നിര്യാതനായ സ്കാൾഫറിയെക്കുറിച്ച് പാപ്പാ: ഞങ്ങളുടെ സംഭാഷങ്ങൾ സ്നേഹത്തോടെ ഓർക്കുന്നു
സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
ഇറ്റാലിയൻ പത്രപ്രവർത്തന മേഖലയിലെ ഒരു പ്രമുഖവ്യക്തിത്വമായിരുന്ന സ്കാൾഫറി റോമിൽ ജൂലൈ 14ന് നിര്യാതനായി. 1924ൽ റോമിനടുത്തുള്ള ചിവിത്തവേക്യയിലാണ് അദ്ദേഹം ജനിച്ചത്.
വത്തിക്കാൻ മാധ്യമകാര്യാലയ ഡയറക്ടർ മത്തെയോ ബ്രൂണി ഇറക്കിയ പ്രസ്താവനയിൽ ഫ്രാൻസിസ് പാപ്പാ തന്റെ സുഹൃത്തായിരുന്ന സ്കാൾഫറിയുടെ നിര്യാണത്തെക്കുറിച്ച് സങ്കടത്തോടെയാണ് ശ്രവിച്ചതെന്നും, അവർ തമ്മിലുള്ള കൂടിക്കാഴ്ചകളുടെയും, കൊല്ലങ്ങളോളം അദ്ദേഹവുമായി നടത്തിയ മാനവരാശിയെക്കുറിച്ചുള്ള ആഴമാർന്ന സംഭാഷണങ്ങളുടേയും ഓർമ്മകൾ പാപ്പാ സ്നേഹത്തോടെ കാത്തു സൂക്ഷിക്കുന്നു എന്നും അറിയിച്ചു. പരേതന്റെ ആത്മാവിനെ സ്വീകരിക്കാനും അദ്ദേഹത്തോടു അടുപ്പമുള്ളവരെ ആശ്വസിപ്പിക്കുവാനും പരിശുദ്ധ പിതാവ് ദൈവത്തോടു പ്രാർത്ഥിക്കുകയും ചെയ്യുന്നു എന്നും പ്രസ്താവനയിൽ പറഞ്ഞു.
തന്റെ ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം മുതൽ സ്കാൾഫറി ആശയവിനിമയ ലോകത്തെ ഒരു പ്രധാന കഥാപാത്രമായിരുന്നു. 1976ൽ അദ്ദേഹം സ്ഥാപിക്കുകയും നയിക്കുകയും ചെയ്ത l'Espresso, La Ripubblica എന്നീ രണ്ടു പ്രസിദ്ധീകരണങ്ങളിലൂടെ അദ്ദേഹം ആശയ വിനിമയത്തിന്റെ നവീന മാർഗ്ഗങ്ങൾ കണ്ടെത്തി. പത്രപ്രവർത്തകൻ മാത്രമായല്ല സംസ്കാരത്തിന്റെ വിവിധ തലങ്ങളിൽ വൈദഗ്ദ്ധ്യം പ്രകടിപ്പിച്ച വ്യക്തിയായി ഓർമ്മിക്കപ്പെടുന്ന അദ്ദേഹം വിവിധ ഗ്രന്ഥങ്ങളുടെയും കർത്താവാണ്.
അനുശോചന സന്ദേശം
പത്രപ്രവർത്തന, സാംസ്കാരിക, രാഷ്ട്രീയ മേഖലകൾ തുടങ്ങി സമൂഹത്തിന്റെ വിവിധ തലങ്ങളിൽ നിന്ന് അനുശോചനമറിയിച്ച പ്രമുഖരിൽ ഇറ്റാലിയൻ പ്രസിഡണ്ട് മത്തരെല്ലയും, കർദ്ദിനാൾ ജാൻഫ്രാങ്കോ റവാസിയും ഉൾപ്പെടുന്നു.
പാപ്പായുമായുള്ള സംഭാഷങ്ങൾ
പത്രോസിന്റെ പിൻഗാമിയായി തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷം ഫ്രാൻസിസ് പാപ്പാ സ്കാൾഫറിയുമായി ആശയവിനിമയം നടത്തുകയും വിശ്വാസവും മതേതരത്വവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഒരു സംഭാഷണം നടത്തുകയും ചെയ്തിരുന്നു. ഇത് ഒരു വാല്യമായി La Repubblica പ്രസിദ്ധീകരിച്ചു. രണ്ട് വ്യത്യസ്ഥ വീക്ഷണങ്ങളിൽ നിന്ന് കൊണ്ടുള്ള അവരുടെ സംവാദം പൊതുജന ശ്രദ്ധ പിടിച്ചുപറ്റി. നേരിട്ട് മറുപടി നൽകിക്കൊണ്ട് 2013 സെപ്തംബർ 4ന് La Repubblica പത്രത്തിന്റെ സൃഷ്ടാവായ സ്കാൾഫറിക്ക് ഫ്രാൻസിസ് പാപ്പാ എഴുതി, "എന്നെ വിശ്വസിക്കുക, സഭയ്ക്ക് അതിന്റെ എല്ലാ മന്ദഗതിയും അവിശ്വസ്ഥതയും, ചെയ്തു പോയിട്ടുണ്ടാകാവുന്നതും ഇനിയും സഭ തീർക്കുന്നവരാൽ ചെയ്തു പോയേക്കാവുന്ന തെറ്റുകളും പാപങ്ങളും ഉണ്ടെങ്കിൽ കൂടി, യേശുവിനൊപ്പം ജീവിക്കുകയും അവന് സാക്ഷ്യം നൽകുകയും ചെയ്യുക എന്നതിനേക്കാൾ വേറൊരർത്ഥവും ലക്ഷ്യവുമില്ല." ചിവിൽത്തകത്തോലിക്ക എന്ന പ്രസിദ്ധീകരണത്തിന്റെ ഡയറക്ടറായ ഫാ. അന്തോണിയോ സ്പദാരോ പറഞ്ഞത് പാപ്പായുമായുള്ള സ്കാൾഫറിയുടെ സംസാരശൈലി തന്നെ എല്ലായ്പ്പോഴും ആശ്ചര്യപ്പെടുത്തിയിട്ടുണ്ട് എന്നാണ്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: