തിരയുക

അഭിമുഖസംഭാഷണത്തിൽ ഫ്രാൻസിസ് പാപ്പാ അഭിമുഖസംഭാഷണത്തിൽ ഫ്രാൻസിസ് പാപ്പാ 

രാജിസാധ്യതകൾ തള്ളി ഫ്രാൻസിസ് പാപ്പാ

ഫ്രാൻസിസ് പാപ്പാ കഴിഞ്ഞ ദിവസം തേലെവിസ ഊണിവിസിയോൺ ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിൽ നിലവിലെ സാഹചര്യത്തിൽ പാപ്പാ സ്ഥാനം രാജി വയ്ക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നില്ലെന്ന് വ്യക്തമാക്കി.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

സ്പാനിഷ് ഭാഷയിലുള്ള ടെലിവിഷൻ ചാനൽ, തേലെവിസ ഊണിവിസിയോണിനു നൽകിയ അഭിമുഖത്തിൽ, പാപ്പായുടെ ആരോഗ്യകാര്യങ്ങളെക്കുറിച്ചും രാജിസാധ്യതകളെക്കുറിച്ചുമുള്ള ചോദ്യങ്ങൾക്ക് മറുപടി പറയവേ, തന്റെ ആരോഗ്യനില മെച്ചപ്പെട്ടു വരികയാണെന്നും, പാപ്പാ സ്ഥാനം രാജിവയ്ക്കുന്നതിനെക്കുറിച്ച് ഇപ്പോൾ ആലോചനകൾ ഒന്നും ഇല്ലെന്നും ഫ്രാൻസിസ് പാപ്പാ വ്യക്തമാക്കി.

രാജിസാധ്യതകളും പിൻവാങ്ങലും

പാപ്പാ സ്ഥാനം രാജിവയ്ക്കുകയാണെങ്കിൽ തിരികെ അർജന്റീനയിലേക്ക് തിരികെ പോകുമോ എന്ന ചോദ്യത്തിന് മറുപടി നല്കവേ, എന്നെങ്കിലും പാപ്പാസ്ഥാനം രാജി വയ്ക്കാൻ തീരുമാനിച്ചാൽ, ഇപ്പോൾ റോമിന്റെ മെത്രാൻ ആയതിനാൽ, റോമിന്റെ എമിരറ്റസ് മെത്രാൻ എന്ന നിലയിൽ റോമിൽത്തന്നെ തുടരാനാണ് തന്റെ തീരുമാനമെന്നും പാപ്പാ പറഞ്ഞു. തന്നെ പാപ്പായായി തിരഞ്ഞെടുക്കുന്നതിന് മുൻപ്, ബൊയ്നോസ് ഐറെസിന്റെ മെത്രാപ്പോലീത്താസ്ഥാനം ഉപേക്ഷിച്ചു കഴിഞ്ഞ് ചെയ്യേണ്ടിയിരുന്ന പദ്ധതികൾ താൻ നേരത്തെതന്നെ വിഭാവനം ചെയ്തിരുന്നുവെന്നും, കുമ്പസാരവും, രോഗീസന്ദർശനവുമായിരുന്നു തന്റെ ഉദ്ദേശമെന്നും വ്യക്തമാക്കിയ ഫ്രാൻസിസ് പാപ്പാ, താൻ പാപ്പാസ്ഥാനം ഉപേക്ഷിക്കുകയാണെങ്കിൽ ഈ പദ്ധതി തന്നെ തുടരാനാണ് തനിക്ക് ഇഷ്ടമെന്ന് പറഞ്ഞു.

ആക്ക്വില സന്ദർശനം

പാപ്പായുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചും, പത്രോസിന്റെ പിൻഗാമി എന്ന നിലയിലുള്ള സ്ഥാനം ഉപേക്ഷിക്കുന്നതിനെക്കുറിച്ചും കിംവദന്തികൾ പരക്കുന്നതിനിടയിലാണ് പ്രസ്തുത അഭിമുഖം അനുവദിക്കപ്പെട്ടത്. പാപ്പാസ്ഥാനം രാജിവയ്ക്കണമെന്ന് ദൈവം തന്നോട് ആവശ്യപ്പെടുന്നതായി തനിക്ക് തോന്നുന്നില്ല എന്ന് പാപ്പാ വ്യക്തമാക്കി. ചെലെസ്‌തിനോ അഞ്ചാമൻ പാപ്പായെ അടക്കിയിരിക്കുന്ന ആക്ക്വില, വരുന്ന ഓഗസ്റ്റ് മാസത്തിൽ,  സന്ദർശിക്കുവാൻ ഫ്രാൻസിസ് പാപ്പാ തീരുമാനിച്ചതിനെത്തുടർന്നാണ്, പാപ്പാ രാജി വച്ചേക്കുമെന്നുള്ള അഭ്യൂഹങ്ങൾ പരന്നത്. എന്നാൽ താൻ പുതുതായി തിരഞ്ഞെടുത്ത കർദ്ദിനാൾമാരെ വാഴിക്കുന്നത് ഇതേ സമയത്തായത് തികച്ചും യാദൃശ്ചികമാണെന്ന് പാപ്പാ വിശദീകരിച്ചു.

ആഫ്രിക്കയിലേക്കുള്ള അപ്പസ്തോലികസന്ദർശനം

ആഫ്രിക്കൻ രാജ്യങ്ങളായ കോംഗോ, സുഡാൻ എന്നിവിടങ്ങളിൽ നടത്താനിരുന്ന യാത്ര പിൻവലിക്കേണ്ടിവന്നത് ശാരീരികമായ അസ്വസ്ഥതകൾ മൂലമായിരുന്നുവെന്നും, അങ്ങനെയൊരു യാത്ര ചെയ്യാൻ കാൽമുട്ടിലെ ബുദ്ധിമുട്ടടക്കം പൊതുവായ അസ്വസ്ഥതകൾ അനുവദിക്കുകയില്ലായിരുന്നുവെന്ന് പാപ്പാ പറഞ്ഞു. എന്നാൽ തന്റെ ആരോഗ്യസ്ഥിതി ഇപ്പോൾ മെച്ചപ്പെട്ടുവരുന്നുണ്ടെന്ന് വ്യക്തമാക്കിയ പാപ്പാ, ബെനഡിക്ട് പാപ്പയുടേത് മഹത്തായ ഒരു മാതൃകയാണെന്നും, ആവശ്യമെങ്കിൽ ഉപയോഗിക്കാവുന്നതാണെന്നും കൂട്ടിച്ചേർത്തു.  തന്റെ നന്മയും പ്രാർത്ഥനകളും കൊണ്ട് ബെനഡിക്ട് എമിരറ്റസ് പാപ്പാ സഭയെ ഇപ്പോഴും പിന്തുണയ്ക്കുന്നുണ്ടെന്ന് പറഞ്ഞ പാപ്പാ, അദ്ദേഹത്തെ സന്ദർശിക്കാൻ പോകുന്നത് തനിക്ക് സന്തോഷം നൽകാറുണ്ടെന്നും വെളിപ്പെടുത്തി.

മൂന്നാം ലോകമഹായുദ്ധം

ഉക്രൈൻ യുദ്ധവുമായി ബന്ധപ്പെട്ട് സംസാരിക്കവെ, അക്രമിക്കുന്നവരേക്കാൾ, ആക്രമിക്കപ്പെടുന്ന രാജ്യത്തെക്കുറിച്ച് സംസാരിക്കുന്നതാണ് പ്രധാനമെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. സെപ്റ്റംബർ മാസത്തിൽ ഖസാക്കിസ്ഥാനിൽ നടക്കുന്ന മതചടങ്ങിൽവച്ച് റഷ്യൻ പാത്രിയർക്കീസ് കിറിലിനെ കാണാനുള്ള തന്റെ ഉദ്ദേശം പാപ്പാ വ്യക്തമാക്കി. ഉക്രൈൻ യുദ്ധത്തിന് പുറമെ, യമൻ, സിറിയ ഇനീ രാജ്യങ്ങളിലെ സംഘർഷങ്ങളെക്കുറിച്ച് പരാമർശിക്കവെ, ഇപ്പോൾ ലോകം കടന്നുപോയ്ക്കൊണ്ടിരിക്കുന്നത് പലയിടത്തായി വിഭജിക്കപ്പെട്ട ഒരു മൂന്നാം ലോകമഹായുദ്ധത്തിലൂടെയാണെന്ന് പാപ്പാ ആവർത്തിച്ചു. അണ്വായുധങ്ങളുടെ ഉപയോഗം മാത്രമല്ല, അവ കൈവശം വയ്ക്കുന്നതുപോലും അധാർമ്മികമാണെന്ന് പാപ്പാ കൂട്ടിച്ചേർത്തു.

തേലെവിസ ഊണിവിസിയോൺ ടെലിവിഷൻ ചാനലിന്റെ മെക്സിക്കൻ പത്രപ്രവർത്തകരായ മരിയ അന്തോണിയെത്ത കൊള്ളിനാസ്, വലെന്തിനാ അലാസ്‌റാക്കി എന്നിവർക്ക് അനുവദിച്ച അഭിമുഖത്തിൽ, കോവിഡ് മഹാമാരി, ഉക്രൈനിൽ തുടരുന്ന യുദ്ധം, ഗർഭഛിദ്രം, കുട്ടികളുടെ ദുരുപയോഗത്തിനെതിരെയുള്ള പോരാട്ടം തുടങ്ങിയ വിഷയങ്ങളും ചർച്ച ചെയ്യപ്പെട്ടു.

13 July 2022, 16:11