പാപ്പാ വിമാനത്തിൽ വച്ച് രാഷ്ട്രത്തലവന്മാർക്ക് ടെലിഗ്രാം സന്ദേശം അയച്ചു
സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
ഐക്യത്തിനും സമാധാനത്തിനുമുള്ള ആശംസകൾ നേർന്നു കൊണ്ട് കാനഡയിലേക്കുള്ള യാത്രയ്ക്കിടെ ഇറ്റലി, സ്വിറ്റ്സർലൻഡ്, ഫ്രാൻസ്, ഇംഗ്ലണ്ട്, ഐസ്‌ലാൻഡ്, ഡെൻമാർക്ക് എന്നിവിടങ്ങളിലെ രാഷ്ട്രത്തലവന്മാർക്ക് പാപ്പാ സന്ദേശങ്ങൾ അയച്ചു.
ഇറ്റലി
പാപ്പാ തന്റെ ആദ്യത്തെ ടെലിഗ്രാം സന്ദേശം ഇറ്റാലിയൻ പ്രസിഡന്റ് സെർജ്ജോ മത്തറെല്ലയ്ക്കാണ് അയച്ചത്. കാനഡയിലേക്ക് ഒരു അപ്പസ്തോലിക യാത്ര നടത്താനൊരുങ്ങുമ്പോൾ, പ്രാദേശികരായ തദ്ദേശീയ ജനതയെ കാണാനുള്ള അതിയായ ആഗ്രഹത്താൽ പ്രചോദിതനാണ് താനെന്ന് പങ്കുവച്ച പാപ്പാ ഇറ്റാലിയൻ ജനതയുടെ നന്മയ്ക്കായി തന്റെ പ്രാർത്ഥനകളും ആശംസകളും അർപ്പിക്കുന്നതായി സന്ദേശത്തിൽ അറിയിച്ചു.
സ്വിറ്റ്സർലൻഡ്
സ്വിസ് കോൺഫെഡറേഷന്റെ പ്രസിഡന്റ് ഇഗ്നാസിയോ കാസിസിന് അയച്ച സന്ദേശത്തിൽ കാനഡയിലേക്കുള്ള യാത്രാമധ്യേ താൻ സ്വിറ്റ്സർലൻഡിന് മുകളിലൂടെ പറക്കുമ്പോൾ, സർവ്വശക്തനായ ദൈവം നിങ്ങളെ എല്ലാവരെയും ഐക്യവും സമാധാനവും നൽകി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു എന്നറിയിച്ച പാപ്പാ, പ്രസിഡണ്ടിനും, അദ്ദേഹത്തിന്റെ പൗരന്മാർക്കും ഹൃദയംഗമമായ ആശംസകൾ രേഖപ്പെടുത്തിക്കൊണ്ടുള്ള സന്ദേശമാണയച്ചത്.
ഫ്രാൻസ്
ഫ്രഞ്ച് റിപ്പബ്ലിക്കിന്റെ പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന് അയച്ച സന്ദേശത്തിൽ ഫ്രാൻസിലെ രാഷ്ട്രപതിക്കും ജനങ്ങൾക്കും തന്റെ ആശംസകൾ നേർന്നുകൊണ്ടു തന്റെ പ്രാർത്ഥന ഉറപ്പുനൽകുകയും സമാധാനത്തിന്റെയും സന്തോഷത്തിന്റെയും അനുഗ്രഹങ്ങൾ ആ രാജ്യത്തിന്മേൽ ഉണ്ടാവാൻ ദൈവത്തോടു അഭ്യർത്ഥിക്കുന്നതായി അറിയിക്കുകയും ചെയ്തു.
ഇംഗ്ലണ്ട്
ഇംഗ്ലണ്ടിലെ എലിസബത്ത് രാജ്ഞിക്കയച്ച സന്ദേശത്തിൽ രാജ്ഞിക്കും, രാജകുടുംബത്തിലെ അംഗങ്ങൾക്കും, രാജ്യത്തിലെ എല്ലാ ജനങ്ങൾക്കും ആശംസകൾ നേരുന്നു എന്ന് പാപ്പാ രേഖപ്പെടുത്തി. സർവ്വശക്തനായ ദൈവം തന്റെ ശക്തിയുടെയും സന്തോഷത്തിന്റെയും സമാധാനത്തിന്റെയും ദാനങ്ങൾ നൽകി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നതായി പാപ്പാ കൂട്ടിചേർത്തു.
ഐസ്ലാൻഡ്
റിപ്പബ്ലിക് ഓഫ് ഐസ്‌ലാൻഡിന്റെ പ്രസിഡന്റ് ഗ്വീണി തോർലാസിയൂസ് ജോഹാനെസ്സണിന് അയച്ച സന്ദേശത്തിൽ കാനഡയിലേക്കുള്ള തന്റെ യാത്രയിൽ ഐസ്‌ലാൻഡിന് മുകളിലൂടെ പറക്കുമ്പോൾ, രാഷ്ട്രപതിക്കും, പൗരന്മാർക്കും തന്റെ ആശംസകൾ അയയ്‌ക്കുന്നതായി പാപ്പാ രേഖപ്പെടുത്തി. ദൈവം തന്റെ സമാധാനത്തിന്റെയും സന്തോഷത്തിന്റെയും ദാനങ്ങളാൽ രാജ്യത്തിലെ എല്ലാവരെയും അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നുവെന്ന് കൂട്ടി ചേർത്തു.
ഡെൻമാർക്ക്
ഡെൻമാർക്കിലെ രാജ്ഞിയായ മാർഗരീത് II ന് അയച്ച സന്ദേശത്തിൽ കാനഡയിലേക്കുള്ള തന്റെ അപ്പസ്തോലിക യാത്ര അവരുടെ രാഷ്ട്രത്തിന് മുകളിലൂടെ പോകുമ്പോൾ, രാജ്ഞിക്കും, രാജ്യത്തെ എല്ലാ ജനങ്ങൾക്കും തന്റെ ആശംസകൾ അറിയിക്കുന്നുവെന്ന് രേഖപ്പെടുത്തി.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: