മാപ്പപേക്ഷയുമായി പാപ്പായുടെ കന്നി പ്രഭാഷണം കാനഡയിൽ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
തങ്ങളുടെ സാംസ്കാരിക അനന്യത നിഷേധിക്കപ്പെടുകയും പീഢനങ്ങൾക്കിരകളാക്കപ്പെടുകയും ചെയ്ത തദ്ദേശീയ ജനതയുടെ വേദനയിലുള്ള പങ്കുചേരലും കാനഡയിലെ ഗതകാല സർക്കാർ തദ്ദേശീയരെ ഇല്ലായ്മചെയ്യുകയെന്ന ലക്ഷ്യത്തോടെ അവലംബിച്ച സാംസ്കാരിക സാത്മീകരണനയങ്ങൾക്ക് കത്തോലിക്കാസഭ ഉൾപ്പടെയുള്ള ക്രൈസ്തവവിഭാഗങ്ങൾ ഒത്താശ ചെയ്തുകൊടുത്തതിലും സർക്കാരിൻറെ സാമ്പത്തികസഹായത്തോടെ നടത്തിയ ക്രൈസ്തവ വിദ്യാലയങ്ങളിൽ, അതായത് വിദ്യാർത്ഥികൾ താമസിച്ചു പഠിക്കുന്ന വിദ്യാലയങ്ങളിൽ, റസിഡൻഷ്യൽ സ്കൂളുകളിൽ, തദ്ദേശീയരായ കുഞ്ഞുങ്ങളെ അവരുടെ കുടുംബങ്ങളിൽനിന്നു പറിച്ചെടുത്തു നിർബന്ധപൂർവ്വം ചേർക്കുകയും അവരെ പീഢനത്തിനിരകളാക്കുകയും ചെയ്തതിലും, ചുരുക്കത്തിൽ, തദ്ദേശീയ ജനതയ്ക്കെതിരായ ദുരന്തപൂർണ്ണമായ ക്രൂരതകളിൽ, ക്രൈസ്തവരുടെ, വിശിഷ്യ, കത്തോലിക്കാസഭയുടെ പങ്കിന്, മാപ്പപേക്ഷിക്കലും അടങ്ങിയതായിരുന്നു പാപ്പായുടെ കാനഡയിലെ കന്നി പ്രഭാഷണം.
കാനഡയുടെ ഗവർണ്ണർ ജനറലിനെയും, പ്രധാനമന്ത്രിയെയും, മസ്ക്കവ്വാച്ചിസിലെയും അഖില കാനഡിലെയും തദ്ദേശീയ ജനതയെയും സംബോധന ചെയ്തുകൊണ്ട് പാപ്പാ തൻറെ പ്രസംഗം ആരംഭിച്ചത് ഇങ്ങനെയാണ്:
ദുഃഖസ്മൃതിയുടെ വേദയിൽ നിന്ന്
ഞാൻ നിങ്ങളുടെ ഇടയിലേക്ക് വരാൻ കാത്തിരിക്കുകയായിരുന്നു. ഇവിടെ നിന്നാണ്, ദുഃഖസ്മരണകളുണർത്തുന്ന ഈ സ്ഥലത്തു നിന്നാണ്, ഹൃദയത്തിലുള്ള, പശ്ചാത്താപ തീർത്ഥാടനം ആരംഭിക്കാൻ ഞാൻ ആഗ്രഹിക്കുന്നത്. എനിക്ക് വേദനയുണ്ടെന്ന് നിങ്ങളോട് നേരിട്ട് പറയാനും, ദൈവത്തോടു മാപ്പും സൗഖ്യവും അനുരഞ്ജനവും യാചിക്കാനും എൻറെ സാമീപ്യം പ്രകടിപ്പിക്കാനും നിങ്ങളോടൊപ്പവും നിങ്ങൾക്കു വേണ്ടിയും പ്രാർത്ഥിക്കാനുമാണ് ഞാൻ നിങ്ങളുടെ ജന്മനാട്ടിൽ വന്നിരിക്കുന്നത്.
സഹനങ്ങൾ അനുരഞ്ജന ഭാവിക്ക് വഴിമാറട്ടെ
നാല് മാസം മുമ്പ് റോമിൽ നടന്ന ഒരു കൂടിക്കാഴ്ച ഞാൻ ഓർക്കുന്നു. ആ സമയത്ത്, രണ്ട് ജോഡി പാദരക്ഷകൾ (അമേരിക്കയിലെ തദ്ദേശീയരുപയോഗിക്കുന്ന തനതായ പാദുകങ്ങൾ) ഒരു അച്ചാരമെന്നോണം എനിക്ക് തന്നിരുന്നു. അവ, തദ്ദേശീയരായ കുട്ടികൾ, പ്രത്യേകിച്ച് നിർഭാഗ്യവശാൽ റസിഡൻഷ്യൽ സ്കൂളുകളിൽ നിന്ന് വീട്ടിൽ തിരിച്ചെത്താൻ കഴിയാതെപോയ കുഞ്ഞുങ്ങൾ അനുഭവിച്ച കഷ്ടപ്പാടുകളുടെ അടയാളമാണ്. കാനഡയിൽ ഒരിക്കൽ എത്തുമ്പോൾ അവ തിരികെ നല്കണമെന്ന് എന്നോടു ആവശ്യപ്പെട്ടിരുന്നു; ഞാൻ അവ കൊണ്ടുവന്നിട്ടുണ്ട്, ഈ പ്രഭാഷണത്തിൻറെ അവസാനം ഞാനവ തിരികെയേല്പിക്കും. അവ എന്നിൽ, ഇക്കഴിഞ്ഞ മാസങ്ങളിൽ, വേദനയും രോഷവും ലജ്ജയും ഉണർത്തി. .... ആ കുട്ടികളുടെ ഓർമ്മകൾ ദുഃഖം ഉളവാക്കുകയും ഓരോ കുട്ടിയോടും സ്നേഹത്തോടും മാന്യതയോടും ആദരവോടും കൂടി പെരുമാറാൻ ആഹ്വാനം ചെയ്യുകയും ചെയ്യുന്നു. എന്നാൽ ആ പാദുകങ്ങൾ നാം ഒരുമിച്ചു നടത്താൻ ആഗ്രഹിക്കുന്ന ഒരു യാത്രയെ കുറിച്ചും പറയുന്നു. ഒരുമിച്ച് നടക്കുക, ഒത്തൊരുമിച്ച് പ്രാർത്ഥിക്കുക, സംഘാതമായി പ്രവർത്തിക്കുക, അങ്ങനെ ഗതകാല സഹനങ്ങൾ നീതിയുടെയും സൗഖ്യത്തിൻറെയും അനുരഞ്ജനത്തിൻറെയും ഭാവിക്ക് വഴിമാറട്ടെ. അതുകൊണ്ടാണ് നിങ്ങളുടെ ഇടയിലേക്കുള്ള എൻറെ തീർത്ഥാടനത്തിൻറെ ആദ്യ ഘട്ടം, പുരാതന കാലം മുതൽ, തദ്ദേശീയരുടെ സാന്നിദ്ധ്യമുള്ള ഈ പ്രദേശത്ത് നടക്കുന്നത്. ഇത് നമ്മോട് സംസാരിക്കുന്ന ഒരു പ്രദേശമാണ്, അത് ഓർമ്മിക്കാൻ നമ്മെ അനുവദിക്കുന്നു.
ഓർമ്മ
സ്മരണപുലർത്തുകയെന്നാൽ ഇതാണ്. സഹോദരീസഹോദരന്മാരേ, മുൻ തലമുറകളിൽ നിന്ന് പൈതൃകമായി ലഭിച്ചതും ഭാവി തലമുറകൾക്കായി കാത്തുസൂക്ഷിക്കപ്പെട്ടതുമായ അതേ ഭൂമിയെ ആദരിച്ച ജീവിതശൈലികളോടുകൂടി നിങ്ങൾ സഹസ്രാബ്ദങ്ങൾ ഈ മണ്ണിൽ ജീവിച്ചു. എല്ലാ ജീവജാലങ്ങളും തമ്മിലുള്ള സജീവ പരസ്പര ബന്ധത്തിൽ, മറ്റുള്ളവരുമായി പങ്കിടാനും അസ്തിത്വമുള്ള സകലവുമായുള്ള ഏകതാനതയിൽ സ്നേഹിക്കാനുമുള്ള സ്രഷ്ടാവിൻറെ ഒരു ദാനമായി നിങ്ങൾ അതിനെ കണക്കാക്കി. അങ്ങനെ നിങ്ങൾ കുടുംബത്തിൻറെയും സമൂഹത്തിൻറെയും ഒരു അവബോധം വളർത്തിയെടുക്കാൻ പഠിക്കുകയും പ്രായമായവരെ ബഹുമാനിക്കുകയും കുഞ്ഞുങ്ങളെ പരിപാലിക്കുകയും ചെയ്തുകൊണ്ട് തലമുറകൾക്കിടയിൽ ശക്തമായ ബന്ധം വികസിപ്പിച്ചെടുക്കുകയും ചെയ്തു. മറ്റുള്ളവരോടുള്ള കരുതലിലും സത്യത്തോടുള്ള സ്നേഹത്തിലും ധൈര്യത്തിലും ആദരവിലും വിനയത്തിലും സത്യസന്ധതയിലും ജീവിത ജ്ഞാനത്തിലും കേന്ദ്രീകൃതമായ എത്രമാത്രം നല്ല ആചാരങ്ങളും പ്രബോധനങ്ങളും!
നിസ്സംഗതയിലേക്കു നയിക്കുന്ന വിസ്മൃതി
എന്നാൽ, ഈ പ്രദേശങ്ങളിലെ ആദ്യ ചുവടുവയ്പുകൾ ഇവയാണെങ്കിൽ, ഓർമ്മകൾ നമ്മെ അടുത്തവയിലേക്ക് കൊണ്ടുപോകുന്നു. വേദനയുടെ നിലവിളി മുഴങ്ങുന്ന ഒരിടത്താണ് നമ്മൾ ഇപ്പോൾ നില്ക്കുന്നത്. കഴിഞ്ഞ മാസങ്ങളിൽ എന്നെ പിന്തുടർന്ന എന്നെ ശ്വാസംമുട്ടിച്ച അലർച്ച. നിങ്ങളിൽ പലരും, നിങ്ങളുടെ കുടുംബങ്ങൾ, നിങ്ങളുടെ സമൂഹങ്ങൾ അനുഭവിച്ച ദുരന്തം ഞാൻ വീണ്ടും ഓർക്കുന്നു. ...... ഓർക്കുന്നത് നല്ലതാണ്, കാരണം മറവി നിസ്സംഗതയിലേക്ക് നയിക്കുന്നു, പറയപ്പെട്ടിട്ടുള്ളതുപോലെ, "സ്നേഹത്തിനു വിപരീതം വെറുപ്പല്ല, നിസ്സംഗതയാണ് ... ജീവനു വിപരീതം മരണമല്ല, മറിച്ച് 'ജീവിതത്തിനോടോ മരണത്തിനോടോ ഉള്ള നിസ്സംഗതയാണ്. (E. WIESEL). റസിഡൻഷ്യൽ സ്കൂളുകളിൽ നടന്ന വിനാശകരമായ അനുഭവങ്ങൾ ഓർക്കുമ്പോൾ അവ നമ്മെ ആഘാതമേല്പിക്കുന്നു, ധാർമ്മികരോഷമുളവാക്കുന്നു, വേദനിപ്പിക്കുന്നു, പക്ഷേ അത് ആവശ്യമാണ്.
മാപ്പ്......
