പശ്ചാത്താപത്തിന്റെ തീർത്ഥാടനം: ഫ്രാൻസിസ് പാപ്പാ കാനഡയിലെ തദ്ദേശീയർക്കൊപ്പം
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
പത്രോസിന്റെ പിൻഗാമിയായ വലിയ ഇടയൻ ഫ്രാൻസിസ് പാപ്പായുടെ മുപ്പത്തിയേഴാമത് അപ്പസ്തോലികയാത്രയാണ് ജൂലൈ 24 ഞായറാഴ്ച മുതൽ ജൂലൈ 30 ശനിയാഴ്ച വരെയുള്ള കാനഡയിലേക്കുള്ള പശ്ചാത്താപതീർത്ഥാടനം. ഏതാണ്ട് ഏഴു ദിവസങ്ങൾ നീളുന്നതാണ് ഇത്തവണത്തെ പാപ്പായുടെ യാത്ര. ജൂലൈ 24 ഞായറാഴ്ച രാവിലെ 9.16-ന്, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 12.46-ന് റോമിലെ ഫ്യുമിച്ചീനോ വിമാനത്താവളത്തിൽനിന്ന് പുറപ്പെട്ട പാപ്പാ, കാനഡയിലെ എഡ്‌മണ്ടനിൽ പ്രാദേശികസമയം രാവിലെ 11.09-ന്, ഇന്ത്യയിലെ സമയം വൈകിട്ട് 10.39-ന് എത്തിച്ചേർന്നു. എഡ്‌മണ്ടൻ വിമാനത്താവളത്തിൽനിന്ന് 31 കിലോമീറ്ററുകൾ അകലെയുള്ള സെന്റ് ജോസഫ്‌സ് സെമിനാരിയിലേക്ക് കാറിൽ പുറപ്പെട്ട പാപ്പാ പ്രാദേശികസമയം ഉച്ചയ്ക്ക് 12.15-ന് അവിടെയെത്തുകയും വിശ്രമിക്കുകയും ചെയ്തു.
പശ്ചാത്താപവും പ്രായശ്ചിത്തവും
കഴിഞ്ഞ ദിവസങ്ങളിൽ പാപ്പാ വ്യക്തമാക്കിയതുപോലെ, പശ്ചാത്താപത്തിന്റെ ഒരു തീർത്ഥാടനമാണ് കത്തോലിക്കാസഭയുടെ പരമാദ്ധ്യക്ഷൻ ഇത്തവണ നടത്തുന്നത്. കാനഡയിലെ തദ്ദേശീയ ജനങ്ങളിലെ പുരാതനസംസ്കാരരത്തിന്റെ സ്വാധീനം ഒഴിവാക്കുക എന്നത് അവിടുത്തെ സർക്കാരിന്റെ പദ്ധതിയുടെ ഭാഗമായിരുന്നു. ആളുകളിൽ യൂറോപ്പിന്റെ സംസ്കാരം നിറയ്ക്കുക എന്ന ഉദ്ദേശമായിരുന്നു ഇതിനു പിന്നിൽ. ഈ പദ്ധതിയുടെ ഭാഗമായി ആയിരക്കണക്കിന് കുട്ടികളെ അവരുടെ മാതാപിതാക്കളിൽനിന്ന് അകറ്റി, വിവിധ റെസിഡൻഷ്യൽ സ്കൂളുകളിൽ താമസിപ്പിച്ച് നൂതനവിദ്യാഭ്യാസം നൽകുക എന്നതായിരുന്നു ഇതിനായി അവർ കണ്ടെത്തിയ മാർഗ്ഗം. അങ്ങനെയുള്ള സ്കൂളുകളിൽ നല്ലൊരു ഭാഗവും, സർക്കാരിന്റെ സാമ്പത്തികസഹായത്തോടെ, ക്രൈസ്തവസഭകൾ മേൽനോട്ടം വഹിച്ചിരുന്ന സ്കൂളുകളായിരുന്നു. അവയിൽ നിരവധിയെണ്ണം കത്തോലിക്കസഭയിലെ വിവിധ സമർപ്പിതസമൂഹങ്ങൾ നടത്തിവന്നവയായിരുന്നു. ഈ സ്‌കൂളുകളിൽ നടന്ന പ്രശ്നങ്ങൾ പിന്നീട് വലിയ ഒരു വിവാദമായി മാറി. ഈ വർഷം മാർച്ച്, ഏപ്രിൽ മാസങ്ങളിലായി കാനഡയിൽനിന്നുള്ള തദ്ദേശീയ ജനതകളുടെ പ്രതിനിധിസംഘങ്ങളെ ഫ്രാൻസിസ് പാപ്പാ വത്തിക്കാനിൽ സ്വീകരിക്കുകയും, അവരോട് ക്ഷമചോദിക്കുകയും ചെയ്തിരുന്നു. ആ രാജ്യത്തെ തദ്ദേശീയജനതയുടെ സാംസ്‌കാരികത്തനിമ വലിയ രീതിയിൽ തമസ്കരിക്കപ്പെടുകയും, അതുമായി ബന്ധപ്പെട്ട ദുരനുഭവങ്ങൾക്ക് അവിടുത്തെ ജനത, പ്രത്യേകിച്ച് കുട്ടികൾ ഇരകളാകുകയും ചെയ്ത സംഭവങ്ങളിൽ കാനഡയിലെ വിവിധ തദ്ദേശീയ ജനതകളോട്, അവരുടെ നാട്ടിലെത്തി സഭയുടെ പേരിൽ ക്ഷമാപണം നടത്തുകയാണ് പാപ്പാ ഇത്തവണത്തെ അപ്പസ്തോലിക യാത്രയിൽ പ്രധാനമായി ഉദ്ദേശിക്കുന്നത്.
തദ്ദേശീയ ജനതകൾ
പ്രഥമദേശങ്ങൾ (First Nations), മേത്തിസ് (Métis), ഇനൂയിത് (Inuit) എന്നിവയാണ് കാനഡയിലെ മൂന്ന് തദ്ദേശീയജനവിഭാഗങ്ങൾ. ഈ ഓരോ ജനവിഭാഗങ്ങൾക്കുള്ളിലും വ്യത്യസ്ത ഭാഷകളും, ആചാരങ്ങളും, പാരമ്പര്യങ്ങളും ഉള്ള വിവിധതരം ആളുകളാണുള്ളത്. കാനഡയുടെ തെക്കൻ പ്രദേശത്ത് വസിക്കുന്ന പ്രഥമദേശങ്ങൾ എന്നറിയപ്പെടുന്ന വിഭാഗമാണ് ഇതിൽ പ്രധാനപ്പെട്ടത്. ഇനൂയിത് ജനവിഭാഗമാകട്ടെ, ആർട്ടിക് പ്രദേശത്താണ് കൂടുതലായുള്ളത്. തദ്ദേശീയരും യൂറോപ്പിൽനിന്നുള്ളവരുമായി ഇടകലർന്നുണ്ടായ ജനവിഭാഗമാണ് മേത്തിസ്.
പൊതുസമ്മേളനങ്ങൾ
കാനഡയിലെ തദ്ദേശ്ശീയ ജനതയിൽ കൊളോണിയൽ സംസ്കാരം അടിച്ചേൽപ്പിക്കുന്നതിന്റെ ഭാഗമായി നടന്ന അതിക്രമങ്ങളിൽ കത്തോലിക്കാസഭയുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകൾ ഏറ്റുപറയുന്നതുമായി ബന്ധപ്പെട്ട രണ്ടു പ്രധാനപ്പെട്ട സമ്മേളനങ്ങളാണ് ജൂലൈ 25 തിങ്കളാഴ്ച നടന്നത്.
