തിരയുക

പാപ്പാ: കാണുക, മനസ്സലിവുള്ളവരാകുക!

ഫ്രാൻസീസ് പാപ്പായുടെ ത്രികാലജപ സന്ദേശം: നല്ല സമറിയാക്കരനെപ്പോലെ ഇപ്പോൾ ചെയ്യേണ്ട കടമകൾ നിർവ്വഹിക്കുന്നതിൽ ശ്രദ്ധയുള്ളവരാകുക, "വഴിയുടെ ശിഷ്യർ" ആകുക.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ആദിത്യകിരണങ്ങളാൽ കുളിച്ചു നിന്ന സുന്ദരസുദിനമായിരുന്നു ഈ ഞായറാഴ്ച (10/07/22) റോമിൽ. യൂറോപ്പിൽ വേനലവധിക്കാലം ആരംഭിച്ചിരിക്കുന്നതിനാൽ പ്രതിവാരപൊതുകൂടിക്കാഴ്ച ഉൾപ്പടെയുള്ള ഔദ്യോഗിക പരിപാടികളിൽ നിന്നെല്ലാം വിട്ടു നില്ക്കുകയാണെങ്കിലും ഫ്രാൻസീസ് പാപ്പാ, ഞായറാഴ്ചകളിലെ പതിവനുസരിച്ചുള്ള മദ്ധ്യാഹ്ന പ്രാർത്ഥന നയിച്ചു. ഇതിൽ പങ്കുകൊള്ളുന്നതിന് വിവിധ രാജ്യക്കാരായിരുന്ന നിരവധി വിശ്വാസികൾ വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ ചത്വരത്തിൽ  സന്നിഹിതരായിരുന്നു. വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ മുന്നിലുള്ള ചത്വരത്തിൽ, ബസിലിക്കയ്ക്ക് അഭിമുഖമായി നില്ക്കുകയാണെങ്കിൽ, വലത്തു വശത്തായി കാണപ്പെടുന്ന പേപ്പൽ അരമനയുടെ ഒരു ഭാഗത്തിൻറെ ഏറ്റവും മുകളിലത്തെ നിലയിലുള്ള പതിവു ജാലകത്തിങ്കൽ നിന്നുകൊണ്ടായിരുന്നു പാപ്പാ കർത്താവിൻറെ മാലാഖ എന്നാരംഭിക്കുന്ന ത്രികാല ജപം നയിച്ചത്.  റോമിലെ സമയം ഉച്ചയ്ക്ക് 12 മണിക്ക്, ഇന്ത്യയിലെ സമയം, ഇന്ത്യയും ഇറ്റലിയും തമ്മിൽ ഇപ്പോഴുള്ള സമയവിത്യാസമനുസരിച്ച്, ഉച്ചതിരിഞ്ഞ് 3,30-ന് പ്രാർത്ഥന ചൊല്ലുന്നതിനായി പാപ്പാ, ആ സമയത്തിന് അല്പം മുമ്പ് ജാലകത്തിങ്കൽ പ്രത്യക്ഷനായപ്പോൾ ബസിലിക്കാങ്കണത്തിൽ സന്നിഹിതരായിരുന്ന ജനസഞ്ചയത്തിൻറെ കരഘോഷവും ആനന്ദരവങ്ങളും ഉയർന്നു. പ്രാർത്ഥനയ്ക്കു മുമ്പ്, പാപ്പാ, പതിവുപോലെ നടത്തിയ വിചിന്തനത്തിന് ആധാരം, ലത്തീൻ റീത്തിൻറെ ആരാധനാക്രമനുസരിച്ച്, ഈ ഞായറാഴ്ച (10/07/22) ദിവ്യബലി മദ്ധ്യേ വായിക്കപ്പെട്ട ദൈവവചന ഭാഗങ്ങളിൽ, ലൂക്കായുടെ സുവിശേഷം പത്താം അദ്ധ്യായം 25-37 വരെയുള്ള വാക്യങ്ങൾ, അതായത്, നിത്യജീവൻ അവകാശമാക്കാൻ എന്തു ചെയ്യണം എന്ന് തന്നെ പരീക്ഷിക്കുന്നതിനായി തന്നോടു  ചോദിക്കുന്ന നിയമജ്ഞനുമായി യേശു നടത്തുന്ന സംഭാഷണവും അവിടന്നു പറയുന്ന നല്ല സമറിയാക്കാരൻറെ ഉപമയും ആയിരുന്നു. ഇറ്റാലിയൻ ഭാഷയിലായിരുന്ന തൻറെ വിചിന്തനത്തിൽ പാപ്പാ ഇപ്രകാരം പറഞ്ഞു :

കൊള്ളടിക്കപ്പെട്ട് മുറിവേറ്റു കിടക്കുന്നവനും നല്ല സമറായനും 

പ്രിയ സഹോദരീസഹോദരന്മാരേ, ശുഭദിനം!

ഇന്നത്തെ ആരാധനാക്രമത്തിലെ സുവിശേഷം നല്ല സമറിയാക്കാരൻറെ ഉപമ അവതരിപ്പിക്കുന്നു (ലൂക്കാ 10:25-37), നമുക്കെല്ലാവർക്കും സുപരിചിതമാണ് അത്. പശ്ചാത്തലത്തിൽ കാണുന്നത് ജറുസലേമിൽ നിന്ന് ജെറിക്കോയിലേക്കുള്ള പാതയാണ്, ആ വഴിയിൽ ഒരു മനുഷ്യൻ കൊള്ളക്കാരുടെ മർദ്ദനമേറ്റ് കവർച്ചചെയ്യപ്പെട്ട് രക്തം വാർന്ന് കിടക്കുന്നു. ആ വഴിയിലൂടെ യാത്രചെയ്യുന്ന ഒരു പുരോഹിതൻ അവനെ കണ്ടെങ്കിലും നില്ക്കാതെ കടന്നുപോകുന്നു; ദേവാലയ നടത്തിപ്പ് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ സഹായിക്കുകയെന്ന ദൗത്യമുള്ള ആളായ ഒരു ലേവായനും അപ്രകാരം തന്നെ ചെയ്യുന്നു. സുവിശേഷം പറയുന്നു "എന്നാൽ, ഒരു സമറിയാക്കാരൻ യാത്രാമദ്ധ്യേ, അവനെ കണ്ടു മനസ്സലിഞ്ഞു" (ലൂക്കാ 10,33). ഈ വാക്ക് നാം മറക്കരുത്: “അവനോട് അനുകമ്പ തോന്നി”, ഒരു പ്രശ്നത്തിൽ, ഒരു പാപത്തിൽ, ഒരു ദുരിതത്തിൽ നാം അകപ്പെടുമ്പോഴെല്ലാം ദൈവത്തിന് ഉണ്ടാകുന്ന വികാരമാണിത്. “അവനോട് മനസ്സലിവുണ്ടായി”  ആ സമറിയാക്കാരൻ യാത്ര ചെയ്യുകയായിരുന്നുവെന്ന് സുവിശേഷകൻ എടുത്തു പറയുന്നു. അതിനാൽ, ആ സമറിയാക്കാരന്  അവൻറെതായ കാര്യങ്ങൾ ഉണ്ടായിരുന്നിട്ടും, അകലെയുള്ള ലക്ഷ്യസ്ഥാനത്ത് എത്തേണ്ടിയിരുന്നിട്ടും ഒഴികഴിവുകൾ കണ്ടെത്തുന്നില്ല, മറിച്ച് ആ വഴിയിൽ സംഭവിച്ച കാര്യങ്ങളിൽ ഇടപെടാൻ തീരുമാനിക്കുന്നു. ഇടപെടാൻ സ്വയം അനുവദിക്കുന്നു. നമുക്ക് അതിനെക്കുറിച്ചൊന്നു ചിന്തിക്കാം: അങ്ങനെ ചെയ്യാനല്ലേ കർത്താവ് നമ്മെ പഠിപ്പിക്കുന്നത്? അകലത്തിലേക്ക്, അന്തിമ ലക്ഷ്യത്തിലേക്ക് നോക്കാനും അതിലെത്തിച്ചേരുന്നതിന് ഇവിടെ ഇപ്പോൾ നിർവ്വഹിക്കേണ്ട കാര്യങ്ങളിൽ ഏറെ ശ്രദ്ധ ചെലുത്താനും.

"വഴിയുടെ ശിഷ്യന്മാർ"

ആദിമ ക്രിസ്ത്യാനികളെ "വഴിയുടെ ശിഷ്യന്മാർ" (ക്രിസ്തുമാർഗ്ഗം സ്വീകരിച്ചവർ), അതായത് മാർഗ്ഗത്തിൻറെ ശിഷ്യർ, എന്ന് വിളിച്ചിരുന്നത് ശ്രദ്ധേയമാണ് (അപ്പസ്തോലപ്രവർത്തനങ്ങൾ 9: 2). സത്യത്തിൽ, വിശ്വാസി സമറിയാക്കാരനോട് വളരെ സാമ്യമുള്ളവനാണ്: അവൻ യാത്രയിലാകയാൽ അവൻ ഒരു സഞ്ചാരിയാണ്. താൻ "ലക്ഷ്യപ്രാപ്തനല്ലെന്ന്" അവനറിയാം, എന്നാൽ “ഞാൻ വഴിയും സത്യവും ജീവനും” ആണ്, (യോഹന്നാൻ 14,6) ഞാനാണ് മാർഗ്ഗം എന്നു പറഞ്ഞ യേശുവിനെ പിഞ്ചെന്നുകൊണ്ട് അനുദിനം പഠിക്കാൻ അവൻ ആഗ്രഹിക്കുന്നു. കർത്താവായ യേശുവിനെ പിന്തുടരുന്നു, അവൻ പറഞ്ഞു: "ഞാൻ തന്നെ വഴിയും സത്യവും ജീവനും" (യോഹ. 14: 6), "ഞാൻ വഴിയാണ്". ക്രിസ്തുശിഷ്യൻ അവനെ പിന്തുടരുന്നു, അങ്ങനെ "വഴിയുടെ ശിഷ്യൻ" ആയിത്തീരുന്നു. അവൻ കർത്താവിൻറെ പിന്നാലെ പോകുന്നു, അവൻ അലസനല്ല, അങ്ങനെയല്ല, എന്നാൽ എപ്പോഴും യാത്രയിലാണ്: വഴിയിൽ അവൻ ആളുകളെ കണ്ടുമുട്ടുന്നു, രോഗികളെ സുഖപ്പെടുത്തുന്നു, ഗ്രാമങ്ങളും നഗരങ്ങളും സന്ദർശിക്കുന്നു. ഇതുതന്നെയാണ് കർത്താവ് ചെയ്തത്, അവിടന്ന് എപ്പോഴും യാത്രയിലാണ്.

ക്രിസ്തുവിൻറെ കാല്പാടുകൾ പിൻചെല്ലുന്നവർ

അതിനാൽ തൻറെ ചിന്താരീതിയും പ്രവർത്തനരീതിയും ക്രമേണ മാറുന്നതും ഗുരുവിൻറെ  രീതിയുമായി കൂടുതൽ കൂടുതൽ പൊരുത്തപ്പെടുന്നതും "മാർഗ്ഗത്തിൻറെ ശിഷ്യൻ", അതായത്, ക്രൈസ്തവരായ നമ്മൾ,  കാണുന്നു. ക്രിസ്തുവിൻറെ കാൽപ്പാടുകളിലുടെ നടക്കുമ്പോൾ, ഒരുവൻ ഒരു സഞ്ചാരിയായി മാറുന്നു, അവൻ  സമറിയാക്കാരനെപ്പോലെ  കാണാനും അനുകമ്പ കാണിക്കാനും പഠിക്കുന്നു. അവൻ കാണുകയും കരുണ കാണിക്കുകയും ചെയ്യുന്നു. സർവ്വോപരി, അവൻ കാണുന്നു: അവൻ യാഥാർത്ഥ്യത്തിനു നേരെ കണ്ണുകൾ തുറക്കുന്നു, അവൻ സ്വന്തം ചിന്തകൾക്കു ചുറ്റും സ്വാർത്ഥപരമായി സ്വയം അടച്ചിടില്ല. എന്നാൽ, പുരോഹിതനും ലേവ്യനും ദൗർഭാഗ്യനായവനെ കാണുന്നുവെങ്കിലും അവർ അവനെ കാണാത്തതുപോലെ, മുഖം തിരിച്ച് കടന്നുപോകുന്നു. സുവിശേഷം നമ്മെ കാണാൻ പഠിപ്പിക്കുന്നു: മുൻവിധികളെയും പിടിവാശികളെയും അതിജീവിച്ച് യാഥാർത്ഥ്യം ശരിയായി മനസ്സിലാക്കുന്നതിലേക്ക് അത് അനുദിനം നമ്മെ ഓരോരുത്തരെയും നയിക്കുന്നു. പല വിശ്വാസികളും യാഥാർത്ഥ്യത്തിൽ നിന്ന് സ്വയം പ്രതിരോധിക്കാൻ പിടിവാശിയിൽ അഭയം പ്രാപിക്കുന്നു. സുവിശേഷം നമ്മെ യേശുവിനെ അനുഗമിക്കാൻ പഠിപ്പിക്കുന്നു, കാരണം യേശുവിനെ അനുഗമിക്കുന്നത്  അനുകമ്പയുള്ളവരായിരിക്കാൻ നമ്മെ പഠിപ്പിക്കുന്നു - കാണാനും അനുകമ്പ കാണിക്കാനും: അതായത്, മറ്റുള്ളവരെ, സർവ്വോപരി, കഷ്ടപ്പെടുന്നവരെ, ഏറ്റവും ആവശ്യത്തിലിരിക്കുന്നവരെക്കുറിച്ച് അവബോധമുള്ളവാരയിരിക്കാൻ. സമറിയാക്കാരനെപ്പോലെ ഇടപെടാൻ. കടന്നു പോകാതെ, നിൽക്കാൻ.

തിരിച്ചറിവുള്ളവരാകുക, കരുണയുള്ളവരാകുക

ഈ സുവിശേഷ ഉപമയ്ക്ക് മുന്നിൽ, കുറ്റപ്പെടത്തുകയോ, സ്വയം കുറ്റമാരോപിക്കുകയോ മറ്റുള്ളവരെ പുരോഹിതനോടും ലേവ്യനോടും താരതമ്യപ്പെടുത്തി അവർക്കു നേരെ വിരൽ ചൂണ്ടുകയോ ചെയ്യാനുള്ള സാദ്ധ്യതയുണ്ട്: അതായത് "ഇയാൾ, അയാൾ കടന്നുപോകുന്നു, നില്ക്കുന്നില്ല...” അല്ലെങ്കിൽ, മറ്റുള്ളവരുടെ കാര്യത്തിൽ ശ്രദ്ധിക്കുന്നതിൽ വന്നിട്ടുള്ള സ്വന്തം പോരായ്മകൾ എണ്ണിപ്പറഞ്ഞുകൊണ്ട് സ്വയം കുറ്റപ്പെടുത്തിയേക്കാം. എന്നാൽ വിഭിന്നമായൊരു കർമ്മം നിർദ്ദേശിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. അത് നമ്മെത്തന്നെ കുറ്റപ്പെടുത്തുന്നതിനെക്കുറിച്ചല്ല. ഇല്ല. തീർച്ചയായും, നാം നിസ്സംഗരായിരിക്കുകയും സ്വയം ന്യായീകരിക്കുകയും ചെയ്തത് നാം തിരിച്ചറിയണം, പക്ഷേ അവിടെ നിന്നുപോകരുത്. ഇത് തെറ്റാണെന്ന് നമ്മൾ തിരിച്ചറിയണം. എന്നാൽ നമ്മുടെ സ്വാർത്ഥപരമായ നിസ്സംഗതയിൽ നിന്ന് നമ്മെ രക്ഷിക്കാനും നമ്മെ പാതയിലെത്തിക്കാനും നാം കർത്താവിനോട് പ്രാർത്ഥിക്കണം. കാണാൻ കഴിയുന്നതിനും അനുകമ്പയുള്ളവരായിരിക്കുന്നതിനും നമുക്ക് അവിടത്തോട് അപേക്ഷിക്കാം. ഇത് ഒരു കൃപയാണ് – അത് നാം കർത്താവിനോട് ചോദിക്കണം: " കർത്താവേ, എനിക്ക് കാണാൻ കഴിയട്ടെ, എന്നെ നീ കാണുന്നതുപോലെ കാണാനും നിനക്ക് എന്നോട് അനുകമ്പയുള്ളതു പോലെ എനിക്കും കരുണ തോന്നാനും സാധിക്കട്ടെ. ഇതാണ് ഞാൻ നിർദ്ദേശിക്കുന്ന പ്രാർത്ഥന., കർത്താവേ, നീ എന്നെ കാണുന്നതുപോലെ എനിക്കു കാണാൻ കഴിയട്ടെ, നിനക്ക് എന്നോടുള്ളതു പോലെ എനിക്ക് മറ്റുള്ളവരോട് അനുകമ്പ ഉണ്ടാകട്ടെ. വഴിയിൽ കണ്ടുമുട്ടുന്നവരോട്, പ്രത്യേകിച്ച് കഷ്ടപ്പെടുന്നവരോടും ആവശ്യത്തിലിരിക്കുന്നവരോടും ഞങ്ങൾ കരുണയുള്ളവരാകട്ടെ. അവരുടെ ചാരത്തായിരിക്കാനും അവരെ സഹായിക്കാൻ സാദ്ധ്യമായത് ചെയ്യാനും ഞങ്ങൾക്ക് കഴിയട്ടെ. ആത്മീയ കാര്യങ്ങളെക്കുറിച്ച് സംസാരിക്കാൻ വരുന്ന ക്രൈസ്തവരായ സ്ത്രീപുരുഷന്മാരോട് ഞാൻ അവർ ഭിക്ഷകൊടുക്കാറുണ്ടോ എന്ന് ചോദിക്കാറുണ്ട്. "അതെ", എന്ന് ഉത്തരം പറയുന്ന വ്യക്തിയോട് ഞാൻ വീണ്ടും ചോദിക്കും - "എന്നിട്ട് പറയൂ, നീ നാണയം കൊടുക്കുമ്പോൾ അത് സ്വീകരിക്കുന്നയാളുടെ കൈയിൽ സ്പർശിക്കുന്നുണ്ടോ? " - "ഇല്ല, ഇല്ല, ഞാൻ അത് എറിഞ്ഞു കൊടുക്കുന്നു." - "നീ ആ വ്യക്തിയുടെ കണ്ണുകളിലേക്ക് നോക്കുന്നുണ്ടോ?" - "ഇല്ല, അങ്ങനെ ഒരു കാര്യം മനസ്സിൽ വരുന്നില്ല." യാഥാർത്ഥ്യത്തെ സ്പർശിക്കാതെ, ആവശ്യത്തിലിരിക്കുന്നവൻറെ കണ്ണുകളിലേക്ക് നോക്കാതെ നിങ്ങൾ ദാനം ചെയ്താൽ, ആ ദാനം അവനുള്ളതല്ല നിനക്കുള്ളതാണ്. ഇതെക്കുറിച്ച് ആലോചിച്ചു നോക്കൂ. ഞാൻ ദുരിതങ്ങളെ, ഞാൻ സഹായഹസ്തം നീട്ടുന്നത് ഏത് ദുരിതങ്ങൾക്കാണോ അവയെ പോലും തൊട്ടറിയുന്നുണ്ടോ? കഷ്ടപ്പെടുന്ന ആളുകളുടെ, ഞാൻ സഹായിക്കുന്ന ആളുകളുടെ കണ്ണുകളിലേക്ക് ഞാൻ നോക്കുന്നുണ്ടോ? ഈ ചിന്തയാണ് ഞാൻ നിങ്ങൾക്ക് നൽകുന്നത്: അതായത് കാണുക അനുകമ്പ കാട്ടുക.

വളർച്ചയുടെ ഈ യാത്രയിൽ കന്യകാമറിയം നമുക്ക് തുണയായിരിക്കട്ടെ. "നമുക്ക് വഴി കാട്ടുന്ന", അതായത് യേശുവിനെ കാണിച്ചുതരുന്ന, അവൾ, കൂടുതൽ കൂടുതൽ "വഴിയുടെ ശിഷ്യന്മാരായി" മാറാൻ നമ്മെ സഹായിക്കട്ടെ.

ഈ വാക്കുകളെ തുടർന്ന് പാപ്പാ കര്‍ത്താവിന്‍റെ മാലാഖ എന്നാരംഭിക്കുന്ന പ്രാർത്ഥന നയിക്കുകയും ആശീർവ്വാദം നല്കുകയും ചെയ്തു.       ആശീർവ്വാദാനന്തരം പാപ്പാ ശ്രീലങ്കയിലെ ജനങ്ങളുടെ ദുരിതാവസ്ഥയെക്കുറിച്ച് അനുസ്മരിച്ചുകൊണ്ട് ഇപ്രകാരം പറഞ്ഞു:

ശ്രീലങ്കയ്ക്കു വേണ്ടി പാപ്പായുടെ അഭ്യർത്ഥന

രാഷ്ട്രീയവും സാമ്പത്തികവുമായ അരക്ഷിതാവസ്ഥയുടെ അനന്തരഫലങ്ങൾ അനുഭവിക്കുന്ന ശ്രീലങ്കയിലെ ജനങ്ങളുടെ വേദനയിൽ ഞാനും പങ്കുചേരുന്നു. സമാധാനത്തിനായുള്ള എൻറെ അഭ്യർത്ഥന ഞാൻ അന്നാട്ടിലെ മെത്രാന്മരോടു ചേർന്ന് നവീകരിക്കുകയും പാവപ്പെട്ടവരുടെ രോദനവും ജനങ്ങളുടെ ആവശ്യങ്ങളും അവഗണിക്കാതിരിക്കാൻ അധികാരികളോട് അഭ്യർത്ഥിക്കുകയും ചെയ്യുന്നു.

പാപ്പാ ലിബിയയിലെ ജനങ്ങളെ അനുസ്മരിക്കുന്നു 

സാമൂഹ്യ സാമ്പത്തികങ്ങളായ ഗുരുതര പ്രശ്നങ്ങൾ അലട്ടുന്ന ലിബിയയിലെ ജനങ്ങളെ, വിശിഷ്യ, അന്നാട്ടിലെ യുവതയെ പാപ്പാ പ്രത്യേകം അനുസ്മരിച്ചു. അന്താരാഷ്ട്ര സമൂഹത്തിൻറെ സഹായത്തോടുകൂടി, രചനാത്മക സംഭാഷണവും ദേശീയ അനുരഞ്ജനവും വഴി ബോധ്യദായക പരിഹാരങ്ങൾ തേടാൻ പാപ്പാ എല്ലാവരോടും അഭ്യർത്ഥിച്ചു.

ഉക്രൈയിനു വേണ്ടി 

അനുദിനം നിഷ്ഠൂരാക്രമണങ്ങളാൽ പീഢിപ്പിക്കപ്പെടുന്ന ഉക്രൈയിനിലെ ജനങ്ങളുടെ ചാരെ താനുണ്ടെന്ന് പാപ്പാ ആവർത്തിച്ചുറപ്പു നല്കി. സാധാരണ ജനങ്ങളാണ് ഈ ക്രൂരമായ ആക്രമണങ്ങൾക്ക് വില നൽകേണ്ടി വരുന്നതെന്ന് പാപ്പാ പറഞ്ഞു. എല്ലാ കുടുംബങ്ങൾക്കും പ്രത്യേകിച്ച് ആക്രമണങ്ങൾക്ക് ഇരകളായവർക്കും മുറിവേറ്റവർക്കും രോഗികൾക്കും വൃദ്ധജനത്തിനും കുട്ടികൾക്കും വേണ്ടി പ്രാർത്ഥിച്ച പാപ്പാ, ഈ ഭ്രാന്തമായ യുദ്ധം അവസാനിപ്പിക്കാൻ ദൈവം വഴി കാണിക്കട്ടെയെന്ന് പ്രാർത്ഥനാപൂർവ്വം ആശംസിച്ചു.

സമുദ്ര ഞായർ ആചരണം 

ജൂലൈ മാസത്തിലെ രണ്ടാമത്തെ ഞായറാഴ്‌ച, ഈ പത്താം തീയതി, ക്രൈസ്തവർ സമുദ്ര ഞായർ ആചരിച്ചതും പാപ്പാ അനുസ്മരിച്ചു. വിലയേറിയ പ്രവർത്തനം കാഴ്ചവയ്ക്കുന്ന നാവികരെ ആദരവോടെയും നന്ദിയോടെയും അനുസ്മരിക്കുന്നുവെന്നും അതു പോലെ തന്നെ "സ്റ്റെല്ല മാരിസിൻറെ" അജപാലന പ്രവർത്തകരെയും സന്നദ്ധപ്രവർത്തകരെയും നാം ഓർക്കുന്നുവെന്നും യുദ്ധമേഖലകളിൽ ഒറ്റപ്പെട്ടുപോയ നാവികർക്ക് സ്വഭവനങ്ങളിൽ തിരിച്ചെത്താൻ കഴിയുന്നതിന് അവരെ താൻ പരിശുദ്ധ കന്യകാമറിയത്തിന് ഭരമേല്പിക്കുന്നുവെന്നും പാപ്പാ പറഞ്ഞു.

സമാപനാഭിവാദ്യം

തുടർന്നു പാപ്പാ വിവിധ രാജ്യങ്ങളിൽ നിന്ന് എത്തിയിരുന്ന തീർത്ഥാടകരെ അഭിവാദ്യം ചെയ്തു. തദ്ദനന്തരം പാപ്പാ, ത്രികാലപ്രാർത്ഥനയിൽ സംബന്ധിച്ച എല്ലാവർക്കും നല്ലൊരു ഞായർ ആശംസിക്കുകയും തനിക്കുവേണ്ടി പ്രാർത്ഥിക്കാൻ മറക്കരുതെന്ന പതിവ് അഭ്യർത്ഥന നവീകരിക്കുകയും ചെയ്തു. അതിനു ശേഷം പാപ്പാ, എല്ലാവ‍ര്‍ക്കും നല്ല ഒരു ഉച്ചവിരുന്നു നേരുകയും വീണ്ടും കാണാമെന്നു പറയുകയും ചെയ്തുകൊണ്ട് സുസ്മേരവദനനായി കൈകൾ വീശി ജാലകത്തിങ്കൽ നിന്നു പിൻവാങ്ങി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

11 July 2022, 09:27

ത്രികാലപ്രാര്‍ത്ഥന - ദിവസത്തിൽ മൂന്നു പ്രാവശ്യം ജപിക്കുന്ന സഭയുടെ ഔദ്യോഗിക പ്രാർത്ഥനയാണിത്. സനാതനമായ രക്ഷാകര രഹ്യമാണ് ഇതിന്‍റെ ഉള്ളടക്കം. രാവിലെ
6 മണിക്കും, മദ്ധ്യാഹ്നം 12 മണിക്കും, വൈകുന്നേരം 6 മണിക്കും ദേവാലയമണി മുഴങ്ങുമ്പോഴാണ് ഇത് ഉരുവിടുന്നത്.  

കര്‍ത്താവിന്‍റെ മാലാഖ... എന്നു തുടങ്ങുന്ന ത്രികാലജപം സാധാരണകാലങ്ങളില്‍ ചൊല്ലുമ്പോള്‍ പെസഹാക്കാലത്ത് സ്വര്‍ല്ലോക രാജ്ഞിയേ... എന്ന പ്രാര്‍ത്ഥനയുമാണ് ചൊല്ലുന്നത്. പ്രാര്‍ത്ഥനയുടെ ഇടയ്ക്ക് ചൊല്ലുന്ന നന്മനിറഞ്ഞ മറിയമേ, എന്ന ജപം ക്രിസ്തുവിന്‍റെ രക്ഷാകര ചരിത്രത്തില്‍ മറിയത്തിനുള്ള പങ്ക് വിളിച്ചോതുന്നു. ത്രിത്വസ്തുതിയോടെയാണ് ത്രികാലപ്രാര്‍ത്ഥന അവസാനിക്കുന്നത്.


പൊതുവെ എല്ലാ ഞായറാഴ്ചകളിലും സവിശേഷദിനങ്ങളിലും മദ്ധ്യാഹ്നത്തിലാണ് “ആഞ്ചെലൂസ്…” എന്ന ശീര്‍ഷകത്തില്‍ പാപ്പായുടെ സാന്നിദ്ധ്യത്തില്‍ ത്രികാലപ്രാ‍ര്‍ത്ഥന നടത്തപ്പെടുന്നത്. ഞായറാഴ്ചകളില്‍ മദ്ധ്യാഹ്നം കൃത്യം 12 മണിക്ക് വത്തിക്കാനിലെ അപ്പസ്തോലിക അരമനയുടെ മൂന്നാംനിലയുടെ രണ്ടാം ജാലകത്തില്‍ പ്രത്യക്ഷപ്പെട്ട്, താഴെ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ സമ്മേളിച്ചിരിക്കുന്ന തീര്‍ത്ഥാടകര്‍ക്കും സന്ദര്‍ശകര്‍ക്കുമൊപ്പം പാപ്പാ ത്രികാലപ്രാര്‍ത്ഥന ചൊല്ലുന്ന പതിവിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്.

ഏറ്റവും ഒടുവിലത്തെ ത്രികാലപ്രാര്‍ത്ഥന

വായിച്ചു മനസ്സിലാക്കാന്‍ >