പാപ്പാ: പരസ്പരം തുണച്ചും സഹായിച്ചും ഒത്തൊരുമിച്ചു മുന്നേറുക!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
ഒത്തൊരുമിച്ചു മുന്നേറുന്നതിന് ദൈവശാസ്ത്രജ്ഞരും, അല്മായരും, വൈദികരും, മെത്രാന്മാരും മുൻകൈ എടുത്തത് പ്രത്യാശയുടെ അടയാളമാണെന്ന് മാർപ്പാപ്പാ.
ദൈവവിജ്ഞാനീയം, സമൂഹം, അജപാലനജീവിതം എന്നിവയെ അധികരിച്ച് കെനിയയുടെ തലസ്ഥാനമായ നയ്റോബിയിലെ കിഴക്കെ ആഫ്രിക്കൻ കത്തോലിക്കാ സർവ്വകലാശാലയിൽ ചൊവ്വാഴ്‌ച (19/07/22) ആരംഭിച്ച അഖിലാഫ്രിക്കൻ രണ്ടാം കത്തോലിക്കാ സമ്മേളനത്തിന് അന്നു നല്കിയ വീഡിയൊ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പാ ഇതു പറഞ്ഞിരിക്കുന്നത്.
ഇരുപത്തിരണ്ടാം തീയതി വെള്ളിയാഴ്‌ച (22/07/22) വരെ നീളുന്ന ഈ ചതുർദിന സമ്മേളനത്തിലുള്ള തൻറെ സംതൃപ്തി രേഖപ്പെടുത്തുന്ന പാപ്പാ, വെല്ലുവിളി നിറഞ്ഞ ആവശ്യങ്ങൾ ഉറപ്പോടെ നിറവേറ്റാൻ മാത്രമല്ല, ആഫ്രിക്കയുടെ സാമൂഹ്യ, സാംസ്കാരിക, പാരിസ്ഥിതിക, സഭാ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നതിനു വേണ്ടിയും ഇന്ന് ദൈവം നമ്മോട് എന്താണ് പറയുന്നതെന്ന് മനസ്സിലാക്കാൻ ഒരുമിച്ച് വരുന്നത്, പുറത്തേക്കിറങ്ങുന്ന ആഫ്രിക്കൻ സഭയുടെ അടയാളമായി മാറിക്കഴിഞ്ഞുവെന്ന് പ്രസ്താവിക്കുകയും ഈ യത്നം തുടരാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ആഫ്രിക്കയിലെ ജനങ്ങളുടെ വിശ്വാസവും ഉല്പതിഷ്ണുതയും തൻറെ ആഫ്രിക്കാസന്ദർശന വേളയിൽ തന്നെ ആകർഷിച്ചിട്ടുള്ളതും പാപ്പാ സന്ദേശത്തിൽ വെളിപ്പെടുത്തുകയും ആഫ്രിക്ക എന്നും നമ്മെ വിസ്മയിപ്പിക്കുന്നു എന്ന് 2015-ൽ മദ്ധ്യാഫ്രിക്ക സന്ദർശിച്ച അവസരത്തിൽ നടത്തിയ തൻറെ പ്രസ്താവന ആവർത്തിക്കുകയും ചെയ്യുന്നു.
പരസ്പരം തുണച്ചും സഹായിച്ചും ഒത്തൊരുമിച്ചു വളർന്നും മുന്നേറാൻ പ്രചോദനം പകരുന്ന പാപ്പാ വിജ്ഞാന ദൈവശാസ്ത്രം ദരിദ്രർക്ക് കാരുണ്യത്തിൻറെ സുവാർത്തയായിരിക്കട്ടെയെന്നും ജീവിതത്തിനും സമാധാനത്തിനും പ്രത്യാശയ്ക്കും വേണ്ടിയുള്ള പോരാട്ടത്തിൽ ജനങ്ങളെയും സമൂഹങ്ങളെയും പോഷിപ്പിക്കട്ടെയെന്നും ആശംസിക്കുന്നു. സഭയ്ക്കാവശ്യമായ പ്രേഷിത, പാരിസ്ഥിതിക, പരിവർത്തന, സമാധാന, അനുരഞ്ജന സരണികൾ ഈ സമ്മേളനത്തിൽ നിന്ന് ഉയർന്നുവരട്ടെയെന്ന് പാപ്പാ പ്രാർത്ഥിക്കുകയും ചെയ്യുന്നു.
പഞ്ചഭൂഖണ്ഡങ്ങളിൽ നിന്നുള്ള വിദഗ്ദ്ധരും അജപാലന നേതാക്കളുമുൾപ്പടെ എൺപതോളം പേർ ഈ രണ്ടാം അഖിലാഫ്രിക്കൻ കത്തോലിക്കാ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. “ആഫ്രിക്കയിലും ലോകത്തിലും ഓജസുറ്റ ഒരു സഭയ്ക്കുവേണ്ടി സംഘാത മുന്നേറ്റം” എന്ന വിചിന്തന പ്രമേയമാണ് ഈ സമ്മേളനം സ്വീകരിച്ചിരിക്കുന്നത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: