ലാംപദൂസയിലെ പ്രവചനം
സി.റൂബിനി സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്
കൊല്ലങ്ങൾ കഴിയുന്തോറും ഫ്രാൻസിസ് പാപ്പായുടെ ഭരണകാലത്തെ ചില സംഭവങ്ങളും, പാപ്പായുടെ ചില തീരുമാനങ്ങളും വലിയ ശക്തിയും മാനവും കൈവരിക്കുന്ന പ്രവാചകത്വം എന്നു പറയുന്നതിൽ അതിശയോക്തിയില്ല എന്ന് ഗിസോട്ടി എഴുതുന്നു.
9 വർഷം മുമ്പ് ജൂലൈ 8ന് ലാംപദൂസയിലേക്ക് നടത്തിയ ആദ്യ അപ്പോസ്തോലിക യാത്രയിൽ മെഡിറ്ററേനിയൻ കടലിലെ കുടിയേറ്റക്കാരുടെ ദുരന്തത്തിന്റെ പ്രതീകത്തിന് തന്റെ ആംഗ്യങ്ങളാലും അടയാളങ്ങളാലും "പുറപ്പെടുന്ന സഭ" എന്താണെന്ന് ഫ്രാൻസിസ് പാപ്പാ സാക്ഷ്യപ്പെടുത്തി. കൂടുതൽ നീതിയുക്തമായ ഒരു ലോകവും തങ്ങളോടു തന്നെ അനുരഞ്ജനപ്പെട്ട ഒരു മാനവികതയും കെട്ടിപ്പടുക്കാൻ പ്രതീകാത്മകമായല്ല തീർത്തും യഥാർത്ഥമായി " അസ്ഥിത്വപരമായ പുറമ്പോക്കുകളിൽ നിന്ന് ആരംഭിക്കണമെന്ന് പാപ്പാ ചൂണ്ടിക്കാണിച്ചു.
കുടിയേറ്റക്കാർ ഉപയോഗിച്ച പത്തേമാരി അൾത്താരയാക്കിയതും, കടലിൽ പുഷ്പചക്രമർപ്പിച്ചതും, പലർക്കും നിർഭാഗ്യവശാൽ നിരാശയുടെ യാത്രയാകുന്ന എന്നാൽ പ്രത്യാശയുടെ യാത്ര എന്ന് വിളിക്കുന്ന ആ യാത്രയിൽ ജീവൻ നഷ്ടപ്പെടാതെ രക്ഷപ്പെട്ട യുവാക്കളെ പുണർന്നതും നമ്മൾ ഓർമ്മിക്കുന്നു. കുടിയേറ്റക്കാരുടെ ദുരവസ്ഥയായിരുന്നു പാപ്പായുടെ ആ യാത്രയുടെ ശ്രദ്ധാകേന്ദ്രം. അന്ന് പാപ്പാ നടത്തിയ പ്രസംഗം ആ ദ്വീപിൽ നിന്നും, ആ നിമിഷത്തിൽ നിന്നും വളർന്ന് ഇന്ന് യുക്രെയ്നിൽ റഷ്യ നടത്തുന്ന അക്രമണത്തോടെയും, ലോകത്തെ വിവിധ കോണുകളിൽ അഴിഞ്ഞാടുന്ന കായേന്റെതുപോലുള്ള കൊലപാതക പ്രവണതകൊണ്ടും കൂടുതൽ അർത്ഥം കൈവരിക്കുന്നതായി ഗിസോട്ടി വിവരിക്കുന്നു. ആ പ്രസംഗത്തിൽ ആറു പ്രാവശ്യം പാപ്പാ "എവിടെ നിന്റെ സഹോദരൻ " എന്ന് കായേനോടു ദൈവം ചോദിച്ച ചോദ്യം ആവർത്തിച്ചു.
നിന്റെ കുടിയേറ്റക്കാരൻ സഹോദരൻ, ദാരിദ്ര്യത്താൽ മുട്ടുകുത്തിയ നിന്റെ സഹോദരൻ, യുദ്ധം അടിച്ചമർത്തിയ നിന്റെ സഹോദരൻ എവിടെ? ഈ വർഷങ്ങളിലെല്ലാം ഫ്രാൻസിസ് പാപ്പാ സാഹോദര്യ വിരുദ്ധതയിലേക്ക് നിരവധി തവണ തിരിച്ചെത്തി. 2017 ഫെബ്രുവരി 13ന് സാന്താ മാർത്തയിൽ ബലിയർപ്പിക്കവെ കായേൻ - ആബേൽ വിഷയം വീണ്ടും എടുത്തു കൊണ്ട് സാഹോദര്യത്തേക്കാൾ ഒരു കഷണം ഭൂമിക്ക് പ്രാധാന്യം നൽകുന്നതിനെതിരെ പാപ്പാ ശക്തമായി പ്രതികരിച്ചു.
ഫ്രത്തേല്ലി തൂത്തിയുടേയും മനുഷ്യ സാഹോദര്യ സഹവാസത്തിന്റെ അബുദാബി പ്രമാണത്തിന്റെയും പാപ്പാ, അസ്സീസിയിലെ ഫ്രാൻസിസിന്റെ പേരു സ്വീകരിച്ച റോമിന്റെ മെത്രാൻ, സാഹോദര്യവും സഹോദരഹത്യയും തമ്മിലുള്ള സംഘർഷമാണ് നമ്മുടെ കാലത്തിന്റെ പ്രശ്നങ്ങളുടെ പ്രശ്നമെന്ന് മുന്നറിയിപ്പു നൽകുന്നു. കാലങ്ങൾ പോകുന്തോറും പാപ്പാ വിശേഷിപ്പിക്കുന്ന "കഷണങ്ങളായി " നടക്കുന്ന മൂന്നാം ലോകമഹായുദ്ധം കൂടുതൽ കൂടുതൽ വ്യക്തമായി നിർവ്വചിക്കപ്പെടുന്നത് അന്ദ്രേയാ ഗിസോട്ടി ചൂണ്ടിക്കാണിക്കുന്നു. ഇത് കഷണങ്ങളായുള്ള "ലോകമഹാ സഹോദരഹത്യ"യാണെന്നും അതിന്റെ വേരുകൾ ആബേലിനെ കൊല്ലാൻ കായേനെ പ്രേരിപ്പിച്ച തിന്മയിലാണെന്നും പാപ്പാ പറയുന്നതും ഗിസോട്ടി അടിവരയിടുന്നു.
കോവിഡിന്റെ കൊടുങ്കാറ്റിനു മദ്ധ്യേ ഒഴിഞ്ഞ പത്രോസിന്റെ ചത്വരത്തിൽ 2020 മാർച്ച് 27ന് നടത്തിയ അത്യസാധാരണ ഊർബി എത് ഓർബിയിൽ ''സഹോദരീ സഹോദരന്മാരെന്ന നമ്മുടെ പൊതു കൂട്ടായ്മ കോവിഡ് മഹാമാരി ഒരിക്കൽ കൂടി അനാവരണം ചെയ്യുന്നു " എന്ന് പാപ്പാ പറഞ്ഞു. ഇതിനെ ഈ വർഷത്തെ ഉയിർപ്പു നാളിലെ ഊർബി എത് ഓർബിയിൽ കോവിഡിന്റെ കാലത്തെ കുറിച്ച് "കൈയ്യോടു കൈ പിടിച്ച് ഈ തുരങ്കത്തിൽ നിന്ന് പുറത്തു വരാനുള്ള സമയമായിരുന്നു " എന്നും എന്നാൽ " നമ്മിൽ യേശുവിന്റെ ആത്മാവല്ല മറിച്ച് ഉന്മൂലനം ചെയ്യേണ്ട എതിരാളിയാണ് ആബേൽ എന്നു ചിന്തിച്ച കായേന്റെ ആത്മാവാണ് ഇപ്പോഴും നമുക്കുള്ളത് " എന്ന പാപ്പായുടെ വാക്കുകളുമായി ചേർത്ത് വായിച്ചാൽ പാപ്പായുടെ വാക്കുകളിലെ പ്രവാചക ശബ്ദം നമുക്ക് ബോധ്യമാകും എന്ന് ഗിസോട്ടി വിശദീകരിക്കുന്നു.
പ്രതിസന്ധിയിൽ നിന്ന് ഒരാൾ ഒരിക്കലും പഴയത് പോലെ പുറത്തു വരില്ല ഒന്നുകിൽ അയാൾ കൂടുതൽ നന്നാകും ഇല്ലെങ്കിൽ കൂടുതൽ വഷളാകും എന്ന് പാപ്പാ ആവർത്തിച്ചിരുന്നു. ഇന്ന് മാനവരാശി ഏറ്റവും ആഴമേറിയതും ബഹുതലങ്ങളുള്ളതുമായ പ്രതിസന്ധികളിലൊന്നിനെ അഭിമുഖീകരിക്കുകയാണ്. മെച്ചപ്പെട്ട് പുറത്തു വരാൻ നാം ഗതി തിരിച്ചുവിടേണ്ടിയിരിക്കുന്നു. കായേന്റെ ശക്തമായ കാന്തവലയത്തിൽ നിന്ന് സാഹോദര്യത്തിന്റെ വടക്കൻ നക്ഷത്രത്തിലേക്ക് നമ്മുടെ ജീവിത ദിശാ സൂചിക തിരിക്കാൻ പാപ്പാ നമ്മെ ക്ഷണിക്കുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: