തിരയുക

പൊതുജന കൂടികാഴ്ചയിൽ പകർത്തിയ ചിത്രം... പൊതുജന കൂടികാഴ്ചയിൽ പകർത്തിയ ചിത്രം... 

“ക്രിസ്തു ജീവിക്കുന്നു”: പൂർണ്ണമായി ജീവിക്കാനും പുതിയ കാര്യങ്ങൾ അനുഭവിക്കാനുമുള്ള ആഗ്രഹം യുവജനങ്ങൾക്കുമുണ്ട്

“Christus Vivit” അഥവാ “ക്രിസ്തു ജീവിക്കുന്നു” എന്ന ഫ്രാൻസിസ് പാപ്പായുടെ അപ്പോസ്തോലിക പ്രബോധനത്തിന്റെ 149ആം ഖണ്ഡികയെ അടിസ്ഥാനമാക്കിയ വിചിന്തനം.

സി. റൂബിനി സി.റ്റി.സി, വത്തിക്കാൻ ന്യൂസ്

ശബ്ദരേഖ

അപ്പോസ്തോലിക പ്രബോധനം

അപ്പോസ്തോലിക പ്രബോധനമെന്നത് കത്തോലിക്കാ സഭയില്‍ പാപ്പാ പ്രസിദ്ധീകരിക്കുന്ന ഔദ്യോഗിക ലേഖനങ്ങളുടെ വിവിധതരത്തിലുളള പരമ്പരകളിൽപ്പെടുന്ന ഒരു ലേഖനമാണ്. ഇവയുടെ പ്രാധാന്യ ശൃംഖലയില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന ചാക്രീക ലേഖനങ്ങള്‍ കഴിഞ്ഞാല്‍ തൊട്ടടുത്ത സ്ഥാനമാണ് അപ്പോസ്തോലിക പ്രബോധനങ്ങള്‍ക്കുള്ളത്.

അഞ്ചാം അദ്ധ്യായം

അഞ്ചാം അദ്ധ്യായത്തിന്റെ  ശീർഷകം തന്നെ "യുവജനങ്ങളുടെ വഴികൾ'' എന്നാണ്. യുവത്വത്തിന്റെ ആകുലതയെയും ആകാംക്ഷയെയും ഉത്ക്കണ്ഠയെയും വിവരിക്കുമ്പോഴും ഫ്രാൻസിസ് പാപ്പാ യുവതയോടു നിർദ്ദേശിക്കുന്നത് "നിങ്ങളുടെ പ്രത്യാശകളേയും സ്വപ്നങ്ങളേയും പിന്തുടരാനാണ്.

149. ഇത് പ്രയാസം നിറഞ്ഞ കാലങ്ങളെ സംബന്ധിച്ചും പ്രയോഗിക്കാവുന്നതാണ്. അവയുൾക്കൊള്ളുന്ന സന്തോഷം പഠിക്കണമെങ്കിൽ നാം അവ പൂർണ്ണമായി അനുഭവിക്കണമല്ലോ. സ്വിറ്റ്സ്സർലാന്റിലെ മെത്രാന്മാരുടെ വാക്കുകളിൽ പറഞ്ഞാൽ, "ദൈവം നമ്മെ ഉപേക്ഷിച്ചുവെന്നും രക്ഷയുടെ പ്രത്യാശ ഇല്ലാതായെന്നും വിചാരിച്ചിടത്തു ദൈവമുണ്ട്. ഇതൊരു വിരോധാഭാസമാണ്. എന്നാൽ അനേകം ക്രൈസ്തവർക്ക് ദൈവത്തെ കണ്ടു മുട്ടാനുള്ള സ്ഥാനങ്ങളായി സഹനവും അന്ധകാരവും മാറിയിട്ടുണ്ട്." പൂർണ്ണമായി ജീവിക്കാനും പുതിയ കാര്യങ്ങൾ അനുഭവിക്കാനുമുള്ള ആഗ്രഹം ശാരീരികവും മാനസികവും ഇന്ദ്രിയപരവുമായ കഴിവ് കുറവുകളുള്ള യുവജനങ്ങൾക്കുമുണ്ട്. അവർക്കു എപ്പോഴും മറ്റുള്ളവരുടേതു പോലുള്ള അനുഭവങ്ങൾ ഉണ്ടാക്കാൻ സാധിക്കുകയില്ലെങ്കിലും ശരാശരിക്കുപരിയായ വിസ്മയനീയങ്ങളായ വിഭവങ്ങളും കഴിവുകളും കൊണ്ട് സമ്പന്നരാണ് അവർ. കർത്താവായ യേശു അവർക്കു മറ്റു സമ്മാനങ്ങൾ നൽകുന്നു. അവ സമൂഹം അംഗീകരിക്കുകയും വിലമതിക്കുകയും ചെയ്യണം. അവരിൽ ഓരോരുത്തരെ സംബന്ധിച്ചും അവിടെത്തേക്കുള്ള പദ്ധതി അവർക്കു അങ്ങനെ കണ്ടുപിടിക്കാനാവും. (കടപ്പാട്. പി.ഒ. സി പ്രസീദ്ധീകരണം).

ദൈവത്തെ കണ്ടുമുട്ടാ൯ സഹായിക്കുന്ന സഹനവും അന്ധകാരവും

ദൈവം നമ്മെ ഉപേക്ഷിക്കുമോ? ദൈവത്തിനു നമ്മെ ഉപേക്ഷിക്കാനാകുമോ? ദൈവം  ഉപേക്ഷിച്ചുവെന്നു എന്ത് കൊണ്ട് നാം ചിന്തിക്കുന്നു? ദൈവം എപ്പോഴാണ് മനുഷ്യനെ ഉപേക്ഷിക്കുന്നത്? ഇങ്ങനെയുള്ള ചോദ്യങ്ങൾ പലപ്പോഴും പ്രത്യേകിച്ച് നമ്മുടെ സങ്കടങ്ങളുടെ സമയത്തു നമ്മുടെ ഉള്ളിൽ ഉയർന്നു വരാറുണ്ട്.

ഈ നിമിഷങ്ങളിൽ നാം  കണ്ടെത്തുന്ന ഉത്തരങ്ങളെന്തൊക്കെയായിരിക്കാം. ചിലപ്പോൾ ദൈവം നമ്മെ കാണുന്നു, അറിയുന്നു. അത് കൊണ്ട് നമ്മുടെ വിഷമങ്ങൾ അവിടുന്ന് ശരിയാക്കുമെന്നു വിചാരിക്കും. ചില സമയത്തു ദൈവത്തെ പോലും വിശ്വസിക്കാതെ അവിടത്തെ ചോദ്യം ചെയ്യുകയും ദൈവത്തിൽ നിന്ന് അകലം പാലിക്കുകയും ചെയ്യും. എങ്കിലും ദൈവം നമ്മെ വിട്ടു പോകാതെ നമ്മെ ഉപേക്ഷിക്കാതെ നമ്മോടു കൂടെ നടക്കുകയും നമ്മോടൊത്തു ജീവിക്കുകയും ചെയ്യുന്നു. ദൈവം നമ്മെ ഉപേക്ഷിക്കുകയില്ലെന്നു നാം തിരിച്ചറിയാൻ വൈകുമെങ്കിലും നമുക്ക് ആ അറിവ് ലഭിക്കുന്നത് വരെ ദൈവം നമ്മെ കാത്തിരിക്കുക തന്നെ ചെയ്യുന്നു. അത് നമുക്ക് മനസ്സിലാക്കിത്തരുവാനായി ദൈവം നമ്മുടെ ജീവിതത്തിൽ ചില വ്യക്തികളിലൂടെയും സാഹചര്യങ്ങളിലൂടെയും ഇടപെട്ടുകൊണ്ട് അവിടുന്ന് നമ്മെ ഉപേക്ഷിച്ചിട്ടില്ല എന്ന് ബോധ്യപ്പെടുത്തുകയും ചെയ്യുന്നു. നമുക്കൊരുക്കുന്നതെല്ലാം നന്മയ്ക്കാണെന്നു ദൈവത്തിനു മാത്രമേ അറിയുകയുള്ളു. ദൈവത്തിന്റെ ഈ മനസ്സ് നാം അറിയണമെങ്കിൽ ദൈവം തന്നെ മനസ്സാകുകയും വേണം.

ജീവിതത്തിൽ ഒരിക്കലെങ്കിലും എല്ലാവരും സങ്കടവഴികളിലൂടെ  കടന്നു പോകുന്നവരാണ്. എന്നിട്ടും എല്ലാവരും ജീവിതത്തെ സ്നേഹിക്കുന്നു, ജീവിക്കാൻ ആഗ്രഹിക്കുന്നു. ദൈവം നമ്മിൽ നിവേശിപ്പിച്ച പ്രത്യാശയാണ് അതിന്റെ കാരണം. ഇന്ന് നാം വിചിന്തനം ചെയ്യുന്ന ഖണ്ഡികയുടെ ആദ്യഭാഗത്തു "ദൈവം നമ്മെ ഉപേക്ഷിച്ചുവെന്നും രക്ഷയുടെ പ്രത്യാശ ഇല്ലാതായെന്നും വിചാരിച്ചിടത്ത് ദൈവമുണ്ട്. ഇതൊരു വിരോധാഭാസമാണ്. എന്നാൽ അനേകം ക്രൈസ്തവർക്ക് ദൈവത്തെ കണ്ടു മുട്ടാനുള്ള സ്ഥാനങ്ങളായി സഹനവും അന്ധകാരവും മാറിയിട്ടുണ്ട്" എന്ന് സ്വിറ്റ്സ്സർലാന്റിലെ മെത്രാന്മാരുടെ വാക്കുകളെ ഉദ്ധരിച്ചു കൊണ്ട് നിരാശയുടെ പടുകുഴിയിലും സഹനങ്ങളുടെ കൂരിരുളിലും ദൈവസാന്നിധ്യം കണ്ടെത്താൻ പാപ്പാ നമ്മെ പ്രേരിപ്പിക്കുന്നു. അവിടെ നമ്മിൽ ഉണ്ടാവുന്ന ശൂന്യത നിറക്കാൻ ദൈവത്തിനു മാത്രമേ കഴിയൂ - അതു കണ്ടെത്തുകയാണ് നമ്മുടെ ഉയിർത്തെഴുന്നേൽപ്പിന്റെ പ്രത്യാശ.

രക്ഷയുടെ പ്രത്യാശ ഇല്ലാതായെന്നും വിചാരിച്ചിടത്തു ദൈവമുണ്ട്

രക്ഷയുടെ പ്രത്യാശ ഇല്ലെന്നു വിചാരിക്കുന്നിടത്തു പോലും ദൈവമുണ്ട്‌.  ബൈബിളിൽ അനേകം സ്ഥലങ്ങളിൽ ഈശോ പിതാവായ ദൈവത്തോടു പ്രാർത്ഥിക്കുന്ന പല സന്ദർഭങ്ങൾ വിവരിക്കുന്നുണ്ട്. എന്നാൽ ദൈവത്തോടു ഹൃദയം തകർന്നൊരു ചോദ്യം ചോദിച്ചുകൊണ്ടുള്ള  ഒരു പ്രാർത്ഥന കാൽവരിയിലെ കുരിശിൽ നിന്നുയരുന്നുണ്ട്. "എന്റെ  ദൈവമേ, എന്റെ ദൈവമേ എന്ത് കൊണ്ട് അങ്ങെന്നെ ഉപേക്ഷിച്ചു?" എന്ന് പിതാവായ ദൈവത്തെ നോക്കി ഈശോ ചോദിച്ചു. മാനുഷികമായി ചിന്തിക്കുമ്പോൾ ദൈവം പോലും ഉപേക്ഷിച്ച ഒരു മനുഷ്യന്റെ നിലവിളിയാണത്. എന്നാൽ ആ നിലവിളിയുടെ  അന്ത്യത്തിൽ ഹൃദയം കൊണ്ടും, ആത്മാവ് കൊണ്ടും, ശരീരം കൊണ്ടും അർപ്പിക്കപ്പെട്ട ഒരു ബലിയുടെ   സമർപ്പണ പ്രാർത്ഥനയുണ്ട്. " പിതാവേ നിന്റെ കരങ്ങളിൽ എന്റെ ആത്മാവിനെ ഞാൻ സമർപ്പിക്കുന്നു " എന്ന് പറഞ്ഞു മിഴിപൂട്ടി തലചായ്ച്ച് ജീവൻ വെടിയുന്ന പുത്രൻ അർപ്പിച്ച പ്രാർത്ഥന. ഈ പ്രാർത്ഥനയിൽ നമുക്ക് വലിയ ഒരു പ്രത്യാശ കാണാൻ കഴിയും. ഉപേക്ഷിച്ചോ എന്നു സംശയിച്ച പിതാവിന്റെ  കൈകളിൽ തന്നെ തന്റെ ഉള്ളും ഉള്ളവും ആത്മാവും സമർപ്പിക്കുന്ന പുത്രൻ തന്റെ സംശയം അസ്ഥാനത്താണെന്ന ബോധ്യമാണ് വിളിച്ചു പറയുന്നത്. അത് ക്രിസ്തുവിനു ദൈവത്തിൽ ഉണ്ടായിരുന്ന പ്രത്യാശയുടെ ഏറ്റവും ഉന്നതമായ വെളിപ്പെടുത്തലായിരുന്നു. തന്റെ പിതാവിന്റെ കരങ്ങളിൽ അർപ്പിച്ച ഒരു മകന്റെ പ്രത്യാശ. കഴിയുമെങ്കിൽ ഈ കയ്പ്പ് നീരിന്റെ പാനപാത്രം എന്നിൽ നിന്നും മാറ്റുക എങ്കിലും എന്റെ ഇഷ്ടം അല്ല നിന്റെ ഇഷ്ടം നിറവേറട്ടെ എന്ന് പറഞ്ഞ് കയപ്പ് നിറഞ്ഞ പാനപാത്രം കുടിക്കണമെന്നാണ് പിതാവിന്റെ ഇഷ്ടമെങ്കിൽ അത് കുടിക്കാൻ തനിക്കു തന്റെ പിതാവ് തന്നെ ശക്തി നൽകുമെന്ന പ്രത്യാശയിൽ ആ കാസ ഏറ്റുവാങ്ങുവാൻ ക്രിസ്തുവിനെ പ്രേരിപ്പിച്ച പ്രത്യാശ.

“ഇവൻ എന്റെ പ്രിയ പുത്രൻ ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു” എന്ന്  ആകാശത്തിൽ നിന്നും വിളിച്ചു പറഞ്ഞത്  മാമ്മോദീസാ സ്വീകരിക്കാൻ കൂടിയിരുന്ന ജനക്കൂട്ടത്തിന്റെ മധ്യത്തിലായിരുന്നു. താബോർ മലയിൽ വെച്ചും മൂന്നു ശിഷ്യരുടെ മുന്നിൽ സ്വർഗ്ഗത്തിൽ നിന്നും ഇവൻ തന്റെ പ്രിയപുത്രനാണെന്ന് പിതാവ് വീണ്ടും വിളിച്ചു പറഞ്ഞു. ഇങ്ങനെ വിളിച്ചു പറഞ്ഞ തമ്പുരാന്റെ മുന്നിൽ എന്നെ എന്തിനു ഉപേക്ഷിച്ചു എന്ന കരച്ചിലിന് ഉത്തരം ഇല്ലാതിരിക്കുമോ? പുത്രന്റെ കരച്ചിലിൽ ദൈവം മൗനം പാലിക്കുമോ? മരണത്തിന്റെ മുന്നിൽ നിൽക്കുന്ന മകനെ അപ്പന് ഉപേക്ഷിക്കാനുകുമോ? എന്റെ പ്രിയ പുത്രനാണെന്ന്  ജനങ്ങളുടെ മുന്നിൽ പറഞ്ഞ പിതാവ് കാൽവരിയിൽ തന്റെ മകന്റെ മനസ്സിനോടു സംസാരിച്ചിട്ടുണ്ടായിരിക്കും. അവനെ ആശ്വസിപ്പിച്ചിട്ടുണ്ടായിരിക്കും. മനസ്സിന്റെ വേദന കാണാൻ  ആരേക്കാളും ദൈവത്തിന് കാഴ്ചയുണ്ടല്ലോ. ആരും കേൾക്കാതെ ആരെയും കേൾപ്പിക്കാതെ ദൈവം തന്റെ പുത്രനെ ആശ്വസിപ്പിച്ചു കാണും. ഏതു കാറ്റിലും അടർന്നു വീഴാത്ത ഒരിലയെ വൃക്ഷം സൂക്ഷിച്ചത് പോലെ മരണത്തിന്റെ മുഖത്തു നിൽക്കുമ്പോഴും തന്നിലുള്ള പ്രത്യാശ കൈവിടാതിരിക്കാൻ പുത്രന് വേണ്ടി അവന്റെ മനസ്സിൽ ദൈവം കാത്തു വെച്ച പ്രത്യാശ നൽകിയ സാന്ത്വനത്തിൽ പുത്രൻ പറഞ്ഞു എന്റെ ആത്മാവിനെ നിന്റെ കരങ്ങളിൽ സമർപ്പിക്കുന്നു.

ദൈവത്തിലും മനുഷ്യനിലുമുള്ള പ്രത്യാശയെ ഉലയ്ക്കുന്ന ഒരിടമാണ് സഹനം. ജീവിതം നമുക്ക് നൽകുന്ന പരുക്ക൯ അനുഭവങ്ങളിൽ നാം പലപ്പോഴും തകർന്നു പോകുന്നു. പക്ഷേ കൃപകളായി ദൈവം നമുക്ക് നൽകുന്ന പ്രത്യാശ അവൻ നമ്മോടൊപ്പം  ഉണ്ട് എന്നുള്ളതിന് തെളിവാണ്. ചിലപ്പോൾ നമ്മുടെ സഹനത്തിന്റെ നേരത്തു നാം ചോദിക്കുന്ന ചോദ്യങ്ങൾ നമ്മുടെ സഹനങ്ങൾക്ക് നമ്മൾ കാണുന്ന പ്രതിവിധികളുടെ പശ്ചാത്തലത്തിലാണ്. എന്നാൽ അവയ്ക്ക് ദൈവത്തിന്റെ ഒരു പരിഹാരമാർഗ്ഗമുണ്ട്. നമ്മൾ ഉദ്ദേശിക്കുന്ന ഉത്തരം നൽകാതെ ദൈവം ആ സഹനത്തെ അതിജീവിക്കാൻ നമ്മെ പഠിപ്പിച്ചെന്നിരിക്കാം. എങ്കിലും ദൈവം നമ്മെ ഉപേക്ഷിക്കുകയില്ല.  തന്റെ സഹനങ്ങളുടെ നേരത്തു ജോബ് എന്ന മനുഷ്യനും ദൈവത്തോടു ചോദ്യം ചോദിക്കുന്നു. അതിന്  ദൈവം ചില മറു ചോദ്യങ്ങളാണ്  തിരിച്ചു നൽകുന്നത്.

““കാട്ടാടുകളുടെ പ്രസവകാലത്തെയും, മാന്‍പേടകളുടെ ഈറ്റുനോവിനേയും, അവയുടെ ഗര്‍ഭകാലത്തെയും, അവ പ്രസവിക്കുന്ന സമയത്തെയും നിനക്കറിയാമോ? എന്ന് ദൈവം ജോബിനോടു ചോദിക്കുന്നു. കാട്ടുകഴുതയെ അഴിച്ചുവിട്ടതാര്‌? അതിനു സ്വാതന്ത്ര്യം നല്‍കിയത്‌ ആര്‌? കാട്ടുപോത്ത്‌ നിന്നെ സേവിക്കുമോ ? ഒട്ടകപ്പക്‌ഷി അഭിമാനത്തോടെ ചിറകുവീശുന്നു. എന്നാല്‍, അതിനു കൊക്കിനെയോ കഴുകനെയോ പോലെ പറക്കാന്‍ കഴിയുമോ? കുതിരയ്‌ക്കു കരുത്തുകൊടുക്കുന്നത്‌ നീയാണോ? അതിന്റെ കഴുത്തില്‍ ശക്‌തിധരിപ്പിച്ചതു നീയോ? അതിനെ വെട്ടുകിളിയെപ്പോലെചാടിക്കുന്നത്‌ നീയോ? നിന്റെ ജ്ഞാനം കൊണ്ടാണോ പരുന്ത്‌ ഉയരുകയും ചിറകുകള്‍ തെക്കോട്ട്‌ വിടര്‍ത്തുകയും ചെയ്യുന്നത്‌? നിന്റെ കല്‍പനയാലാണോ കഴുകന്‍ പറന്നുയരുകയും ഉയരത്തില്‍ കൂടുകൂട്ടുകയും ചെയ്യുന്നത്‌? (Cl.f ജോബ്‌ 39 : 1-30) എന്ന് നിരവധി ചോദ്യങ്ങൾ ചോദിക്കുന്ന ദൈവത്തിന്റെ മുന്നിൽ ജോബ് പറയുന്നു; “അങ്ങേയ്ക്കെല്ലാം സാധിക്കുമെന്നും അങ്ങയുടെ യാതൊരു ഉദ്ദേശവും തടയാനാവുകയില്ല എന്നും ഞാൻ അറിയുന്നു” (Cl.f ജോബ്‌ 42 :2) എന്നാണ്.”

യൗവനത്തെ പ്രത്യാശയോടെ ദീപ്തമാക്കാം

ഈ പശ്ചാത്തലത്തിൽ നിന്നും ഇന്ന് നാം വിചിന്തനം ചെയ്യുന്ന പാപ്പയുടെ പ്രബോധനത്തെ നോക്കുമ്പോൾ യുവജനങ്ങൾ പ്രത്യാശയുള്ളവരായി ജീവിക്കണമെന്ന ധ്വനിയാണ് അതിൽ മുഴങ്ങുന്നത്. കൊടും കാറ്റിൽ ആടിയുലഞ്ഞാലും ഒടിഞ്ഞു വീഴാതെ നിൽക്കുന്ന ചെടികൾക്ക് മാത്രമേ വൃക്ഷമായി മാറാൻ കഴിയുകയുള്ളു. ഉളിയുടെ മൂർച്ചയറിയുന്ന കല്ലുകൾക്ക് മാത്രമേ ഈ ഭൂമിയിൽ ശിൽപങ്ങളാകാൻ കഴിയുകയുള്ളു. അത് കൊണ്ട് ജീവിതത്തിന്റെ പരുക്കൻ അനുഭവങ്ങളുടെ മുന്നിൽ നെഞ്ചിൽ കത്തുന്ന പ്രത്യാശയുടെ വിളക്കിനെ അണയാതെ സൂക്ഷിക്കണം. അപ്പോൾ കുന്നി൯ മേൽ തെളിച്ച ദീപം പോലെ നമുക്ക് പ്രകാശിക്കാനാകും. അതേ പോലെ തന്നെ യേശു യുവജനങ്ങൾക്കു നൽകുന്ന സമ്മാനങ്ങളെ സമൂഹം അംഗീകരിക്കുകയും വിലമതിക്കുകയും ചെയ്യണം എന്ന് പാപ്പാ സൂചിപ്പിക്കുന്നു. അങ്ങനെ നാം ചെയ്യുമ്പോൾ യുവജനങ്ങളുടെ പ്രത്യാശയെ സമൂഹം കൂടുതൽ ഉദ്ദീപ്തമാക്കുകയാണ് ചെയ്യുന്നത്. അവരുടെ സാധ്യതകളെ തിരിച്ചറിഞ്ഞു അവരുടെ വാതിലുകൾ തുറന്നു കൊടുക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്. അങ്ങനെ സമൂഹം തുറന്നു കൊടുക്കുന്ന വാതിലുകളിലൂടെയുള്ള യാത്ര കഴിഞ്ഞു ഓരോ യുവജനവും അവന്റെ അല്ലെങ്കിൽ അവളുടെ സ്വന്തം  ജാലകങ്ങൾ തുറക്കാൻ മാത്രം പ്രാപ്തിയുള്ളവരായി തീരണം. അങ്ങനെ തീരുമ്പോൾ യുവജനങ്ങൾക്ക് തങ്ങളുടെ വേരുകൾ മറക്കാതെ പുതിയ ഫലങ്ങൾ പുറപ്പെടുവിക്കാൻ കഴിയും.

ക്രിസ്തുവിനോളം യൗവനത്തെ ഇത്രമേൽ ദീപ്തമാക്കിയ ആരുമുണ്ടാവില്ല എന്ന് ബോബി ജോസ് അച്ഛൻ പറയുന്നുണ്ട്.  ഞാൻ ഉയർത്തപ്പെടുമ്പോൾ ഭൂമിയെ എന്നിലേക്ക്‌ ആകർഷിക്കുമെന്നു  ക്രിസ്തു പറഞ്ഞിരുന്നു. ക്രിസ്തുവിനെപ്പോലെ കവിയെയും, പോരാളിയെയും, ഇടറിയവരെയും ആകർഷിച്ചത് കണക്ക് മറ്റാരും ആകർഷിച്ചിട്ടുണ്ടാവില്ല എന്നും അദ്ദേഹം കൂട്ടി ചേർക്കുന്നു. പ്രത്യാശയുള്ള യുവാവായിരുന്നു ക്രിസ്തു. സമൂഹം ക്രിസ്തുവിന്റെ സാധ്യതകളെയും കഴിവിനെയും പ്രവർത്തനങ്ങളെയും ജീവനെ തന്നെയും തടഞ്ഞു നിർത്തിയപ്പോൾ ഒന്നിനെയും കുടഞ്ഞു മാറ്റാതെ, ആരെയും കുടഞ്ഞെറിയാതെ തന്നെ ക്രിസ്തു തന്റെ നന്മകളെ ഈ ഭൂമിയിൽ ആവോളം നിക്ഷേപിച്ചിട്ടു കടന്നു പോയി. ദൈവപുത്രന് പോലും പ്രതിബന്ധങ്ങൾ ഉണ്ടായിരുന്നു. നമ്മുടെ  ജീവിതത്തിലും മതിലുകളും, കോട്ടകളും നമ്മുടെ മുന്നിലുള്ള യാത്രകളെ തടസ്സപ്പെടുത്തുമ്പോൾ പരിമിതികളെ കടന്നു മുന്നേറാൻ  നാമും കരുതേണ്ട ആയുധമാണ് പ്രത്യാശ. പ്രത്യാശ നമ്മെ ഒരിക്കലും നിരാശരാകുകയില്ല. അത് കൊണ്ട് പാപ്പാ പറയുന്നത് പോലെ സന്തോഷം പഠിക്കണമെങ്കിൽ പ്രയാസം നിറഞ്ഞ കാലങ്ങൾ ഉൾക്കൊള്ളുന്നവയെ പൂർണ്ണമായി അനുഭവിച്ച് പ്രത്യാശ കൈവെടിയാത്തവരായിത്തീരാം.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

02 ജൂൺ 2022, 12:23