തിരയുക

പാപ്പാ: പരിശുദ്ധാരൂപി അകലം ഇല്ലാതാക്കുന്നു, ഓർമ്മപ്പെടുത്തുന്നു!

ഫ്രാൻസീസ് പാപ്പാ പെന്തക്കോസ്താ തിരുന്നാൾ ദിനത്തിൽ മദ്ധ്യാഹ്നനപ്രാർത്ഥനാ വേളയിൽ പങ്കുവച്ച ചിന്തകൾ.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

പെന്തക്കോസ്താ തിരുന്നാൾ ആയിരുന്ന ഈ ഞായറാഴ്‌ച (05/06/22) മദ്ധ്യാഹ്നത്തിൽ ഫ്രാൻസീസ് പാപ്പാ വത്തിക്കാനിൽ ഞായാറാഴ്ചകളിൽ പതിവുള്ള പൊതുവായ ത്രികാലപ്രാർത്ഥന നയിച്ചു. ഇതിൽ പങ്കുകൊള്ളുന്നതിന് വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ ചത്വരത്തിനകത്തും പുറത്തുമായി ഇറ്റലിക്കാരും മറ്റു രാജ്യക്കാരുമായിരുന്ന ആയിരക്കണക്കിന് വിശ്വാസികൾ സന്നിഹിതരായിരുന്നു. ഉയിർപ്പു ഞായർ മുതൽ പെന്തക്കോസ്താ തിരുന്നാൾ വരെ  “കർത്താവിൻറെ മാലാഖ”  എന്ന പ്രാർത്ഥനയുടെ സ്ഥാനത്ത് ചൊല്ലുന്ന “സ്വർല്ലോക രാജ്ഞീ ആനന്ദിച്ചാലും” എന്ന മരിയൻപ്രാർത്ഥന നയിക്കുന്നതിനായി പാപ്പാ, റോമിലെ സമയം ഉച്ചയ്ക്ക് 12 മണിക്ക്, ഇന്ത്യയിലെ സമയം ഉച്ചകഴിഞ്ഞ് 3.30-ന്,  ബസിലിക്കാങ്കണത്തിന് അഭിമുഖമായുള്ള അരമനയുടെ ജാലകത്തിങ്കൽ, പ്രത്യക്ഷനായപ്പോൾ ജനസഞ്ചയത്തിൻറെ ആനന്ദാരവങ്ങൾ ഉയർന്നു. ലത്തീൻ റീത്തിൻറെ ആരാധനക്രമമനുസരിച്ച് ദിവ്യബലി മദ്ധ്യേ വയിക്കപ്പെട്ട വിശുദ്ധഗ്രന്ഥ ഭാഗങ്ങളിൽ യോഹന്നാൻറെ സുവിശേഷം പതിനാലാം അദ്ധ്യായം, 15-ഉം 16-ഉം 23-26 വരെയുമുള്ള വാക്യങ്ങൾ, അതായത്, തന്നെ സ്നേഹിക്കുന്നവർ തൻറെ കല്പന പാലിക്കുമെന്നും താൻ പ്രാർത്ഥിക്കുകയും അങ്ങനെ പിതാവ് പരിശുദ്ധാത്മാവിനെ അയക്കുകയും ചെയ്യുമെന്നും യേശു ശിഷ്യന്മാരോട് പറയുന്ന ഭാഗം ആയിരുന്നു പാപ്പായുടെ ത്രികാലപ്രാർത്ഥനാ വിചിന്തനത്തിന് അവലംബം. 

പാപ്പായുടെ ത്രികാലജപ സന്ദേശം:

പഠിപ്പിക്കുകയും ഓർമ്മപ്പിക്കുകയും ചെയ്തുകൊണ്ട് സുവിശേഷം നമ്മുടെ ഹൃദയങ്ങളിലേക്കു കടത്തിവിടുന്ന ആത്മാവ്

പ്രിയ സഹോദരീ സഹോദരന്മാരേ ശുഭദിനം! ശുഭ ഞായർ!

ഇന്നും നല്ലൊരു ആഘോഷമാണ്, കാരണം ഇന്ന് പെന്തക്കോസ്ത തിരുന്നാളാണ്. ഉത്ഥാനദിനത്തിനു ശേഷം അമ്പതാം ദിവസം അപ്പോസ്തലന്മാരുടെ മേൽ പരിശുദ്ധാത്മാവ് വർഷിക്കപ്പെട്ട സംഭവം ആഘോഷിക്കപ്പെടുന്നു. പരിശുദ്ധാത്മ വർഷണം യേശു പലതവണ വാഗ്ദാനം ചെയ്തിരുന്നു. ഇന്നത്തെ ആരാധനാക്രമത്തിൽ സുവിശേഷം ഈ വാഗ്ദാനങ്ങളിലൊന്നിനെക്കുറിച്ച് വീണ്ടും വിവരിക്കുന്നു, യേശു ശിഷ്യന്മാരോട് പറയുന്നു: " പിതാവ് എൻറെ നാമത്തിൽ അയയ്‌ക്കുന്ന സഹായകനായ പരിശുദ്ധാത്മാവ് എല്ലാക്കാര്യങ്ങളും നിങ്ങളെ പഠിപ്പിക്കുകയും ഞാൻ നിങ്ങളോട് പറഞ്ഞിട്ടുള്ളതെല്ലാം നിങ്ങളെ അനുസ്മരിപ്പിക്കുകയും ചെയ്യും" (യോഹന്നാൻ 14: 26) ആത്മാവ് ചെയ്യുന്നത് ഇതാണ്: ക്രിസ്തു പറഞ്ഞത് പഠിപ്പിക്കുകയും ഓർമ്മിപ്പിക്കുകയും ചെയ്യുക. പഠിപ്പിക്കലും ഓർമ്മിപ്പിക്കലും ഈ രണ്ട് പ്രവർത്തികളെക്കുറിച്ച് നമുക്ക് ചിന്തിക്കാം, കാരണം പരിശുദ്ധാത്മാവ് അപ്രകാരമാണ് യേശുവിൻറെ സുവിശേഷം നമ്മുടെ ഹൃദയങ്ങളിലേക്ക് കടത്തിവിടുന്നത്.

പരിശുദ്ധാരൂപി - അദ്ധ്യാപകൻ

സർവ്വോപരി, പരിശുദ്ധാത്മാവ് പഠിപ്പിക്കുന്നു. അങ്ങനെ, വിശ്വാസാനുഭവത്തിൽ പ്രകടമാകുന്ന ഒരു പ്രതിബന്ധത്തെ മറികടക്കാൻ നമ്മെ സഹായിക്കുന്നു: ഈ വിഘാതം ദൂരം ആണ്. വിശ്വാസാനുഭവത്തിൽ  അകലം എന്ന തടസ്സം തരണം ചെയ്യാൻ അവൻ നമ്മെ സഹായിക്കുന്നു. വാസ്തവത്തിൽ, സുവിശേഷത്തിനും ദൈനംദിന ജീവിതത്തിനും ഇടയിൽ ഒരുപാട് അകലമുണ്ടോ എന്ന സംശയം ഉയർന്നേക്കാം: യേശു രണ്ടായിരം വർഷങ്ങൾക്ക് മുമ്പ് ജീവിച്ചു, വ്യത്യസ്ത കാലഘട്ടമായിരുന്നു, ഭിന്ന  സാഹചര്യങ്ങളായിരുന്നു, അതിനാൽ സുവിശേഷം കാലഹരണപ്പെട്ടതായി തോന്നുന്നു, ഇന്നിൻറെ ആവശ്യങ്ങളോടും പ്രശ്നങ്ങളോടും കൂടെ നമ്മുടെ ഈ കാലഘട്ടത്തോട് സംസാരിക്കാൻ അപര്യാപ്തമാണെന്ന് തോന്നുന്നു. അപ്പോൾ നമ്മിൽ ഈ ചോദ്യവും ഉയരുന്നു: അതായത്, ഇൻറർനെറ്റിൻറെ യുഗത്തിൽ, ആഗോളവൽക്കരണത്തിൻറെ കാലഘട്ടത്തിൽ സുവിശേഷത്തിന് എന്ത് പറയാൻ സാധിക്കും? സുവിശേഷ വചനത്തിന് എന്ത് സ്വാധീനം ചെലുത്താനാകും?

ദൂരങ്ങളെ മറികടക്കാൻ പഠിപ്പിക്കുന്ന ആത്മാവ് 

ദൂരങ്ങളെ ഇല്ലായ്മ ചെയ്യുന്നതിൽ ഒരു വിദഗ്ദ്ധനാണ് പരിശുദ്ധാത്മവാവ് എന്ന് നമുക്ക് പറയാനാകും, ദൂരങ്ങൾ എങ്ങനെ മറികടക്കാമെന്ന് അവനറിയാം; അവയെ തരണം ചെയ്യാൻ അവൻ നമ്മെ പഠിപ്പിക്കുന്നു. യേശുവിൻറെ പ്രബോധനങ്ങളെ എല്ലാ കാലങ്ങളുമായും എല്ലാ വ്യക്തികളുമായും ബന്ധിപ്പിക്കുന്നത് അവനാണ്. അവനോടൊപ്പം ക്രിസ്തുവിൻറെ വാക്കുകൾ ഒരു ഓർമ്മയല്ല, ഇല്ല: ക്രിസ്തുവിന്റെ വാക്കുകൾ പരിശുദ്ധാത്മശക്തിയാൽ  ഇന്ന് സജീവമാകുന്നു! അതെ, ആത്മാവ് അവയെ നമുക്കുവേണ്ടി ജീവസുറ്റതാക്കുന്നു: വിശുദ്ധ ഗ്രന്ഥത്തിലൂടെ അവൻ നമ്മോട് സംസാരിക്കുകയും വർത്തമാനകാലത്ത് നമ്മെ നയിക്കുകയും ചെയ്യുന്നു. നൂറ്റാണ്ടുകൾ കടന്നുപോകുന്നതിനെ പരിശുദ്ധാത്മാവ് ഭയപ്പെടുന്നില്ല; നേരെമറിച്ച്, അത് വിശ്വാസികളെ അവരുടെ കാലത്തെ പ്രശ്നങ്ങളിലും സംഭവങ്ങളിലും ശ്രദ്ധയുള്ളവരാക്കുന്നു. പരിശുദ്ധാത്മാവ്, വാസ്തവത്തിൽ, പഠിപ്പിക്കുമ്പോൾ, യാഥാർത്ഥ്യമാക്കിത്തീർക്കുന്നു: അവൻ എപ്പോഴും വിശ്വാസത്തെ ചെറുപ്പമായി നിലനിർത്തുന്നു. എന്നാൽ വിശ്വാസത്തെ ഒരു പ്രദർശനവസ്തുവാക്കി മാറ്റുന്ന അപകടസാദ്ധ്യത നമുക്കുണ്ട്: അത് അപകടമാണ്! പകരം, അവൻ അതിനെ കാലോചിതമാക്കുന്നു, എല്ലായ്‌പ്പോഴും, കാലത്തിനൊപ്പം: ഇതാണ് അവൻറെ കർത്തവ്യം. കാരണം പരിശുദ്ധാത്മാവ് കടന്നുപോകുന്ന കാലഘട്ടങ്ങളുമായോ പരിഷ്ക്കാരങ്ങളുമായോ ബന്ധിതനല്ല, മറിച്ച് ഉയിർത്തെഴുന്നേറ്റവനും ജീവിച്ചിരിക്കുന്നവനുമായ യേശുവിൻറെ യാഥാർത്ഥ്യത്തെ ഇന്നിലേക്ക് കൊണ്ടുവരുന്നു.

