തിരയുക

അന്തരിച്ച കർദിനാൾ ജോസഫ് ടോംകോയുടെ സംസ്‌കാര ചടങ്ങിൽ ഫ്രാൻസിസ്  പാപ്പാ. അന്തരിച്ച കർദിനാൾ ജോസഫ് ടോംകോയുടെ സംസ്‌കാര ചടങ്ങിൽ ഫ്രാൻസിസ് പാപ്പാ.  (Vatican Media)

കർദ്ദിനാൾ ടോംകോ "സേവിക്കാനുള്ള വിളി" എന്ന അർപ്പണ ബോധത്തോടെ സേവനമനുഷ്ഠിച്ചു

അന്തരിച്ച കർദ്ദിനാൾ ജോസെഫ് ടോംകോയുടെ ശവസംസ്കാര ദിവ്യബലി അർപ്പിച്ചു കൊണ്ട് കർദ്ദിനാൾ സംഘത്തിന്റെ ഡീനായ കർദ്ദിനാൾ ജൊവാനി ബത്തീസ്ത്താ റേ സഭയ്ക്കും, പരിശുദ്ധ പിതാവിനും, വത്തിക്കാന്റെ സുവിശേഷവൽക്കരണത്തിനായുള്ള തിരുസംഘത്തിനും അദ്ദേഹം നൽകിയ ഫലപ്രദമായ സേവനത്തെ അനുസ്മരിച്ചു.

സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

വ്യാഴാഴ്ച രാവിലെ വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ബസിലിക്കയിലെ അൾത്താരയിലാണ് സംസ്‌കാര ദിവ്യബലി അർപ്പിക്കപ്പെട്ടത്. ദിവ്യബലിയിൽ ഫ്രാൻസിസ് പാപ്പായും പങ്കെടുത്തു.

കർദ്ദിനാൾ ജോസെഫ് ടോംകോ ആഗസ്റ്റ് 8-ന് 98-ആം വയസ്സിൽ റോമിലെ തന്റെ വസതിയിൽ വച്ചാണ് അന്തരിച്ചത്. 1985-ൽ ജോൺ പോൾ രണ്ടാമൻ പാപ്പയാണ് അദ്ദേഹത്തെ കർദ്ദിനാളായി നിയമിച്ചത്.

സേവനത്തിന്റെ ജീവിതം

കർദ്ദിനാൾ ടോംകോയുടെ സുദീർഘവും, തീക്ഷണവുമായ ജീവിതം ദൈവത്തിന്റെയും സഹോദരീസഹോദരന്മാരുടെയും സേവനത്തിനായും, റോമൻ കൂരിയയിലെ സേവനത്തിനായും സമർപ്പിക്കപ്പെട്ടതാണെന്ന് കർദ്ദിനാൾ റേ തന്റെ പ്രസംഗത്തിൽ അനുസ്മരിച്ചു. ന്യായവിധികളിലുള്ള  സന്തുലിതാവസ്ഥയോടും, ശാന്തതയോടും, സുബോധത്തോടും, സൗഹാർദ്ദതയോടെയുള്ള  അദ്ദേഹത്തിന്റെ സ്വഭാവസവിശേഷതകളുടെ സൂക്ഷ്മതയും, എല്ലായ്പ്പോഴും "സേവിക്കാനുള്ള വിളി" എന്ന അർപ്പണ ബോധത്തോടെയും കൂടിയാണ് ഈ സേവനം കർദ്ദിനാൾ ടോംകോ നിർവ്വഹിച്ചതെന്ന് കർദ്ദിനാൾ റേ കുട്ടിച്ചേർത്തു.

