തിരയുക

തെക്കേഅമേരിക്കാൻ മെത്രാൻ ഉപദേശകസമിതി പ്രതിനിധികൾ പാപ്പായ്‌ക്കൊപ്പം - ഫയൽ ചിത്രം തെക്കേഅമേരിക്കാൻ മെത്രാൻ ഉപദേശകസമിതി പ്രതിനിധികൾ പാപ്പായ്‌ക്കൊപ്പം - ഫയൽ ചിത്രം 

സഭയുടെ പ്രവർത്തനങ്ങൾ വ്യർത്ഥമായ അദ്ധ്വാനമാകരുത്: ഫ്രാൻസിസ് പാപ്പാ

തെക്കേഅമേരിക്കാൻ മെത്രാൻ ഉപദേശകസമിതി (CELAM) യുടെ പുതിയ ആസ്ഥാനമന്ദിരം ഉദ്‌ഘാടനം ചെയ്യുന്ന അവസരത്തിൽ നൽകിയ സന്ദേശം.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

ചേലാം എന്ന പേരിലുള്ള, ലാറ്റിനമേരിക്കൻ മെത്രാന്മാരുടെ കൂട്ടായ്മയുടെ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനുള്ള കേന്ദ്രമായി കൊളംബിയയിൽ പണിയപ്പെട്ട  പുതിയ ആസ്ഥാനമന്ദിരം ഉദ്‌ഘാടനം ചെയ്യുന്ന അവസരത്തിൽ നൽകിയ സന്ദേശത്തിൽ, സഭയുടെ പ്രവർത്തനങ്ങൾ ഒരിക്കലും വ്യർത്ഥമായ അദ്ധ്വാനമാകരുതെന്ന് ഫ്രാൻസിസ് പാപ്പാ ഓർമ്മിപ്പിച്ചു.

തെക്കേ അമേരിക്കൻ മെത്രാൻ സമിതികൾക്ക്, സുവിശേഷവൽക്കരണത്തിന്റെയും അജപാലന രൂപീകരണത്തിന്റെയും പദ്ധതികൾ നടപ്പിലാക്കാൻ സഹായകരമാകുന്ന ഈ പുതിയ കേന്ദ്രത്തെയോർത്ത് ദൈവത്തിനു നന്ദി പറയാൻ എല്ലാവരെയും ആഹ്വാനം ചെയ്ത പാപ്പാ, "കർത്താവ് വീട് പണിയുന്നില്ലെങ്കിൽ പണിക്കരുടെ അദ്ധ്വാനം വ്യർത്ഥമാണ്" (സങ്കീർത്തനം 127:1) എന്ന സങ്കീർത്തനവാക്യം എപ്പോഴും ഓർത്തിരിക്കണമെന്ന് ആഹ്വനം ചെയ്തു.

"അപ്പസ്തോലന്മാരും പ്രവാചകന്മാരുമാകുന്ന അടിത്തറമേൽ പണിതുയർത്തപ്പെട്ടവരാണ് നിങ്ങൾ. ഈ അടിത്തറയുടെ മൂലക്കല്ല് ക്രിസ്തുവാണ്" (എഫെ 2:20), എന്ന പൗലോശ്ലീഹായുടെ വാക്കുകൾ ഉദ്ധരിച്ച പാപ്പാ, ദൈവജനത്തിന്റെ ആവശ്യങ്ങൾക്കനുസരിച്ച് പ്രവർത്തിക്കാനായി, കാലത്തിന്റെ അടയാളങ്ങൾ വിവേചിച്ചറിയാൻ തയ്യാറാകാൻവേണ്ടി, പരിശുദ്ധാത്മാവിനാൽ, സഭയുടെ പ്രേക്ഷിതപ്രവർത്തനത്തെ ശക്തിപ്പെടുത്തുവാനും, പ്രചോദനം നൽകുവാനും ഉത്ഥിതനായ ക്രിസ്തുവിനോട് നിരന്തരം പ്രാർത്ഥിക്കേണ്ടതിന്റെ ആവശ്യം നാം തിരിച്ചറിയണമെന്ന് ഓർമ്മിപ്പിച്ചു. സമൂഹത്തിന്റെ പ്രാന്തപ്രദേശങ്ങളിൽ വസിക്കുന്ന സഹോദരീസഹോദരന്മാരുടെ സേവനത്തിനായി ഉപയോഗിക്കപ്പെടുമ്പോൾ മാത്രമേ നമ്മുടെ പ്രസ്ഥാനങ്ങൾക്ക് അർത്ഥമുള്ളൂ എന്ന കാര്യം നാം മറക്കരുത് എന്ന് പാപ്പാ എടുത്തുപറഞ്ഞു.

ആത്മീയ മിതത്വം, വിശ്വാസികളുടെ എണ്ണത്തിൽ മാത്രം അർത്ഥം കണ്ടെത്തൽ, അപ്പസ്തോലപ്രവർത്തനം എപ്രകാരമായിരുന്നു എന്നതിനേക്കാൾ, എന്തുമാത്രം പ്രദേശങ്ങളിലേക്ക് വ്യാപിച്ചു എന്നതിൽ സന്തോഷം കണ്ടെത്തൽ എന്നീ മൂന്ന് തിന്മകളെക്കുറിച്ച് ബോധവാന്മാരായിരിക്കണമെന്ന് പാപ്പാ ഉദ്‌ബോധിപ്പിച്ചു.

വിശ്വാസജീവിതത്തിലെ രഹസ്യാത്മകതയെ അംഗീകരിക്കുന്നതിനേക്കാൾ, സുവിശേഷപ്രഘോഷണത്തിന്റെ കാര്യക്ഷമതയെ ലക്‌ഷ്യം കണ്ടുള്ള പ്രവർത്തനത്തനങ്ങൾ നടത്തുക എന്ന പ്രലോഭനത്തെക്കുറിച്ച് ശ്രദ്ധിക്കണമെന്നും (ക്രിസം കുർബാന, ഏപ്രിൽ 14, 2022 പ്രസംഗം) പാപ്പാ എടുത്തുപറഞ്ഞു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

13 ജൂലൈ 2022, 16:16