തിരയുക

പൗരസ്ത്യ ഓട്ടോസെഫാലസ് സഭകളിലെ യുവ വൈദീകരുടെയും സന്യാസികളുടെയും പാൻ-ഓർത്തഡോക്‌സ് പ്രതിനിധി സംഘവുമായ പാപ്പാ. പൗരസ്ത്യ ഓട്ടോസെഫാലസ് സഭകളിലെ യുവ വൈദീകരുടെയും സന്യാസികളുടെയും പാൻ-ഓർത്തഡോക്‌സ് പ്രതിനിധി സംഘവുമായ പാപ്പാ. 

പാപ്പാ: സമ്പൂർണ്ണ ഐക്യത്തിലേക്ക് നമ്മെ നയിക്കുന്നത് ക്രിസ്തുവിന്റെ കുരിശാണ്

പൗരസ്ത്യ ഓർത്തഡോക്സ് സഭകളിൽ നിന്നുള്ള യുവ വൈദീകർക്കും സന്യാസികൾക്കും പാപ്പാ നൽകിയ സന്ദേശം.

സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

റോമൻ റീത്തിൽ ദിവ്യബലിയുടെ പ്രാരംഭത്തിൽ സാധാരണ ഉപയോഗിക്കുന്ന "കർത്താവായ യേശുക്രിസ്തുവിന്റെ കൃപയും, ദൈവത്തിന്റെ സ്നേഹവും പരിശുദ്ധാത്മാവിലുള്ള കൂട്ടായ്മയും" അവരോടൊപ്പമുണ്ടാകട്ടെ എന്ന (2 കൊറീ. 13, 13) പൗലോസ് അപ്പോസ്തലന്റെ അഭിവാദ്യത്തോടെ അവരുടെ  സന്ദർശനത്തിലുള്ള തന്റെ സന്തോഷം അറിയിച്ച ഫ്രാൻസിസ് പാപ്പാ, കർത്താവിന്റെ വരവിൽ നമുക്ക് ഒരുമിച്ച് ദിവ്യബലി ആലോഷിക്കാൻ ഇടയാവട്ടെ എന്ന് പ്രാർത്ഥിക്കുകയും പ്രത്യാശിക്കുകയും ചെയ്യുന്നുവെന്ന് അറിയിച്ചു.

റോമൻ കലണ്ടർ അനുസരിച്ച് അടുത്ത ഞായറാഴ്ച വരുന്ന പെന്തക്കുസ്ത തിരുനാളിന്റെ തലേ ദിവസത്തിലുള്ള അവരുടെ സന്ദർശനത്തിൽ പരിശുദ്ധ പിതാവ് പെന്തക്കുസ്ത തിരുനാളിൽനിന്നു പ്രചോദനമുൾക്കൊണ്ട വിചിന്തനമാണ് നൽകിയത്. അതിന് കാരണം നമ്മൾ ആഗ്രഹിക്കുന്ന സമ്പൂർണ്ണ ഐക്യത്തെ സംബന്ധിക്കുന്നതാണതെന്ന് പാപ്പാ ചൂണ്ടിക്കാണിച്ചു.

ഐക്യം:  ഒരു ദാനം; ഉന്നതത്തിൽ നിന്നുള്ള അഗ്നിനാളം

ഐക്യം ഉന്നതത്തിൽ നിന്നുള്ള ഒരു ദാനമാണെന്നും ഈ അത്യസാധാരണ ദാനത്തിനായി നാം തുടർച്ചയായി പ്രാർത്ഥിക്കുകയും, പ്രവർത്തിക്കുകയും, സംവാദിക്കുകയും, ഒരുങ്ങുകയും വേണമെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. ഐക്യം കൈവരിക്കുക എന്നത് എന്നാൽ പ്രാഥമികമായി ഭൂമിയുടെ ഫലമമല്ല മറിച്ച് സ്വർഗ്ഗത്തിന്റെതാണ്. നമ്മുടെ പ്രതിബദ്ധതയുടെയോ, പരിശ്രമങ്ങളുടേയോ, ഉടമ്പടികളുടേയോ ഫലമല്ല. അത് പരിശുദ്ധാത്മാവിന്റെ  പ്രവർത്തനമാണ്. അതിനാൽ നമ്മെ പരിപൂർണ്ണമായ ഐക്യത്തിന്റെ വഴിയിലൂടെ നയിക്കാൻ വിശ്വാസത്തോടെ പരിശുദ്ധാത്മാവിന്റെ പ്രവർത്തികൾക്ക് നമ്മുടെ ഹൃദയം തുറന്നുകൊടുക്കാം. ഐക്യം ഒരു കൃപയും ദാനവുമാണ്, പാപ്പാ അവരോടു പറഞ്ഞു.

ഐക്യം:  സ്വരലയം

രണ്ടാമതായി ഐക്യം സ്വരചേർച്ചയാണെന്ന് പെന്തക്കുസ്ത തിരുനാൾ നമ്മെ പഠിപ്പിക്കുന്നുവെന്ന് പാപ്പാ അറിയിച്ചു. ഇതിന്റെ ഒരു നല്ല ദൃഷ്ടാന്തമാണ് വിവിധ പാരമ്പര്യങ്ങളിൽ പെട്ട സഭകളിൽ നിന്ന് വിശ്വാസത്തിന്റെയും കൂദാശകളുടേയും  ഐക്യത്തോടെയുള്ള അവരുടെ ഈ പ്രതിനിധി സംഘം എന്ന് ഫ്രാൻസിസ് പാപ്പാ ചൂണ്ടിക്കാണിച്ചു. ഐക്യം  എന്നത് ഏകരൂപതത (unifomity) അല്ല. വിട്ടുവീഴ്ചയുടെ പരിണതഫലമോ അധികാരത്തിന്റെ ദുർബലമായ നയതന്ത്ര സംതുലിതാവസ്ഥയോ അല്ല. മറിച്ച്  അത് പരിശുദ്ധാത്മാവ് ചൊരിയുന്ന വൈവിധ്യമാർന്ന സിദ്ധികളുടെ സ്വരലയമാണ് എന്ന് ഫ്രാൻസിസ്  പാപ്പാ വിശദീകരിച്ചു. കാരണം പരിശുദ്ധാത്മാവ്  പെന്തക്കുസ്തയിലെന്നപോലെ ബഹുസ്വരതയെയും ഐക്യത്തെയും ഉണർത്താൻ ഇഷ്ടപ്പെടുന്നു. അവിടെ വിവിധ ഭാഷകൾ ഒന്നാക്കി ചുരുക്കാതെ അവയുടെ എല്ലാ വൈവിധ്യങ്ങളും ഏറ്റെടുക്കുകയായിരുന്നു. സ്വരലയമാണ് പരിശുദ്ധാത്മാവിന്റെ വഴി, കാരണം, വി. ബേസിൽ പറയുന്നതുപോലെ ആത്മാവ് സ്വരചേർച്ചയാണ്.

ഐക്യം: ഒരു യാത്ര

പെന്തക്കുസ്ത പഠിപ്പിക്കുന്ന മൂന്നാമത്തെ വസ്തുതയാണിത്. ഐക്യം ഒരു മേശയ്ക്കു ചുറ്റുമിരുന്ന് രൂപീകരിക്കേണ്ടതോ ആവിഷ്കരിക്കേണ്ടതോ ആയ പദ്ധതിയല്ല എന്നും അത് നിശ്ചലമായി നിന്നുകൊണ്ടല്ല മറിച്ച് പെന്തക്കുസ്ത നാൾ മുതൽ പരിശുദ്ധാത്മാവ് ശിഷ്യർക്ക് നൽകിയ പുതിയ ഊർജ്ജവുമായി മുന്നേറുന്നതിലാണ് എന്നും പാപ്പാ അവരോടു പറഞ്ഞു. യാത്രയുടെ ഓരോ ഘട്ടവും അതിലെ സന്തോഷങ്ങളും പ്രയാസങ്ങളും പ്രതീക്ഷിക്കാത്ത അനുഭവങ്ങളുടെ  ആശ്ചര്യങ്ങളും പങ്കിടുന്നതിലൂടെയും വഴി കൈവരിക്കുന്നതാണ് ഐക്യം. വി. പൗലോസ് ഗലാത്തിയക്കാരോടു പറഞ്ഞതുപോലെ നമ്മൾ ആത്മാവിനൊപ്പം നടക്കാനുള്ളവരാണ് (ഗലാ. 5, 16.25). അടുത്തിടെ ഐക്യത്തിന്റെ പണ്ഡിതനായി താൻ പ്രഖ്യാപിച്ച വി. ഇറനേവൂസ് പറയും പോലെ സഭ സഹോദരങ്ങളുടെ ഒരു യാത്രാ സംഘമാണ്. ഇവിടെ ഐക്യം, ഒരു അതിശയകരമായ അൽഭുതമായി പെട്ടെന്ന് പ്രത്യക്ഷപ്പെടുകയല്ല മറിച്ച് സാവധാനം ഒരുമിച്ച് നടത്തുന്ന ഒരു യാത്രയുടെ ക്ഷമയുടെയും സ്ഥിരോൽസാഹത്തിന്റെയും പുരോഗതിയിൽ നിശബ്ദമായി വളരുകയും പക്വത പ്രാപിക്കുകയും ചെയ്യുകയാണ് എന്നും ഫ്രാൻസിസ് പാപ്പാ വിശദീകരിച്ചു.

ഐക്യം: ദൗത്യത്തിന്

അവസാനത്തെ കാര്യമായി പാപ്പാ ഐക്യം ഐക്യത്തിനു വേണ്ടിയല്ല അത് ക്രൈസ്തവ പ്രഘോഷണത്തിന്റെ ഫലപ്രാപ്തിയുമായി വളരെയേറെ ബന്ധപ്പെട്ടു കിടക്കുന്നതാണെന്ന് ചൂണ്ടിക്കാണിച്ചു. യേശു തന്നെ ശിഷ്യർക്കു വേണ്ടി പ്രാർത്ഥിച്ചത് "ലോകം വിശ്വസിക്കുന്നതിനായി അവർ ഒന്നായിരിക്കാനാണ് " (യോഹ.17,21) പെന്തക്കുസ്തയിൽ സഭ ഒരു പ്രേഷിത സമൂഹമായി ജനിക്കുകയായിരുന്നു. ഇന്നും ലോകം ബോധപൂർവ്വമല്ലെങ്കിലും ഉപവിയുടേയും, സ്വാതന്ത്ര്യത്തിന്റെയും, സമാധാനത്തിന്റെയും സുവിശേഷം കേൾക്കാൻ  കാത്തിരിക്കുകയാണ് എന്നു പറഞ്ഞ ഫ്രാൻസിസ് പാപ്പാ ഈ സന്ദേശത്തിന് പരസ്പരം സാക്ഷ്യം വഹിക്കാനാണ്  നമ്മൾ വിളിക്കപ്പെട്ടിരിക്കുന്നത് അല്ലാതെ അന്യോന്യം എതിർക്കാനോ തമ്മിൽ തമ്മിൽ ഒഴിവാക്കാനോ അല്ലെന്നും അവരെ ഓർമ്മിപ്പിക്കുകയും ഇതിന് അവരുടെ സഭകൾ നൽകുന്ന പൊതു സാക്ഷ്യത്തിന് നന്ദി പറയുകയും ചെയ്തു.

ക്രിസ്തുവിലുള്ള വിശ്വാസത്തെ രക്തം കൊണ്ട് മുദ്രകുത്തിയവരെ പ്രത്യേകം അനുസ്മരിച്ച പരിശുദ്ധ പിതാവ്, അക്രമത്തിലും പലപ്പോഴും വിസ്മരിക്കപ്പെടുന്ന സംഘട്ടനങ്ങളാലും അടയാളപ്പെടുത്തുന്ന എല്ലായിടങ്ങളിലും ക്രൂശിതനും ഉത്ഥിതനുമായ ക്രിസ്തുവിന്റെ നാമത്തിൽ അവർ വിതച്ച സ്നേഹത്തിന്റെയും പ്രത്യാശയുടെയും വിത്തുകൾക്കും നന്ദി പറഞ്ഞു.

ഐക്യത്തിലേക്കുള്ള വടക്ക്നോക്ക് യന്ത്രം: ക്രിസ്തുവിന്റെ കുരിശ്

ക്രിസ്തുവിന്റെ കുരിശാവട്ടെ സമ്പൂർണ്ണ ഐക്യത്തിലേക്ക് നമ്മെ നയിക്കുന്ന വടക്ക്നോക്ക് യന്ത്രം എന്ന് പാപ്പാ അവരോടു പറഞ്ഞു. കാരണം ക്രിസ്തുവിന്റെ ആ കുരിശിലാണ് നമ്മെ അനുരഞ്ജനപ്പെടുത്തിയതും സമാധാനത്തിൽ ഒരു ജനമാക്കിയതും (എഫേ 2,14). ആ കുരിശിന്റെ കരങ്ങളായ ഐക്യത്തിന്റെ യാഗപീoത്തിൽ അവരുമായി പങ്കുവച്ച ഈ ചിന്തകൾ സമർപ്പിക്കുന്നുവെന്നും, അവ സമ്പൂർണ്ണ ഐക്യത്തിലേക്കു നയിക്കുന്ന പ്രധാന സൂചകങ്ങളായിരിക്കും എന്നും ഫ്രാൻസിസ് പാപ്പാ പങ്കുവച്ചു.

അവരുടെ സന്ദർശനത്തിന് നന്ദിയർപ്പിക്കുകയും, പരസ്പരം പ്രാർത്ഥന വാഗ്ദാനം ചെയ്യുകയും ആഭ്യർത്ഥിക്കുകയും കർത്താവിന്റെയും പരിശുദ്ധ അമ്മയുടെയും സംരക്ഷണം ആശംസിക്കുകയും ചെയ്ത ശേഷം ഫ്രാൻസിസ് പാപ്പാ, സ്വർഗ്ഗസ്ഥനായ പിതാവേ എന്ന പ്രാർത്ഥന ഓരോരുത്തരുടേയും ഭാഷയിൽ ഒരുമിച്ചു ചൊല്ലാൻ ആവശ്യപ്പെട്ടുകൊണ്ടാണ് തന്റെ സന്ദേശം അവസാനിപ്പിച്ചത്. 

 

 

 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

03 June 2022, 13:57