മാസ്ക്വാചീസിലെ കരടിമല
രാവിലെ 6.30-ന് സെന്റ് ജോസഫ്‌സ് സെമിനാരിയിൽ വിശുദ്ധബലിയർപ്പിച്ച പാപ്പാ പിന്നീട് 8.45-ന് കാറിൽ മാസ്ക്വാചിസിലേക്ക് പുറപ്പെട്ടു. എഡ്‌മണ്ടനിൽനിന്ന് ഏകദേശം എഴുപത് കിലോമീറ്ററുകൾ തെക്കാണ് മാസ്ക്വാച്ചിസ് എന്ന സംരക്ഷിതമേഖല. ഏതാണ്ട് ഏഴായിരത്തി അറുന്നൂറോളം ആളുകൾ വസിക്കുന്ന ഈ പ്രദേശത്തിന്റെ പേരിന് ക്രീ എന്ന പ്രാദേശികഭാഷയിൽ കരടിമല എന്നാണ് അർത്ഥം. പ്രഥമദേശങ്ങൾ എന്നറിയപ്പെടുന്ന വിഭാഗത്തിലുള്ള നാല് തദ്ദേശീയവംശജനതകളാണ് ഇവിടെയുള്ളത്. തദ്ദേശീയജനതകളും കാനഡയുമായുള്ള 11 ഉടമ്പടികളിൽ ആറാമത്തേത് പ്രഥമദേശങ്ങളുമായുള്ളതാണ്. 1871നും 1921-നും ഇടയിലാണ് ഈയൊരു ഉടമ്പടി ഒപ്പുവയ്ക്കപ്പെട്ടത്.
കാനഡയിൽ പ്രാദേശിക സമയം രാവിലെ 10 മണിക്ക്, ഇന്ത്യയിൽ വൈകിട്ട് 9.30-നായിരുന്നു ആദ്യത്തെ സമ്മേളനം നടന്നത്. മാസ്ക്വാചിസിലെത്തിയ പാപ്പായെ വ്യാകുലമാതാവിന്റെ നാമത്തിലുള്ള ദേവാലയത്തിന്റെ മുൻപിൽ വികാരിയും വിവിധ തദ്ദേശീയജനവിഭാഗങ്ങളുടെ പ്രതിനിധികളും ചേർന്ന് സ്വീകരിച്ചു. അവിടെനിന്ന് സമീപത്തുള്ള സെമിത്തേരിയിലെത്തിയ പാപ്പാ വീൽചെയറിൽ സഞ്ചരിക്കുകയും സെമിത്തേരിക്കുള്ളിലെ പ്രധാന കുരിശുരൂപത്തിനു മുന്നിൽ നിശബ്ദമായി പ്രാർത്ഥിക്കുകയും ചെയ്തു. അവിടെനിന്ന് വീൽചെയറിൽത്തന്നെ ബെയർ പാർക്ക് പൗ-വൗ മൈതാനത്തെത്തിയ പാപ്പായെ കാനഡയുടെ വിവിധഭാഗങ്ങളിൽനിന്നുള്ള തദ്ദേശീയരുടെ പ്രതിനിധി സംഘം സ്വീകരിച്ചു. തലവന്മാരുൾപ്പെടെ നിരവധി തദ്ദേശീയർ പാരമ്പര്യരീതിയിലുള്ള വസ്ത്രങ്ങളണിഞ്ഞാണ് എത്തിയത്. തദ്ദേശീയസംസ്കാരത്തിൽ പ്രാധാന്യമുള്ള വൃത്താകൃതിയിലുള്ള മൈതാനത്തിന് നടുവിൽ ഉയർന്ന ഒരു മരവും നട്ടിരുന്നു. നൂറുകണക്കിന് തദ്ദേശീയരാണ് മൈതാനത്തുണ്ടായിരുന്നത്. ഒരു തദ്ദേശീയ നേതാവിന്റെ സ്വാഗതപ്രസംഗമായിരുന്നു തുടർന്ന് നടന്നത്. റെസിഡൻഷ്യൽ സ്കൂളുകളിൽ വിവിധ തരം ദുരിതങ്ങൾക്ക് ഇരകളായ കുട്ടികളുടെ പേരുകൾ എഴുതിയ നീളത്തിലുള്ള ഒരു ബാനറുമായി കുട്ടികൾ ജനങ്ങൾക്കിടയിലൂടെ നീങ്ങുന്നത് കാണാമായിരുന്നു. പാപ്പായെ സ്വാഗതം ചെയ്യുന്നതിന്റെ ഭാഗമായി വിവിധ ദേശങ്ങളുടെ നേതാക്കന്മാർ തങ്ങളുടെ പതാകകൾ വഹിച്ചുകൊണ്ട് മുൻപിലെത്തുകയും ഗായകസംഘം, തംബുരുവിന്റെയും നർത്തകരുടെയും അകമ്പടിയോടെ വിവിധ ഗാനങ്ങൾ ആലപിക്കുകയും ചെയ്തു.
അതിനുശേഷം അവിടെയുണ്ടായിരുന്ന ജനങ്ങളെ അഭിസംബോധന ചെയ്ത് തദ്ദേശീയസംസ്കാരത്തിനെതിരെയുള്ള പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് കത്തോലിക്കാ സഭയിലെ അംഗങ്ങളുടെ ഭാഗത്തുനിന്നുണ്ടായ തെറ്റുകൾക്ക് ക്ഷമാപണം അപേക്ഷിച്ചുകൊണ്ട് ഫ്രാൻസിസ് പാപ്പാ സംസാരിച്ചു.
(പാപ്പായുടെ പ്രഭാഷണത്തിന്റെ സംക്ഷിപ്തരൂപം - ശബ്ദരേഖയിൽ)
സമ്മേളനത്തിന്റെ അവസാനം പാപ്പാ, തദ്ദേശീയരായ നിരവധി ആളുകളെ വ്യക്തിപരമായി അഭിവാദ്യം ചെയ്യുകയും, പരസ്പരം സമ്മാനങ്ങൾ കൈമാറുകയും ചെയ്തു. പ്രാദേശിക സമയം രാവിലെ 11.45-ന് പാപ്പാ എഡ്‌മണ്ടനിലുള്ള സെന്റ് ജോസഫ്‌സ് സെമിനാരിയിലേക്ക് തിരികെപ്പോയി.
പാപ്പാ തദ്ദേശീയരുടെ ദേശീയ ഇടവകയിൽ
സെന്റ് ജോസഫ്‌സ് സെമിനാരിയിൽ ഉച്ചഭക്ഷണത്തിനും വിശ്രമത്തിനും ശേഷം വൈകുന്നേരം 4.30-ന് പാപ്പാ, താൻ താമസിച്ചിരുന്ന സെമിനാരിയിൽനിന്ന് നാലര കിലോമീറ്ററോളം അകലെ എഡ്‌മണ്ടനിലെ തിരുഹൃദയ ഇടവകദേവാലയത്തിലേക്ക് പോയി. കാനഡയിലേക്കുള്ള പാപ്പായുടെ യാത്രയുടെ രണ്ടാമത്തെ പ്രധാനപ്പെട്ട സംഗമവേദിയായിരുന്നു ഇത്. 1913-ൽ പണികഴിക്കപ്പെട്ട ഈ ദേവാലയം നഗരത്തിലെ പഴക്കമുള്ള കത്തോലിക്കാദേവാലയമാണ്. മക്കോലി എന്നറിയപ്പെടുന്ന ഭാഗത്തുള്ള ആളുകൾ ഉപയോഗിക്കുന്ന ഈ ദേവാലയത്തെ അന്നത്തെ ആർച്ച്ബിഷപ് ജോസഫ് മക്നെയിൽ, 1991-ൽ തദ്ദേശീയരുടെ ദേശീയഇടവകയായി പ്രഖ്യാപിച്ചു. ദരിദ്രരും പാർശ്വവൽക്കരിക്കപ്പെട്ടവരുമായ ആളുകൾക്ക് പ്രത്യേക ശ്രദ്ധ നൽകിക്കൊണ്ട് പ്രവർത്തിച്ചുവരുന്ന ഈ ദേവാലയം 2020 ഓഗസ്റ്റിൽ ഉണ്ടായ ഒരു അഗ്നിബാധയെത്തുടർന്ന് അടച്ചിട്ടിരുന്നു. രണ്ടു വർഷങ്ങൾ നീണ്ട അറ്റകുറ്റപ്പണികൾക്ക് ശേഷം വിശ്വാസികൾക്കായി തുറന്നുകൊടുത്ത ഈ ദേവാലയത്തിലേക്കാണ് പാപ്പാ തിങ്കളാഴ്ച വൈകുന്നേരം എത്തിയത്.
എഡ്‌മണ്ടനിലുള്ള സെന്റ് ജോസഫ്‌സ് സെമിനാരിയിൽനിന്നും 15 മിനിറ്റ് കാറിൽ സഞ്ചരിച്ച് പ്രാദേശികസമയം വൈകുന്നേരം 4.45-ന്, ഇന്ത്യൻ സമയം ചൊവ്വാഴ്ച രാവിലെ 4.15-ന്, ഇടവകയിലെത്തിയ പാപ്പായെ ഇടവക വികാരിയും തദ്ദേശീയരുൾപ്പെടെയുള്ള ഇടവകജനവും തംബുരുവിന്റെ അകമ്പടിയോടെയാണ് സ്വീകരിച്ചത്. നിരവധി മെത്രാന്മാരുടെയും വൈദികരുടെയും സാന്നിദ്ധ്യത്തിൽ, വികാരിയുടെയും ഇടവകയിൽനിന്നുള്ള രണ്ടു പ്രതിനിധികളുടെയും സ്വാഗതപ്രസംഗമായിരുന്നു ആദ്യം. അനുരഞ്ജനത്തിന്റെ പാതയിൽ തങ്ങൾ മുന്നേറുന്നതിനെക്കുറിച്ച് വികാരി സംസാരിച്ചു. തുടർന്ന് തദ്ദേശീയരുടെ ഒരു ഗാനമുണ്ടായിരുന്നു. അതിനുശേഷം എല്ലാവരോടുമായി പാപ്പാ അനുരഞ്ജനം എന്ന ആശയത്തെ ആധാരമാക്കി പ്രഭാഷണം നടത്തി.
(പാപ്പായുടെ പ്രഭാഷണത്തിന്റെ സംക്ഷിപ്തരൂപം - ശബ്ദരേഖയിൽ)
സ്പാനിഷ് ഭാഷയിൽ നടത്തിയ പ്രഭാഷണത്തിന് ശേഷം പാപ്പാ ആംഗലേയഭാഷയിൽ കർത്തൃപ്രാർത്ഥന നയിക്കുകയും എല്ലാവർക്കും ആശീർവാദം നൽകുകയും ചെയ്തു. തുടർന്ന് ഇടവകയിൽനിന്നുള്ള മുതിർന്നവരും കുട്ടികളുമായി കുറച്ചു പേരെ പാപ്പാ വ്യക്തിപരമായി അഭിവാദ്യം ചെയ്യുകയും പരസ്പരം സമ്മാനങ്ങൾ കൈമാറുകയും ചെയ്തു. തുടർന്ന് പുറത്തേക്ക് പോകുന്നതിന് മുൻപായി ദേവാലയത്തിന്റെ അൾത്താരയിൽത്തന്നെ സ്ഥാപിച്ചിരുന്ന, കതേരി തേക്കാക്വീത്ത (1656-1680) എന്ന തദ്ദേശീയ വിശുദ്ധയുടെ പ്രതിമ പാപ്പാ വെഞ്ചരിച്ചു. ന്യൂ യോർക്ക് സംസ്ഥാനത്ത് മോഹവക് ജനതയുടെ ഒസ്സെർനെനോൻ എന്ന ഗ്രാമത്തിലുണ്ടായ ഈ വിശുദ്ധയാണ് കത്തോലിക്കാസഭ ഔദ്യോഗികമായി വിശുദ്ധയെന്ന് പ്രഖ്യാപനം ചെയ്ത, വടക്കേഅമേരിക്കയിൽ നിന്നുള്ള ആദ്യ തദ്ദേശീയ.
തിരികെ സെമിനാരിയിലേക്ക്
തിങ്കളാഴ്ചത്തെ ഔദ്യോഗികചടങ്ങുകൾ അവസാനിച്ചശേഷം, വൈകുന്നേരം 5.50-ന് തിരികെ സെന്റ് ജോസഫ്‌സ് സെമിനാരിയിലേക്ക് പുറപ്പെട്ട പാപ്പാ 6 മണിയോടെ അവിടെ എത്തി. വൈകുന്നേരം അത്താഴത്തിനു ശേഷം പാപ്പാ ഉറങ്ങി വിശ്രമിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: