തിരയുക

പാപ്പായുടെ കാനഡ സന്ദർശനം - ലോഗോ പാപ്പായുടെ കാനഡ സന്ദർശനം - ലോഗോ 

പാപ്പായുടെ കാനഡ സന്ദർശനം: "ഒരുമിച്ചുള്ള സഞ്ചാരം "

ജൂലൈ 24 മുതൽ 30 വരെ ഫ്രാൻസിസ് പാപ്പാ കാനഡയിലേക്കു നടത്തുന്ന " അനുതാപ തീർത്ഥാടന"ത്തിന്റെ ലോഗോ ചിത്രീകരിച്ചത് തദ്ദേശീയ ഗ്രാഫിക് ആർട്ടിസ്റ്റായ ഷോൺ വിൻസെന്റാണ്.

സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

നേരത്തെ അറിയിച്ചിരുന്നതു പോലെ എഡ്മൺടൻ, മസ്ക്വച്ചീസ്, ക്യുബെക്, ഇഖാളുവിറ്റ് എന്നിവിടങ്ങളിലായിരിക്കും ഫ്രാൻസിസ് പാപ്പായുടെ യാത്രാ പരിപാടികൾ. കഴിഞ്ഞ ഞായറാഴ്ചയിലെ മദ്ധ്യാഹ്ന പ്രാർത്ഥനയിൽ പ്രധാനമായും ഈ യാത്ര നേരത്തെ തുടങ്ങിയ മുറിവുണക്കലിന്റെയും അനുരഞ്ജനത്തിന്റെയും യാത്രയ്ക്ക് ഉപകാരപ്പെടുന്ന ഒരു അനുതാപ തീർത്ഥാടനമായിരിക്കുമെന്ന് ഫ്രാൻസിസ് പാപ്പാ അറിയിച്ചു. വടക്കേ അമേരിക്കയിൽ മുൻ കാലങ്ങളിൽ നടപ്പിലാക്കിയിരുന്ന സാംസ്കാരിക സ്വാംശീകരണത്തിന്റെ നയങ്ങൾ പലതരത്തിൽ തദ്ദേശിയ സമൂഹങ്ങളെ ഗുരുതരമായി ദ്രോഹിച്ചിട്ടുണ്ടെന്ന പരാമർശത്തോടെയാണ് പാപ്പാ ഇത് പറഞ്ഞത്.

സൃഷ്ടിയുടെ പ്രക്രിയ

പാപ്പായുടെ സന്ദർശനത്തിനായി രൂപീകരിച്ചുള്ള  സംഘം ഔദ്യോഗിക ലോഗോയുടെ വിശദീകരണം നൽകി.

പ്രകൃതിയിൽ നിന്ന്  പ്രചോദനം ഉൾക്കൊണ്ടതാണ് തന്റെ സൃഷ്ടിയുടെ പ്രക്രിയയെന്നും, പ്രത്യേകിച്ച് തന്റെ വേരുകൾ ഉള്ളതും, താൻ എവിടെ നിന്നും വരുന്നെന്ന് തന്നെ ഓർമ്മിപ്പിക്കുന്ന ഒരു മേറ്റിസ് സമൂഹമായ സെന്റ്. ലവ്റന്റ്, മനിതൊബായിലെ തന്റെ കുടുംബഭൂമിയിൽ നിന്ന് പ്രചോദനം കൊണ്ടതാണെന്നും ഷോൺ വിൻസന്റ് പറഞ്ഞു.

കാനഡയിലെ വിന്നി പെഗ് ആസ്ഥാനമാക്കിയ വിൻസെന്റ് ഡിസൈൻ കമ്പനി നടത്തുന്ന ഷോണിനെ 2022 ന്റെ തുടക്കത്തിലാണ് സന്ദർശന സംഘം ലോഗോ വരയ്ക്കാൻ ഏൽപ്പിച്ചത്. നീണ്ട ഒരു വിചിന്തനത്തിനും മുതിർന്നവരോടും കുടുംബാംഗങ്ങളോടും സംസാരിച്ച ശേഷവുമാണ് ഫ്രാൻസിസ് പാപ്പായുടെ സന്ദർശനത്തിന്റെ ചിത്രങ്ങൾ തയ്യാറാക്കുന്നതിൽ പങ്കെടുക്കാൻ ഷോൺ തീരുമാനിച്ചത്.

"ഈ ലോഗോയിൽ ഞാൻ ചിത്രീകരിക്കാൻ ആഗ്രഹിച്ചത് കലമാനുകളുടേയും, കാട്ടുപോത്ത് കൂട്ടങ്ങളുടേയും, കന്നുകാലികൾ, മത്സ്യങ്ങൾ, കഴുകന്മാർ തുടങ്ങിയവയുടെ മദ്ധ്യേയുള്ള സമൂഹമാണ്.  ഭൂമിയുടേയും ആകാശത്തിന്റെയും ജലത്തിന്റെയും മൃഗങ്ങളുടേയും ഇടയിൽ സമാധാനത്തിന്റെ ഒരു പ്രാവ്  പരിശുദ്ധാത്മാവിനെയും, പത്രോസിന്റെ താക്കോൽ  പാപ്പായെയും പ്രതിനിധീകരിക്കുന്നു. മുറിവുണക്കലിന്റെയും അനുരഞ്ജനത്തിന്റെയും ഈയാത്രയിൽ എവിടെയെല്ലാം നമ്മൾ പോയാലും നമ്മൾ ഒരുമിച്ചാണ് പോവുക " എന്ന് ഷോൺ വിൻസെന്റ് വിശദീകരിച്ചു.

ആകൃതി

എന്തുകൊണ്ട് ലോഗോയ്ക്ക് വൃത്താകൃതി നൽകി എന്നതിന് ഷോൺ നൽകിയ വിശദീകരണം ഇതാണ്. "ഒരു ഉദ്ദേശ്യത്തിനായി ശരിക്കും ഒരുമിച്ച്  നീങ്ങാൻ ദിശയും ശ്രദ്ധയും ആവശ്യമാണ്. വൃത്താകൃതിയിലുള്ള പെരുമ്പറയാണ് നൃത്തവൃത്തങ്ങൾക്ക് താളം പകരുന്നത്.  വയലിനിന്റെ രാഗത്തിൽ പൂക്കളുള്ള മുത്തുകൾ തിളങ്ങുന്നു. വൃത്താകൃതിയിലുള്ള സൂര്യനു കീഴിൽ കണ്ഠനാളം പാടുമ്പോൾ കൈകൾ വൃത്താകൃതിയിൽ വിരിച്ചു പിടിക്കുന്നു. 

തദ്ദേശിയരുടെ ജീവിതത്തിൽ എവിടെയും വൃത്തം കാണാം. ഒരു വൃത്തത്തിൽ എല്ലാവരും തുല്യരാണ്, എല്ലാവരും ദൃശ്യരാണ്. ചടങ്ങിന് ഒരു ചിഹ്നം ആവശ്യമാണ്. ഇത് ചരിത്രമാണ്, അതിൽ ഞങ്ങളുടെ കഥകൾ ഉണ്ട്. അത് ഞങ്ങളാണ്. ഈ സംഭവത്തെ പ്രതിനിധീകരിക്കാനുള്ള ഒരു ചിഹ്നത്തിന് അതിന്റെ കേന്ദ്രത്തിൽ വിശ്വാസവും ശാന്തതയും ഉണ്ടായിരിക്കണം. അതിനാലാണ് ഈ അടയാളം, അതിന്റെ ആകൃതിയിലടങ്ങിയിട്ടുള്ള പാഠങ്ങളോടെ  കേന്ദ്രമാക്കാൻ ഞാൻ തിരഞ്ഞെടുത്തത്." ഷോൺ വിൻസെന്റ് വിശദീകരിച്ചു. കാനഡയുടെ വിശാലമായ ഭൂപ്രകൃതി കണക്കിലെടുക്കുമ്പോൾ 3 സമൂഹങ്ങളെയാണ് ഫ്രാൻസിസ് പാപ്പാ തന്റെ സന്ദർശനത്തിന്റെ താവളമാക്കുന്നത്.

എഡ്മൺടൺ

കാനഡയിലെ നഗര കേന്ദ്രങ്ങളിൽ താമസിക്കുന്ന രണ്ടാമത്തെ വലിയ തദ്ദേശീയരുടെ വാസസ്ഥലമാണിത്. കൂടാതെ 25 റസിഡൻഷ്യൽ സ്കൂളുകൾ ഈ ആൽബർട്ട പ്രവിശ്യയിലായിരുന്നു.

ഇഖാളുവിറ്റ്

കാനഡയുടെ ആർട്ടിക് പ്രദേശത്ത് വസിക്കുന്ന തദ്ദേശിയ എസ്കിമോ രാഷ്ട്രത്തിന്റെ അംഗങ്ങളായ ഏതാണ്ട് 8000 പേരുടെ വാസസ്ഥലമാണിത്.  ഇവിടം സന്ദർശിക്കാൻ മാർച്ചിൽ റോമിൽ നടന്ന സമ്മേളനത്തിൽ വച്ച്  ഇനുയിറ്റ് പ്രതിനിധികൾ ഫ്രാൻസിസ് പാപ്പായെ വ്യക്തിപരമായി ക്ഷണിക്കുകയായിരുന്നു.

ക്യുബെക്

തദ്ദേശിയരും, കാനഡയിൽ നിന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും എല്ലാ വർഷവും ധാരാളം തീർത്ഥാടകരെത്തുന്ന വടക്കൻ അമേരിക്കയിലെ പുരാതനവും സുപ്രസിദ്ധവുമായ തീർത്ഥാടന കേന്ദ്രമായ സെന്റ്. ആൻ ദെ ബുപ്രെ സ്ഥിതി ചെയ്യുന്ന സ്ഥലമാണ്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

22 July 2022, 12:27