തെക്കൻ സുഡാനിലേക്കും കോംഗോ ഡെമോക്രാറ്റിക് റിപ്പബ്ളിലേക്കും പാപ്പാ വത്തിക്കാൻ രാജ്യത്തിന്റെ സെക്രട്ടറിയെ അയക്കും
സി.റൂബിനി സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്
പരിശുദ്ധ സിംഹാസനത്തിന്റെ മാധ്യമകാര്യാലയം തിങ്കളാഴ്ച വൈകിട്ട് പരസ്യപ്പെടുത്തിയ പ്രസ്താവനയിൽ " കോംഗോയിലും തെക്കൻ സുഡാനിലുമുള്ള പ്രിയപ്പെട്ട ജനങ്ങളോടു തന്റെ സാമിപ്യം പ്രകടമാക്കാൻ ഫ്രാൻസിസ് പാപ്പാ, വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയെത്രൊ പരോളിനെ കിൻഷാസായിലേക്കും ജൂബായിലേക്കും അയക്കാൻ തീരുമാനിച്ചു " എന്ന് അറിയിച്ചു. കഠിനമായ മുട്ടുകാൽ വേദനയെ തുടർന്ന് ഡോക്ടർമാരുടെ നിർബ്ബന്ധത്തിന് വഴങ്ങി ഈ ആഫ്രിക്കൻ രാജ്യങ്ങളിലേക്കുള്ള അപ്പസ്തോലിക സന്ദർശനം മാറ്റിവയ്ക്കേണ്ടി വന്നതിനെ തുടർന്നാണ് ഈ നീക്കം. ജൂലൈ ഒന്നു മുതൽ എട്ടു വരെ കർദ്ദിനാൾ പിയെത്രൊ പരോളിൻ ഇവിടെ സന്ദർശനം നടത്തും. പാപ്പായുടെ 37മത് അപ്പോസ്തോലിക യാത്ര യഥാർത്ഥത്തിൽ തീരുമാനിച്ചിരുന്ന ദിവസങ്ങളാണവ.
എന്നാലും, കിൻഷാസായിൽ പാപ്പായുടെ മുഖ്യകാർമ്മികത്വത്തിൽ ദിവ്യ ബലിയർപ്പിക്കാൻ നിശ്ചയിച്ചിരുന്ന അതേ ദിവസം, ജൂലൈ മൂന്നാം തിയതി, ഫ്രാൻസിസ് പാപ്പാ റോമിൽ കോംഗോ സമൂഹവുമൊത്ത് ദിവ്യബലിയർപ്പിക്കും. ഇക്കാര്യം ജൂൺ 13ന് വത്തിക്കാനിലെ ക്ലമന്റൈൻ ഹാളിൽ ആഫ്രിക്കയുടെ പ്രേഷിതർ (Missionaries of Africa) എന്ന സന്യാസസമൂഹത്തിന്റെ പൊതുസമ്മേളത്തിനെത്തിയവരെ അഭിസംബോധന ചെയ്ത അവസരത്തിൽ ഫ്രാൻസിസ് പാപ്പാ തന്നെ പ്രഖ്യാപിച്ചതാണ്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: