തിരയുക

ഫ്രാൻസിസ് പാപ്പായും കർദ്ദിനാൾ ക്ലൗദിയോ ഹുമ്മെസും - ഫയൽ ചിത്രം ഫ്രാൻസിസ് പാപ്പായും കർദ്ദിനാൾ ക്ലൗദിയോ ഹുമ്മെസും - ഫയൽ ചിത്രം 

കർദ്ദിനാൾ ക്ലൗദിയോ ഹുമ്മെസ് സുവിശേഷമൂല്യങ്ങളാൽ നയിക്കപ്പെട്ട തീക്ഷ്ണതയുള്ള ഇടയൻ: ഫ്രാൻസിസ് പാപ്പാ

കർദ്ദിനാൾ ക്ലൗദിയോ ഹുമ്മെസിന്റെ നിര്യാണത്തിൽ ഫ്രാൻസിസ് പാപ്പാ അനുശോചനം രേഖപ്പെടുത്തി.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

ബ്രസീലിലെ സാവോ പൗളോ അതിരൂപതയുടെ മുൻ മെത്രാപ്പോലീത്തായും, വൈദികർക്കായുള്ള റോമൻ ഡികാസ്റ്ററിയുടെ മുൻ അദ്ധ്യക്ഷനുമായ കർദ്ദിനാൾ ക്ലൗദിയോ ഹുമ്മെസിന്റെ നിര്യാണത്തിൽ ഫ്രാൻസിസ് പാപ്പാ അനുശോചനം രേഖപ്പെടുത്തി. സാവോ പൗളോ അതിരൂപതാദ്ധ്യക്ഷൻ കർദ്ദിനാൾ ഓഡ്‌ജോ പേദ്രോ ഷ്രെറെർക്കയച്ച ടെലിഗ്രാം സന്ദേശത്തിലൂടെയാണ് പാപ്പാ കർദ്ദിനാൾ ഹുമ്മെസിന്റെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തിയത്. അതിരൂപതയുടെ മുൻ അദ്ധ്യക്ഷന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കുന്നതിനുവേണ്ടി അത്യുന്നതനായ ദൈവസന്നിധിയിലേക്ക് തന്റെയും പ്രാർത്ഥനകൾ പാപ്പാ ഉറപ്പുനൽകി.

കർദ്ദിനാൾ ഹുമ്മെസും ഫ്രാൻസിസ് പാപ്പായും

താൻ പാപ്പയായി തിരഞ്ഞെടുക്കപ്പെട്ട അവസരത്തിൽ സന്നിഹിതനായിരുന്നു കർദ്ദിനാൾ ഹുമ്മെസ്, പാവപ്പെട്ട ആളുകളെ മറക്കരുതേ എന്ന അഭ്യർത്ഥന നടത്തിയത് താൻ ഇപ്പോഴും മനസ്സിൽ സൂക്ഷിക്കുന്നുവെന്ന് പാപ്പാ എടുത്തുപറഞ്ഞു. 2013-ൽ പുതിയ പാപ്പായായി കർദ്ദിനാൾ ഹോർഹെ മാരിയോ ബെർഗോളിയോ തിരഞ്ഞെടുക്കപ്പെട്ട അവസരത്തിൽ, ഫ്രാൻസിസ് എന്ന പേര് തിരഞ്ഞെടുക്കുവാൻ അദ്ദേഹത്തിന് പ്രചോദനം ലഭിച്ചത് കർദ്ദിനാൾ ഹുമ്മെസിന്റെ ഈ വാക്കുകളിൽനിന്നായിരുന്നു.

ഉയർന്ന സമർപ്പണബോധം

ബ്രസീലിലെ സഭയ്ക്കും റോമൻ കൂരിയയ്ക്കും അദ്ദേഹം നൽകിയ സേവനങ്ങൾ എപ്പോഴും സുവിശേഷമൂല്യങ്ങളിൽ അടിത്തറയിട്ടവയായിരുന്നു എന്നും, അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ വളരെയേറെ തീക്ഷ്ണതയോടും സമർപ്പണബോധത്തോടും കൂടിയുള്ളതായിരുന്നു എന്ന് പാപ്പാ എഴുതി. ആമസോണിയാൻ പ്രദേശത്തെ സഭയ്ക്ക് അദ്ദേഹം അടുത്തിടവരെ നൽകിക്കൊണ്ടിരുന്ന സേവനങ്ങൾ പാപ്പാ അനുസ്‌മരിച്ചു.

1998 മുതൽ 2006 വരെ സാവോ പൗളോ അതിരൂപതയുടെ മെത്രാപ്പോലീത്താ ആയിരുന്ന കർദ്ദിനാൾ ഹുമ്മെസ് 2001 ഫെബ്രുവരിയിൽ കർദ്ദിനാളായി ഉയർത്തപ്പെട്ടിരുന്നു. 2006 മുതൽ 2010 വരെ റോമിൽ വൈദികർക്കായുള്ള റോമൻ ഡികാസ്റ്ററിയുടെ അദ്ധ്യക്ഷനായി സേവനമനുഷ്‌ഠിച്ചിരുന്നു. 1934 ഓഗസ്റ്റ് 8-ന് ജനിച്ച അദ്ദേഹം തന്റെ 87-ആം വയസ്സിലാണ് മരണമടഞ്ഞത്. ഫ്രാൻസിസ്കൻ സന്ന്യാസസഭാംഗമായിരുന്ന കർദ്ദിനാൾ ഹുമ്മെസ് 1958-ലാണ് വൈദികനായത്.

തദ്ദേശീയജനതകൾക്കായുള്ള പ്രവർത്തനം

ദീർഘനാളുകളായി അലട്ടിക്കൊണ്ടിരുന്ന അസുഖത്തെത്തുടർന്ന് ജൂലൈ 4-ആം തീയതി തിങ്കളാഴ്ചയാണ് കർദ്ദിനാൾ ഹുമ്മെസ് നിര്യാതനായതെന്ന് സാവോ പൗളോ അതിരൂപതാദ്ധ്യക്ഷൻ കർദ്ദിനാൾ  ഷ്രെറെർ അറിയിച്ചു. ബ്രസീലിലെ തദ്ദേശീയ ജനവിഭാഗങ്ങൾക്കായുള്ള അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ, പ്രത്യേകിച്ച് 2019-ൽ ആമസോൺ പ്രദേശങ്ങൾക്കായി നടത്തപ്പെട്ട സിൻഡിലെ അദ്ദേഹത്തിന്റെ പരിശ്രമങ്ങൾ സ്തുത്യർഹമായിരുന്നുവെന്ന് സാവോ പൗളോ മെത്രാപ്പോലീത്താ അനുസ്മരിച്ചു.

കർദ്ദിനാൾ തിരുസംഘം

കർദ്ദിനാൾ ഹുമ്മെസിന്റെ നിര്യാണത്തോടെ കർദ്ദിനാൾ സംഘത്തിലെ അംഗങ്ങൾ 207 ആയി കുറഞ്ഞു. ഇവരിൽ 116 പേർ വോട്ടവകാശമുള്ളവരും 91 പേർ വോട്ടവകാശമില്ലാത്തവരുമാണ്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

06 ജൂലൈ 2022, 17:03