പാപ്പാ രണ്ടു ഇറ്റാലിയൻ നഗരങ്ങൾ സെപ്റ്റംബറിൽ സന്ദർശിക്കും!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
പാപ്പാ ഇറ്റലിയിലെ അസ്സീസി, മത്തേറ എന്നിവിടങ്ങളിൽ സന്ദർശനം നടത്തും.
ഇക്കൊല്ലം സെപ്റ്റമ്പർ 24, 25 തീയതികളിലായിരിക്കും യഥാക്രമം അസ്സീസിയിലും മത്തേറയിലും ഫ്രാൻസീസ് പാപ്പാ സന്ദർശനം നടത്തുക. ഈ യാത്രകളുടെ കാര്യപരിപാടികൾ പരിശുദ്ധസിംഹാസനം വെള്ളിയാഴ്‌ച (08/07/22) പരസ്യപ്പെടുത്തി.
സെപ്റ്റമ്പർ 22-24 വരെ അസ്സീസിയിൽ അരങ്ങേറുന്ന “ഫ്രാൻസീസിൻറെ സമ്പദ് വ്യവസ്ഥ” എന്ന പരിപാടിയിൽ പങ്കെടുക്കുന്നതിന് ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന, അതായത്, നൂറ്റിയിരുപതോളം നാടുകളെ പ്രതിനിധാനം ചെയ്യുന്ന, സാമ്പത്തിക വിദഗ്ദ്ധരും വ്യവസായസംരഭകരും മാറ്റത്തിൻറെ ശില്പികളുമായ ആയിരത്തിലേറെ യുവജനപ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തുകയാണ് പാപ്പായുടെ അസ്സീസി സന്ദർശനത്തിൻറെ ലക്ഷ്യം. ഉപരി നീതിയും സമത്വവും സാഹോദര്യവും വാഴുന്ന പുത്തൻ സമ്പദ്ഘടനയ്ക്ക് അടിത്തറയിടുക എന്ന ലക്ഷ്യത്തോടെ ഫ്രാൻസീസ് പാപ്പാ 2019-ൽ വിഭാവനം ചെയ്ത പരിപാടിയാണ് “ഫ്രാൻസീസിൻറെ സമ്പദ് വ്യവസ്ഥ”. ഇക്കഴിഞ്ഞ രണ്ടു വർഷങ്ങളിൽ, അതായത്, 2020,2021 എന്നീ ആണ്ടുകളിൽ കോവിദ് 19 മഹാമാരി മൂലം ഈ സമ്മേളനം “ഓൺ ലൈൻ” ആയിട്ടായിരുന്നു സംഘടിപ്പിക്കപ്പെട്ടത്.
തെക്കെ ഇറ്റലിയിലുള്ള മത്തേറയിൽ സെപ്റ്റംബർ 25-ന് പാപ്പാ എത്തുന്നത് ഇരുപത്തിയേഴാം ദേശീയ ദിവ്യകാരുണ്യ കോൺഗ്രസ്സിന് സമാപനം കുറിക്കുന്നതിനാണ്. അവിടെ മത്തെയോത്തി ചത്വരത്തിൽ ദിവ്യകാരുണ്യ കോൺഗ്രസ്സിൻറെ സമാപന ദിവ്യബലി അർപ്പിക്കുന്നതിനു മുമ്പ് പാപ്പാ മത്തേറയിലെ കത്തീദ്രലിൽ വച്ച് അഭയാർത്ഥികളുമായി കൂടിക്കാഴ്ച നടത്തും.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: