ഫ്രാൻസിസ് പാപ്പാ മൂന്ന് വനിതകളെ മെത്രാന്മാർക്കായുള്ള ഡിക്കസ്റ്ററിയുടെ അംഗങ്ങളായി നിയമിച്ചു
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
റോയിട്ടേഴ്‌സ് വാർത്താ ഏജൻസിക്ക് കഴിഞ്ഞ ദിവസം നൽകിയ അഭിമുഖത്തിൽ വത്തിക്കാന്റെ വിവിധ ഡികാസ്റ്ററികളിൽ സ്ത്രീകൾക്ക് സേവനത്തിനുള്ള കൂടുതൽ സാധ്യതകൾ ഒരുരുക്കുമെന്ന് അറിയിച്ചതിനു പിന്നാലെ, നേരത്തെ അറിയിച്ചിരിന്നതിൽനിന്ന് വ്യത്യസ്‌തമായി മൂന്ന് സ്ത്രീകളെ മെത്രാന്മാർക്കായുള്ള ഡിക്കസ്റ്ററിയുടെ അംഗങ്ങളായി ഫ്രാൻസിസ് പാപ്പാ നിയമിച്ചു
വത്തിക്കാൻ ഗോവെർണറേറ്റിന്റെ ഡെപ്യൂട്ടി ഗവർണർ റഫായേല പെത്രീനീ, F.S.E., സലേഷ്യൻ ആധ്യാത്മികത പിന്തുടരുന്ന ക്രിസ്ത്യാനികളുടെ ആശ്രയമായ മാതാവ് (Daughters of Mary Help of Christians) എന്ന സഭയുടെ മുൻ സുപ്പീരിയർ ജെനെറൽ ആയ സിസ്റ്റർ യോവാൻ റെവുങ്കോത്ത്, F.M.A., സ്ത്രീകൾക്കായുള്ള കത്തോലിക്കാ സംഘടനകളുടെ ആഗോളസമിതി (World Union of Catholic Women's Organizations) യുടെ പ്രസിഡന്റ് ഡോ. മരിയ ലിയ സെവെരീനോ എന്നിവരാണ് മെത്രാന്മാർക്കായുള്ള റോമൻ ഡിക്കസ്റ്ററിയുടെ പുതിയ വനിതാഅംഗങ്ങൾ.
ജൂലൈ 13 ബുധനാഴ്ചയാണ് പാപ്പാ ഈ മൂന്ന് വനിതകളെ പുതിയ മെത്രാന്മാരെ തിരഞ്ഞെടുക്കുന്നതുൾപ്പെടെയുള്ള പ്രധാനപ്പെട്ട കാര്യങ്ങൾ തീരുമാനിക്കുന്നതിൽ ഗണ്യമായ പങ്കു വഹിക്കുന്ന വത്തിക്കാൻ കൂരിയയിലെ ഈ ഡിക്കസ്റ്ററിയിലേക്ക് നിയമിച്ചത്.
ഡോ. മരിയ ലിയ സെവെരീനോയെ തിരഞ്ഞെടുത്തത് വഴി വത്തിക്കാൻ ഡിക്കസ്റ്ററികളിലെത്തന്നെ ആദ്യ അൽമായ വനിതയെയുമാണ് പാപ്പാ നിയമിച്ചത്. എട്ട് കർദ്ദിനാൾമാർ, രണ്ട് ബിഷപ്പുമാർ, ഒരു സന്ന്യാസവൈദികൻ എന്നിവരാണ് ഇപ്പോൾ നിയമിക്കപ്പെട്ട മറ്റ് അംഗങ്ങൾ
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: