കാനഡയിലേക്കുള്ള അപ്പസ്തോലികയാത്ര ഒരു പശ്ചാത്താപതീർത്ഥാടനം: ഫ്രാൻസിസ് പാപ്പാ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
ജൂലൈ മാസം 24 മുതൽ 30 വരെ നീളുന്ന കാനഡയിലേക്കുള്ള തന്റെ അപ്പസ്തോലിക യാത്രയെ പശ്ചാത്താപത്തിന്റെ ഒരു തീർത്ഥാടനം എന്നാണ് പാപ്പാ വിശേഷിപ്പിച്ചത്. ജൂലൈ 17 ഞായറാഴ്ച വത്തിക്കാനിൽ പതിവുള്ള ത്രികാലജപപ്രാർത്ഥനയുടെ അവസരത്തിൽ കാനഡയിലേക്കുള്ള യാത്രയെക്കുറിച്ച് സംസാരിക്കവെയാണ്, ഫ്രാൻസിസ് പാപ്പാ തന്റെ യാത്രയുടെ പ്രത്യേകതയെക്കുറിച്ച് സൂചിപ്പിച്ച് ഇങ്ങനെ പറഞ്ഞത്.
സാധാരണരീതിയിൽ ഏതെങ്കിലും ഒരു രാജ്യത്തേക്ക് നടത്തുന്ന യാത്രയോ, കത്തോലിക്കാസമൂഹത്തെ പൊതുവിൽ സന്ദർശിക്കുക എന്നതിൽനിന്ന് വ്യത്യസ്തമായി, തന്റെ കാനഡാ സന്ദർശനത്തിൽ, തദ്ദേശീയരായ ആളുകളെ കാണാൻ ക്രിസ്തുവിന്റെ നാമത്തിൽ ആണ് താൻ പോകുന്നതെന്ന് പാപ്പാ വ്യക്തമാക്കി. അവിടെയുള്ള തദ്ദേശീയർ അനുഭവിക്കേണ്ടിവന്ന തിന്മകൾക്കും വേദനകൾക്കും പരിഹാരമായും, ആ ജനതതിയോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിനുള്ള മാർഗ്ഗവുമായുമാണ് ഫ്രാൻസിസ് പാപ്പാ തന്റെ അപ്പസ്തോലിക യാത്രയെ കാണുന്നത്.
കാനഡയിലെ റെസിഡൻഷ്യൽ സ്കൂളുകളിൽ, അവിടുത്തെ തദ്ദേശീയജനതയുടെ സംസ്കാരത്തിന്റെ പല കാര്യങ്ങളും ഇല്ലാതാക്കുകയും, കൊളോണിയലിസത്തിന്റെ ഭാഗമായി വ്യത്യസ്തമായ ഒരു വിദ്യാഭ്യാസരീതിയും അധ്യയനവും നടപ്പിലാക്കുകയും ചെയ്തിരുന്നു. സ്കൂളുകൾ ഗവണ്മെന്റിന്റേതായിരുന്നെങ്കിലും, അവയിൽ പലതും ക്രൈസ്തവസഭയും സന്ന്യസ്തസഭകളുമാണ് നടത്തിയിരുന്നുന്നത്.
അനുരഞ്ജനത്തിന്റെയും പ്രശ്നപരിഹാരത്തിന്റെയും ഭാഗമായി, പ്രഥമദേശങ്ങൾ (First Nations) എന്നറിയപ്പെടുന്ന തദ്ദേശീയരുൾപ്പെടെയുള്ള വിവിധ വിഭാഗം ആളുകളുടെ പ്രതിനിധിസംഘത്തെ ഫ്രാൻസിസ് പാപ്പാ മാർച്ച് ഏപ്രിൽ മാസങ്ങളിലായി വത്തിക്കാനിൽ സ്വീകരിക്കുകയും അവരോട് ഖേദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു എങ്കിലും, പാപ്പാ കാനഡയിലെത്തി അവിടുത്തെ ജനങ്ങളോട് തന്റെ ഖേദം പ്രകടിപ്പിക്കുന്നതിന്റെ ആവശ്യകതയെപ്പറ്റി അവർ വ്യക്തമാക്കിയതിനെത്തുടർന്നാണ് പാപ്പാ ആരോഗ്യപരമായ ബുദ്ധിമുട്ടുകളുടെ നടുവിലും കാനഡയിലെത്തുന്നത്. എളിമയോടെ, ക്ഷമ ചോദിക്കുവാൻ മടിയില്ലാതെയാണ്, പത്രോസിന്റെ പിൻഗാമിയായ പാപ്പാ, യേശുവിന്റെ നാമത്തിൽ, കാനഡയിലെ പാരമ്പരാഗതജനവിഭാഗങ്ങളെ കാണുവാനെത്തുന്നത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: