മുത്തശ്ശി -മുത്തച്ഛൻമാർക്കും വയോജനങ്ങൾക്കും വേണ്ടിയുള്ള ആഗോളദിനം 2022 ജൂലൈ 24 ന് ലോകമെമ്പാടും ആഘോഷിക്കപ്പെടും
സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
ഫ്രാൻസിസ് പാപ്പായാണ് "വാർദ്ധക്യത്തിലും അവർ ഫലം കായ്ക്കും" (സങ്കീ. 92:15) എന്നത് ഈ ദിനത്തിന്റെ പ്രമേയമായി തിരഞ്ഞെടുത്തത്. ഈ ദിനത്തിനായി നൽകിയ സന്ദേശത്തിൽ നിർദ്ദേശിക്കുന്നതുപോലെ, പ്രായമായവരെ "ആർദ്രതയുടെ വിപ്ലവത്തിന്റെ കരകൗശല വിദഗ്ധർ" ആകാനുള്ള ഒരു അസ്തിത്വപരമായ പദ്ധതി ഏൽപ്പിക്കാൻ പരിശുദ്ധ പിതാവ് ആഗ്രഹിക്കുന്നു.
ജൂലൈ 24-ന് ഞായറാഴ്ച രാവിലെ 10.00 മണിക്ക് വിശുദ്ധ പത്രോസിന്റെ ബസിലിക്കയിൽ കർദ്ദിനാൾ ആഞ്ചലോ ദെ ഡൊണാത്തിസ് പരിശുദ്ധ പിതാവിന്റെ കൽപ്പനപ്രകാരം ദിവ്യബലിക്ക് നേതൃത്വം നൽകും. എന്നാൽ ലോകമെമ്പാടുമുള്ള എല്ലാ രൂപതകളെയും ഈ ദിനം വയോജനങ്ങൾക്കായി സമർപ്പിച്ചിരിക്കുന്ന ആരാധനക്രമത്തോടെ ആഘോഷിക്കാൻ ക്ഷണിക്കുന്നു.
അൽമായർക്കും, കുടുംബത്തിനും, ജീവനുമായുള്ള ഡിക്കാസ്റ്ററി നിർദ്ദേശിച്ചിരിക്കുന്നതനുസരിച്ച് ആ ദിനത്തിൽ രണ്ട് പ്രധാന രീതികളിൽ പങ്കുചേരാം. ഒരു ദിവ്യബലി അർപ്പണത്തിലൂടെയോ അല്ലെങ്കിൽ പ്രായമായവരെ ഒറ്റയ്ക്ക് സന്ദർശിക്കുന്നതിലൂടെയോ ആകാം.
അൽമായർക്കും കുടുംബത്തിനും ജീവനും വേണ്ടിയുള്ള ഡിക്കാസ്റ്ററി വിവിധ രൂപതകൾക്ക് അജപാലന, ആരാധനക്രമ കാര്യങ്ങൾക്കായുള്ള പ്രാർത്ഥനകളും നിർദ്ദേശങ്ങളും നൽകിയിട്ടുണ്ട്, അവ ഡികാസ്റ്ററിയുടെ വെബ്സൈറ്റിൽ ലഭ്യമാണ്. നൽകപ്പെട്ട നിർദേശങ്ങളിൽ, ഏകരായി കഴിയുന്ന പ്രായമായവരെ സന്ദർശിക്കുകയോ അനുഗമിക്കുകയോ ചെയ്യുന്നത് പ്രധാനപ്പെട്ട കാര്യമാണെന്ന് സൂചിപ്പിച്ചിട്ടുണ്ട്. വാസ്തവത്തിൽ, ജൂലൈ 24 അടുത്തു വരുന്ന ദിവസത്തിൽ ഈ പ്രവർത്തി ചെയ്യുന്നവർക്ക് സഭ പൂർണ്ണ ദണ്ഡ വിമോചനം ഉറപ്പു നൽകുന്നു.
"ഒറ്റയ്ക്ക് താമസിക്കുന്ന പ്രായമായവരെ സന്ദർശിക്കുന്നത് നമ്മുടെ ഈ കാലത്ത് കാരുണ്യത്തിന്റെ ഒരു പ്രവൃത്തിയാണ് " എന്നാണ് ഈ വർഷത്തെ സന്ദേശത്തിൽ പരിശുദ്ധ പിതാവ് വ്യക്തമാക്കിയിട്ടുള്ളത്. ഈ ആചരണത്തിന് മുന്നോടിയായി, കർദ്ദിനാൾ ദെ ഡൊണാത്തിസ് രൂപതയിലെ ഇടവക വൈദികർക്കും റോമിൽ താമസിക്കുന്ന എല്ലാവർക്കുമായി കത്തെഴുതി.
വേനൽക്കാല അവധിയിൽ പല പ്രവർത്തനങ്ങളും തടസ്സപ്പെടുന്നുണ്ട്., പക്ഷേ പ്രായമായ പലരും അവധിക്ക് പോകുന്നവരല്ല. നഗരത്തിലും നമ്മുടെ സമീപപ്രദേശങ്ങളിലും താമസിക്കുന്ന അവർ ഈ സമയത്ത് കൂടുതൽ ഉപേക്ഷിക്കപ്പെട്ടവരായി തോന്നും. അതിനാൽ, ഈ ദിനത്തിൽ, പ്രായമായവർക്കായി ലളിതവും അർത്ഥവത്തായതുമായ ഒരു നിമിഷത്തെക്കുറിച്ച് ചിന്തിക്കുന്നത് നന്നായിരിക്കും എന്ന് അദ്ദേഹം കത്തിൽ എഴുതി.
കഴിഞ്ഞ വർഷം, നിരവധി ഇടവകകൾ, ഒരു ഔട്ട്ഡോർ സായാഹ്ന ദിവ്യബലി (ശനിയാഴ്‌ചയോ ഞായറാഴ്‌ചയോ) നിർദ്ദേശിച്ചു, തുടർന്ന് വയോജനങ്ങളുടെ അനുഗ്രഹത്തോടെ സംഗീത പരിപാടികളും അത്താഴങ്ങളും പങ്കിടപ്പെട്ടു എന്ന് കർദ്ദിനാൾ സന്ദേശത്തിൽ സൂചിപ്പിച്ചു. ഈ അവസരത്തിൽ, പ്രായമായവരെ വീട്ടിലോ വൃദ്ധസദനങ്ങളിലോ സന്ദർശിക്കാൻ ജനങ്ങളോടു അഭ്യർത്ഥിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്നേഹത്തോടും അജപാലനപരമായ ഉപവിയോടും കൂടി ചെയ്യുന്ന പരിചരണത്തിന്റെ ലളിതമായ പ്രവർത്തികൾ ഏകാന്തത അനുഭവിക്കുന്ന നിരവധി ആളുകൾക്ക് ധൈര്യവും വെളിച്ചവും നൽകും. അദ്ദേഹം വ്യക്തമാക്കി.
ലോക മുത്തശ്ശി - മുത്തഛൻമാരുടെയും പ്രായമായവരുടെയും ദിനത്തിൽ, നമ്മുടെ സമൂഹങ്ങളിൽ പ്രായമായവരുടെ പ്രസക്തിയെക്കുറിച്ച് ബോധവാന്മാരാകാൻ പരിശുദ്ധ പിതാവ് നമ്മെ ക്ഷണിക്കുന്നു എന്ന് അൽമായർക്കും കുടുംബത്തിനും ജീവനും വേണ്ടിയുള്ള ഡിക്കാസ്റ്ററി തലവൻ കർദ്ദിനാൾ കെവിൻ ഫാരെൽ പറഞ്ഞു. അത് ഒരു പരമ്പര പോലല്ല, ഘടനാപരമായ രീതിയിൽ ചെയ്യാനും, ജീവിതത്തിന്റെ ഈ കാലഘട്ടത്തിൽ ഒരു സാധാരണ അജപാലന പരിപാലനത്തിന് അടിത്തറയിടാനും ഈ ദിനം സഹായിക്കുന്നു എന്നും 2022 ലെ മുത്തശ്ശി -മുത്തഛൻമാർക്കും വയോജനങ്ങൾക്കുമുള്ള ലോക ദിനത്തെ കുറിച്ച് അദ്ദേഹം പങ്കുവച്ചു.
2021-ൽ ഫ്രാൻസിസ് പാപ്പാ സ്ഥാപിച്ചതാണ് ഈ ദിനം. യേശുവിന്റെ മുത്തശ്ശി മുത്തച്ഛൻമാരായ വിശുദ്ധ യൊവാക്കിമിന്റെയും, വിശുദ്ധ അന്നയുടെയും തിരുന്നാളോടനുബന്ധിച്ച് ജൂലൈയിലെ നാലാമത്തെ ഞായറാഴ്ച ഈ ദിനം ആചരിക്കപ്പെടണമെന്ന് പാപ്പാ കത്തോലിക്കാ വിശ്വാസികളോടു നിർദ്ദേശിച്ചു. ഈ വർഷം അത് ജൂലൈ 24 ന് നടക്കും. അതേ ദിവസം തന്നെ, കാനഡയിലേക്കുള്ള തന്റെ അപ്പസ്തോലിക യാത്ര പാപ്പാ ആരംഭിക്കും. അപ്പോസ്തോലിക യാത്രയിൽ വിശുദ്ധ അന്നയുടെ നാമഥേയത്തിലുള്ള ഒരു തീർത്ഥാടന ദേവാലയം സന്ദർശിക്കുകയും യുവജനങ്ങളെയും വൃദ്ധരെയും ഇക്കാലൂയിറ്റിലെ ഒരു പ്രാഥമിക വിദ്യാലയത്തിൽ വച്ച് പാപ്പാ കാണുകയും ചെയ്യും.
ഈ വർഷത്തെ ബുധനാഴ്ചകളിലുള്ള പാപ്പായുടെ പൊതുജന കൂടികാഴ്ചകളിൽ ഭൂരിഭാഗവും വാർദ്ധക്യത്തെക്കുറിച്ചുള്ള പഠനത്തിനായി നീക്കിവച്ച പരിശുദ്ധ പിതാവിന്റെ തുടർച്ചയായ താൽപര്യമാണ് പ്രായമായവരെ പരിപാലിക്കുന്നതും യുവതലമുറയുമായുള്ള അവരുടെ സംവാദവും. മാത്രമല്ല, ഈ ജൂലൈ മാസത്തേക്കുള്ള പാപ്പയുടെ ആഗോള പ്രാർത്ഥനാ ശൃംഖല പുറത്തിറക്കിയതും സഭയെ മുഴുവൻ ഭരമേൽപ്പിക്കുന്നതുമായ പാപ്പായുടെ പ്രാർത്ഥനാ നിയോഗം പ്രായമായവർക്കുള്ളവർക്ക് വേണ്ടിയുള്ളതാണ്.
അക്രെഡിറ്റേഷൻ നടപടിക്രമം
പങ്കെടുക്കാൻ ആഗ്രഹിക്കുന്ന പത്രപ്രവർത്തകരും മാധ്യമ ഓപ്പറേറ്റർമാരും ആഗോള ദിനാചരണത്തിന് 24 മണിക്കൂറിന് മുമ്പ് , വത്തിക്കാൻ പ്രസ് ഓഫീസിന്റെ ഓൺലൈൻ അക്രെഡിറ്റേഷൻ സംവിധാനം വഴി അപേക്ഷിക്കണം: press.vatican.va/accreditamenti
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: