തിരയുക

തിരഞ്ഞെടുക്കേണ്ട "മികച്ച ഭാഗം": യേശുവചന ശ്രവണം!

യേശു മാർത്താ-മറിയം സഹോദരിമാരുടെ ഭവനം സന്ദർശിക്കുന്ന സുവിശേഷഭാഗത്തെ അവലംബമാക്കി, ജൂലെ 17-ന്, ഞായറാഴ്ച മാർപ്പാപ്പാ പങ്കുവച്ച ത്രികാലജപ സന്ദേശം: "യേശുവചനം അമൂർത്തമല്ല, അത് ജീവിതത്തെ സ്പർശിക്കുകയും രൂപപ്പെടുത്തുകയും, പരിവർത്തനം ചെയ്യുകയും, തിന്മയുടെ അതാര്യതയിൽ നിന്ന് സ്വതന്ത്രമാക്കുകയും, സംതൃപ്തമാക്കുകയും, കടന്നുപോകാത്ത സന്തോഷം പകരുകയും ചെയ്യുന്ന ഒരു പ്രബോധനമാണ്"

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

യൂറോപ്പിൽ വേനൽക്കാലാവധിയുടെ വേളയാണെങ്കിലും ഫ്രാൻസീസ് പാപ്പാ ഈ ഞായറാഴ്ചയും (17/07/22) വത്തിക്കാനിൽ നയിച്ച മദ്ധ്യാഹ്ന പ്രാർത്ഥനയിൽ പങ്കുകൊള്ളുന്നതിന് വിവിധ രാജ്യക്കാരായിരുന്ന നിരവധി വിശ്വാസികൾ വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ ചത്വരത്തിൽ  സന്നിഹിതരായിരുന്നു. വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ മുന്നിലുള്ള ചത്വരത്തിൽ, ബസിലിക്കയ്ക്ക് അഭിമുഖമായി നില്ക്കുകയാണെങ്കിൽ, വലത്തു വശത്തായി കാണപ്പെടുന്ന പേപ്പൽ അരമനയുടെ ഒരു ഭാഗത്തിൻറെ ഏറ്റവും മുകളിലത്തെ നിലയിലുള്ള പതിവു ജാലകത്തിങ്കൽ നിന്നുകൊണ്ടായിരുന്നു പാപ്പാ കർത്താവിൻറെ മാലാഖ എന്നാരംഭിക്കുന്ന ത്രികാല ജപം നയിച്ചത്.  റോമിലെ സമയം ഉച്ചയ്ക്ക് 12 മണിക്ക്, ഇന്ത്യയിലെ സമയം, ഇന്ത്യയും ഇറ്റലിയും തമ്മിൽ ഇപ്പോഴുള്ള സമയവിത്യാസമനുസരിച്ച്, ഉച്ചതിരിഞ്ഞ് 3,30-ന് പ്രാർത്ഥന ചൊല്ലുന്നതിനായി പാപ്പാ, ആ സമയത്തിന് അല്പം മുമ്പ് ജാലകത്തിങ്കൽ പ്രത്യക്ഷനായപ്പോൾ ബസിലിക്കാങ്കണത്തിൽ സന്നിഹിതരായിരുന്ന ജനസഞ്ചയത്തിൻറെ കരഘോഷവും ആനന്ദരവങ്ങളും ഉയർന്നു. പ്രാർത്ഥനയ്ക്കു മുമ്പ്, പാപ്പാ, പതിവുപോലെ നടത്തിയ വിചിന്തനത്തിന് ആധാരം, ലത്തീൻ റീത്തിൻറെ ആരാധനാക്രമനുസരിച്ച്, ഈ ഞായറാഴ്ച (17/07/22) ദിവ്യബലി മദ്ധ്യേ വായിക്കപ്പെട്ട ദൈവവചന ഭാഗങ്ങളിൽ, ലൂക്കായുടെ സുവിശേഷം പത്താം അദ്ധ്യായം 38-42 വരെയുള്ള വാക്യങ്ങൾ, അതായത്, മാർത്ത, മറിയം എന്നീ സഹോദരിമാർ ഒരുമിച്ചു വസിക്കുന്ന ഒരു ഭവനത്തിൽ പ്രവേശിക്കുന്ന യേശു അവരുമായി നടത്തുന്ന സംഭാഷണ ഭാഗം, ആയിരുന്നു. പാപ്പാ ഇറ്റാലിയൻ ഭാഷയിൽ നല്കിയ സന്ദേശം:

യേശു സഹോദരിമാരായ മാർത്തയുടെയും മറിയത്തിൻറെയും ഭവനം സന്ദർശിക്കുന്നു

പ്രിയ സഹോദരീസഹോദരന്മാരേ, ശുഭദിനം!

ഈ ഞായറാഴ്ചത്തെ ആരാധനാക്രമത്തിൽ, സുവിശേഷം നമ്മുടെ മുന്നിൽ അവതരിപ്പിക്കുന്നത് യേശുവിന് തങ്ങളുടെ ഭവനത്തിൽ ആതിഥ്യമരുളുന്ന രണ്ട് സഹോദരിമാരായ മാർത്തയും മറിയവും അടങ്ങിയ ജീവസുറ്റ ഒരു ഗാർഹിക ചിത്രമാണ് (ലൂക്കാാ 10:38-42). അതിഥികളെ സ്വീകരിക്കുന്നതിനു വേണ്ടതെല്ലാം ചെയ്യുന്നതിൽ മാർത്ത ഉടൻ വ്യാപൃതയായി. എന്നാൽ മറിയമാകട്ടെ യേശുവിനെ ശ്രവിച്ചുകൊണ്ട് അവിടത്തെ പാദത്തിങ്കൽ ഇരുന്നു. അപ്പോൾ മാർത്ത, തന്നെ സഹായിക്കാൻ മറിയത്തോടു പറയണമെന്ന് ഗുരുവിനോട് ആവശ്യപ്പെടുന്നു.

നല്ല ഭാഗം തിരഞ്ഞെടുത്ത മറിയം 

 

മാർത്തയുടെ പരാതി അസ്ഥാനത്താണെന്ന് തോന്നുന്നില്ല; നേരെമറിച്ച്, അവളുടെ ഭാഗത്ത് ന്യായമുണ്ടെന്ന പ്രതീതിയാണ് നമുക്കുണ്ടാകുന്നത്. എങ്കിലും യേശു അവളോട് പ്രത്യുത്തരിക്കുന്നത് ഇങ്ങനെയാണ്: "മാർത്താ, മാർത്താ, നീ പലതിനെക്കുറിച്ചും ഉത്കണ്ഠാകുലയും അസ്വസ്ഥയുമായിരിക്കുന്നു. ഒന്നുമാത്രമേ ആവശ്യമുള്ളൂ. മറിയം ഏറ്റവും നല്ല ഭാഗം തിരഞ്ഞെടുത്തിരിക്കുന്നു, അത് അവളിൽ നിന്ന് എടുക്കപ്പെടുകയില്ല" (ലൂക്കാ 10: 41-42). ഇത് അതിശയിപ്പിക്കുന്ന മറുപടിയാണ്. എന്നാൽ യേശു നമ്മുടെ ചിന്താരീതിയെ പലപ്പോഴും തകിടം മറിക്കുന്നു. കർത്താവ്, മാർത്തയുടെ ഉദാരതയോടുകൂടിയ വ്യഗ്രതയെ വിലമതിച്ചുകൊണ്ടുതന്നെ, മറിയത്തിൻറെ മനോഭാവത്തിനാണ് മുൻഗണന നൽകപ്പെടേണ്ടതെന്ന് വ്യക്തമാക്കുന്നത് എന്തുകൊണ്ടാണെന്ന് നമുക്ക് സ്വയം ചോദിക്കാം.

മാർത്തയുടെ കർമ്മോത്സുകതയെ വിലമതിക്കുന്ന യേശു 

മാർത്തയുടെ "തത്ത്വചിന്ത" ഇതാണെന്നു തോന്നുന്നു: ആദ്യം കടമ, പിന്നെ ഇഷ്ടം. ആതിഥ്യമര്യാദ എന്നത് വാസ്തവത്തിൽ, മനോഹരമായ വാക്കുകളിൽ ഒതുങ്ങുന്നതല്ല, അത് കൈകൾ അടുപ്പിലേക്ക് നീട്ടാൻ, അതിഥി സമുചിതം സ്വാഗതംചെയ്യപ്പെടേണ്ടതിന് ആവശ്യമായ എല്ലാ കാര്യങ്ങളിലും മുഴുകാൻ, ആവശ്യപ്പെടുന്നു. ഇത് യേശുവിന് നന്നായി അറിയാം. വാസ്തവത്തിൽ അവിടന്ന് മാർത്തയുടെ പ്രതിബദ്ധത തിരിച്ചറിയുന്നു. എന്നിരുന്നാലും, അവൾ അതുവരെ പിന്തുടർന്നിരുന്നതിൽ നിന്ന് വ്യത്യസ്തമായ പുതിയൊരു മുൻഗണനാക്രമം ഉണ്ടെന്ന് അവൾക്ക് മനസ്സിലാക്കിക്കൊടുക്കാൻ അവിടന്ന് ആഗ്രഹിക്കുന്നു. ഒന്നാം സ്ഥാനം നൽകേണ്ട ഒരു "മികച്ച ഭാഗം" ഉണ്ടെന്ന് മറിയം മനസ്സിലാക്കി. ഉറവയിൽ നിന്ന് ഒഴുകുന്ന ജലപ്രവാഹം പോലെ മറ്റെല്ലാം പിന്നീട് വരുന്നു. ആകയാൽ നമുക്ക് സ്വയം ചോദിക്കാം: എന്താണ് ഈ "മികച്ച ഭാഗം"? അത് യേശുവചന ശ്രവണമാണ്. സുവിശേഷം പറയുന്നു: "കർത്താവിൻറെ പാദത്തിങ്കൽ ഇരുന്ന് മറിയം അവിടത്തെ വചനം ശ്രവിച്ചു" (ലൂക്കാ 10:39). ഒരു കാര്യം ശ്രദ്ധേയമാണ്: അവൾ നിന്നുകൊണ്ടും മറ്റ് കാര്യങ്ങൾ ചെയ്തുകൊണ്ടുമല്ല, മറിച്ച്, അവിടത്തെ പാദാന്തികത്തിൽ ഇരുന്നുകൊണ്ടാണ് ശ്രവിച്ചിരുന്നത്. യേശു,  മറ്റുള്ളവരെപ്പോലെയുള്ള ഒരു അതിഥിയല്ലെന്ന് അവൾ മനസ്സിലാക്കി. ഭക്ഷണവും പാർപ്പിടവും ആവശ്യമുള്ളതിനാൽ അവ സ്വീകരിക്കാൻ വേണ്ടി വന്നതാണെന്ന് ഒറ്റനോട്ടത്തിൽ തോന്നാം. എന്നാൽ, വാസ്തവത്തിൽ, ഗുരു വന്നിരിക്കുന്നത് തൻറെ വചനത്തിലൂടെ നമുക്ക് സ്വയം നൽകുന്നതിനാണ്.

ജീവിത സ്പർശിയായ യേശു വചനം

യേശുവചനം അമൂർത്തമല്ല, അത് ജീവിതത്തെ സ്പർശിക്കുകയും രൂപപ്പെടുത്തുകയും, പരിവർത്തനം ചെയ്യുകയും, തിന്മയുടെ അതാര്യതയിൽ നിന്ന് സ്വതന്ത്രമാക്കുകയും, സംതൃപ്തമാക്കുകയും, കടന്നുപോകാത്ത സന്തോഷം പകരുകയും ചെയ്യുന്ന ഒരു പ്രബോധനമാണ്: യേശുവിൻറെ വചനമാണ് ഏറ്റവും നല്ല ഭാഗം, അതാണ് മറിയം തിരഞ്ഞെടുത്തത്. അതുകൊണ്ട് അവൾ അതിന് പ്രഥമ സ്ഥാനം നൽകുന്നു: അവൾ അചഞ്ചലയാകുന്നു, ശ്രവിക്കുന്നു. ബാക്കിയെല്ലാം പിന്നീട് വരും. ഇത് പ്രായോഗിക പ്രതിബദ്ധതയുടെ മൂല്യം കുറയ്ക്കുന്നില്ല, എന്നാൽ അത് മുന്നിട്ടു നില്ക്കരുത്, യേശു വചനം കേൾക്കുന്നതിൽ നിന്നുവേണം അത് പ്രവഹിക്കേണ്ടത്, അത് അവിടത്തെ ആത്മാവിനാൽ ചൈതന്യവത്ക്കരിക്കപ്പെടണം. അല്ലാത്തപക്ഷം, അത് പല കാര്യങ്ങളിലുമുള്ള വ്യഗ്രതയും ഉത്ക്കണ്ഠയുമായി ചുരുങ്ങും ഫലരഹിതമായ കർമ്മോദ്യുക്തതയായി താഴും.

വചനം പേറി അനുദിന ജീവിതം തുടങ്ങുക

സഹോദരീസഹോദരന്മാരേ, ഒന്നു നിന്ന് യേശുവിനെ ശ്രവിക്കാൻ നമുക്ക് ഈ അവധിക്കാലം പ്രയോജനപ്പെടുത്താം. ധ്യാനിക്കുന്നതിന് ഒഴിവുസമയം കണ്ടെത്തുക ഇന്ന് എല്ലായപ്പോഴും ബുദ്ധിമുട്ടാണ്. പലർക്കും ജോലിയുടെ താളം ഭ്രാന്തവും തളർത്തുന്നതുമാണ്. ഓരോ ദിവസവും സുവിശേഷം തുറന്ന് സാവധാനം, തിടുക്കമില്ലാതെ, ഒരു ഭാഗം, സുവിശേഷത്തിൻറെ ചെറിയൊരു ഭാഗം വായിക്കുന്നതിനും വേനൽക്കാലം വിലയേറിയതായി ഭവിക്കാം. ഇത് യേശുവിൻറെ ഈ ചലനാത്മകതയിലേക്ക് പ്രവേശിക്കാൻ നമ്മെ പ്രാപ്തരാക്കുന്നു. നമ്മുടെ ജീവിതം, എൻറെ ജീവിതം എങ്ങനെ പോകുന്നു, അത് യേശു പറയുന്നതിനോട് യോജിച്ചുപോകുന്നുണ്ടോ ഇല്ലയോ എന്ന് സ്വയം ചോദിക്കുക. അങ്ങനെ  ആ താളുകൾ നമ്മെ ചോദ്യം ചെയ്യുന്നതിന് നമ്മെത്തന്നെ അനുവദിക്കുക, പ്രത്യേകിച്ചും, നമുക്ക് നമ്മോടുതന്നെ ചോദിക്കാം: ഞാൻ ദിവസം ആരംഭിക്കുമ്പോൾ, ഞാൻ ചെയ്യേണ്ട കാര്യങ്ങളിലേക്ക് ചാടിവീഴുകയാണോ, അതോ, ആദ്യം, ദൈവവചനത്തിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളാൻ ശ്രമിക്കുകയാണോ ഞാൻ ചെയ്യുന്നത്? ചിലപ്പോഴൊക്കെ നമ്മൾ കോഴികളെ പോലെ.... യാന്ത്രികമായി ദിവസങ്ങൾ തുടങ്ങും, കാര്യങ്ങൾ ചെയ്യും. അതല്ല വേണ്ടത്. സർവ്വോപരി നാം ആദ്യം കർത്താവിലേക്ക് നോക്കിക്കൊണ്ട്, അവിടത്തെ വചനം എടുത്തുകൊണ്ട് ദിവസങ്ങൾ ആരംഭിക്കണം, ഇതായിരിക്കട്ടെ ദിവസത്തിനുള്ള പ്രചോദനം. രാവിലെ യേശുവിൻറെ ഒരു വചനം മനസ്സിൽ പേറിയാണ് നാം വീടുവിട്ടിറങ്ങുന്നതെങ്കിൽ, തീർച്ചയായും, കർത്താവിൻറെ ഹിതാനുസാരം നമ്മുടെ പ്രവർത്തനങ്ങളെ ക്രമീകരിക്കാൻ ശക്തിയുള്ള ആ വചനത്താൽ മുദ്രിതമായ ഒരു രൂപം ആ ദിവസം കൈവരിക്കും.

നമ്മിൽ നിന്ന് ഒരിക്കലും നീക്കപ്പെടാത്ത  ഏറ്റവും നല്ല ഭാഗം തിരഞ്ഞെടുക്കാൻ കന്യാമറിയം നമ്മെ പഠിപ്പിക്കട്ടെ.

ത്രികാലജപ സന്ദേശാനന്തരം പാപ്പാ കര്‍ത്താവിന്‍റെ മാലാഖ എന്നാരംഭിക്കുന്ന പ്രാർത്ഥന നയിക്കുകയും ആശീർവ്വാദം നല്കുകയും ചെയ്തു.  ആശീർവ്വാദാനന്തരം പാപ്പാ, ജർമ്മനിയിലെ എൽവ്വാംഗെനിൽ ജൂലൈ 16-ന് ശനിയാഴ്‌ച (16/07/22) ഈശോസഭാ വൈദികൻ യൊഹാൻ ഫിലിപ്പ് ജെനിംഗെൻ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കപ്പെട്ടത് അനുസ്മരിച്ചു.

നവവാഴ്ത്തപ്പെട്ട യൊഹാൻ ഫിലിപ്പ് ജെനിംഗെൻ

പതിനേഴാം നൂറ്റാണ്ടിൻറെ ഉത്തരാർദ്ധത്തിൽ ജർമ്മനിയിൽ ജീവിച്ചിരുന്ന ഈശോസഭാ വൈദികനായിരുന്ന യൊഹാൻ ഫിലിപ്പ് ജെനിംഗൻ ഇന്നലെ (16/07/22) എൽവാംഗനിൽ (ജർമ്മനി) വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കപ്പെട്ടു. പ്രഭുഭരണ പ്രദേശമായിരുന്ന വുർട്ടംബർഗ്ഗിലെ  ഗ്രാമീണ ജനങ്ങൾക്കിടയിൽ അദ്ദേഹം തൻറെ ശുശ്രൂഷ നിർവ്വഹിച്ചു. സുവിശേഷത്തിൻറെ അക്ഷീണ പ്രഘോഷകനായ അദ്ദേഹം, വലിയ അപ്പൊസ്തോലിക ചൈതന്യത്താലും സവിശേഷ മരിയ ഭക്തിയാലും നയിക്കപ്പെട്ട് സമൂഹത്തിലെ എല്ലാ തട്ടുകളിലുമുള്ള ആളുകളുടെ പക്കലും എത്തി. നമ്മുടെ സഹോദരങ്ങളുമായി സുവിശേഷം പങ്കുവെക്കുന്നതിൻറെ സന്തോഷം അനുഭവിക്കാൻ ഈ വൈദികൻറെ മാതൃകയും മാദ്ധ്യസ്ഥതയും നമ്മെ സഹായിക്കട്ടെ.

ശ്രീലങ്കയ്ക്കു വേണ്ടിയുള്ള അഭ്യർത്ഥന പാപ്പാ നവീകരിക്കുന്നു 

 മാർപ്പാപ്പാ സാമ്പത്തിക-രാഷ്ട്രീയ-സാമൂഹ്യ അരക്ഷിതാവസ്ഥ നിലനിൽക്കുന്ന ശ്രീലങ്കയിലെ ജനങ്ങളെ അനുസ്മരിച്ചു.

താൻ അവരുടെ ചാരെയുണ്ടെന്ന് പാപ്പാ ഒരിക്കൽക്കൂടി ഉറപ്പു നല്കി. ആ ജനതയുടെ പ്രാർത്ഥനയിൽ താനും പങ്കുചേരുന്നു എന്നറിയിച്ച പാപ്പാ  നിലവിലെ പ്രതിസന്ധിക്ക്, പ്രത്യേകിച്ച്, ഏറ്റം പാവപ്പെട്ടവരുടെ അവകാശങ്ങൾ ആദരിച്ചുകൊണ്ട്, സമാധാനപരമായ പരിഹാരം തേടാൻ ബന്ധപ്പെട്ട എല്ലാ കക്ഷികളോടും അഭ്യർത്ഥിച്ചു. സകലവിധ അക്രമങ്ങളിലും നിന്ന് വിട്ടുനിൽക്കാനും പൊതുനന്മയ്‌ക്കു വേണ്ടിയുള്ള ഒരു സംഭാഷണ പ്രക്രിയ ആരംഭിക്കാനും പാപ്പാ, അന്നാട്ടിലെ മതനേതാക്കളോടുള്ള ഐക്യത്തിൽ എല്ലാവരോടും അഭ്യർത്ഥിച്ചു.

പാപ്പാ ഉക്രൈയിനു വേണ്ടി വീണ്ടും

അനുദിനം മിസൈൽ പെരുമഴയുടെ ആഘാതമേറ്റുകൊണ്ടിരിക്കുന്ന ഉക്രൈയിൻ ജനതയയുടെയും ചാരെ താനുണ്ടെന്ന് പാപ്പാ പറഞ്ഞു. യുദ്ധം ജനങ്ങളെ അകറ്റുകയും സത്യത്തെയും സംഭാഷണത്തെയും ഇല്ലായ്മ ചെയ്യുകയും ചെയ്തുകൊണ്ട്  നാശവും മരണവും മാത്രം വിതയ്ക്കുന്നു എന്ന് മനസ്സിലാക്കാൻ കഴിയാതെപോകുന്നത് എന്തുകൊണ്ട് എന്ന് ചോദിക്കുന്ന പാപ്പാ ചർച്ചകൾ പുനരാരംഭിക്കുന്നതിന് ആത്മാർത്ഥമായി വേണ്ടതെല്ലാം ചെയ്യാൻ അന്താരാഷ്ട്ര നേതാക്കളോട് അഭ്യർത്ഥിക്കുകയും അതിനായി പ്രാർത്ഥിക്കുകയും ചെയ്യുന്നു. ബുദ്ധിശൂന്യമായ യുദ്ധം ആളിക്കത്തിക്കാനുള്ള വഴി നോക്കരുതെന്നും പാപ്പാ ഓർമ്മിപ്പിക്കുന്നു.

പാപ്പായുടെ കാനഡ സന്ദർശനം

ഈ മാസം 24 മുതൽ 30 വരെ നീളുന്ന തൻറെ കാനഡ സന്ദർശനത്തെക്കുറിച്ചും പാപ്പാ ത്രികാലപ്രാർത്ഥനാനന്തരം പരാമർശിച്ചു. ദൈവഹിതമെങ്കിൽ ഞായറാഴ്ച (24/07/22), താൻ കാനഡയിലേക്ക് പോകുമെന്ന് വെളിപ്പെടുത്തിയ പാപ്പാ അന്നാട്ടിലെ എല്ലാ നിവാസികളെയും ഇപ്പോൾ സംബോധന ചെയ്യാൻ താൻ ആഗ്രഹിക്കുന്നുവെന്നു പറഞ്ഞു.  കാനഡയിലെ പ്രിയ സഹോദരീസഹോദരന്മാരേ, നിങ്ങൾക്കറിയാവുന്നതുപോലെ, തദ്ദേശീയരായ ജനങ്ങളെ കാണാനും ആശ്ലേഷിക്കാനും, സർവ്വോപരി, യേശു നാമത്തിലാണ് ഞാൻ നിങ്ങളുടെ ഇടയിലേക്കു വരിക. നിർഭാഗ്യവശാൽ, കാനഡയിൽ, സന്ന്യസ്തസമൂഹങ്ങളിലെ ചില അംഗങ്ങൾ ഉൾപ്പെടെ നിരവധി ക്രിസ്ത്യാനികൾ സാംസ്കാരിക സ്വാംശീകരണ നയങ്ങൾക്ക് സംഭാവന നൽകിയിട്ടുണ്ട്, ഇത് മുൻകാലങ്ങളിൽ തദ്ദേശീയ സമൂഹങ്ങളെ വിവിധ രീതികളിൽ സാരമായി ബാധിച്ചിട്ടുണ്ട്. ഇക്കാരണത്താലാണ് ഞാൻ, ഈയിടെ തദ്ദേശീയജനതയുടെ പ്രതിനിധികളുടെ ഒരു സംഘത്തെ വത്തിക്കാനിൽ സ്വീകരിച്ചപ്പോൾ അവരോട്, ആ ജനത അനുഭവിച്ച തിന്മകൾക്ക് എൻറെ വേദനയും ഐക്യദാർഢ്യവും പ്രകടിപ്പിച്ചത്. ഇപ്പോൾ ഞാൻ ഒരു പശ്ചാത്താപ തീർത്ഥാടനം നടത്താൻ പോകുകയാണ്, അത് ദൈവകൃപയാൽ ഇതിനകം തുടക്കംകുറിച്ചിട്ടുള്ള, സൗഖ്യത്തിൻറെയും അനുരഞ്ജനത്തിൻറെയും യാത്രയ്ക്ക് സംഭാവന ചെയ്യുമെന്ന് ഞാൻ പ്രത്യാശിക്കുന്നു. എല്ലാ ഒരുക്കങ്ങൾക്കും നിങ്ങൾ എനിക്കായി കരുതിവച്ചിരിക്കുന്ന സ്വാഗതത്തിനും ഞാൻ മുൻകൂട്ടി നന്ദി പറയുന്നു. എല്ലാവർക്കും നന്ദി! ഒപ്പം പ്രാർത്ഥനയാൽ എന്നെ അനുഗമിക്കണമെന്ന് ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു.

സമാപനാഭിവാദ്യം

തുടർന്നു പാപ്പാ റോമാക്കാരുൾപ്പടെയുള്ള  തീർത്ഥാടകരെ അഭിവാദ്യം ചെയ്തു. തദ്ദനന്തരം പാപ്പാ, ത്രികാലപ്രാർത്ഥനയിൽ സംബന്ധിച്ച എല്ലാവർക്കും നല്ലൊരു ഞായർ ആശംസിക്കുകയും തനിക്കുവേണ്ടി പ്രാർത്ഥിക്കാൻ മറക്കരുതെന്ന പതിവ് അഭ്യർത്ഥന നവീകരിക്കുകയും ചെയ്തു. അതിനു ശേഷം പാപ്പാ, എല്ലാവ‍ര്‍ക്കും നല്ല ഒരു ഉച്ചവിരുന്നു നേരുകയും വീണ്ടും കാണാമെന്നു പറയുകയും ചെയ്തുകൊണ്ട് സുസ്മേരവദനനായി കൈകൾ വീശി ജാലകത്തിങ്കൽ നിന്നു പിൻവാങ്ങി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

18 July 2022, 11:56

ത്രികാലപ്രാര്‍ത്ഥന - ദിവസത്തിൽ മൂന്നു പ്രാവശ്യം ജപിക്കുന്ന സഭയുടെ ഔദ്യോഗിക പ്രാർത്ഥനയാണിത്. സനാതനമായ രക്ഷാകര രഹ്യമാണ് ഇതിന്‍റെ ഉള്ളടക്കം. രാവിലെ
6 മണിക്കും, മദ്ധ്യാഹ്നം 12 മണിക്കും, വൈകുന്നേരം 6 മണിക്കും ദേവാലയമണി മുഴങ്ങുമ്പോഴാണ് ഇത് ഉരുവിടുന്നത്.  

കര്‍ത്താവിന്‍റെ മാലാഖ... എന്നു തുടങ്ങുന്ന ത്രികാലജപം സാധാരണകാലങ്ങളില്‍ ചൊല്ലുമ്പോള്‍ പെസഹാക്കാലത്ത് സ്വര്‍ല്ലോക രാജ്ഞിയേ... എന്ന പ്രാര്‍ത്ഥനയുമാണ് ചൊല്ലുന്നത്. പ്രാര്‍ത്ഥനയുടെ ഇടയ്ക്ക് ചൊല്ലുന്ന നന്മനിറഞ്ഞ മറിയമേ, എന്ന ജപം ക്രിസ്തുവിന്‍റെ രക്ഷാകര ചരിത്രത്തില്‍ മറിയത്തിനുള്ള പങ്ക് വിളിച്ചോതുന്നു. ത്രിത്വസ്തുതിയോടെയാണ് ത്രികാലപ്രാര്‍ത്ഥന അവസാനിക്കുന്നത്.


പൊതുവെ എല്ലാ ഞായറാഴ്ചകളിലും സവിശേഷദിനങ്ങളിലും മദ്ധ്യാഹ്നത്തിലാണ് “ആഞ്ചെലൂസ്…” എന്ന ശീര്‍ഷകത്തില്‍ പാപ്പായുടെ സാന്നിദ്ധ്യത്തില്‍ ത്രികാലപ്രാ‍ര്‍ത്ഥന നടത്തപ്പെടുന്നത്. ഞായറാഴ്ചകളില്‍ മദ്ധ്യാഹ്നം കൃത്യം 12 മണിക്ക് വത്തിക്കാനിലെ അപ്പസ്തോലിക അരമനയുടെ മൂന്നാംനിലയുടെ രണ്ടാം ജാലകത്തില്‍ പ്രത്യക്ഷപ്പെട്ട്, താഴെ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ സമ്മേളിച്ചിരിക്കുന്ന തീര്‍ത്ഥാടകര്‍ക്കും സന്ദര്‍ശകര്‍ക്കുമൊപ്പം പാപ്പാ ത്രികാലപ്രാര്‍ത്ഥന ചൊല്ലുന്ന പതിവിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്.

ഏറ്റവും ഒടുവിലത്തെ ത്രികാലപ്രാര്‍ത്ഥന

വായിച്ചു മനസ്സിലാക്കാന്‍ >