കത്തോലിക്കാ സഭയോടുള്ള കമ്മ്യൂണിസ്റ്റ് ഗവൺമെന്റിന്റെ എതിർപ്പിനെത്തുടർന്ന് സ്വന്തം രാജ്യമായ സ്ലോവാക്യയിലെ കോഷിസിറ്റ്ചെ അതിരൂപതയിലേക്ക് മടങ്ങാൻ കഴിയാതെ വന്ന കർദ്ദിനാൾ ടോംകോ 1949-ൽ റോമിൽ പുരോഹിതനായി അഭിഷിക്തനാകുകയും 1962-ൽ കോൺഗ്രിഗേഷൻ ഓഫ് ഹോളി ഓഫീസിൽ നിയമിതനാകുകയും ചെയ്തു.

1974-ൽ മെത്രാന്മാർക്കുള്ള തിരുസംഘത്തിന്റെ അണ്ടർസെക്രട്ടറിയായി സേവനം ചെയ്ത അദ്ദേഹം മെത്രാന്മാരുടെ സിനഡിന്റെ സെക്രട്ടറി ജനറലായി 1979 ൽ ജോൺ പോൾ രണ്ടാമൻ പാപ്പായാൽ  നിയമിതനായി റോമൻ കൂരിയായിലേക്കുള്ള തന്റെ സേവനം തുടർന്നു. അവിടെ സാർവത്രിക സഭയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ അറിവ് വളരുകയും ചെയ്തു.1985-ൽ, സുവിശേഷവൽക്കരണത്തിനായുള്ള തിരുസംഘത്തിന്റെ തലവനായി അദ്ദേഹം നിയമിതനാകുകയും താമസിയാതെ കർദ്ദിനാളാകുകയും ചെയ്തു.

അപ്പോസ്തോലിക അരൂപി

കർദ്ദിനാൾ ടോംകോയുടെ ജീവിതം മഹത്തായ പ്രേക്ഷിതൻ എന്ന നിലയിൽ അപ്പോസ്തോലിക ചൈതന്യം ഉൾക്കൊള്ളുന്നുവെന്ന് കർദ്ദിനാൾ റേ തന്റെ പ്രസംഗത്തിൽ പറഞ്ഞു. നിരവധി പുതിയ രൂപതകളുടെ സൃഷ്ടാവ്, പുതിയ ദേവാലയങ്ങളുടെയും വിദ്യാഭ്യാസ കേന്ദ്രങ്ങളുടെയും, സാമൂഹിക കേന്ദ്രങ്ങളുടെയും നിർമ്മാതാവ്‌ എന്ന നിലയിലും പല രാജ്യങ്ങളിലെയും പൊന്തിഫിക്കൽ മിഷൻ സൊസൈറ്റികളുടെ മിഷനറി സഹകരണത്തിന്റെ വികസനത്തിനായും കർദ്ദിനാൾ ടോംകോ പ്രവർത്തിച്ചു. അതേസമയം “എപ്പോഴും ക്രിസ്തുവിനെ കേന്ദ്രത്തിൽ പ്രതിഷ്ഠിച്ച അദ്ദേഹം ജനങ്ങളോടും, അവരുടെ സംസ്കാരങ്ങളോടും, അവരുടെ പാരമ്പര്യങ്ങളോടും തുറന്ന മനസ്സ് പ്രകടിപ്പിക്കുകയും അതോടൊപ്പം സാർവ്വത്രികതയുടെ ബോധവും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളിൽ ഉണ്ടായിരുന്നുവെന്നും കർദ്ദിനാൾ റേ അനുസ്മരിച്ചു.

അചഞ്ചലമായ വിശ്വസ്തതയിലും സഭയ്ക്കും നമ്മുടെ സഹോദരങ്ങൾക്കുമായുള്ള സേവനത്തിൽ ഒരിക്കലും വീഴ്ച വരാതെ  നമ്മുടെ യാത്രയും പൂർത്തീകരിക്കാൻ അദ്ദേഹത്തിന്റെ സേവനവും മറ്റുള്ളവരോടുള്ള സ്നേഹവും നമുക്ക് മാതൃകയാണ് എന്ന് കർദ്ദിനാൾ റേ തന്റെ വചനപ്രഘോഷണത്തിൽ ചൂണ്ടിക്കാണിച്ചു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

12 August 2022, 12:34