യാദ് വാഷേം അദ്ധ്യക്ഷൻ: യഹൂദ വിരുദ്ധതയ്ക്കെതിരായ പോരാട്ടത്തിൽ പാപ്പാ സുഹൃത്തും സഖ്യകക്ഷിയുമാണ്
സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
യഹൂദ വിരുദ്ധതയ്ക്കെതിരായ പോരാട്ടത്തിൽ വ്യാഴാഴ്ച രാവിലെ മുന്നോട്ടുള്ള മറ്റൊരു ചുവടുവയ്പ്പ് നടന്നതായി ഡാനി ദയാൻ വിശ്വസിക്കുന്നു.
ഫ്രാൻസിസ് പാപ്പയുമായി വത്തിക്കാനിൽ നടന്ന കൂടിക്കാഴ്ചയ്ക്കു ശേഷം അദ്ദേഹം വത്തിക്കാൻ റേഡിയോയോടു സംസാരിക്കവെ യഹൂദവിരുദ്ധതയെ പരാജയപ്പെടുത്താനുള്ള ദൗത്യത്തിലെ സുഹൃത്തും സഖ്യകക്ഷിയുമായാണ് പാപ്പയെ വിശേഷിപ്പിച്ചത്.
യഹൂദകൂട്ടകൊലയെക്കുറിച്ചുള്ള പഠനത്തിനും, അതിനെക്കുറിച്ചുള്ള രേഖകളുടെയും മറ്റും ശേഖരത്തിനും, ഗവേഷണത്തിനുമുള്ള ആത്യന്തിക ഉറവിടമായി സാർവ്വത്രികമായി അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ്
ജറൂസലേമിലെ യാദ് വാഷെം (വേൾഡ് ഹോളോകോസ്റ്റ് റിമെംബ്രൻസ് സെന്റർ). 2014ൽ വിശുദ്ധ നാട്ടിലേക്കുള്ള തീർത്ഥാടന വേളയിൽ ഫ്രാൻസിസ് പാപ്പാ യാദ് വാഷെം സന്ദർശിച്ചിരുന്നു. അവിടെ നടത്തിയ പ്രസംഗത്തിനിടയിൽ, "മനുഷ്യർ ചെയ്ത കാര്യങ്ങളിൽ ലജ്ജിക്കുന്നതിനുള്ള കൃപ ഞങ്ങൾക്ക് നൽകണമേ" എന്ന് ദൈവത്തോടു അപേക്ഷിക്കുകയും ഇത്തരം പ്രവർത്തികൾ "ഇനി ഒരിക്കലും, കർത്താവേ, ഇനി ഒരിക്കലും" ഉണ്ടാവരുതെന്ന് എന്ന് പാപ്പാ വിലപിക്കുകയും ചെയ്തത് ദയാൻ അനുസ്മരിച്ചു.
ഒരു സ്വകാര്യ കൂടികാഴ്ചയ്ക്കായി വത്തിക്കാനിൽ പാപ്പാ സ്വീകരിക്കുന്ന ആദ്യത്തെ യാദ് വാഷെം ചെയർമാനാണ് താനെന്ന് സൂചിപ്പിച്ച ദയാൻ, ഇരുവരുടെയും ജന്മസ്ഥലം ബോയണെസ് അയേഴ്‌സായതിനാൽ അവരുടെ മാതൃഭാഷയായ സ്പാനിഷ് ഭാഷയിൽ സംസാരിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും വെളിപ്പെടുത്തി.
വത്തിക്കാൻ ചരിത്രരേഖാ ശേഖരണം
പന്ത്രണ്ടാം പിയൂസ് പാപ്പായെക്കുറിച്ചുള്ള വത്തിക്കാൻ ചരിത്ര ശേഖരണം തുറന്നു കൊടുത്തതിൽ പാപ്പയോട് നന്ദി പറയുന്നതായി ദയാൻ പറഞ്ഞു.2020 മാർച്ചിൽ, വത്തിക്കാൻ അപ്പോസ്തോലിക് ചരിത്രഗ്രന്ഥശേഖരവും, പിയൂസ് പന്ത്രണ്ടാമന്റെ (1939-1958) പാപ്പാ സ്ഥാനകാലത്തെക്കുറിച്ചുള്ള പരിശുദ്ധ സിംഹാസനത്തിന്റെ മറ്റ് നിരവധി ചരിത്ര ശേഖരങ്ങളും പണ്ഡിതന്മാർക്ക് പഠിക്കുന്നതിനായി തുറന്നു കൊടുത്തിരുന്നു.
"തങ്ങളുടെ ഗവേഷകർക്കായി കുട്ടകൊലയുടെ പ്രസക്തമായ കാലഘട്ടത്തിലെ വത്തിക്കാനിലെ ചരിത്രഗ്രന്ഥശേഖരം തുറന്നതിന് പാപ്പയോടു തന്റെ നന്ദി പറഞ്ഞപ്പോൾ, ഗ്രന്ഥശേഖരം തുറക്കുന്നത് നീതി പുലർത്താനാണെന്ന് വളരെ വ്യക്തമായി പാപ്പാ പറഞ്ഞു," എന്ന് ദയാൻ വെളിപ്പെടുത്തി.
"സഭ ചരിത്രത്തെ ഭയപ്പെടുന്നില്ലെന്ന് മാത്രമല്ല, സഭ ചരിത്രത്തെ സ്നേഹിക്കുന്നു" എന്നും പാപ്പാ ആവർത്തിച്ചതായും അദ്ദേഹം അറിയിച്ചു. മറ്റ് സംഘടനകളിലെന്നപോലെ, സഭയിലും "ശരിയായ കാര്യം ചെയ്തവരും ചെയ്യാത്തവരും ഉണ്ടായിരുന്നു" എന്ന് തനിക്ക് നന്നായി അറിയാമെന്നും പരിശുദ്ധ പിതാവ് തുടർന്നു.
യഹൂദ വിരുദ്ധതയുടെ വ്യക്തമായ അപലപനം
യഹൂദ വിരുദ്ധതയുടെ വിപത്തിനെ അപലപിക്കുന്നതിൽ ഫ്രാൻസിസ് പാപ്പാ വളരെ വ്യക്തത പുലർത്തിയിരുന്നതായും അതിനെതിരെ തുടർന്നു പോരാടേണ്ടതിന്റെയും പരാജയപ്പെടുത്തുന്നതിന്റെയും പ്രാധാന്യം അദ്ദേഹം ഉയർത്തിപ്പിടിച്ചതായും ദയാൻ പറഞ്ഞു.
"യാദ് വാഷെമിന്റെ അദ്ധ്യക്ഷനെ പാപ്പാ ആദ്യമായിട്ടാണ് ഒരു സ്വകാര്യ കൂടിക്കാഴ്ചയ്ക്കായി വത്തിക്കാനിൽ സ്വീകരിക്കുന്നത്. ഇത് കത്തോലിക്കാ സഭയുടെ തലവനായ ഫ്രാൻസിസ് പാപ്പാ യഹൂദ കൂട്ടക്കൊലയുടെ സ്മരണയ്ക്കും യഹൂദ വിരുദ്ധതയ്ക്കെതിരെയുള്ള പോരാട്ടത്തിനുംനൽകുന്ന പ്രാധാന്യം ലോകത്തെ കാണിക്കുന്നുവെന്ന് താൻ കരുതുന്നുവെന്നും,” അദ്ദേഹം പറഞ്ഞു. കൂടിക്കാഴ്ചയുടെ സമാപനത്തിൽ, ദയാൻ പാപ്പയ്ക്കും പാപ്പാ തിരിച്ചും സമ്മാനം കൈമാറിയ നേരം "നിങ്ങൾക്ക് ഇവിടെ ഒരു സുഹൃത്ത് ഉണ്ടെന്ന് ഒരിക്കലും മറക്കരുത്" എന്ന് പാപ്പാ അദ്ദേഹത്തോടു പങ്കുവച്ചതായും ദയാൻ പറഞ്ഞു. ഒരു സുഹൃത്ത് എന്ന് പാപ്പാ പറയുമ്പോൾ, തങ്ങൾ ആരംഭിച്ചിരിക്കുന്ന ദൗത്യത്തിലെ ഒരു സഖ്യകക്ഷിയാണ് താൻ എന്നാണ് പാപ്പാ ഉദ്ദേശിച്ചതെന്ന് എനിക്കറിയാം." എന്ന് ദയാൻ കൂട്ടിചേർത്തു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: