തിരയുക

പപ്പായും രണ്ടു സമർപ്പിതകളും - ഫയൽ ചിത്രം പപ്പായും രണ്ടു സമർപ്പിതകളും - ഫയൽ ചിത്രം 

മാതൃകാപരമാകേണ്ട സമർപ്പിതജീവിതം

2022 ജൂലൈ 14-ന് ഫ്രാൻസിസ് പാപ്പാ വത്തിക്കാനിൽ വച്ച് വിവിധ സന്ന്യസ്തസമൂഹങ്ങളിലെ പ്രതിനിധികൾക്ക് അനുവദിച്ച കൂടിക്കാഴ്ചാവേളയിൽ, സമർപ്പിതജീവിതവുമായി ബന്ധപ്പെട്ട് നടത്തിയ പ്രഭാഷണത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ ഒരു വിചിന്തനം.
മാതൃകാപരമാകേണ്ട സമർപ്പിതജീവിതം - ശബ്ദരേഖ

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

പരസ്പരമുള്ള കണ്ടുമുട്ടലുകൾ

പരസ്പരമുള്ള കണ്ടുമുട്ടലുകളുടെ, സമ്മേളനങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചാണ് പാപ്പാ ഏറ്റവും ആദ്യമേതന്നെ സംസാരിച്ചത്. ഇടയ്ക്കിടെയുള്ള കണ്ടുമുട്ടലുകൾ നല്ലതാണ്. വിലയിരുത്തലുകൾക്കും വളർച്ചയ്ക്കും, പ്രോത്സാഹനം നൽകുന്നതിനും ഒക്കെ ഉപകരിക്കുന്നവയാണ് സമൂഹാംഗങ്ങൾ തമ്മിലുള്ള, പ്രത്യേകിച്ച് അധികാരസ്ഥാനത്തിരിക്കുന്നവരും മറ്റ് അംഗങ്ങളും തമ്മിലുള്ള കണ്ടുമുട്ടലുകൾ.

എന്നാൽ പരസ്പരം കണ്ടുമുട്ടുക എന്നത്, എപ്പോഴും എളുപ്പമുള്ള ഒരു കാര്യമാകണമെന്നില്ല. പലപ്പോഴും നമ്മുടെയൊക്കെ ചിന്തയിൽ, മറ്റുള്ളവരെ കാണുക, അവരുടെ കണ്ണുകളിൽ നോക്കി സംസാരിക്കുക, പരസ്പരം ആശയങ്ങൾ കൈമാറുക, ഒരുമിച്ച് പ്രാർത്ഥിക്കുക, വിശുദ്ധ കുർബാനയിൽ പങ്കെടുക്കുക എന്നതൊക്കെ എപ്പോഴും എളുപ്പമാകണമെന്നില്ല എന്ന് ഈ കാലയളവിൽ നാം കണ്ടു കഴിഞ്ഞു. കോവിഡ് മഹാമാരി പോലെ, ജീവിതം ബുദ്ധിമുട്ടേറിയതാക്കുന്ന, പരസ്പരമുള്ള കണ്ടുമുട്ടലുകൾ അസാധ്യം പോലുമാക്കുന്ന സമയങ്ങൾ, ഈ ഒരു കാര്യമാണ് നമ്മെ ഓർമ്മപ്പെടുത്തുന്നത്.

മുന്തിരിച്ചെടിയും ശാഖകളും

സമർപ്പിതരോട് സംസാരിക്കവെ, പാപ്പാ പറഞ്ഞ ഒരു ഉദാഹരണം വിശുദ്ധ യോഹന്നാന്റെ സുവിശേഷം പതിനഞ്ചാം അദ്ധ്യായം അഞ്ചാം വാക്യത്തെ അധികരിച്ചുള്ളതായിരുന്നു. അവിടെ ക്രിസ്തു പറയുന്നത് ഇങ്ങനെയാണ്; " ഞാൻ മുന്തിരിച്ചെടിയും നിങ്ങൾ ശാഖകളുമാണ്. ആര് എന്നിലും ഞാൻ അവനിലും വസിക്കുന്നുവോ അവൻ ഏറെ ഫലം പുറപ്പെടുവിക്കുന്നു. എന്നെ കൂടാതെ നിങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയുകയില്ല"  (യോഹ. 15, 5). ഈയൊരു അനുഭവം എല്ലാ സമർപ്പിതരും ജീവിക്കുന്നവരാണ്. ക്രിസ്തുവിനോടൊപ്പം, സഹസമർപ്പിതർക്കൊപ്പം ഒരുമിച്ച് ജീവിക്കുന്നവർക്കേ ക്രിസ്തുവിന്റെ ഹൃദയത്തോട് ചേർന്ന ഫലങ്ങൾ പുറപ്പെടുവിക്കാൻ സാധിക്കൂ. ക്രിസ്തുവിൽനിന്ന് അകന്ന്, സഹോദരങ്ങളോട് അകന്ന് നിൽക്കുന്നവർക്ക് ഒരു പക്ഷെ തങ്ങളുടേതായ രീതിയിൽ പ്രവർത്തിക്കാൻ സാധിച്ചേക്കാം. എന്നാൽ അതൊരിക്കലും ക്രിസ്തുവിന്റേതായ ഫലങ്ങൾ ആകണമെന്നില്ല. സാമൂഹികമായ ഒരു വിചിന്തനത്തിലൂടെയും നമുക്ക് ഇക്കാര്യം മനസ്സിലാക്കാൻ സാധിക്കുന്നതേയുള്ളു. ഒരുമിച്ച് നിൽക്കുന്നിടത്താണ് ശക്തിയുള്ളത്. അധികാരികൾ ഈയൊരു കാര്യം മനസ്സിലാക്കുകയും ജീവിക്കുകയും വേണം. എന്നാൽ അതിനൊപ്പം, സമൂഹാംഗങ്ങൾക്കും ഒത്തൊരുമയുടേതായ ഒരു ജീവിതം നയിക്കുവാൻ അവർ പ്രേരണ നൽകണം.

സമൂഹജീവിതവും ആത്മീയവിചിന്തനങ്ങളും

സമൂഹജീവിതത്തിൽ, പ്രത്യേകിച്ച് ഒരുമിച്ചുള്ള സമ്മേളനങ്ങളും കൂട്ടുചേരലുകളും ആശയ കൈമാറ്റങ്ങളുടെ മാത്രം ഒരു സമയമായി ചുരുങ്ങരുത്. കണ്ടുമുട്ടലുകൾ ഒരു ആത്മീയവിചിന്തനത്തിന്റെയും സമൂഹജീവിതത്തെക്കുറിച്ചുള്ള വിലയിരുത്തലുകളുടെയും സമയമാകണം. സന്ന്യസ്തർ, പരിശുദ്ധാത്മാവിന്റെ സഹായത്തോടെ, തങ്ങളുടെ സമൂഹത്തിന്റെ പ്രത്യേകമായ സിദ്ധികളും ഉദ്ദേശങ്ങളും ഉത്തരവാദിത്വത്തോടെ ജീവിച്ചോ എന്ന ഒരു വിചിന്തനം നടത്തണം. പരിശുദ്ധാത്മാവാണ് നമ്മുടെ സമൂഹജീവിതത്തെ വിലയിരുത്താൻ നമ്മെ സഹായിക്കേണ്ടത്. ഏത് ദിശയിലാണ് നമ്മുടെ ജീവിതം പൊയ്ക്കൊണ്ടിരിക്കുന്നത്, എന്തൊക്കെയാണ് മെച്ചപ്പെടുത്താനുള്ളത്, എവിടെയാണ് ഒരു മാറ്റം ആവശ്യമായിരിക്കുന്നത് എന്നിങ്ങനെയുള്ള ചോദ്യങ്ങൾക്ക് ഉത്തരം തേടണം. എന്നാൽ പരിശുദ്ധാത്മാവിന്റെ കീഴിലല്ലാതെ, വെറും പ്രായോഗികതയുടെ പേരിലാകരുത് തീരുമാനങ്ങൾ എടുക്കുന്നത്. സമൂഹജീവിതത്തിന്റെ യഥാർത്ഥ സ്ഥിതി ദൈവത്തിന് മുൻപിൽ, ആത്മാവിന് മുൻപിൽ വിചിന്തനം ചെയ്യണം. അങ്ങനെ ഒരുമിച്ച് പ്രാർത്ഥിച്ച്, ചിന്തിച്ച് തീരുമാനങ്ങൾ എടുക്കുമ്പോഴാണ് ആദിമക്രൈസ്തവസഭയുടേതുപോലെയുള്ള ഒരു ജീവിതം ജീവിക്കാൻ നമുക്ക് സാധിക്കുന്നത്. അപ്പസ്തോലപ്രവർത്തനങ്ങളിൽ നാം കാണുന്നതും ഈ ഒരു ശൈലിയാണ്. ഏതൊരു സമർപ്പിതസമൂഹത്തിന്റെ കാര്യത്തിലും, പരിശുദ്ധാത്മാവിന്റെ കീഴിലുള്ള പ്രവർത്തനം അടിസ്ഥാനപരമായുള്ളതാണ്.

സുവിശേഷവത്കരണവും സമർപ്പിതജീവിതവും

ആത്മീയജീവിതത്തിന്റെ വിലയിരുത്തലിന് ഏറ്റവും പ്രധാനപ്പെട്ട ഒരു മാനദണ്ഡമായി ഉപയോഗിക്കാവുന്നത്, അതതു സമൂഹങ്ങളിലൂടെ ഉണ്ടാകുന്ന സുവിശേഷവത്കരണത്തിന്റെ തോതാണ് എന്ന് പാപ്പാ തന്റെ പ്രഭാഷണത്തിൽ എടുത്തുപറഞ്ഞു. വിവിധ സമർപ്പിതസമൂഹങ്ങൾക്ക് വിവിധ പ്രത്യേക സിദ്ധികൾ ഉണ്ട്. സഭാസ്ഥാപകർ പ്രത്യേക നിയോഗങ്ങൾ മുന്നിൽ വച്ച് പ്രത്യേക സിദ്ധികളോടെയാണ് വിവിധ സമർപ്പിതസമൂഹങ്ങൾ സ്ഥാപിച്ചത്. എന്നാൽ തങ്ങളുടെ സമൂഹത്തിന്റേതായ പ്രത്യേകം സിദ്ധികൾ ജീവിക്കുവാൻ പരിശ്രമിക്കുന്ന സഭാസമൂഹങ്ങളും, ഓരോ സമർപ്പിതരും ചിന്തിക്കേണ്ട പ്രധാനപ്പെട്ട ഒരു കാര്യം തങ്ങളുടെ ജീവിതം എന്തുമാത്രം സുവിശേഷപ്രഘോഷണാത്മകമാണെന്നാണ്. കാരണം എല്ലാ സിദ്ധികളും അവസാനം ഉദ്ദേശം വയ്ക്കുന്നത് സുവിശേഷം അറിയിക്കുക എന്നതാണ്.

വിശുദ്ധ പൗലോശ്ലീഹായുടെ വാക്കുകളെക്കുറിച്ച് സൂചിപ്പിച്ചുകൊണ്ട് പാപ്പാ ഇത് വ്യക്തമാക്കുന്നുണ്ട്. എല്ലാ സിദ്ധികളും സഭയെ പടുത്തുയർത്തുവാൻ വേണ്ടിയുള്ളതാണ് എന്ന് പൗലോസ് എഴുതുന്നുണ്ടല്ലോ.

സഭ എന്നത്, അതിന്റെ എണ്ണത്തിലുള്ള വളർച്ചയിൽ മാത്രം ലക്‌ഷ്യം വച്ചിരിക്കുന്ന ഒന്നല്ല. സഭ നിലനിൽക്കുന്നതുതന്നെ ക്രിസ്തുവിന്റെ സുവിശേഷം അറിയിക്കുവാനാണ്. ഈയൊരർത്ഥത്തിൽ സമർപ്പിതസമൂഹങ്ങളുടെ പ്രത്യേകമായ സിദ്ധികൾ വിവിധങ്ങളാണെങ്കിലും അവ സുവിശേഷവത്കരണത്തിനായി ഒരുമിച്ച് നിൽക്കേണ്ടവയാണ്. സഭയുടെ ആനന്ദം സുവിശേഷവത്കരണത്തിലാണെന്ന്, എവഞ്ചേലി നൂൺസ്യാന്തി എന്ന ലേഖനത്തിൽ വിശുദ്ധ പോൾ ആറാമൻ പാപ്പാ എഴുതിവച്ചിരിക്കുന്നത് ഫ്രാൻസിസ് പാപ്പാ ഓർമ്മിപ്പിക്കുന്നുണ്ട്. സഭയുടെ വിളിയും സന്തോഷവും സുവിശേഷവത്കരണത്തിലാണ് അടങ്ങിയിരിക്കുന്നത്.

സമർപ്പിതസമൂഹവും ആത്മീയതയും

സഭാസ്ഥാപകരുടെ ജീവിതത്തിലേക്ക് നോക്കി യഥാർത്ഥ സുവിശേഷവത്കരണം എന്താണെന്ന് നാം പഠിക്കേണ്ടതുണ്ട്. വെറുതെ ആശയങ്ങളിലൂടെ മാത്രം സഞ്ചരിക്കാതെ, ക്രിയാത്മകമായി എപ്രകാരമാണ് ആത്മാവിനാൽ പ്രചോദിതരായ, ആത്മാവിനൊപ്പം പ്രവർത്തിക്കുന്ന സുവിശേഷകരായി അവർ മാറിയതെന്ന് നാം തിരിച്ചറിയേണ്ടതുണ്ട്. പ്രാർത്ഥിക്കുകയും അധ്വാനിക്കുകയും ചെയ്യുന്ന സുവിശേഷപ്രഘോഷകരായിരുന്നു അവർ. സുവിശേഷപ്രഘോഷണം പ്രലോഭിപ്പിച്ച് മതം മാറ്റുന്ന പ്രക്രിയയല്ല. യഥാർത്ഥ സുവിശേഷപ്രഘോഷണത്തിൽ, സാമൂഹികമായും മിഷനറിപരമായും പ്രവർത്തിക്കാതെ, ഗഹനമായ ആശയങ്ങൾ മാത്രം മുന്നോട്ടു വച്ചുള്ള ഒരു ജീവിതത്തിന് വലിയ സ്ഥാനമില്ല. അതുപോലെതന്നെ, ഹൃദയങ്ങളെ പരിവർത്തനം ചെയ്യുന്ന ഒരു ശരിയായ ആധ്യാത്മികത ഇല്ലാതെ, സാമൂഹികവും അജപാലനപരവുമായ പ്രസംഗങ്ങളും പ്രവർത്തികളും മാത്രം മുന്നോട്ട് വയ്ക്കുന്ന ഒരു ജീവിതശൈലിക്കും സുവിശേഷപ്രഘോഷണത്തിൽ വലിയ സ്ഥാനമില്ല (Ex. Ap. Evangelii gaudium, 262).

ഓരോ വിശുദ്ധന്മാരുടെയും വിശുദ്ധകളുടെയും സാക്ഷ്യം നമ്മോട് പറയുന്നത്, നമ്മുടെ പ്രവർത്തികൾക്കും, നിയോഗങ്ങൾക്കും ക്രൈസ്തവമായ ഒരു അർത്ഥം നൽകുന്ന ആന്തരികമായ ഒരു ഇടം വളർത്തിയെടുക്കണമെന്നാണ്. സുദീർഘമായ ആരാധനയും, തിരുവചനത്തോട് പ്രാർത്ഥനയിൽ അധിഷ്ഠിതമായ ബന്ധവും, കർത്താവുമായുള്ള സത്യസന്ധമായ സംഭാഷണവും ഇല്ലെങ്കിൽ നമ്മുടെ പ്രവൃത്തികൾക്ക് കഴമ്പുണ്ടാകില്ലെന്ന് വിശുദ്ധരുടെ ജീവിതം നമ്മെ പഠിപ്പിക്കുന്നുണ്ട്. അത്തരത്തിലുള്ള ഒരു ജീവിതം നമ്മെ എളുപ്പത്തിൽ തളർത്തിക്കളയുകയും, നമ്മുടെ തീക്ഷ്ണതയെ ഇല്ലാതാക്കുകയും ചെയ്യും (ibid.). ഓരോ സമർപ്പിതനും സമർപ്പിതയും, തങ്ങളുടെ ജീവിതത്തിൽ പ്രാർത്ഥനയ്ക്കും ദിവ്യാരാധനയ്‌ക്കും എന്തുമാത്രം സ്ഥാനം കൊടുക്കുന്നുവെന്ന് ആലോചിക്കേണ്ടതുണ്ട്.

പരസ്‌പരം അംഗീകരിക്കുന്ന സമൂഹജീവിതം

ജ്ഞാനസ്നാനം സ്വീകരിച്ചവരെന്ന നിലയിൽ വ്യക്തിപരമായ തരത്തിൽ സമൂഹത്തിൽ നടത്തുന്ന സുവിശേഷവത്കരണത്തിനു പുറമെ, നാം അംഗങ്ങളായിരിക്കുന്ന സമർപ്പിതസമൂഹത്തിലും, ഒരുമിച്ചുള്ള സഹോദര്യജീവിതത്തിലൂടെയും സുവിശേഷവത്കരണം നടത്തേണ്ടതുണ്ടെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. പരസ്പരം അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നതുവഴി നാം ക്രിസ്തുവിന്റെ സ്വന്തമാണെന്ന് പ്രഖ്യാപിക്കുകയാണ്. സമൂഹജീവിതം എന്നത് വലിയൊരു വെല്ലുവിളിയാണ്. എന്നാൽ അതുവഴി നിങ്ങളെല്ലാവരും ക്രിസ്തുവിന്റെ ശിഷ്യരാണെന്ന് ലോകം അറിയുമെന്ന് (യോഹ. 13,35) വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തിൽ ക്രിസ്തു പറയുന്നുണ്ടല്ലോ.

ലോകത്തിന്റേതായ ഒരു ചിന്താഗതിയിൽ സമൂഹജീവിതം അത്ര എളുപ്പമല്ല. സമൂഹജീവിതത്തിന് ദൈനംദിനമുള്ള ഹൃദയപരിവർത്തനവും, മറ്റുള്ളവരെ കേൾക്കാനും സംവദിക്കാനുമുള്ള കഴിവും, നമ്മുടെ ഹൃദയകാഠിന്യത്തിന്മേലുള്ള ശ്രദ്ധയും, വലിയ സഹിഷ്ണുതയും ഒക്കെ ആവശ്യമാണ്. എല്ലാത്തിനുമുപരി സമർപ്പിതസമൂഹജീവിതം ജീവിക്കുന്നവർക്ക് എളിമയും ഹൃദയലളിത്യവും പ്രധാനമാണെന്നും അതിനായി ദൈവത്തോട് അപേക്ഷിക്കണമെന്നും പാപ്പാ തന്റെ പ്രഭാഷണത്തിൽ പറയുന്നുണ്ട്.. സ്വതന്ത്രമായ സഹോദര്യത്തിലൂടെയും, സുവിശേഷാത്മകമായ ഒരു സഹകരണത്തിലൂടെയും മറ്റുള്ള സഹോദരങ്ങൾക്ക് ഒരുനല്ല സാക്ഷ്യമേകാൻ ഓരോരുത്തർക്കും സാധിക്കണം. ഒരു സംഗീതക്കച്ചേരിയിലെന്നപോലെ പരസ്പരമുള്ള പ്രവർത്തികളിലും ജീവിതത്തിലും നാം ജീവിക്കുന്ന സമൂഹങ്ങളിൽ ഒരു ലയം സൃഷ്ടിക്കാൻ സാധിക്കുന്നത് പ്രധാനപ്പെട്ടതാണ്. വ്യക്തിപരമായ പ്രശസ്തിയെക്കാളും, സമൂഹവുമൊത്തുള്ള കൂട്ടായ ജീവിതത്തിനാണ് പ്രാധാന്യം കൊടുക്കേണ്ടത്.

സമൂഹജീവിതവും സന്തോഷവും

ഓരോ സമർപ്പിതരും പ്രാർത്ഥനയിലും ആരാധനയിലും ദൈവവുമായി അടുത്ത ബന്ധം സ്ഥാപിക്കുന്നത് പ്രധാനപ്പെട്ട ഒന്നാണ്. ഓരോ സമർപ്പിതനും സമർപ്പിതയും സ്വയം ചോദിക്കേണ്ട ഒരു ചോദ്യം, താൻ തന്റെ വിളിയിൽ സന്തോഷം കണ്ടെത്തുന്നുണ്ടോ എന്നതാണ്. അതോ സാധിക്കുന്ന രീതിയിൽ മുന്നോട്ടു പോകാനും, മറ്റിടങ്ങളിൽ സന്തോഷം കണ്ടെത്താനുമാണോ താൻ ശ്രമിക്കുന്നത് എന്ന ഒരു ചോദ്യം ഓരോ സമർപ്പിതർക്കും മുന്നിൽ ഉണ്ടാകണം.

സാഹോദര്യം ജീവിക്കുന്നു എന്ന മട്ടിൽ ജീവിക്കുകയും, എന്നാൽ അതേസമയം മറ്റുള്ളവർക്ക് ഉപദ്രവം നൽകുകയും ചെയ്യുന്ന ഒരു ശൈലി സമർപ്പിതർക്ക് ചേർന്നതല്ല എന്ന് പാപ്പാ ഓർമ്മിപ്പിക്കുന്നുണ്ട്. എന്നാൽ സാഹോദര്യം അഭിനയിക്കാനുള്ളതല്ല, ജീവിക്കാനുള്ളതാണ്. പ്ലാസ്റ്റിക് പുഞ്ചിരികൾ സമൂഹജീവിതത്തിൽ ഉപകാരപ്പെടില്ല. ഓരോ അംഗങ്ങളും, തങ്ങളുടെ കുറവുകളോടും തിന്മകളോടുംകൂടെ, ക്രിസ്തുവിന്റേതായിരിക്കുന്നതിൽ, അതും എല്ലാവരും ഒരു സമൂഹമായി ആയിരിക്കുന്നതിൽ യഥാർത്ഥ സന്തോഷം ഉണ്ടാകുമെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. ദൈവത്താൽ ക്ഷമിക്കപ്പെടുകയും, ആ ക്ഷമ സഹോദരങ്ങളുമായി പങ്കുവയ്ക്കുകയും ചെയ്യുന്നതിലൂടെയാണ് ഈ സന്തോഷം ജീവിതത്തിലുണ്ടാകുന്നത്. അങ്ങനെയുള്ള സന്തോഷം മറച്ചുവയ്ക്കാനാകാത്ത വിധം മറ്റുള്ളവരിലേക്ക് പകരുന്ന ഒന്നാണ്. ഉള്ളിൽ യഥാർത്ഥ സന്തോഷം ഉള്ള ഓരോ സമർപ്പിതരും, അവരറിയാതെതന്നെ ആ സന്തോഷം മറ്റുള്ളവരിലേക്ക് പകരുന്നുണ്ട്. സഭാസ്ഥാപകരായ ഓരോ വിശുദ്ധരും, അവരുടെ ജീവിതശൈലിയും അവർ നൽകിയ ക്രൈസ്തവസാക്ഷ്യവും വഴി മറ്റുള്ളവരിൽ ഉളവാക്കിയ സന്തോഷമാണ് മറ്റുള്ളവരെ ക്രിസ്തുവിലേക്ക് ആകർഷിച്ചത്. അവർ തങ്ങളുടെ ജീവിതം വഴി ക്രിസ്തുവിലേക്കാണ് മറ്റുള്ളവരെ ആകർഷിച്ചത് എന്ന കാര്യം പ്രത്യേകം ഓർമ്മിക്കണമെന്ന് പാപ്പാ എടുത്തു പറയുന്നുണ്ട്. അവരാരും തങ്ങൾ സമൂഹത്തിന്റെ ശ്രദ്ധാകേന്ദ്രങ്ങളാകാൻ ആഗ്രഹിച്ചിട്ടില്ല. മറിച്ച് ക്രിസ്തുവിനെ മുൻ നിറുത്തി പ്രവർത്തിക്കുകയും, ക്രിസ്തുവിലേക്ക് മറ്റുള്ളവരെ ആകർഷിക്കുകയുമാണ് അവർ ചെയ്തത്. ഇവിടെയാണ് ഹൃദയത്തിന്റെ ലാളിത്യവും, എളിമയും ഒക്കെ നാം പ്രകടിപ്പിക്കേണ്ടത്. ഇങ്ങനെയുള്ള ഒരു ജീവിതമാണ് യഥാർത്ഥ സുവിശേഷപ്രഘോഷണത്തിന്റെ ജീവിതം.

തിന്മകളും സന്യസ്തരും

സമൂഹജീവിതത്തിൽ മറ്റുള്ളവരുടെ ജീവിതങ്ങളെ തകർക്കുന്ന പരദൂഷണങ്ങൾക്ക് യാതൊരു സ്ഥാനവുമില്ലെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. അത് സമൂഹജീവിതത്തിന്റെ സന്തോഷത്തെ ഇല്ലാതാക്കുന്ന ഒരു തിന്മയാണ്. എന്തെങ്കിലും ആരോടെങ്കിലും പറയുവാനുണ്ടെങ്കിൽ, അത്, സാധിക്കുന്നിടത്തോളം നേരിട്ട് പറയുവാനുള്ള കഴിവുണ്ടാകണം. അതല്ലെങ്കിൽ, ആ ഒരു പ്രശ്നം പരിഹരിക്കാൻ സാധിക്കുന്ന ഒരാളോട് പറയണം. ഒരിക്കലും ഒരാളുടെ കുറ്റം മറ്റുള്ളവരോട് പറഞ്ഞു നടക്കുന്നതുകൊണ്ട് സമൂഹജീവിതത്തിന് വളർച്ചയുണ്ടാകുകയില്ല. എത്രയോ വ്യക്തികളുടെ ജീവിതങ്ങളാണ്, അനാവശ്യമായ കുറ്റം പറച്ചിലുകൾകൊണ്ട്, പരദൂഷണങ്ങൾകൊണ്ട് ബുദ്ധിമുട്ടേറിയതാകുന്നത്. പാപ്പാ പലവട്ടം എടുത്തു പറയുന്ന ഒരു തിന്മയാണ് പരദൂഷണം. മറ്റുള്ളവരുടെ ജീവിതങ്ങളെ തകർക്കുന്ന, ഇല്ലാതാക്കുന്ന, ഈ തിന്മ ഒരു സമൂഹത്തിനും, പ്രത്യേകിച്ച് സമർപ്പിതർക്ക് ചേർന്നതല്ല. പരദൂഷണം പറയുന്നത് മാനുഷികമായ ഒരു ഗുണമല്ല, അത് നാശത്തിനേ ഉപകരിക്കൂ. സമൂഹത്തെ മാത്രമല്ല, അത് പറയുന്ന വ്യക്തിയെത്തന്നെ നശിപ്പിക്കുന്ന ഒരു തിന്മയാണ് അത്. ഉപരിപ്ലവമായ ജീവിതം ജീവിക്കുന്ന, ആഴമില്ലാത്ത വ്യക്തിത്വങ്ങളായി നമ്മെ അത് മാറ്റും. ജീവിതം പോലും അതിൽ മാത്രം അടിസ്ഥാനമിട്ടവരായി അവർ ചുരുങ്ങും. അതുകൊണ്ടു തന്നെ നാവിനെ നിയന്ത്രിക്കാൻ പഠിക്കുക.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

17 ജൂലൈ 2022, 14:46