റസിഡൻഷ്യൽ സ്കൂൾ സംവിധാനം കൂടി ഉൾപ്പെട്ട സ്വാംശീകരണത്തിൻറെയും വിമോചനത്തിൻറെയും നയങ്ങൾ ഈ നാടുകളിലെ ജനങ്ങൾക്ക് എങ്ങനെ വിനാശകരമായിത്തീർന്നുവെന്ന് ഓർക്കേണ്ടതുണ്ട്. യൂറോപ്പിൽനിന്നുള്ളവർ ആദ്യമായി അവിടെ എത്തിയപ്പോൾ, സംസ്കാരങ്ങളും പാരമ്പര്യങ്ങളും ആത്മീയതയും തമ്മിൽ ഫലപ്രദമായ ഒരു സമാഗമം വളർത്തിയെടുക്കാനുതകുന്ന വലിയ അവസരമുണ്ടായി. എന്നാൽ കൂടുതലും ഇത് നടന്നില്ല....... ഇന്ന് ഞാൻ ഇവിടെ, പഴയ ഓർമ്മയ്‌ക്കൊപ്പം, ഇപ്പോഴും തുറന്നിരിക്കുന്ന മുറിവുകളുടെ പാടുകൾ പേറുന്ന ഈ നാട്ടിൽ, സന്നിഹിതാനാണ്. നിങ്ങളുടെ ഇടയിലുള്ള ഈ അനുതാപ തീർത്ഥാടനത്തിൻറെ ആദ്യ പടി എൻറെ മാപ്പ് ചോദിക്കൽ നവീകരിക്കുകയും ഞാൻ വളരെ ദുഃഖിതനാണെന്ന് നിങ്ങളോട് ഹൃദയംഗമമായി പറയുകയും ചെയ്യുക എന്നതാണ്. തദ്ദേശീയ ജനതയെ അടിച്ചമർത്തിയ ശക്തികളുടെ കോളനിവൽക്കരണ മനോഭവത്തെ, നിർഭാഗ്യവശാൽ, നിരവധി ക്രൈസ്തവർ പിന്തുണച്ചു. എനിക്ക് വേദനയുണ്ട്. ഞാൻ മാപ്പപേക്ഷിക്കുകയാണ്. പ്രത്യേകിച്ച്, അക്കാലഘട്ടത്തിലെ സർക്കാർ നിർബന്ധപൂർവ്വം നടപ്പാക്കിയ, റസിഡൻഷ്യൽ സ്കൂൾ സമ്പ്രദായത്തിൽ കലാശിച്ച, സാംസ്കാരിക നാശത്തിൻറെയും സ്വാംശീകരണത്തിൻറെയും പദ്ധതികളിൽ നിസ്സംഗതയിലൂടെയും സഭയിലെയും സന്ന്സ്തസമൂഹങ്ങളിലെയും അനേകം അംഗങ്ങൾ സഹകരിച്ച രീതികൾക്ക് ഞാൻ ക്ഷമ ചോദിക്കുന്നു.
സുവിശേഷത്തിനു നിരക്കാത്ത സംഭവങ്ങൾ
ക്രിസ്തീയ ഉപവിപ്രവർത്തനങ്ങളും കുട്ടികളോടുള്ള കരുതലിൻറെ മാതൃകാപരമായ നിരവധി സംഭവങ്ങളും ഉണ്ടായിരുന്നെങ്കിലും റെസിഡൻഷ്യൽ സ്കൂളുകളുമായി ബന്ധപ്പെട്ട നയങ്ങളുടെ മൊത്തത്തിലുള്ള അനന്തരഫലങ്ങൾ ദുരന്തപൂർണ്ണമായിരുന്നു. ക്രിസ്തീയ വിശ്വാസം നമ്മോട് പറയുന്നത്, അത് യേശുക്രിസ്തുവിൻറെ സുവിശേഷവുമായി പൊരുത്തപ്പെടാത്ത ഒരു വിനാശകരമായ തെറ്റായിരുന്നു എന്നാണ്. നിങ്ങളുടെ ജനങ്ങൾക്ക് യഥാർത്ഥ സ്വത്വബോധം നൽകിയ മൂല്യങ്ങളുടെയും ഭാഷയുടെയും സംസ്‌കാരത്തിൻറെയും ആ ഉറച്ച മണ്ണ്, നശിച്ചു പോയതായും അതിൻറെ ഫലങ്ങൾ നിങ്ങൾ തുടർന്നും അനുഭവിക്കുന്നതായും അറിയുന്നത് വേദനാജനകമാണ്. ധാർമ്മികരോഷത്തിനു കാരണമാകുന്ന ഈ തിന്മയ്ക്ക് മുന്നിൽ, സഭ ദൈവതിരു മുമ്പാകെ മുട്ടുകുത്തി സ്വന്തം മക്കളുടെ പാപങ്ങൾക്ക് ക്ഷമ യാചിക്കുന്നു (cf. ST JOHN PAUL II, Bull Incarnationis mysterium [29 November 1998], 11: AAS 91 [1999], 140). അത്, ലജ്ജയോടും വ്യക്തതയോടും കൂടി ആവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു: തദ്ദേശീയ ജനങ്ങൾക്കെതിരെ നിരവധി ക്രിസ്ത്യാനികൾ ചെയ്ത തിന്മയ്ക്ക് ഞാൻ താഴ്മയോടെ ക്ഷമ ചോദിക്കുന്നു.
ക്ഷമാപണം ഒരു തുടക്കം
പ്രിയ സഹോദരീ സഹോദരന്മാരേ, ക്ഷമാപണം ഒരു അവസാനമല്ലെന്ന് നിങ്ങളിൽ പലരും നിങ്ങളുടെ പ്രതിനിധികളും പറഞ്ഞിട്ടുണ്ട്. ഞാൻ പൂർണ്ണമായും അതിനോട് യോജിക്കുന്നു: അത് ആദ്യപടി, ആരംഭബിന്ദു മാത്രമാണ്. എനിക്കും അറിയാം, "ഭൂതകാലത്തിലേക്ക് നോക്കുമ്പോൾ, ക്ഷമ ചോദിക്കാനും സംഭവിച്ച തെറ്റുകൾ പരിഹരിക്കാനും ഒരാൾ ചെയ്യുന്നത് ഒരിക്കലും മതിയാകില്ല"യെന്നും "ഭാവിയിലേക്ക് നോക്കുമ്പോൾ, അത്തരം സാഹചര്യങ്ങൾ ആവർത്തിക്കപ്പെടുക മാത്രമല്ല ഇടം കണ്ടെത്തുകയും ചെയ്യുന്നത് ഒഴിവാക്കാൻ പറ്റിയതെല്ലാം ചെയ്യുക ആവശ്യമാണ് " (ദൈവജനത്തിനുള്ള കത്ത്, 20 ഓഗസ്റ്റ് 2018). ഈ പ്രക്രിയയുടെ ഒരു പ്രധാന ഭാഗം ഭൂതകാലത്തിൻറെ നിജസ്ഥിതിതിയെക്കുറിച്ച് ഗൗരവമായ അന്വേഷണം നടത്തുകയും റെസിഡൻഷ്യൽ സ്‌കൂൾ സംഭവത്തെ അതീജീവച്ചവരെ അവർക്കേറ്റ ആഘാതത്തിൽ നിന്ന് സൗഖ്യം നേടാനുള്ള പാതയിലേക്ക് ആനയിക്കുകയും ചെയ്യുക എന്നതാണ്.
തദ്ദേശിയരെ ഉൾക്കൊള്ളുന്ന ഒരു സമൂഹം വളരട്ടെ
ഈ നാട്ടിലെ ക്രിസ്ത്യാനികളും സമൂഹവും തദ്ദേശീയ ജനതകളുടെ സ്വത്വത്തെയും അനുഭവത്തെയും സ്വാഗതം ചെയ്യാനും ബഹുമാനിക്കാനും ഉള്ള കഴിവിൽ വളരുമെന്ന് ഞാൻ പ്രാർത്ഥിക്കുകയും പ്രതീക്ഷിക്കുകയും ചെയ്യുന്നു. ഒത്തൊരുമിച്ചു നടക്കാൻ പഠിച്ചുകൊണ്ട്, അവരെ അറിയുന്നതിനും വിലമതിക്കുന്നതിനുമുള്ള മൂർത്തമായ വഴികൾ കണ്ടെത്തുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു..... ഇവിടെ എൻറെ സാന്നിദ്ധ്യവും കാനഡയിലെ മെത്രാന്മാരുടെ പ്രതിബദ്ധതയും ഈ പാതയിൽ മുന്നോട്ട് പോകാനുള്ള ഇച്ഛാശക്തിയുടെ സാക്ഷ്യമാണ്.
മൗനവും പ്രാർത്ഥനയും
ഈ ആദ്യ ഘട്ടത്തിൽ ഞാൻ ഓർമ്മയ്ക്ക് ഇടം നൽകാൻ ആഗ്രഹിച്ചു. ഭൂതകാലത്തെ ഓർക്കാൻ, നിങ്ങളോടൊപ്പം കരയാൻ, നിശബ്ദമായി ഭൂമിയെ നോക്കാൻ, ശവകുടീരങ്ങളിൽ പ്രാർത്ഥിക്കാൻ ഞാൻ ഇന്ന് ഇവിടെയുണ്ട്. വേദനയെ ആന്തരികവൽക്കരിക്കാൻ നിശബ്ദത നമ്മെ സഹായിക്കട്ടെ. നിശ്ശബ്ദതയും. പ്രാർത്ഥനയും: തിന്മയ്ക്കു മുന്നിൽ നന്മയുടെ കർത്താവിനോട് പ്രാർത്ഥിക്കാം; മൃത്യുവിനു മുന്നിൽ നമുക്ക് ജീവൻറെ ദൈവത്തോട് പ്രാർത്ഥിക്കാം.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: