൻസിസ് പാപ്പാ യുവതയോടു നിർദ്ദേശിക്കുന്നത് "നിങ്ങളുടെ പ്രത്യാശകളേയും സ്വപ്നങ്ങളേയും പിന്തുടരാനാണ്.

159. ആത്യന്തികമായി വളരാൻ പരിശ്രമിക്കുന്നതിന് നിങ്ങൾ നിങ്ങളെപ്പറ്റി ഗൗരവപൂർവം ചിന്തിക്കും എന്ന് ഞാൻ പ്രതീക്ഷിക്കുന്നു. യൗവനത്തെ പറ്റിയുള്ള ആവേശപൂർവ്വമായ മറ്റ് എല്ലാ കാര്യങ്ങളോടുമൊപ്പം “നീതി, വിശ്വാസം, സ്നേഹം, സമാധാനം” (2തിമോ 2: 22) എന്നിവയെ അന്വേഷിക്കുന്നതിന്റെ സൗന്ദര്യം കൂടിയുണ്ട്. നിങ്ങളുടെ സ്വാഭാവികത, ധീരത, ആവേശം, മൃദുലത എന്നിവയിൽ എന്തെങ്കിലും നഷ്ടപ്പെടുമെന്ന് ഇതിനർത്ഥമില്ല. മുതിർന്നവരാകുക എന്നതിന് നിങ്ങളുടെ ജീവിത അവസ്ഥയിലുള്ള ഏറ്റവും നല്ലത് ഉപേക്ഷിക്കണം എന്ന് അർത്ഥമില്ല. നിങ്ങൾ അങ്ങനെ ചെയ്താൽ കർത്താവ് ഒരിക്കൽ നിങ്ങളെ കുറ്റപ്പെടുത്തും: “നിന്റെ യൗവനത്തിലെ വിശ്വസ്തതയും വധുവിനടുത്ത സ്നേഹവും ഞാനോർമിക്കുന്നു. മരുഭൂമിയിൽ കൃഷിയോഗ്യമല്ലാത്ത നാട്ടിൽ നീ എന്നെ അനുഗമിച്ചത് ഞാൻ ഓർമ്മിക്കുന്നു( ജെറ2 :2). (കടപ്പാട്. പി.ഒ. സി പ്രസീദ്ധീകരണം).

“യുവഹൃദയങ്ങൾ പ്രകൃത്യാ തന്നെ മാറാനും, പിൻതിരിയാനും  എഴുന്നേൽക്കാനും, ജീവിതത്തിൽ നിന്ന് പഠിക്കാനും തയ്യാറാണ്”എന്ന് പാപ്പാ ഈ പ്രബോധനത്തിലൂടെ നമ്മെ ഓർമ്മപ്പെടുത്തിയിട്ടുണ്ട്. രൂപമല്ല ഒരു വ്യക്തിയെ മഹത്വമുള്ളതാക്കുന്നത്. യുവാക്കൾക്കും, വിശുദ്ധിയുടെയും വിശ്വാസത്തിന്റെയും, നന്മയുടെയും തായ്‌ വേരുകളാകാൻ കഴിയും. സഭയുടെ വർത്തമാനവും ഭാവിയും എന്ന പാപ്പയുടെ വിശേഷണം ലഭിച്ചവരാണ് യുവജനങ്ങൾ. മുതിർന്നവരുടെ അനുഭവവും യുവജനങ്ങളുടെ അറിവും സംയോജിക്കുമ്പോൾ ലോകത്തിന് ഒരുപാട് നന്മകളുടെ വിളവു നൽകാൻ കഴിയുമെന്നും ഒരവസരത്തിൽ  പാപ്പാ പറഞ്ഞിരുന്നു.  ഇവിടെ പാപ്പാ പറയുന്നത് യൗവനത്തെ പറ്റിയുള്ള ആവേശപൂർവ്വമായ മറ്റ് എല്ലാ കാര്യങ്ങളോടുമൊപ്പം “നീതി, വിശ്വാസം, സ്നേഹം, സമാധാനം” (2തിമോ 2: 22) എന്നിവയെ അന്വേഷിക്കുന്നതിന്റെ സൗന്ദര്യം കൂടിയുണ്ട്; നിങ്ങളുടെ സ്വാഭാവികത, ധീരത, ആവേശം, മൃദുലത എന്നിവയിൽ എന്തെങ്കിലും നഷ്ടപ്പെടുമെന്ന് ഇതിനർത്ഥമില്ല. മുതിർന്നവരാകുക എന്നതിന് നിങ്ങളുടെ ജീവിത അവസ്ഥയിലുള്ള ഏറ്റവും നല്ലത് ഉപേക്ഷിക്കണം എന്ന് അർത്ഥമില്ല" എന്നാണ്.

ജീവിതത്തിലെ വിവിധ വശങ്ങളെ കണ്ട്, അനുഭവിച്ച്, അതിൽ നിന്നും പാഠം പഠിച്ച്, പാകപ്പെട്ട അനുഭവങ്ങളുടെയും, ഉൾക്കാഴ്ച്ചകളുടെയും, അറിവിന്റെയും സമൃദ്ധി മുതിർന്നവരുടെ കൈകളിലുണ്ട്. അതുപോലെ തന്നെ കാലത്തിന്റെ മാറ്റങ്ങളെ നന്നായി മനസ്സിലാക്കാനും, ഉപയോഗിക്കാനും അവയെ സമൂഹത്തിന്റെ നന്മയ്ക്കായി വിനിയോഗിക്കാനുള്ള കഴിവും, ഊർജ്ജവും, ക്രിയാത്മകതയും യുവജനങ്ങളിലുമുണ്ട്. സകലരുടേയും നന്മ എന്ന ലക്ഷ്യത്തിലേക്ക് ഈ രണ്ടുകൂട്ടരുടെയും കൈകളിലിരിക്കുന്ന സമ്പത്തിനെ വിനിയോഗിക്കുമ്പോൾ ഒരു പുതിയ ലോകം നമുക്ക് സൃഷ്ടിക്കാൻ കഴിയും. അതുകൊണ്ട് യുവജനങ്ങളെ അവരുടെ പ്രായത്തിന്റെ പേരിൽ അവഗണിക്കാതെ അവരുടെ സ്വരങ്ങൾ ശ്രവിക്കുവാനും അവരുടെ സ്വപ്നങ്ങളെ ഫലമണിയിക്കുവാനും അവരുടെ സഞ്ചാരങ്ങളെ നന്മയിലേക്ക് നയിക്കാനുള്ള സമൂഹത്തിന്റെ കടമയെ പാപ്പാ ഓർമ്മപ്പെടുത്തുമ്പോൾ യുവജനത്തോടൊപ്പം പുതിയ യുഗം സൃഷ്ടിക്കാൻ കഴിയുമെന്ന ഉറപ്പാണ് ലഭിക്കുന്നത്.

ഹൃദയത്തിന്റെ യുവത്വത്തെക്കുറിച്ചും പാപ്പാ ഈ ഭാഗത്ത്  സൂചന നൽകുന്നു. യുവത്വത്തിന്റെ പ്രത്യേകതകൾ പലപ്പോഴും നമ്മെ അൽഭുതപ്പെടുത്തുന്നതാണ്. അപാരമായ ഇച്ഛാശക്തിയും പ്രസരിപ്പും നിറഞ്ഞ യുവത്വവും അതിന്റെ നന്മകളും സഭയുടെ മുന്നിരയിലേക്ക് കൊണ്ടുവരാനായി പരിശ്രമിച്ച യുവജന സിനഡിന്റെ ഈ പ്രബോധനം യുവത്വത്തെ ചിന്തിക്കാൻ പ്രേരിപ്പിക്കുന്നത് യേശുവിനെക്കുറിച്ചു തന്നെയാണ്. യേശു നൽകുന്ന വരമായി പരിശുദ്ധ പിതാവ് യുവജനങ്ങൾക്ക് മുന്നിൽ കൊണ്ടുവരുന്നത് നിത്യയൗവനമുള്ള ഹൃദയത്തെക്കുറിച്ചാണ്. വിശുദ്ധ പൗലോസ് അപ്പോസ്തലനെ ഉദ്ധരിച്ച് പുതിയ മനുഷ്യനാകാനും  ജീവിതത്തിലെ പുളിപ്പുകളും, പഴയതഴക്കങ്ങളും ഉരിഞ്ഞു മാറ്റാനും ആവശ്യപ്പെടുന്ന പാപ്പാ പുതുതായി നമ്മിൽ രൂപപ്പെടുത്തേണ്ട ഹൃദയം യുവത്വപൂർണ്ണമാകാൻ ആവശ്യമായവയെയും ചൂണ്ടിക്കാണിക്കുകയാണ്.

ഹൃദയത്തിൽ യുവത്വം കൈവരിക്കുക എന്ന് പറഞ്ഞ പാപ്പാ ഈ ഖണ്ഡികയിൽ ആത്യന്തികമായി വളരാൻ പരിശ്രമിക്കുന്നതിന് യുവജനങ്ങൾ അവരെപ്പറ്റി ഗൗരവപൂർവം ചിന്തിക്കും എന്ന് താ൯ പ്രതീക്ഷിക്കുന്നതായി പങ്കുവയ്ക്കുന്നു. യൗവനത്തെ പറ്റിയുള്ള ആവേശപൂർവ്വമായ മറ്റ് എല്ലാ കാര്യങ്ങളോടുമൊപ്പം “നീതി, വിശ്വാസം, സ്നേഹം, സമാധാനം” (2തിമോ 2: 22) എന്നിവയെ അന്വേഷിക്കുന്നതിന്റെ സൗന്ദര്യം കൂടിയുണ്ട്. നിങ്ങളുടെ സ്വാഭാവികത, ധീരത, ആവേശം, മൃദുലത എന്നിവയിൽ എന്തെങ്കിലും നഷ്ടപ്പെടുമെന്ന് ഇതിനർത്ഥമില്ല എന്ന് വിശദീകരിക്കുകയാണ് പരിശുദ്ധ പിതാവ് ചെയ്യുന്നത്.

കടലിനെ സൃഷ്ടിച്ച ദൈവം അതിനെ ഉപയോഗിക്കാൻ മനുഷ്യന് വെളിച്ചം പകർന്നു. ആ പ്രകാശത്തെ മനുഷ്യൻ ഉപയോഗിച്ചപ്പോൾ അതിൽ നിന്നും വഞ്ചിയും,  തോണിയും, കപ്പലുകളും ജന്മമെടുത്തു.  ഓരോ വ്യക്തിയിലും ദൈവം ഒരുപാട് സാധ്യതകളെ നിക്ഷേപിച്ചിരിക്കുന്നു. യുവത്വം സാധ്യതകൾക്ക് ജന്മം കൊടുക്കേണ്ട സമയമാണ്. വിവേകമതികളായ കന്യകമാരെ പോലെ ജീവിതസാഹചര്യങ്ങളിൽ വിളക്കുകള്‍ അണഞ്ഞ് പോകുമ്പോഴും വീണ്ടും തെളിയിക്കാനുള്ള എണ്ണ എന്ന സാധ്യതയെ മുന്നിൽ കണ്ട് അയക്കപ്പെടുന്ന ദേശങ്ങളിലേക്ക് ഇറങ്ങി പുറപ്പെടുമ്പോൾ നമുക്ക് നൂറുമേനി ഫലം പുറപ്പെടുവിക്കാൻ കഴിയും. ജീവിതത്തിന്റെ പ്രതികൂല സാഹചര്യങ്ങളിലൂടെ കടന്ന് കാറ്റും, കോളും, ഒറ്റപ്പെടലും, അവഹേളനവും നിറഞ്ഞ ജീവിതത്തെ അസാധാരണമായ വിധത്തിൽ അതിജീവിച്ചവനാണ് യുവാവായ ക്രിസ്തു. ജനനം മുതൽ മരണം വരെ ക്രിസ്തു എന്ന യുവാവിനെ വെല്ലുവിളികളുടെ ആയിരം കൈകൾ പൊതിഞ്ഞു നിന്നിരുന്നു. എന്നാൽ തന്റെ ചെറു ജീവിതത്തിലൂടെ പൂർത്തീകരിക്കണമെന്ന് സ്വർഗ്ഗം ആവശ്യപ്പെട്ട ദൗത്യത്തെ പൂർത്തിയാക്കി കൊണ്ടാണ് ക്രിസ്തു യാത്രയായത്. ക്രിസ്തുവിന്റെ മാതൃക നമ്മെ ശക്തിപ്പെടുത്തുകയും ഏതിരുട്ടിലും വീഴാതിരിക്കാനും വീണാലും വിളക്ക് അണഞ്ഞു പോകാതിരിക്കാനും നമ്മെ അവിടുന്ന് സഹായിക്കും.

സ്നേഹം യൗവനത്തിന്റെ മുഖമാണെങ്കിൽ അതിന്റെ മനോഹാരിത സഹതാപം, കാരുണ്യം, വിനയം, സൗമ്യത, ക്ഷമ,  സഹിഷ്ണുത എന്നിവയിലാണെങ്കിൽ ഇവ നമ്മെ ഒരിക്കലും മറ്റുള്ളവരിൽ നിന്ന് അകറ്റി നിറുത്തുകയില്ല. സ്വാർത്ഥത നിറയുമ്പോഴാണ് എല്ലാം സ്വന്തമാക്കണമെന്നും മറ്റുള്ളവരുമായുള്ള ഇടപഴലുകൾ നഷ്ടക്കണക്കുകളാവുന്നതും മതിലുകൾ കെട്ടി വളച്ചു പിടിക്കുന്നതും. എല്ലാം ലാഭങ്ങൾ മാത്രം നോക്കിയുള്ള വെറും വ്യാപാരങ്ങളാക്കി മാറ്റുന്ന ഇന്നത്തെ കമ്പോള മനസ്ഥിതി സ്നേഹ ബന്ധങ്ങളിലും എത്തിപ്പെടുമ്പോഴാണ് സ്വയം ഒറ്റപ്പെടാനും ഒറ്റപ്പെടുത്താനുമൊക്കെയുള്ള പ്രവണതകൾ നമ്മിൽ വന്നു ചേരുക.

പുത്തൻ ചക്രവാളങ്ങൾ തേടാനും വലിയ വെല്ലുവിളികളെ ഏറ്റെടുക്കാനും മടിക്കാത്ത ധൈര്യമാർന്ന യുവത്വം. സത്യത്തിൽ ഇത്തരം യുവത്വങ്ങളാണ് ധീരതയോടെ സഭയുടെ മുൻ നിരയിലേക്ക് വരണമെന്ന് പാപ്പാ ആഗ്രഹിക്കുന്നതും. അഥവാ ഇത്തരം ആത്മാവിന്റെ ചെറുപ്പം നിറഞ്ഞ തുറവു സഭയുടെ മുൻ നിരയിൽ ഉണ്ടാകാൻ. ഇന്നത്തെ ലോകത്തിൽ സഭയും വിശ്വാസവും മുന്നോട്ട് പോകാൻ  പുതിയ ചക്രവാളങ്ങളും പ്രതിസന്ധികളും നേരിടാൻ ആത്മാവിന്റെ തുറവും യുവത്വമാർന്ന ധൈര്യവും ഏറ്റം അത്യാവശ്യമെന്ന ഒരു സൂചന പാപ്പാ നമുക്ക് തരുന്നുണ്ടിവിടെ. ജീവിക്കാനുള്ള തുറവി  നഷ്ടപ്പെടുമ്പോൾ സമ്പത്തിലും, സൗകര്യങ്ങളിലും ഒതുങ്ങുന്ന ഒരു ചടഞ്ഞുകൂടലായി മാറുന്നു ജീവിതം. അത് വാർദ്ധക്യത്തിലെ വിശ്രമം പോലെയാകുന്നു, പുതുമകൾ ഏറ്റെടുക്കാനുള്ള മടിയും, സൗകര്യങ്ങൾ വിട്ട്, വെല്ലുവിളികൾ അഭിമുഖീകരിക്കാനുള്ള ആവേശവും നഷ്ടപ്പെടുന്നു. ഇത് യുവത്വം കൈമോശം വന്നു എന്നതിന് തെളിവായി ചൂണ്ടിക്കാട്ടുകയാണ് പാപ്പാ.

യുവജനങ്ങൾ ജീവിതത്തെ അടുത്തും അകലെ നിന്നും നോക്കി കാണണം. തന്റെ കലാ സൃഷ്ടിയെ അൽപ്പം അകലെ നിന്നു നോക്കി വിലയിരുത്തുന്ന ഒരു ചിത്രകാരനെ പോലെ ജീവിതത്തെ വിലയിരുത്തുവാനും നമ്മിൽ നാം ഒരകലം തീർക്കണം. അങ്ങനെയെങ്കിൽ നമ്മുടെ ജീവിതത്തിൽ അനിവാര്യമായ മാറ്റങ്ങളെ കണ്ടെത്തി സമൂഹത്തിന് നല്ല മാറ്റങ്ങളെ സമ്മാനിക്കാൻ കഴിയും. അങ്ങനെയാണ് തങ്ങളുടെ യൗവനത്തെ ലോകത്തിന്റെയും സഭയുടെയും നന്മയ്ക്കായി പങ്കുവച്ച വിശുദ്ധ ഫ്രാൻസിസ് അസ്സിസി യിയെ പോലുള്ള അനേകം വ്യക്തികൾ ലോകത്തിൽ നിന്നും മറഞ്ഞിട്ടും ഇന്നും ജീവിക്കുന്നവരായി തുടരുന്നു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

11 August 2022, 11:10