ഫ്രാൻസീസ് പാപ്പാ കാനഡയിൽ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
ഫ്രാൻസീസ് പാപ്പാ ഇരുപത്തിനാലാം തീയതി (24/07/22) ഞായറാഴ്ച കാനഡയിലെത്തി. പാപ്പായുടെ മുപ്പത്തിയേഴാം വിദേശ അപ്പസ്തോലിക പര്യടനമാണിത്. ഈ ഇടയസന്ദർശനം മുപ്പതാം തീയതി ശനിയാഴ്ച (30/07/22) സമാപിക്കും. സപ്തദിന സന്ദർശനം എന്നു പറയാമെങ്കിലും പാപ്പായുടെ ഈ അജപാലനസന്ദർശനത്തിൻറെ ദൈർഘ്യം, കൃത്യമായി, 5 ദിവസവും 22 മണിക്കൂറും 50 മിനിറ്റും ആണ്.
ഇരുപത്തിനാലാം തീയതി ഞായറാഴ്‌ച (24/07/22) പ്രാദേശിക സമയം രാവിലെ 8 മണി കഴിഞ്ഞപ്പോൾ, ഫ്രാൻസീസ് പാപ്പാ, വത്തിക്കാനിലെ തൻറെ വാസയിടമായ ദോമൂസ് സാംക്തെ മാർത്തെ മന്ദിരത്തിൽ നിന്ന് 29 കിലോമീറ്റർ അകലെ ഫ്യുമിച്ചീനൊയിൽ സ്ഥിതിചെയ്യുന്ന ലെയൊണാർദൊ ദ വിഞ്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കു യാത്രയായി. റോമിലെ ഈ വിമാനത്താവളത്തിൽ നിന്നായിരുന്നു പാപ്പാ കാനഡയിലേക്ക് പുറപ്പെട്ടത്. വമാനത്താവളത്തിൽ പാപ്പായെ യാത്രയയ്ക്കാൻ ഈ വിമാനത്താവളം സ്ഥിതിചെയ്യുന്ന ഫ്യുമിച്ചീനൊ പ്രദേശവും ഉൾക്കൊള്ളുന്ന പോർത്തൊ സാന്ത റുഫീന രൂപതയുടെ മെത്രാൻ ജാൻറീക്കൊ റൂത്സയും സന്നിഹിതനായിരുന്നു. കാൽമുട്ടിന് വേദനയുള്ളതിനാൽ പാപ്പാ ചക്രകസേരയുടെ സഹായത്താലാണ് വിമാനത്തിലേറിയത്. വിമാനത്തിൽ പാപ്പായോടൊപ്പം വത്തിക്കാൻ സംസ്ഥാനകാര്യദർശി കർദ്ദിനാൾ പീയെത്രൊ പരോളിൻ ഉൾപ്പടെയുള്ള വത്തിക്കാൻ പ്രതിനിധികൾക്കു പുറമെ പത്തിലേറെ രാജ്യക്കാരായ എൺപതോളം പത്രപ്രവർത്തകരും ഉണ്ടായിരുന്നു. വിമാനത്തിനകത്തുവച്ച് അവരെ അഭിവാദ്യം ചെയ്ത പാപ്പാ തൻറെ ഈ ഇടയസന്ദർശനം അനുതാപതീർത്ഥാടനമാണെന്ന് ആവർത്തിക്കുകയും ആ ചൈതന്യം കാത്തുസൂക്ഷിക്കണമെന്ന് ഓർമ്മപ്പെടുത്തുകയും ചെയ്തു.
പാപ്പാ വിമാനത്തിൽ സഹയാത്രികരോട്
ഈ ഞായറാഴ്‌ച (24/07/22), അതായത് ഈ ഇരുപത്തിനാലിന്, മുത്തശ്ശീമുത്തച്ഛന്മാർക്കും വയോജനത്തിനും വേണ്ടിയുള്ള ദിനം ആചരിക്കപ്പെട്ടത് പാപ്പാ അനുസ്മരിച്ചു.
ചരിത്രവും പാരമ്പര്യങ്ങളും ആചാരങ്ങളും നിരവധിയായ മറ്റുകാര്യങ്ങളും നമുക്ക് കൈമാറിയവരാണ് മുത്തശ്ശീമുത്തശ്ശന്മാരെന്ന് പാപ്പാ പറഞ്ഞു. യുവജനത്തിന് അവരുമായി ബന്ധമുണ്ടായിരിക്കണമെന്നും വേരുകൾ വീണ്ടെടുക്കണമെന്നും ഓർമ്മിപ്പിച്ച പാപ്പാ അത് അവിടെ നിശ്ചലരായി നില്ക്കാനല്ല, മറിച്ച്, വൃക്ഷം വേരുകളിലൂടെ പോഷണം നുകർന്ന് പൂവുംകായും പുറപ്പെടുവിക്കുന്നതു പോലെ ശക്തിനുകർന്നു മുന്നേറാനാണെന്ന് പ്രസ്താവിച്ചു. സമർപ്പിതജീവിത സമൂഹങ്ങളിലുള്ള പ്രായാധിക്യം ചെന്നവരെക്കുറിച്ചും പരാമർശിച്ച പാപ്പാ അവർ സന്ന്യസ്തകുടുംബങ്ങളിലെ ജ്ഞാനമാണെന്ന് പറഞ്ഞു.
പാപ്പാ എഡ്മണ്ടണിൽ
പാപ്പായെയും അനുചരരെയും വഹിച്ചുകൊണ്ട്, വ്യോമയാനം റോമിലെ സമയം രാവിലെ 9.15-ന്, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 12.45-ന്, കാനഡയിലെ എഡ്മണ്ടൺ രാജ്യാന്തര വിമാനത്താവളം ലക്ഷ്യമാക്കി പറന്നുയർന്നു. ലക്ഷ്യസ്ഥാനത്തേക്കുള്ള 8430 കിലോമീറ്റർ വ്യോമദൂരം പിന്നിടുന്നതിന് വിമാനം 10 മണിക്കൂറും 20 മിനിറ്റുമെടുത്തു. എഡ്മണ്ടനണിലെ സമയം ഞായറാഴ്‌ച (24/07/22) ഉച്ചയ്ക്കു മുമ്പ് ഏതാണ്ട് 11.10-ന്, ഇന്ത്യയിലെ സമയം ഞായറാഴച് രാത്രി 10-40ന് വിമാനം എഡ്മണ്ടണിൽ താണിറങ്ങി. എഡ്മണ്ടൺ സമയത്തിൽ ഇന്ത്യയെക്കാൾ 11 മണിക്കൂറും 30 മിനിറ്റും പിന്നിലാണ്. കാനഡയിൽ തന്നെ വിവിധ പ്രദേശങ്ങൾ തമ്മിലും സമയവിത്യാസം ഉണ്ടെന്നതും നാം ഓർക്കണം.
എഡ്മണ്ടൺ
എഡ്മണ്ടൺ, അൽബേർത്ത സംസ്ഥാനത്തിൻറെ തലസ്ഥാനമാണ്. കാൽഗരി കഴിഞ്ഞാൽ ആ സംസ്ഥാനത്തിലെ രണ്ടാമത്തെ പ്രധാന പട്ടണമാണ് എഡ്മണ്ടൺ. വലിയൊരുവിഭാഗം തദ്ദേശീയരുടെ വാസ കേന്ദ്രവുമാണ് ഈ നഗരം. അവസാന ഹിമയുഗാനന്തരം ഒരു പക്ഷെ ക്രിസ്തുവിന് മുമ്പ് 10000-ാം ആണ്ട് മുതൽ തന്നെ അവിടെ ജനവാസം ഉണ്ടായിരുന്നതായി കരുതപ്പെടുന്നു. അവിടെ പാദമൂന്നിയ പ്രഥമ യൂറോപ്യൻ പര്യവേഷകൻ അന്തോണി ഹെണ്ടെയ് ആയിരുന്നു. അത് 1754-ൽ ആയിരുന്നു. 1905-ലാണ് എഡ്മണ്ടൺ അൽബേർത്തയുടെ തലസ്ഥാനമായി പ്രഖ്യാപിക്കപ്പെട്ടത്. പത്തൊമ്പതാം നൂറ്റാണിൽ ഈ നഗരം സുപ്രധാന കാർഷിക വ്യവസായിക കേന്ദ്രമായി. ഈ പ്രദേശം എണ്ണ സമൃദ്ധമാണ് എന്ന് കണ്ടെത്തിയതോടെ ഇരുപതാം നൂറ്റാണ്ടിൽ നാല്പതുകളിൽ ഈ നഗരം കാനഡയിലെ എണ്ണ തലസ്ഥാനം എന്ന ശീർഷകം നേടി. എണ്ണ ശുദ്ധീകരണ കേന്ദ്രമായിരിക്കുന്ന എഡ്മണ്ടൺ ഇന്ന് പ്രധാന വിനോദസഞ്ചാരകേന്ദ്രം കൂടിയാണ്.
എഡ്മണ്ടൺ അതിരൂപത
എഡ്മണ്ടൺ അതിരൂപത, വിശുദ്ധ ആൽബർട്ടിൻറെ നാമത്തിൽ,1871 സെപ്റ്റംബർ 22-നാണ് സ്ഥാപിതമായത്. 1912 നവമ്പർ 30-ന് ഇത് മെത്രാപ്പോലിത്തൻ രൂപതയായി ഉയർത്തപ്പെട്ടു. 81151 ചതുരശ്രകിലോമീറ്റർ വിസ്തൃതിയുള്ള ഈ അതിരൂപതയുടെ അതിർത്തിക്കുള്ളിൽ വസിക്കുന്ന 19 ലക്ഷത്തിലേറെ നിവാസികളിൽ കത്തോലിക്കർ 477148 ആണ്. ഇവർ 125 ഇടവകകളിലായി തിരിക്കപ്പെട്ടിരിക്കുന്നു. ഇവരുടെ ആത്മീയകാര്യങ്ങളിൽ ശ്രദ്ധിക്കുന്നതിന് 77 രൂപതാവൈദികരും എഴുപതോളം സന്ന്യസ്ത വൈദികരുമുണ്ട്. സന്ന്യാസിനികളുടെ സംഖ്യ 150-ഓളം വരും. ഈ അതിരൂപതയുടെ കീഴിൽ 345 വിദ്യഭ്യാസ സ്ഥാപനങ്ങളും 160 ഉപവിപ്രവർത്തന കേന്ദ്രങ്ങളും പ്രവർത്തിക്കുന്നു. അതിരൂപതാദ്ധ്യക്ഷൻ ആർച്ച്ബിഷപ്പ് റിച്ചാഡ് വില്ല്യം സ്മിത്താണ്.
ഉക്രേനിയൻ സഭാ എപ്പാർക്കി
ഉക്രൈയിൻ കത്തോലിക്ക സഭയുടെ എപ്പാർക്കിയുടെ ആസ്ഥാനവും എഡ്മണ്ടൺ ആണ്. 1951 മാർച്ച് 19ന് എക്സാർക്കേറ്റായി സ്ഥാപിക്കപ്പെടുകയും 1956 നവമ്പർ 3-ന് എപ്പാർക്കിയായി, അഥവാ, രൂപതയായി ഉയർത്തപ്പെടുകയുമായിരുന്നു ഇത്. 5000-ത്തിലേറെ കത്തോലിക്കർ അംഗങ്ങളായുള്ള ഈ എപ്പാർക്കിയിൽ 81 ഇടവകകളും 29 രൂപതാവൈദികരും 10 സന്ന്യസ്തവൈദികരുമുണ്ട്. 2 വിദ്യഭ്യാസസ്ഥാപനങ്ങളും 5 സാമൂഹ്യസേവന കേന്ദ്രങ്ങളും ഈ എപ്പാർക്കിയുടെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. എഡ്മണ്ടൺ എപ്പാർക്കിയുടെ അദ്ധ്യക്ഷൻ ബിഷപ്പ് ഡേവിഡ് മൊത്തിയുക് ആണ്.
രാഷ്ട്രത്തലവന്മാർക്ക് പാപ്പായുടെ ആശംസകൾ
എഡ്മണ്ടണിലേക്കുള്ള യാത്രയ്ക്കിടെ വിമാനം കാനഡയൊഴികെയുള്ള ഏതെല്ലാം രാജ്യങ്ങളുടെ മുകളിലൂടെ പറന്നുവോ ആ രാഷ്ട്രങ്ങളുടെ തലവന്മാർക്കെല്ലാം പാപ്പാ ടെലെഗ്രാം ആശംസാസന്ദേശങ്ങൾ അയച്ചു. ഇറ്റലിയുടെ പ്രസിഡൻറ് സേർജൊ മത്തരേല്ല, സ്വിറ്റ്സർലണ്ടിൻറെ പ്രസിഡൻറ് ഇഞ്ഞാസിയൊ കസ്സിസ്, ഫ്രാൻസിൻറ് പ്രസിഡൻറ് ഇമ്മാനുവെൽ മക്രോൺ, ബ്രിട്ടൻറെ രാജ്ഞി രണ്ടാം എലിസബത്ത്, ഐസ്ലാൻറിൻറെ പ്രസിഡൻറ് ഗുനി തോർലാസിയസ് ജോഹന്നസൻ, ഡന്മാർക്കിൻറെ രാജ്ഞി രണ്ടാം മാർഗരീത്ത എന്നീ രാഷ്ട്രത്തലവന്മാർക്കാണ് പാപ്പാ വിമാനത്തിൽ നിന്ന് പ്രാർത്ഥനപൂർവ്വമായ ആശംസകൾ നേർന്നത്.
സ്വാഗത-സ്വീകരണ ചടങ്ങ്
ഫ്രാൻസീസ് പാപ്പായെയും അനുചരരെയും വഹിച്ചുകൊണ്ടുള്ള ഇറ്റലിയുടെ ഇത്താ (ITA) എയർവെയ്സ് വ്യോമയാനം എഡ്മണ്ടണിലെ രാജ്യാന്തരവിമാനത്താവളത്തിൽ താണിറങ്ങി നിശ്ചലമായപ്പോൾ അന്നാട്ടിലെ അപ്പൊസ്തോലിക് നുൺഷ്യൊ ആർച്ചുബിഷപ്പ് ഇവാൻ യുർക്കൊവിച്ചും കാനഡയിലെ ഇടയസന്ദർശനകാര്യപരിപാടികളുടെ ചുമതലവഹിക്കുന്ന സംഘത്തലവനും വിമാനത്തിനകത്തേക്കു കയറുകയും പാപ്പായെ പുറത്തേക്കാനയിക്കുകയും ചെയ്തു. പാപ്പാ ഇറങ്ങുന്നതിനു മുമ്പ് പാപ്പായോടൊപ്പമുണ്ടായിരുന്ന വത്തിക്കാൻ സംസ്ഥാന കാര്യദർശി കർദ്ദിനാൾ പീയെത്രൊ പരോളിൻ ഉൾപ്പടെയുള്ളവർ പുറത്തിറങ്ങി. പുറത്തെത്തിയ പാപ്പായെ കാറിൽ വിമാനത്താവളത്തിൽത്തന്നെ സ്വീകരണ വേദിക്കരികിലേക്കു കൊണ്ടുവന്നു. കാറിൽ നിന്നിറങ്ങി ചക്രക്കസേരയിൽ ആസനസ്ഥനായ പാപ്പായെ ഗവർണ്ണർ ജനറൽ മേരി സൈമണും ഭർത്താവും പ്രധാനമന്ത്രി ജസ്റ്റിൻ ത്രുദേവും (Justin Trudeau) ചേർന്നു സ്വീകരിച്ചു. തദ്ദേശീയരുടെ, പാരമ്പര്യവേഷമണിഞ്ഞ പ്രതിനിധിയും പാപ്പായെ ഹസ്തദാനം ചെയ്തു. തദ്ദനന്തരം ഒരു ശാലയിലേക്കു പാപ്പായെ ആനയിച്ചു. പ്രധാനമന്ത്രിയുടെയും ഗവർണ്ണർ ജനറലിൻറെയും മദ്ധ്യേ ആസനസ്ഥനായ പാപ്പയ്ക്ക് ആദരവർപ്പിച്ചുകൊണ്ട് നാലുപേരടങ്ങിയ ഒരു ഗായക സംഘം താളവാദ്യത്തോടുകൂടി ഒരു നാടൻ ഗാനം ആലപിച്ചു. ഗാനം അവസാനിച്ചതിനെ തുടർന്ന് പാരമ്പര്യ വേഷമണിഞ്ഞ തദ്ദേശീയരുടെ പ്രതിനിധികൾ പാപ്പായുടെ പക്കലെത്തി അഭിവാദ്യമർപ്പിക്കുകയും പാപ്പാ അവരോടു കുശലാന്വേഷണം നടത്തുകയും ചെയ്തു. തുടർന്ന് പ്രതിനിധിസംഘങ്ങളെ പരിചയപ്പെടുന്ന ചടങ്ങായിരുന്നു. തദ്ദവസരത്തിൽ പാപ്പാ ചെറുസമ്മാനങ്ങൾ കൈമാറുന്നതും കാണാമായിരുന്നു. ഹ്രസ്വമായിരുന്ന ഈ സ്വാഗത-സ്വീകരണ പരിപാടിക്കു ശേഷം പാപ്പാ വിമാനത്താവളത്തിൽ നിന്ന് മുപ്പതിലേറെ കിലോമീറ്റർ അകലെ, വിശുദ്ധ യൗസേപ്പിതാവിൻറെ നാമത്തിലുള്ള സെൻറ് ജോസഫ് സെമിനാരിയിലേക്കു പോയി. ഈ സെമിനാരി 1927-ൽ പ്രവർത്തനമാരംഭിച്ചതാണ്. ദൈവവിളി വർദ്ധിച്ചതോടെ മറ്റൊരു സെമിനാരി 1957-ൽ സെൻറ് ആൽബെർട്ട് ട്രയലിൽ പണിതീർത്തു. 2010-ൽ മറ്റൊരിടത്തേക്ക് സെമിനാരി മാറ്റി. ഈ സെമിനാരിയിൽ വൈദികാർത്ഥികളും അവരുടെ പരിശീലകരുമുൾപ്പെടെയുള്ളവർക്ക് താമസിക്കാൻ 60 മുറികളുണ്ട്. സെമിനാരിയിലെത്തിയ പാപ്പായ്ക്ക് അവിടെയാണ് താമസസൗകര്യം ഒരുക്കിയിരുന്നത്. കാനഡയിൽ ആദ്യദിനമായിരുന്ന ഞായാറാഴ്ച പാപ്പായ്ക്ക് മറ്റ് ഔദ്യോഗിക പരിപാടികൾ ഒന്നും തന്നെയുണ്ടായിരുന്നില്ല. പാപ്പാ സെമിനാരിയിലെത്തിയപ്പോൾ ഉച്ചയായിരുന്നു. ഉച്ചഭക്ഷണം കഴിച്ച പാപ്പാ യാത്രാക്ഷീണം മൂലം അലപ്ം വിശ്രമിച്ചു.
പാപ്പായുടെ തിങ്കളാഴ്ചത്തെ പരിപാടികൾ
തൻറെ കാനഡ സന്ദർശനത്തിൻറെ രണ്ടാമത്തെ ദിനമായ തിങ്കളാഴ്‌ച രാവിലെ പാപ്പാ “കരടിയുടെ കുന്ന്” എന്നർത്ഥം വരുന്ന മസ്കവ്വാചിസ് എന്ന പ്രദേശത്തേക്കു പോകുകയും ഫസ്റ്റ് നേഷൻസ്, മേത്തിസ്, ഇനുയിത്ത് എന്നീ തദ്ദേശീയ വംശവിഭാഗങ്ങളുമൊത്ത് കൂടിക്കാഴ്ച നടത്തുകയും ചെയ്യും. ഉച്ചതിരിഞ്ഞ് പാപ്പാ തിരുഹൃദയദേവാലയത്തിൽ വച്ച് തദ്ദേശീയരെയും ഇടവകസമൂഹത്തെയും സംബോധന ചെയ്യും.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: