അമേരിക്കൻ സുപ്രീം കോടതി വിധിയെ ഫ്രാൻസിസ് പാപ്പാ ആദരിക്കുകയും ഗർഭച്ഛിദ്രത്തെ അപലപിക്കുകയും ചെയ്തു
സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
ഗർഭച്ഛിദ്രം നിയന്ത്രിക്കുന്നതിനുള്ള അധികാരം വ്യക്തിഗത സംസ്ഥാനങ്ങൾക്ക് തിരികെ നൽകി കൊണ്ട് ഗർഭഛിദ്രം അസാധുവാക്കിയ യുഎസ് സുപ്രീം കോടതിയുടെ വിധിയോട് ഫ്രാൻസിസ് പാപ്പാ പ്രതികരിച്ചു. താൻ തീരുമാനത്തെ മാനിക്കുന്നുവെന്നും എന്നാൽ നിയമപരമായ വീക്ഷണകോണിൽ നിന്ന് അതിനെക്കുറിച്ച് അഭിപ്രായം പറയാൻ വേണ്ടത്ര താൻ അത് പഠിച്ചിട്ടില്ലെന്നും പറഞ്ഞു. എന്നാൽ ഗർഭച്ഛിദ്രത്തെ ഒരിക്കൽ കൂടി പാപ്പാ അപലപിച്ചു. അതിനെ " Hiring a hit man " എന്ന് ഉപമിച്ച പാപ്പാ "ഒരു പ്രശ്നം പരിഹരിക്കാൻ ഒരു മനുഷ്യജീവനെ ഇല്ലാതാക്കുന്നത് നിയമാനുസൃതമാണോ, അത് ശരിയാണോ?" എന്ന് ചോദ്യമുന്നയിച്ചു. തിങ്കളാഴ്ച പ്രസിദ്ധീകരിച്ച റോയിട്ടേഴ്‌സ് ലേഖകൻ ഫിലിപ്പ് പുല്ലേല്ലയുമായി നടത്തിയ ഒന്നര മണിക്കൂർ നീണ്ട അഭിമുഖത്തിലാണ് ഫ്രാൻസിസ് പാപ്പാ ഇക്കാര്യം പറഞ്ഞത്.
ഗർഭച്ഛിദ്രത്തെ പിന്തുണയ്ക്കുന്ന കത്തോലിക്കാ രാഷ്ട്രീയക്കാരോടു ഒരു ഇടയനടുത്ത സമീപനത്തിന്റെ പ്രാധാന്യവും പരിശുദ്ധ പിതാവ് ഊന്നിപ്പറഞ്ഞു. "സഭയുടെ അജപാലന സ്വഭാവം നഷ്ടപ്പെടുമ്പോഴും, ഒരു മെത്രാന് അജപാലന സ്വഭാവം നഷ്ടപ്പെടുമ്പോഴും, അത് ഒരു രാഷ്ട്രീയ പ്രശ്‌നത്തിന് കാരണമാകുന്നു" എന്ന് പാപ്പാ പ്രതികരിച്ചു.
രാജിയെ കുറിച്ചുള്ള കിംവദന്തികൾ
സഹായികളില്ലാതെ ഇറ്റാലിയൻ ഭാഷയിൽ നടത്തിയ അഭിമുഖത്തിൽ, അക്വിലയിലേക്കുള്ള ഒരു യാത്രയ്ക്കിടെ പാപ്പാ രാജിവയ്ക്കാൻ പദ്ധതിയിടുന്നതായി പ്രചരിക്കുന്ന അഭ്യൂഹങ്ങളെ കുറിച്ചും പാപ്പാ സംസാരിച്ചു.
പുല്ലെല്ല സൂചിപ്പിക്കുന്നത് പോലെ, ആക്വിലാ എന്ന ഇറ്റാലിയൻ നഗരം, 1294-ൽ സ്ഥാനമൊഴിഞ്ഞ സെലസ്റ്റിൻ അഞ്ചാമൻ പാപ്പയുമായി ബന്ധപ്പെട്ടിരിക്കുന്നു. 2009-ൽ ഈ നഗരം സന്ദർശിച്ചപ്പോൾ സെലസ്‌റ്റീനിന്റെ ശവകുടീരത്തിൽ ബെനഡിക്റ്റ് പതിനാറാമൻ തന്റെ പാലിയം വച്ചതും രാജിയെ മുൻക്കുട്ടി കണ്ടായിരുന്നു എന്ന് കരുതപ്പെടുന്നു.
"ഈ യാദൃശ്ചികതകളെല്ലാം തന്നെ അതേ ആചാരക്രമം' സംഭവിക്കുമെന്ന് കരുതാൻ ചിലരെ പ്രേരിപ്പിച്ചു കാണും," എന്നാൽ പക്ഷേ അതൊന്നും എന്റെ മനസ്സിൽ വന്നില്ല. തൽക്കാലം ഇല്ല, തൽക്കാലം, ഇല്ല. തീർച്ചയായും ഇല്ല !" എന്ന് പാപ്പാ ഉത്തരം നൽകി. എന്നിരുന്നാലും, മോശമായ ആരോഗ്യം സഭയെ നയിക്കാൻ പാപ്പായ്ക്ക് അസാധ്യമാക്കിയാൽ രാജി ഒരു സാധ്യതയായി തുടരുമെന്ന് പാപ്പാ ആവർത്തിച്ചെന്നും പുല്ലേല്ലാ സൂചിപ്പിക്കുന്നു. അത് എപ്പോഴായിരിക്കുമെന്ന് നേരിട്ട് ചോദിച്ചപ്പോൾ, “നമുക്ക് അറിയില്ല. ദൈവം പറയും.” എന്നാണ് ഫ്രാൻസിസ് പാപ്പാ നൽകിയ ഉത്തരം.
പാപ്പയുടെ ആരോഗ്യം
കഴിഞ്ഞ വർഷം വൻകുടലിന്റെ ഒരു ഭാഗം നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയയിൽ കാൻസർ കണ്ടെത്തിയെന്ന അഭ്യൂഹങ്ങൾ ഫ്രാൻസിസ് പാപ്പാ നിഷേധിച്ചു. ശസ്ത്രക്രിയ "വലിയ വിജയമായിരുന്നു" എന്ന് പറഞ്ഞ പാപ്പാ ക്യാൻസർ കിംവദന്തികൾ " ദർബാറിലെ പരദൂഷണ" മാണെന്ന് തള്ളിക്കളയുകയും ചെയ്തു.
കഴിഞ്ഞ ആഴ്‌ചകളിൽ തന്നെ അലട്ടിയ കാൽമുട്ടിന്റെ പ്രശ്‌നങ്ങളെക്കുറിച്ചും പാപ്പാ സംസാരിച്ചു. ഒരു ലിഗമെന്റ് വീർക്കുന്നതിനിടയിൽ കാൽമുട്ടിന് “ചെറിയ പൊട്ടു” സംഭവിച്ചതായി പാപ്പാ സൂചിപ്പിച്ചു, പക്ഷേ “സുഖമായിരിക്കുന്നു; ഞാൻ പതുക്കെ സുഖം പ്രാപിക്കുന്നു. ” എന്ന് പാപ്പാ വെളിപ്പെടുത്തി.
താൻ ലേസർ ചികിൽസയ്ക്കും, കാന്ത ചികിൽസയ്ക്കും വിധേയനാണെന്നും എന്നാൽ കഴിഞ്ഞ വർഷത്തെ ശസ്ത്രക്രിയയ്ക്കിടെ ജനറൽ അനസ്തേഷ്യയോടു പ്രതികൂല പ്രതികരണം ഉണ്ടായതിനെത്തുടർന്ന് കാൽമുട്ടിൽ ഒരു ശസ്ത്രക്രിയ നടത്താൻ ആഗ്രഹിക്കുന്നില്ലെന്നും പാപ്പാ വിശദീകരിച്ചു.
അപ്പോസ്തോലിക യാത്രകൾ
കാൽമുട്ടിനുണ്ടായ ആരോഗ്യപ്രശ്നങ്ങളാണ് ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലേക്കും തെക്കൻ സുഡാനിലേക്കും ഈ ആഴ്ച നടക്കുമായിരുന്ന പാപ്പയുടെ യാത്ര റദ്ദാക്കാൻ നിർബന്ധിതനാക്കിയത്. യാത്ര റദ്ദാക്കാനുള്ള തീരുമാനം തനിക്ക് "വളരെയധികം വേദനകൾ" ഉണ്ടാക്കിയതായി ഫ്രാൻസിസ് പാപ്പാ പറഞ്ഞു. എന്നാൽ പോയിരുന്നെങ്കിൽ, ഈ മാസാവസാനം കാനഡയിലേക്കുള്ള തന്റെ യാത്രയും മാറ്റിവയ്ക്കാൻ നിർബന്ധിതനാകുമെന്ന് ഡോക്ടർമാർ പറഞ്ഞതായും പാപ്പാ പറഞ്ഞു.
യുക്രെയ്നിലെ നിലവിലെ യുദ്ധത്തെക്കുറിച്ചുള്ള ചോദ്യങ്ങളുടെ പശ്ചാത്തലത്തിൽ മോസ്കോയിലേക്കുള്ള ഒരു യാത്രയുടെ സാധ്യതയെക്കുറിച്ചും പാപ്പാ സംസാരിച്ചു.
"എനിക്ക് (യുക്രെയ്നിലേക്ക്) പോകാൻ ആഗ്രഹമുണ്ട്, എന്നാൽ ആദ്യം മോസ്കോയിലേക്ക് പോകാൻ ഞാൻ ആഗ്രഹിച്ചു. സമാധാനം സ്ഥാപിക്കാൻ റഷ്യൻ പ്രസിഡന്റ് എനിക്ക് ഒരു ചെറിയ ജാലകം തുറന്നു തന്നാലോ എന്ന് ഞാൻ കരുതിയതിനാലാണ് ഞങ്ങൾ ഇതിനെക്കുറിച്ച് സന്ദേശങ്ങൾ കൈമാറിയത്."
കാനഡയിലേക്കുള്ള യാത്രയ്‌ക്ക് ശേഷം എപ്പോഴെങ്കിലും യുക്രെയ്‌നിലേക്കുള്ള സന്ദർശനം ഒരു സാധ്യതയാണെന്ന് പാപ്പാ പറഞ്ഞു. എന്നിരുന്നാലും, "ആദ്യത്തെ കാര്യം റഷ്യയിലേക്ക് പോയി ഏതെങ്കിലും വിധത്തിൽ സഹായിക്കാൻ ശ്രമിക്കണം, എന്നാൽ രണ്ട് തലസ്ഥാനങ്ങളിലും [മോസ്കോ, കീവ്] പോകാൻ ഞാൻ ആഗ്രഹിക്കുന്നു."
ഫ്രാൻസിസ് പാപ്പയുമായുള്ള ഫിലിപ്പ് പുല്ലേല്ലയുടെ അഭിമുഖത്തെക്കുറിച്ചുള്ള റോയിട്ടേഴ്‌സ് റിപ്പോർട്ട് അടുത്ത രണ്ട് ദിവസങ്ങളിലും തുടരുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: