വത്തിക്കാൻ കൂരിയയിൽ സ്ത്രീകൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ ഒരുക്കുമെന്ന് ഫ്രാൻസിസ് പാപ്പാ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
റോമൻ കൂരിയയിൽ സ്ത്രീകളുടെ സേവനത്തെ കൂടുതലായി പ്രയോജനപ്പെടുത്താനും, പ്രോത്സാഹിപ്പിക്കാനും ശ്രമിക്കുന്നുണ്ടെന്ന് പാപ്പാ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് മെത്രാന്മാർക്കായുള്ള വത്തിക്കാൻ ഡികാസ്റ്ററിയിൽ രണ്ടു സ്ത്രീകൾ ആദ്യമായി സേവനത്തിനായി പ്രവേശിക്കുമെന്ന് പാപ്പാ വിശദീകരിച്ചു.
റോയിട്ടേഴ്‌സ് ഏജൻസിയുടെ ഫിൽ പുല്ലേല്ലയ്ക്ക് അനുവദിച്ച അഭിമുഖത്തിൽ, മെത്രാന്മാരുടെ തിരഞ്ഞെടുപ്പ് ഉൾപ്പെടെയുള്ള കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന ഡികാസ്റ്ററയിൽ രണ്ടു സ്ത്രീകളെ നിയമിക്കാൻ പോവുകയാണെന്ന് ഫ്രാൻസിസ് പാപ്പാ വെളിപ്പെടുത്തി. വത്തിക്കാൻ കൂരിയയുടെ പ്രവർത്തനങ്ങളെ സംബന്ധിച്ച, പ്രെദിക്കാത്തെ എവഞ്ചേലിയും എന്ന പുതിയ ഭരണസംഹിതയിലെ നിയമവ്യവസ്ഥകൾ ആൽമയാർക്കും സ്ത്രീകൾക്കും വത്തിക്കാൻ കൂരിയയിൽ എന്തുമാത്രം പ്രാധാന്യം നൽകുന്നുണ്ട് എന്ന ചോദ്യവുമായി ബന്ധപ്പെട്ട് മറുപടി നൽകവെയാണ് പാപ്പാ ഇങ്ങനെ പറഞ്ഞത്.
സ്ത്രീകൾക്കും അല്മയർക്കും വത്തിക്കാൻ കൂരിയയിൽ കൂടുതൽ സാദ്ധ്യതകൾ നൽകുക എന്നതിനോട് തനിക്ക് തുറന്ന മനോഭാവമാണെന്ന് വ്യക്തമാക്കിയ പാപ്പാ, ഇപ്പോൾത്തന്നെ വത്തിക്കാൻ ഗോവെർണറേറ്റിന്റെ ഡെപ്യൂട്ടി ഗവർണർ റഫായേല പെത്രീനീ എന്ന ഒരു സന്ന്യസ്തയാണെന്ന കാര്യം എടുത്തുപറഞ്ഞു. അല്മയർക്കും, കുടുംബങ്ങൾക്കും, ജീവനും വേണ്ടിയുള്ള ഡികാസ്റ്ററി, സംസ്കാരത്തിനും വിദ്യാഭ്യാസത്തിനും വേണ്ടിയുള്ള ഡികാസ്റ്ററി, ലൈബ്രറികൾ പോലെയുള്ള ഇടങ്ങൾ അൽമായരും സന്യസ്തരും നയിക്കുന്നതിനുള്ള സാദ്ധ്യതകൾ ഭാവിയിൽ ഉണ്ടാകുമെന്ന് പാപ്പാ പറഞ്ഞു.
മെത്രാൻ സിനഡിന്റെ അണ്ടർ സെക്രട്ടറി സ്ഥാനത്ത്, സിസ്റർ നതലീ ബെക്വാർട്, മാനവികസമഗ്രവികസനത്തിനായുള്ള ഡികാസ്റ്ററിയുടെ രണ്ടാംസ്ഥാനത്ത് സിസ്റ്റർ അലെസാന്ദ്ര സ്‌മെറില്ലി, സന്യസ്തർക്കായുള്ള ഡികാസ്റ്ററിയുടെ അണ്ടർസെക്രട്ടറി സ്ഥാനത്ത് സിസ്റ്റർ കാർമെൻ റോസ് നോർത്തെസ് എന്നിവർ ഉള്ള കാര്യവും പാപ്പാ വിശദീകരിച്ചു.
വത്തിക്കാന്റെ വിദേശകാര്യമന്ത്രാലയത്തിൽ അണ്ടർ സെക്രട്ടറിയായി ഫ്രാഞ്ചെസ്ക്ക ജ്യോവന്നി, വത്തിക്കാൻ മ്യൂസിയത്തിന്റെ ആദ്യ വനിതാ ഡയറക്ടർ ആയി ബാർബര ജാട്ടാ എന്നിവരും ഉള്ള കാര്യവും പാപ്പാ വ്യക്തമാക്കി.
അൽമാർക്കുവേണ്ടിയുള്ള ഡികാസ്റ്ററിയുടെ പ്രീഫെക്ട്, കർദ്ദിനാൾ കെവിൻ ജോസഫ് ഫാറൽ, പ്രെദിക്കാത്തെ എവഞ്ചേലിയോ എന്ന രേഖയുമായി ബന്ധപ്പെട്ട് സംസാരിക്കവെ, ഒരുപക്ഷെ, ഈ ഡികാസ്റ്ററിയുടെ അവസാന പുരോഹിതനേതൃത്വം തന്റേതയേക്കാമെന്ന് നർമ്മരൂപത്തിൽ പറഞ്ഞിരുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: