പാപ്പാ: ക്രിസ്തുവിന്റെ അപ്പോസ്തലൻ ഒരു സാക്ഷിയാണ്
സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
സന്ദേശത്തിന്റെ ആരംഭത്തിൽ തന്നെ നിർഭാഗ്യവശാൽ തനിക്ക് കോംഗോയിലേക്കും, ദക്ഷിണ സുഡാനിലേക്കുമുള്ള യാത്ര മാറ്റിവയ്ക്കേണ്ടി വന്നതിൽ പാപ്പാ ഖേദം പ്രകടിപ്പിച്ചു. തന്റെ പ്രായത്തിൽ ഒരു മിഷന് പുറപ്പെടുക എന്നത് അത്ര എളുപ്പമല്ല. എന്നാൽ അവരുടെ പ്രാർത്ഥനയും മാതൃകയും തനിക്ക് ധൈര്യം നൽകുന്നുവെന്നും തന്റെ ഹൃദയത്തിൽ വഹിക്കുന്ന ജനങ്ങളെ സന്ദർശിക്കാൻ കഴിയുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും പാപ്പാ പങ്കുവച്ചു. ജൂലൈ മൂന്ന് ഞായറാഴ്ച, റോമിൽ കോംഗോ സമൂഹത്തോടൊപ്പം ഒരു ദിവ്യബലി അർപ്പിക്കുമെന്നും പാപ്പാ അറിയിച്ചു.
മൂന്ന് വർഷങ്ങൾക്ക് മുമ്പ് ആചരിച്ച അവരുടെ 150ആം വാർഷികാഘോഷത്തെ അനുസ്മരിച്ച പാപ്പാ അന്ന് അവരോടൊപ്പമുണ്ടായിരുന്ന മിഷനറി സഹോദരിമാർക്ക് തന്റെ ആശംസകൾ അറിയിക്കണമെന്നും പറഞ്ഞു.
പ്രേക്ഷിതത്വത്തെ ഒരു പ്രവാചക സാക്ഷ്യമായി കണ്ട് പ്രവർത്തിക്കണം എന്ന അവരുടെ പൊതു സമ്മേളനത്തിന്റെ പ്രമേയത്തെ കുറിച്ച് പരാമർശിച്ച പാപ്പാ "കൃതജ്ഞതയോടും "പ്രതീക്ഷയോടും" കൂടെ അവർ ഈ ദിവസങ്ങൾ ജീവിച്ചുവെന്നറിഞ്ഞതിലുള്ള തന്റെ സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു. അത് വളരെ മനോഹരമായെന്നും നന്ദിയോടെ തിരിഞ്ഞു നോക്കുന്നത് നല്ല ആത്മീയ ആരോഗ്യത്തിന്റെ അടയാളമാണെന്നും ദൈവം തന്റെ ജനത്തെ പഠിപ്പിച്ച "നിയമാവർത്തന" മനോഭാവമാണ് (cf. നിയമ 8). എന്നും വിശദീകരിച്ചു.
ദൈവം നമ്മെ പൂർത്തീകരിക്കാനനുവദിച്ച യാത്രയെ കുറിച്ചുള്ള കൃതജ്ഞതയുടെ ഓർമ്മ വളർത്തുക. ഈ കൃതജ്ഞതയാണ് പ്രത്യാശയുടെ ജ്വാലയെ ഉദ്ദീപ്തമാക്കുന്നത്. പാപ്പാ കൂട്ടി ചേർത്തു. നമ്മുടെ വഴിയിൽ വിതച്ച ദാനങ്ങൾക്ക് ദൈവത്തോടു എങ്ങനെ നന്ദി പറയണമെന്ന് അറിയാത്തവർക്ക്, മടുപ്പിക്കുന്നതും ചിലപ്പോൾ വേദനാജനകവുമാണെങ്കിലും, ദൈവത്തിന്റെ വിസ്മയങ്ങളോടു തുറവുള്ള, അവിടുത്തെ കരുതലിൽ വിശ്വസിക്കുന്ന, ഒരു പ്രത്യാശയുള്ള ആത്മാവ് പോലുമില്ല എന്ന് പാപ്പാ വ്യക്തമാക്കി. പ്രത്യേകിച്ചും കർത്താവ് തന്റെ ആത്മാവിനാലും വചനത്താലും ഉണർത്തുന്ന വിളിയുടെ വിത്തുകളെ പാകപ്പെടുത്താൻ ഈ ആത്മീയ മനോഭാവം ആവശ്യമാണെന്നും പാപ്പാ പറഞ്ഞു.
കൃതജ്ഞതയോടും പ്രത്യാശയോടും കൂടി മുന്നോട്ട് പോകാൻ പാപ്പാ അവരെ പ്രോത്സാഹിപ്പിച്ചു. കാരണം ദൈവത്തോടും സഹോദരങ്ങളോടും “നന്ദി” പറയാൻ അറിയുന്ന ഒരു സമൂഹം, ഉത്ഥിതനായ കർത്താവിൽ പ്രത്യാശിക്കാൻ പരസ്പരം സഹായിക്കുന്ന സമൂഹമാണ്. അത് വിളിക്കപ്പെട്ടവരെ ആകർഷിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നു.
പ്രവാചക സാക്ഷ്യം
പ്രേക്ഷിത പ്രവർത്തനം ഒരു പ്രവാചക സാക്ഷ്യം എന്ന പ്രമേയത്തെ കുറിച്ച് വിചിന്തനം നൽകിയ പാപ്പാ അവരുടെ വേരുകളോടുള്ള വിശ്വസ്ഥതയെ കുറിച്ചും, അവരുടെ സഭാസ്ഥാപകനായ കർദിനാൾ ലവിജെറിയെ ആത്മാവ് ഭരമേൽപ്പിച്ച സിദ്ധിയെ കുറിച്ചും പങ്കുവച്ചു. ലോകവും, ആഫ്രിക്കയും മാറുന്നു, എന്നാൽ ആ ദാനം അതിന്റെ അർത്ഥവും ശക്തിയും നിലനിർത്തുന്നു. ക്രിസ്തുവിലേക്കും സുവിശേഷത്തിലേക്കും തിരികെ നയിക്കുന്ന അളവിൽ അത് നിങ്ങളിൽ സുരക്ഷിതമായിരിക്കുമെന്നും പാപ്പാ വിശദീകരിച്ചു.
ഉപ്പിന് അതിന്റെ രുചി നഷ്ടപ്പെട്ടാൽ, പിന്നെ അത് എന്തിനുവേണ്ടിയാണ്? (cf മത്ത 5:13) എന്ന വചനഭാഗത്തെ എടുത്തു പറഞ്ഞ പാപ്പാ, നിങ്ങൾ അപ്പോസ്തലരായിരിക്കുക, അപ്പോസ്തലരല്ലാതെ മറ്റൊന്നുമല്ല! എന്ന അവരുടെ സഭാ സ്ഥാപകന്റെ ഉദ്ബോധനത്തെ ഓർമ്മിച്ച സഭാ മേലധ്യക്ഷന്റെ വാക്കുകളെയും അനുസ്മരിച്ചു. ക്രിസ്തുവിന്റെ ഒരു അപ്പോസ്തലൻ മറ്റെന്തിനെക്കാളും “ഒരു സാക്ഷി” ആണെന്ന് പാപ്പാ ചൂണ്ടിക്കാട്ടി.
യേശുവിന്റെ അപ്പോസ്തലൻ
യേശുക്രിസ്തുവിന്റെ അപ്പോസ്തലൻ മതം മാറ്റുന്നവനല്ല, ഒരു മാനേജരല്ല, ഒരു പണ്ഡിതനായ പ്രഭാഷകനല്ല, വിവര സാങ്കേതികവിദ്യയുടെ "മന്ത്രവാദി" അല്ല മറിച്ച് അപ്പോസ്തലൻ ഒരു സാക്ഷിയാണ്. ഇത് സഭയിൽ എല്ലായ്പ്പോഴും എല്ലായിടത്തും സത്യമാണ്. എന്നാൽ പ്രത്യേകിച്ചും ആദ്യ സുവിശേഷവൽക്കരണ സാഹചര്യങ്ങളിലും ഇസ്ലാമിക മതം പ്രബലമായ സ്ഥലങ്ങളിലും തങ്ങളുടെ ദൗത്യം നിറവേറ്റാൻ വിളിക്കപ്പെട്ട അവരെപ്പോലുള്ള സന്യാസ സമൂഹത്തിന് ഇത് തികച്ചും ബാധകമാണ്.
സാക്ഷ്യം
സാക്ഷ്യം എന്നതിന്റെ അർത്ഥം അടിസ്ഥാനപരമായി പ്രാർത്ഥനയും സാഹോദര്യവും എന്ന രണ്ട് കാര്യങ്ങളാണ്. ദൈവത്തിനും സഹോദരങ്ങൾക്കുമായി തുറന്നരിക്കുന്ന ഹൃദയം. എല്ലാറ്റിലുമുപരിയായി ആരാധനയിൽ ദൈവത്തിന്റെ സാന്നിധ്യത്തിൽ, എല്ലാ ദിവസവും നിങ്ങളെ നോക്കാൻ അവിടുത്തെ അനുവദിക്കുക. ക്രിസ്തുവിൽ നിലനിൽക്കുക" (യോഹ 15, 1-9 )"എന്നത് അപ്പോസ്തലരാകാനുള്ള നിബന്ധനയാണത്. അവനിൽ വസിച്ചാൽ മാത്രമേ പോകാൻ കഴിയൂ. ഇതാണ് ദൗത്യത്തിന്റെ വിരോധാഭാസമെന്ന് പാപ്പാ അനുസ്മരിപ്പിച്ചു.
പ്രാർത്ഥനയും സാഹോദര്യവും
സഭ പ്രാർത്ഥനയുടെയും സാഹോദര്യത്തിന്റെയും ഒഴിച്ചുകൂടാനാവാത്ത കേന്ദ്ര ത്തിലേക്ക് മടങ്ങണം. സഭയുടെ ലാളിത്യം പ്രസരിപ്പിക്കുന്ന ഈ അടിസ്ഥാന കേന്ദ്രത്തിലേക്ക് മടങ്ങേണ്ടത് ഒരേപോലെയല്ല മറിച്ച് വൈവിധ്യമാർന്ന സിദ്ധികളിലും ശുശ്രൂഷകളിലും സ്ഥാപനങ്ങളിലും പെന്തക്കോസ്തയും അപ്പോസ്തലന്മാരുടെ പ്രവൃത്തികളിൽ വിവരിച്ചിരിക്കുന്ന ആദ്യ സമൂഹവും പോലെയായിരിക്കണം.
പ്രവചനത്തെ പലപ്പോഴും ഒരു വ്യക്തിഗത യാഥാർത്ഥ്യമായി ചിന്തിക്കാൻ നാം പ്രേരിതരാകാറുണ്ട് എന്നാൽ അത് എല്ലാറ്റിലുപരിയായി സാമൂഹീക പരമാണെന്നും, സമൂഹമാണ് പ്രവാചക സാക്ഷ്യം നൽകുന്നതെന്നും പാപ്പാ പറഞ്ഞു. പല രാജ്യങ്ങളിൽ നിന്നുള്ളവരും വ്യത്യസ്ഥ സംസ്കാരങ്ങളിൽ നിന്നുള്ളവരുമായ അവരുടെ സാഹോദര്യത്തെക്കുറിച്ച് താൻ ചിന്തിക്കുന്നുവെന്ന് പറഞ്ഞ പാപ്പാ ഇത് എളുപ്പമല്ലായെന്നും പരിശുദ്ധാത്മാവിന്റെ സഹായത്താൽ മാത്രം സ്വീകരിക്കാവുന്ന ഒരു വെല്ലുവിളിയാണ് എന്നും അവരെ ബോധ്യപ്പെടുത്തി.
തുടർന്ന് പ്രാർത്ഥനയിലും സാഹോദര്യത്തിലും ജീവിക്കുന്ന അവരുടെ ഈ സമൂഹം, ദാരിദ്ര്യത്തിനു പുറമേ, അരക്ഷിതാവസ്ഥയും അനിശ്ചിതത്വവും അനുഭവിക്കുന്ന സാഹചര്യങ്ങളിൽ, തങ്ങൾ ജീവിക്കുന്ന ചുറ്റുപാടുകളുമായി സംവാദിക്കണമെന്നും പാപ്പാ കൂട്ടിച്ചേർത്തു. സുവിശേഷവൽക്കരണത്തിന്റെ മധുരമായ സന്തോഷം ജീവിക്കാനാണ് ഈ ചെറിയ സമൂഹം അയയ്‌ക്കപ്പെട്ടിരിക്കുന്നതെന്ന് പറഞ്ഞ പാപ്പാ ആഫ്രിക്കയിലെ മാതാവ് അവരെ അനുയാത്ര ചെയ്യുകയും സംരക്ഷിക്കുകയും ചെയ്യട്ടെ എന്നാശംസിക്കുകയും ചെയ്തു. തന്റെ പ്രാർത്ഥനയും അനുഗ്രഹവും അവിടെ സമ്മേളിച്ചിരുന്നവർക്കും അവരുടെ സഭാംഗങ്ങൾക്കും നൽകിയ പാപ്പാ തനിക്ക് വേണ്ടി പ്രാർത്ഥിക്കാൻ മറക്കരുതെന്ന അഭ്യർത്ഥനയോടെ തന്റെ സന്ദേശം ഉപസംഹരിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: