കാനഡ സന്ദർശനം: പാപ്പാ മാതൃസന്നിധിയിൽ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
മാർപ്പാപ്പാ തൻറെ കാനഡ അപ്പസ്തോലിക പര്യടനം “റോമൻ ജനതയുടെ രക്ഷ” അഥവാ, “സാളൂസ് പോപുളി റൊമാനി” (Salus Populi Romani) എന്ന അഭിധാനത്തിൽ വണങ്ങപ്പെടുന്ന കന്യകാനാഥയ്ക്ക് ഭരമേല്പിച്ചു.
ഇരുപത്തിനാലാം തീയിതി ഞായറാഴ്‌ച (24/07/22) രാവിലെ താൻ കാനഡയിലേക്കുള്ള “അനുതാപതീർത്ഥാടനം” ആരംഭിക്കുന്നതിന് മുമ്പ്, വെള്ളിയാഴ്ച (22/07/22) രാവിലെ റോമിലെ വിശുദ്ധ മേരി മേജർ ബസിലിക്കയിലെത്തിയാണ് ഫ്രാൻസീസ് പാപ്പാ ഈ സമർപ്പണം നടത്തി പ്രാർത്ഥിച്ചത്.
തൻറെ വിദേശ അപ്പസ്തോലികയാത്രയ്ക്ക് മുമ്പ് പാപ്പാ ഈ കന്യകാനാഥയുടെ പവിത്രസന്നിധാനത്തിലെത്തി മാദ്ധ്യസ്ഥ്യം തേടുക പതിവാണ്. ഫ്രാൻസീസ് പാപ്പായുടെ മുപ്പത്തിയേഴാം വിദേശ അപ്പസ്തോലിക പര്യടനമാണ് കാനഡ യാത്ര. ഈ ഞായറാഴ്ച ആരംഭിക്കുന്ന ഈ ഇടയസന്ദർശനം മുപ്പതാം തീയതി ശനിയാഴ്ച (30/07/22) സമാപിക്കും.
കാനഡയിലെ തദ്ദേശീയരായ കുട്ടികൾ സർക്കാരിൻറെ സാമ്പത്തിക സഹായത്തോടുകൂടിയ വിദ്യാലയങ്ങളിൽ പഠിക്കാൻ നിർബന്ധിതരാകുകയും അവരുടെ സാസ്കാരിക തനിമ നിഷേധിക്കപ്പെടുകയും ദുരിതങ്ങൾ അനുഭവിക്കേണ്ടിവരികയും ചെയ്തതിൽ ക്രൈസ്തവസഭകൾക്ക് പങ്കുള്ളതിനാൽ, ഫ്രാൻസീസ് പാപ്പാ ഇക്കൊല്ലം ഏപ്രിൽ മാസത്തിൽ അന്നാട്ടിൽ നിന്നുള്ള തദ്ദേശീയ ജനതയുടെ പ്രതിനിധിസംഘത്തെ വത്തിക്കാനിൽ സ്വീകരിച്ച വേളയിൽ മാപ്പുചോദിച്ചിരുന്നു. തദ്ദേശീയജനതയുടെ വേദനയിൽ പങ്കുചേരുന്ന പാപ്പാ തൻറെ ഈ ഇടയസന്ദർശനത്തെ “പശ്ചാത്താപ തീർത്ഥാടനം” എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്.
കാനഡയിൽ ഫ്രാൻസീസ് പാപ്പാ എത്തുന്നത് ഇത് നടാടെയാണ്. 1984,1987,2002 എന്നീ വർഷങ്ങളിലായി മൂന്നു തവണ വിശുദ്ധ രണ്ടാം ജോൺ പോൾ മാർപ്പാപ്പായുടെ പാദസ്പർശമേല്ക്കാൻ കാനഡയ്ക്ക് ഭാഗ്യം സിദ്ധിച്ചിട്ടുണ്ട്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: