പാപ്പാ : യൂറോപ്പിന്റെ ഒരു നവമുഖം ലോകത്തിന് നൽകുക
സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
യുവാക്കളെ ഒരു നല്ല ലോക സൃഷ്ടിക്കായി അഭ്യസിപ്പിക്കേണ്ടതിനെക്കുറിച്ചാണ് പ്രധാനമായും പാപ്പാ സംസാരിച്ചത്.
യൂറോപ്പിന്റെ പുതിയ മുഖം
2019 ൽ ആരംഭിച്ച ആഗോള വിദ്യാഭ്യാസ ഉടമ്പടി (Global Compact on Education) മെച്ചപ്പെട്ട ഒരു ഭൂഖണ്ഡത്തിനായി പ്രവർത്തിക്കാനുള്ള മാർഗ്ഗമെന്ന നിലയിൽ യുവതലമുറയെ സാഹോദര്യത്തിൽ വളരാൻ പഠിപ്പിക്കുന്നതിന് ആഗോളതലത്തിൽ എങ്ങനെ അദ്ധ്യാപകർ തമ്മിലുള്ള സഖ്യം തീർക്കുന്നു എന്ന് പരിശുദ്ധ പിതാവ് ഓർമ്മിച്ചു. യൂറോപ്പിന്റെ യുവതലമുറ എന്ന നിലയിൽ അവർക്ക് ഒരു പ്രധാന ദൗത്യമുണ്ടെന്ന് പാപ്പാ അടിവരയിട്ടു. അവരുടെ പൂർവ്വികർ മറ്റു ഭൂഖണ്ഡങ്ങളിലേക്ക് എപ്പോഴും ശ്രേഷ്ഠമായ താൽപര്യങ്ങൾക്കായല്ല പോയിരുന്നതെങ്കിൽ, യൂറോപ്പിന്റെ ഒരു പുതിയ മുഖത്തെ ലോകത്തിൽ അവതരിപ്പിക്കേണ്ടത് യുവതലമുറയാണ് എന്ന് ഫ്രാൻസിസ് പാപ്പാ ആഹ്വാനം ചെയ്തു.
ഇന്ന്, തിങ്കളാഴ്ച പ്രസിദ്ധീകരിച്ച സന്ദേശത്തിൽ എല്ലായ്പ്പോഴും മറ്റുള്ളവരെ സഹായിക്കുകയും, സ്വീകരിക്കുകയും, പരിസ്ഥിതിയെ സംരക്ഷിക്കുകയും ചെയ്യുന്ന വിധത്തിൽ മികവിനായി പ്രവർത്തിക്കാൻ യുവജനങ്ങളോടു ആവശ്യപ്പെട്ടു. പരിസ്ഥിതിയെ സംരക്ഷിക്കാനും ലൗദാത്തോ സീ, ഫത്തേല്ലി തൂത്തി എന്ന തന്റെ ചാക്രിക ലേഖനങ്ങളും മാനവ സാഹോദര്യത്തെക്കുറിച്ചുള്ള പ്രമാണവും വായിക്കാനും പാപ്പാ അവരെ പ്രോൽസാഹിപ്പിച്ചു.
തൽസ്ഥിതി നിലനിർത്തുന്ന എന്നാൽ ലോകത്തിന്റെ യഥാർത്ഥ ഉന്നമനത്തിനായി പ്രവർത്തിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ പരിശുദ്ധ പിതാവ് മുന്നറിയിപ്പു നൽകി. ലോകത്തി ന്റെ ഒരു ചെറിയ ഭാഗത്തിനായി നീക്കിവച്ചിട്ടുള്ള ആഡംബര ജീവിതം നിർദ്ദേശിക്കുന്ന മോഹവലയത്താൽ വശീകരിക്കപ്പെടരുതെന്നും മറിച്ച് മുഴുവൻ മനുഷ്യകുലത്തെയും ഉൾക്കൊള്ളുന്ന ഒരു വിശാലവീക്ഷണത്തോടെ ആഡംബരവും പാഴ്വസ്തുക്കളുമില്ലാത്ത, എല്ലാവർക്കും മാന്യമായ നിലനിൽപ്പ് ആസ്വദിക്കാൻ കഴിയുന്ന അന്തസ്സും ശാന്തതയും നിറഞ്ഞ ഒരു ജീവിതം ആഗ്രഹിക്കാൻ പാപ്പാ അവരോടു നിർദ്ദേശിച്ചു.
ബുദ്ധിശൂന്യമായ യുദ്ധത്തോടു ബോധപൂർവ്വമുള്ള എതിർപ്പ്
യുക്രെയ്നിൽ നടക്കുന്ന ബുദ്ധിശൂന്യമായ യുദ്ധത്തെക്കുറിച്ചും യൂറോപ്പിൽ നടന്ന പല യുദ്ധങ്ങളെക്കുറിച്ചും പരിതപിച്ച പാപ്പാ ഐക്യമാർന്ന ഒരു യൂറോപ്പിനായുള്ള ആഗ്രഹം 70 കൊല്ലങ്ങളോളം സമാധാനം യൂറോപ്പിന് സമ്മാനിച്ചത് ഓർമ്മിച്ചു. എന്നാൽ പതിവുപോലെ ശക്തരായ ചിലർ തീരുമാനിക്കുകയും ആയിരക്കണക്കിന് ചെറുപ്പക്കാരെ പൊരുതി മരിക്കാൻ വിടുകയും ചെയ്യുന്ന ഭയാനകമായ യുദ്ധത്തിനെതിരെ ഇപ്പോൾ നാമെല്ലാവരും പ്രതിജ്ഞാബദ്ധരാവണമെന്ന് പാപ്പാ ആഹ്വാനം ചെയ്തു. ഇത്തരം സന്ദർഭങ്ങളിൽ എതിർക്കുന്നത് ന്യായമാണ് എന്ന് പാപ്പാ കൂട്ടിച്ചേർക്കുകയും ചെയ്തു.
സ്ത്രീകളാൽ ലോകം ഭരിക്കപ്പെട്ടാൽ ഇത്രയും യുദ്ധങ്ങളുണ്ടാവില്ലായിരുന്നു കാരണം ജീവൻ നൽകാൻ ദൗത്യമുള്ള അവർക്ക് മരണം തിരഞ്ഞെടുക്കാൻ കഴിയില്ലെന്ന് ആരോപറഞ്ഞു എന്ന് ഉദ്ധരിച്ച പാപ്പാ അതേപോലെ യുവജനം ലോകം ഭരിച്ചാലും യുദ്ധങ്ങളുണ്ടാവില്ല കാരണം ഒരു മുഴുവൻ ജീവിതവും മുന്നിലുള്ള അവർ അത് നശിപ്പിക്കാതെ മുഴുവൻ ജീവിക്കാനാണ് പരിശ്രമിക്കുക എന്ന് പാപ്പാ ചൂണ്ടിക്കാണിച്ചു.
ദൈവദാസൻ ഫ്രാൻസ് യേഗർ ഷ്റ്റേറ്റർ (Franz Jägerstätter)
രണ്ടാം ലോകമഹായുദ്ധകാലത്ത് നാസിസത്തെ എതിർത്ത യുവാവായ (Young objector) ദൈവദാസൻ ഫ്രാൻസ് യേഗർഷ്റ്റേറ്ററെ കുറിച്ച് അറിയാൻ പാപ്പാ അവരോടു ആവശ്യപ്പെട്ടു. കത്തോലിക്കനായിരുന്ന അദ്ദേഹം ഹിറ്റ്ലറിന് കൂറ് പ്രകടിപ്പിച്ച് യുദ്ധത്തിന് പോകാനുള്ള ഉത്തരവിനോടു തന്റെ വിശ്വാസം കൊണ്ട് ബോധപൂർവ്വം എതിർപ്പു പ്രകടിപ്പിച്ചു. ഒരു വൈദിക൯ ഉൾപ്പെടെ സ്വന്തം കുടുംബാംഗങ്ങളും മറ്റ് നിരവധി പേരും അദ്ദേഹത്തെ പിൻതിരിപ്പിക്കാൻ ശ്രമിച്ചിട്ടും മൂന്നു മക്കളുടെ പിതാവായ അദ്ദേഹം പിൻതിരിഞ്ഞില്ല. യുദ്ധം തികച്ചും അന്യായമാണെന്ന് പറഞ്ഞ് വധിക്കപ്പെടുന്നതിനെയാണ് മറ്റുള്ളവരെ കൊല്ലുന്നതിനേക്കാൾ അദ്ദേഹം ഇഷ്ടപ്പെട്ടത്. യുദ്ധത്തിനായി വിളിക്കപ്പെട്ട എല്ലാ യുവാക്കളും അതുപോലെ ചെയ്തിരുന്നെങ്കിൽ ഹിറ്റ്ലറിന്റെ പൈശാചിക പദ്ധതികൾ നടക്കില്ലായിരുന്നു എന്ന് പാപ്പാ ഓർമ്മിപ്പിച്ചു. തിന്മയ്ക്ക് വിജയിക്കാൻ കൂട്ടാളികൾ ആവശ്യമാണ് പാപ്പാ കൂട്ടിച്ചേർത്തു. ദൈവദാസൻ ഫ്രാൻസ് യേഗർഷ്റ്റേറ്ററെ കൊന്ന അതേ തടവറയിൽ തന്നെയാണ് അദ്ദേഹത്തിന്റെ സമകാലികനായിരുന്ന ജർമ്മൻ ലൂതറൻ ദൈവശാസ്ത്രജ്ഞനും നാസിസത്തെ എതിർക്കുകയും ചെയ്ത ഡീട്രിഷ് ബോൻഹോഫറും തടവിലാക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്തത്. ദീർഘവീക്ഷണമുണ്ടായിരുന്ന ഈ രണ്ടു യുവാക്കളും കൊല്ലപ്പെട്ടത് അവർ അവസാനം വരെ തങ്ങളുടെ വിശ്വാസത്തിന്റെ ആദർശങ്ങളോടു വിശ്വസ്തത പുലർത്തിയതുകൊണ്ടാണ് എന്ന് പാപ്പാ വിശദീകരിച്ചു.
ജീവിതത്തിന്റെ അർത്ഥം സത്യം അന്വേഷിക്കുന്നതിൽ നിന്നാണ് വരുന്നത്
സ്വയമുള്ള അറിവും, മറ്റുള്ളവരേയും സൃഷ്ടിയെയും കുറിച്ചുള്ള അറിവും, എല്ലാറ്റിന്റെയും ആരംഭത്തേയും ഒടുക്കത്തെയും കുറിച്ചുള്ള അറിവും ഉൾക്കൊള്ളുന്ന വിദ്യാഭ്യാസത്തിന്റെ വിവിധ വശങ്ങളെ കേന്ദ്രീകരിച്ച സന്ദേശത്തിൽ ഉയരങ്ങളിലേക്കും അതിനപ്പുറത്തേക്കും നോക്കി ജീവിതത്തി ന്റെ യഥാർത്ഥ അർത്ഥം അന്വേഷിക്കാൻ പാപ്പാ യുവജനങ്ങളെ ആഹ്വാനം ചെയ്തു. അവർ എവിടെ നിന്നു വരുന്നെന്നും എങ്ങോട്ട് പോകുന്നെന്നും സത്യത്തെയും അന്വേഷിക്കാൻ ഫ്രാൻസിസ് പാപ്പാ അവശ്യപ്പെട്ടു. സത്യം അന്വേഷിക്കുന്നില്ലെങ്കിൽ നമുക്ക് യഥാർത്ഥ ജീവിതം ജീവിക്കാൻ കഴിയില്ല അതിനാൽ ഭൂമിയിൽ കാലുകളുറപ്പിച്ച്, എന്നാൽ വിശാലമായ വീക്ഷണത്തോടെ ജീവിക്കാൻ അവരോടു നിർദ്ദേശിച്ചു. ക്രിസ്തുസ് വിവിത് എന്ന യുവാക്കൾക്കായുള്ള അപ്പോസ്തലിക പ്രബോധനം വായിക്കാനും പാപ്പാ അവരോടു ആവശ്യപ്പെട്ടു. ഒരു മെച്ചപ്പെട്ട സമൂഹവും ലോകവും കെട്ടിപ്പടുക്കാനായി പ്രവർത്തിക്കാൻ യുവജനങ്ങളെ ആഹ്വാനം ചെയ്തുകൊണ്ടാണ് പാപ്പാ തന്റെ സന്ദേശം അവസാനിപ്പിച്ചത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: