തിരയുക

സാമൂഹ്യ മാധ്യമങ്ങൾ. സാമൂഹ്യ മാധ്യമങ്ങൾ. 

പാപ്പാ: ഡിജിറ്റൽ മാധ്യമങ്ങൾ ഗുരുതരമായ ധാർമ്മിക പ്രശ്നങ്ങളുയർത്തുന്നു

സിഗ്നിസ് (SIGNIS) ആഗോള സമ്മേളനത്തിന് ഫ്രാൻസിസ് പാപ്പാ അയച്ച സന്ദേശത്തിൽ പാപ്പാ വെളിപ്പെടുത്തി.

സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

തെക്കൽ കൊറിയയിലെ സിയോളിൽ ഓഗസ്റ്റ് 15 മുതൽ 18 വരെയാണ് വാർത്താവിനിമയ വിദഗ്ദ്ധരുടെ ആഗോള കത്തോലിക്കസംഘടനയായ സിഗ്നിസിന്റെ സമ്മേളനം നടക്കുക. അഭിമുഖമായും ഓൺലൈനായുമായായിരിക്കും സമ്മേളനം. തന്റെ സന്ദേശത്തിൽ ഫ്രാൻസിസ് പാപ്പാ തെക്കൻ കൊറിയയുടെ സുവിശേഷവൽക്കരണ ചരിത്രത്തിൽ കാണുന്ന അച്ചടിച്ച വചനത്തിന്റെയും സുവിശേഷ പ്രചരണത്തിൽ അൽമായർ വഹിച്ച പങ്കും എടുത്തു പറഞ്ഞു. 200 വർഷം മുമ്പ് വി. ആൻഡ്രൂ കിമ്മും അദ്ദേഹത്തിന്റെ കൂട്ടുകാരുടെയും കഥ സമകാലിക ആശയ വിനിമയ മാധ്യമങ്ങളുടെ ഭാഷയിൽ യേശുവിന്റെ സുവിശേഷം പ്രചരിപ്പിക്കുവാനുള്ള അവരുടെ ശ്രമത്തിൽ അവരെ സ്ഥിരീകരിക്കട്ടെ എന്ന് പാപ്പാ ആശംസിച്ചു കൊണ്ടാണ് സന്ദേശം ആരംഭിക്കുന്നത്.

ഡിജിറ്റൽ മാധ്യമങ്ങൾ: ശക്തമായ ഉപകരണങ്ങൾ

ഇന്ന് ലോകത്തിൽ വർദ്ധിച്ചു വരുന്ന അക്രമങ്ങളുടെയുടേയും അക്രമാസക്തതയുടേയും അവർ തിരഞ്ഞെടുത്ത "ഡിജിറ്റൽ ലോകത്തിലെ സമാധാനം" എന്ന വിഷയം ഏറ്റം അനുയോജ്യമായതെന്ന് പറഞ്ഞ  പാപ്പാ മനുഷ്യ കുലത്തിൽ സംവാദവും ഐക്യവും വളർത്താൻ ഡിജിറ്റൽ മാധ്യമങ്ങളുടെ ഈ അടുത്ത ദശകങ്ങളിൽ വന്ന വിപ്ലവം ഒരു ശക്തമായ ഉപകരണമാണെന്ന് തെളിയിച്ചു കഴിഞ്ഞു എന്ന് വെളിപ്പെടുത്തി. പകർച്ചവ്യാധി മൂലം ഏർപ്പെടുത്തിയ അടച്ചുപൂട്ടലിന്റെ സമയത്ത് നമ്മെ ഒരുമിച്ചു കൊണ്ടുവരാൻ ഡിജിറ്റൽ മാധ്യമങ്ങൾക്ക് കഴിഞ്ഞതും, അവശ്യ വിവരങ്ങൾ പ്രചരിപ്പിക്കാൻ മാത്രമല്ല ഒറ്റപ്പെടലിന്റെ ഏകാന്തതയകറ്റാനും മുഴുവൻ കുടുംബത്തേയും സഭാ സമൂഹങ്ങളെയും പ്രാർത്ഥനയിലും ആരാധനയിലും ഒന്നിപ്പിക്കുവാനും സാധിച്ചതും പാപ്പാ ഓർമ്മിച്ചു.

ഡിജിറ്റൽ മാധ്യമ ഉപയോഗം: വിവേകപൂർവ്വകമായ വിവേചനം

എന്നാൽ ഡിജിറ്റൽ മാധ്യമങ്ങളുടെ പ്രത്യേകിച്ച് സാമൂഹ്യ മാധ്യമങ്ങളുടെ ഉപയോഗം ഉയർത്തുന്ന നിരവധി ഗുരുതരമായ ധാർമ്മിക പ്രശ്നങ്ങളെ കുറിച്ച് പാപ്പാ സൂചിപ്പിച്ചു. അവ ഉപയോഗിക്കുന്നവരും അവയുമായി ബന്ധപ്പെട്ടിട്ടുള്ളവരും വിവേകപൂർവ്വമായ ഒരു വിവേചനത്തോടെ അവയുടെ ആധികാരികതയെ ഗുണനിലവാരത്തെയും വിലയിരുത്തേണ്ട ആവശ്യകതയെയും പാപ്പാ ഓർമ്മിപ്പിച്ചു. വിഷലിപ്തവും, വിദ്വേഷവും  വ്യാജ വാർത്തകളും തീർക്കുന്ന വെല്ലുവിളികളെ നേരിടാൻ സിഗ്നിസിന് മാധ്യമ വിദ്യാഭ്യാസത്തിലൂടെയും, കത്തോലിക്ക മാധ്യമ ശ്രുംഖലകളിലൂടെയും ഒരു വലിയ പങ്കുവഹിക്കാൻ കഴിയുമെന്ന് പാപ്പാ പറഞ്ഞു. അതോടൊപ്പം ജനങ്ങളെ പ്രത്യേകിച്ച് യുവജനതയിൽ ശരിയായ വിമർശനാത്മക ബോധം വളർത്താനും, സത്യത്തെ അസത്യത്തിൽ നിന്നും തിരിച്ചറിയാനും, നീതി, സാമൂഹിക ഐക്യം, നമ്മുടെ പൊതുഭവനത്തോടുള്ള ബഹുമാനം എന്നിവയ്ക്കായി പ്രവർത്തിക്കാനും സഹായിക്കാൻ സ്ഥിരോത്സാഹമുള്ളവരായിരിക്കുവാനും പാപ്പാ സന്ദേശത്തിൽ ആഹ്വാനം ചെയ്തു. ഡിജിറ്റൽ ഇടത്തിൽ നിന്ന് ഒഴിവാക്കപ്പെട്ടിട്ടുള്ള പല സമൂഹങ്ങളെ പരിഗണിക്കണമെന്ന് അവരോടു ആവശ്യപ്പെട്ട ഫ്രാൻസിസ് പാപ്പാ അവരെയും  ഉൾക്കൊള്ളിക്കലിന് സിഗ്നിസിന്റെ ആസൂത്രണങ്ങളിൽ മുൻഗണന നൽകണമെന്നും അപ്പോൾ സുവിശേഷത്തിൽ അടിയുറച്ച സമാധാന സംസ്കാരത്തിന്റെ പ്രചാരണത്തിന് അവർ ഒരു ഗണ്യമായ സംഭാവനയാവും നൽകുകയെന്നും ഓർമ്മിപ്പിച്ചു.

ശ്രവണം:  ആശയ വിനിമയത്തിലെ ഒഴിവാക്കാനാവാത്ത ചേരുവ

ഈ വർഷത്തെ ആഗോള മാധ്യമ ദിന സന്ദേശത്തിൽ സംവാദത്തിന്റെയും നല്ല ആശയ വിനിമയത്തിന്റെയും ആദ്യത്തേതും ഒഴിവാക്കാനാവാത്തതുമായ ചേരുവയാണ് ശ്രവണം എന്ന് പറഞ്ഞതും പത്രപ്രവർത്തകർ ഹൃദയത്തിന്റെ ശ്രവണപുടം കൊണ്ട് കേൾക്കണമെന്ന് പറഞ്ഞതും ആവർത്തിച്ചു കൊണ്ട്  ആരെക്കാളും കത്തോലിക്കാ ആശയവിനിമയക്കാർക്ക് അവകാശപ്പെട്ടതാണ് " ശ്രവണ പ്രേഷിത ദൗത്യം" എന്ന് പാപ്പാ അവരെ  ഓർമ്മിപ്പിച്ചു. കാരണം, ആശയ വിനിമയം ഒരു തൊഴിൽ മാത്രമല്ല, മറിച്ച് ശാന്തവും സമാധാനപരവുമായ സഹവർത്തിത്വത്തെ പിൻതുടരുന്ന വ്യക്തിക്കും സമൂഹങ്ങളുമായുള്ള സംവാദത്തിനും ധാരണയ്ക്കും വേണ്ടിയുള്ള ഒരു സേവനമാണെന്ന് പാപ്പാ അടിവരയിട്ടു.

മുഴുവൻ സഭയും ഏറ്റെടുത്തിരിക്കുന്ന സിനഡൽ യാത്രയിലും ശ്രവണം അത്യാവശ്യമാണ് എന്നും പരസ്പരവും, കർത്താവിന്റെ ഹിതവും  ശ്രവിക്കാനുള്ള അവരുടെ പ്രതിബദ്ധതയിലും നമുക്ക് മുന്നേയും നമ്മെയും ഉൾക്കൊള്ളുന്ന ഒരു ഐക്യത്തിൽ പങ്കു ചേരുകയാണെന്ന ബോധ്യത്തിലും വളരാൻ അവരുടെ ആശയ വിനിമയത്തിൽ അവർ വിശുദ്ധ ദൈവജനത്തെ സഹായിക്കുമെന്ന് താൻ പ്രത്യാശിക്കുന്നു എന്നും ഫ്രാൻസിസ് പാപ്പാ പറഞ്ഞു. അങ്ങനെ "ഡിജിറ്റൽ ലോകത്തിൽ സമാധാനം" വളർത്തുവാനുള്ള  അവരുടെ ശ്രമങ്ങൾ കൂടുതൽ സ്വരലയമാർന്ന ഒരു സഭ തീർക്കാൻ സഹായിക്കുമെന്നും പാപ്പാ പറഞ്ഞു. അവരുടെ പ്രവർത്തനങ്ങൾക്കും ആഗോള സമ്മേളനത്തിന്റെ ആത്മീയ ഫലപ്രാപ്തിക്കും പ്രാർത്ഥനയോടെയുള്ള ശുഭാശംസകളും പാപ്പാ അർപ്പിക്കുകയും അവർക്കും അവരുടെ കുടുംബാംഗങ്ങൾക്കും സഹപ്രവർത്തകർക്കും അവർ സേവിക്കുന്നവർക്കും വിജ്ഞാനത്തിന്റെയും സന്തോഷത്തിന്റെയും സമാധാനത്തിന്റെയും ദൈവാനുഗ്രഹം പ്രാർത്ഥിച്ചു കൊണ്ട് ഫ്രാൻസിസ് പാപ്പാ തന്റെ സന്ദേശം ഉപസംഹരിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

18 ജൂലൈ 2022, 12:35