ഓർമ്മിപ്പിക്കുന്ന പരിശുദ്ധാരൂപി 

ആത്മാവ് എപ്രകാരമാണ് ഇത് ചെയ്യുന്നത്? നമ്മെ ഓർമ്മിപ്പിച്ചുകൊണ്ട്. ഇതാ രണ്ടാമത്തെ ക്രിയ, ഓർമ്മിക്കുക. ഓർക്കുക എന്നതിൻറെ പൊരുളെന്താണ്? ഓർമ്മിക്കുക എന്നതിനർത്ഥം ഹൃദയത്തിലേക്ക് തിരികെ കൊണ്ടുവരിക എന്നാണ്, ഓർമ്മിക്കുക: പരിശുദ്ധാരൂപി സുവിശേഷം നമ്മുടെ ഹൃദയത്തിലേക്ക് തിരികെ കൊണ്ടുവരുന്നു. അപ്പോസ്തലന്മാരുടെ കാര്യത്തിൽ സംഭവിച്ചതു പോലെയാണിത്: അവർ പലതവണ യേശുവിനെ ശ്രവിച്ചിരുന്നു, എന്നിട്ടും അവർ അവനെ വേണ്ടത്ര മനസ്സിലാക്കിയിരുന്നില്ല. നമുക്കും അതുതന്നെ സംഭവിക്കുന്നു. എന്നാൽ പെന്തക്കോസ്ത മുതൽ, പരിശുദ്ധാത്മാവിനാൽ, അവർ ഓർക്കുകയും മനസ്സിലാക്കുകയും ചെയ്യുന്നു. തങ്ങൾക്കായി പ്രത്യേകം തയ്യാറാക്കിയവയെന്ന പോലെ ആ വാക്കുകളെ അവർ സ്വാഗതം ചെയ്യുന്നു, കൂടാതെ ബാഹ്യമായ അറിവിൽ നിന്ന്, ഓർമ്മയെക്കുറിച്ചുള്ളതായ ഒരു അറിവിൽ നിന്ന്, ജീവൻ തുടിക്കുന്ന ബന്ധത്തിലേക്ക്, കർത്താവുമായുള്ള ബോദ്ധ്യദായകവും സന്തോഷകരവുമായ ബന്ധത്തിലേക്ക് കടക്കുന്നു. ഇത് ചെയ്യുന്നത്, " പറഞ്ഞു കേട്ടവ" എന്നതിൽ നിന്ന് യേശുവിനെക്കുറിച്ചുള്ള വ്യക്തിപരമായ അറിവിലേക്ക് ഹൃദയത്തെ കടത്തുന്നത്, ആത്മാവാണ്. അങ്ങനെ ആത്മാവ് നമ്മുടെ ജീവിതത്തെ മാറ്റുന്നു: അവിടന്ന് യേശുവിൻറെ ചിന്തകൾ നമ്മുടെ ചിന്തകളായി മാറും വിധം പ്രവർത്തിക്കുന്നു. യേശുവിൻറെ വാക്കുകൾ നമ്മെ ഓർമ്മിപ്പിക്കുകയും അവ ഇന്ന് നമ്മുടെ ഹൃദയത്തിലേക്ക് കൊണ്ടുവരികയും ചെയ്തുകൊണ്ടാണ് ആത്മാവ് ഇത് ചെയ്യുന്നത്.

പരിശുദ്ധാത്മാവിനെ വിളിച്ചപേക്ഷിക്കുക

സഹോദരീ സഹോദരന്മാരേ, യേശുവിനെക്കുറിച്ച് നമ്മെ അനുസ്മരിപ്പിക്കുന്ന ആത്മാവ് ഇല്ലെങ്കിൽ, വിശ്വാസം വിസ്മൃതിയിലാഴുന്നു. പലതവണ വിശ്വാസം സ്മരണരഹിത ഓർമ്മയായി മാറുന്നു: മറിച്ച് ഓർമ്മ സജീവമാണ്, ആത്മാവ് ജീവനുള്ള ഓർമ്മ കൊണ്ടുവരുന്നു. നമുക്ക് സ്വയം ചോദിക്കാൻ ശ്രമിക്കാം - നമ്മൾ മറക്കുന്ന ക്രിസ്ത്യാനികളാണോ? യേശുവിൻറെ സ്നേഹം മറന്ന് സംശയത്തിലേക്കും നമ്മുടെ ഭയത്തിലേക്കും വീഴാൻ ഒരു തിരിച്ചടിയോ, കഷ്ടപ്പാടോ, പ്രതിസന്ധിയോ മതിയോ? കഷ്ടം! മറക്കുന്ന ക്രിസ്ത്യാനികൾ ആകാതിരിക്കാൻ സൂക്ഷിക്കുക. റൂഹായെ വിളിച്ചപേക്ഷിക്കുകയാണ് പ്രതിവിധി. പലപ്പോഴും, പ്രത്യേകിച്ച് സുപ്രധാന വേളകളിൽ, ബുദ്ധിമുട്ടുനിറഞ്ഞ തീരുമാനങ്ങൾക്ക് മുമ്പും ആയാസകരമായ സാഹചര്യങ്ങളിലും നമുക്ക് ഇത് ചെയ്യാം. നമുക്ക് സുവിശേഷം കൈയിൽ എടുത്ത് ആത്മാവിനെ വിളിക്കാം. നമുക്ക് ഇങ്ങനെ പറയാൻ കഴിയും: "പരിശുദ്ധാത്മാവേ, വരൂ, യേശുവിനെക്കുറിച്ച് ഓർമ്മിപ്പിക്കൂ, എൻറെ ഹൃദയത്തെ പ്രകാശിപ്പിക്കൂ". ഇത് മനോഹരമായ ഒരു പ്രാർത്ഥനയാണ്: "പരിശുദ്ധാത്മാവേ, വരൂ, യേശുവിനെക്കുറിച്ച് ഓർമ്മിപ്പിക്കൂ, എൻറെ ഹൃദയത്തെ പ്രകാശിപ്പിക്കൂ". നമുക്കിത് ഒരുമിച്ച് ചൊല്ലിയാലോ? "പരിശുദ്ധാത്മാവേ, വരൂ, യേശുവിനെക്കുറിച്ച് ഓർമ്മിപ്പിക്കൂ, എൻറെ എൻറെ ഹൃദയത്തെ പ്രബുദ്ധമാക്കൂ." പിന്നെ, നമുക്ക് സുവിശേഷം തുറന്ന് ഒരു ചെറിയ ഭാഗം സാവധാനം വായിക്കാം. ആത്മാവ് അതിനെ നമ്മുടെ ജീവിതത്തോട് സംസാരിക്കുന്നതാക്കും.

പരിശുദ്ധ അമ്മ

പരിശുദ്ധാത്മപൂരിതയായ കന്യാമറിയം അവനോട് പ്രാർത്ഥിക്കാനും ദൈവവചനത്തെ സ്വാഗതം ചെയ്യാനും ഉള്ള അഭിവാഞ്ഛ നമ്മിൽ ജ്വലിപ്പിക്കട്ടെ.

ഈ വാക്കുകളെ തുടർന്ന് മാർപ്പാപ്പാ സ്വർല്ലോകരാജ്ഞീ ആനന്ദിച്ചാലും എന്ന പ്രാർത്ഥന നയിക്കുകയും ആശീർവ്വാദം നല്കുകയും ചെയ്തു.

യുദ്ധമെന്ന പേടിസ്വപ്നം 

ആശീർവ്വാദാനന്തരം എല്ലാവരെയും അഭിവാദ്യം ചെയ്ത പാപ്പാ ഉക്രൈയിൻ യുദ്ധത്തെക്കുറിച്ച് പരാമർശിക്കുകയും തൻറെ സമാധാനാഭ്യർത്ഥന നവീകരിക്കുകയും ചെയ്തു.

ദൈവത്തിന് മനുഷ്യരാശിയെക്കുറിച്ചുള്ള സ്വപ്നം പെന്തക്കോസ്തയിൽ  യാഥാർത്ഥ്യമാകുന്നു; ഉയിർപ്പിന് അമ്പത് ദിവസങ്ങൾക്ക് ശേഷം, വ്യത്യസ്ത ഭാഷാക്കാരായ ആളുകൾ പരസ്പരം കണ്ടുമുട്ടുകയും അവർക്ക് പരസ്പരം മനസ്സിലാക്കാൻ സാധിക്കുകയും ചെയ്യുന്നു. എന്നാൽ ഇപ്പോൾ, ഉക്രൈയിനെതിരായ സായുധ ആക്രമണം ആരംഭിച്ച് നൂറ് ദിവസങ്ങൾ പിന്നിടുമ്പോൾ, യുദ്ധത്തിൻറെ പേടിസ്വപ്നം വീണ്ടും മനുഷ്യരാശിയുടെ മേൽ പതിച്ചിരിക്കുന്നു, യുദ്ധം ദൈവത്തിൻറെ സ്വപ്നത്തിൻറെ നിഷേധമാണ്: പരസ്പരം ഏറ്റുമുട്ടുന്ന ജനങ്ങൾ, പരസ്പരം കൊല്ലുന്ന ജനം, ആളുകൾ  സമീപസ്ഥരായിരിക്കുന്നതിന് പകരം, അവർ സ്വന്തം വീടുകളിൽ നിന്ന് അകറ്റപ്പെടുന്നു. നാശത്തിൻറെയും മരണത്തിൻറെയും ഘോരത രൂക്ഷമാകുകയും, ശത്രുത ആളിപ്പടരുകയും എല്ലാവർക്കും കൂടുതൽ അപകടകരമായ രീതിയിൽ ആക്രമണത്തിൻറെ തീവ്രതയേറുകയും ചെയ്യുമ്പോൾ ഞാൻ രാഷ്ട്രങ്ങളുടെ ഉത്തരവാദിത്വം പേറുന്നവരോടുള്ള എൻറെ അഭ്യർത്ഥന നവീകരിക്കുന്നു: ദയവായി നരകുലത്തെ നാശത്തിലേക്ക് നയിക്കരുത്! ദയവുചെയ്ത് മാനവരാശിയെ വിനാശത്തിലേക്ക് തള്ളിയിടരുത്!  യഥാർത്ഥ ചർച്ചകൾ നടത്തുക, വെടിനിർത്തലിനും സുസ്ഥിരമായ പരിഹാരത്തിനും വേണ്ടിയുള്ള മൂർത്തമായ ചർച്ചകൾ നടത്തുക. ദുരിതമനുഭവിക്കുന്ന ആളുകളുടെ ആശയറ്റ രോദനം ശ്രവിക്കുക- നമ്മൾ അത് എല്ലാ ദിവസവും മാദ്ധ്യമങ്ങളിൽ കണ്ടുകൊണ്ടിരിക്കുന്നു - മനുഷ്യജീവനോട് ആദരവു പുലർത്തുക, കിഴക്കൻ ഉക്രൈയിലെ നഗരങ്ങളും ഗ്രാമങ്ങളും നിഷ്ഠൂരം  നാശിപ്പിക്കുന്നത് അവസാനിപ്പിക്കുക. ദയവുചെയ്ത് തളരാതെ സമാധാനത്തിനായി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുക.

നവവാഴ്ത്തപ്പെട്ടവരായ ലെയൊണാർഡ് മെൽക്കിയും തോമസ് സലേയും

ഈ അഭ്യർത്ഥനയെ തുടർന്ന് പാപ്പാ, ജൂൺ നാലിന്, ശനിയാഴ്ച (04/06/22) ലെബനൻറെ തലസ്ഥാനമായ ബെയ്‌റൂട്ടിൽ, കപ്പൂച്ചിൻ ഫ്രയേഴ്സ് മൈനർ, അഥവാ, കപ്പൂച്ചിൽ ചെറുസന്ന്യാസസമൂഹത്തിലെ, അംഗങ്ങളായ ലെയൊണാർഡ് മെൽക്കി, തോമസ് ജോർജ്ജ് സലേ എന്നീ വൈദികർ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കപ്പെട്ടത് അനുസ്മരിച്ചു.

മെൽക്കി, സലേ എന്നീ വൈദികർ വിശ്വാസത്തെ പ്രതി, യഥാക്രമം 1915 ലും 1917 ലും തുർക്കിയിൽ വധിക്കപ്പെടുകയായിരുന്നുവെന്നും ഇരുവരും നിണസാക്ഷികളാണെന്നും പാപ്പാ പറഞ്ഞു. ലെബനൻകാരായ ഈ രണ്ടു പ്രേഷിതരും, വിദ്വേഷത്തിൻറെതായ ചുറ്റുപാടിൽ, ദൈവത്തിലുള്ള അചഞ്ചലമായ വിശ്വാസത്തിനും അപരനുവേണ്ടിയുള്ള ആത്മദാനത്തിനും സാക്ഷ്യമേകിയെന്ന് പാപ്പാ അനുസ്മരിച്ചു. 35 വയസ്സുപോലും തികഞ്ഞിട്ടിലാതിരുന്ന യുവ വൈദികരായിരുന്ന അവരുടെ മാതൃക നമ്മുടെ ക്രിസ്തീയ സാക്ഷ്യത്തെ ശക്തിപ്പെടുത്തട്ടെയെന്ന് പാപ്പാ ആശംസിക്കുകയും ചെയ്തു.

യെമനിൽ വെടിനിറുത്തൽ നീട്ടിയതിൽ സന്തോഷ മറിയിച്ച് പാപ്പാ

യെമനിൽ വെടിനിർത്തൽ രണ്ട് മാസത്തേക്ക് കൂടി പുതുക്കപ്പെട്ടിരിക്കുന്നതിലുള്ള തൻറെ സംതൃപ്തിയും പാപ്പാ ത്രികാലപ്രാർത്ഥനാനന്തരം വെളിപ്പെടുത്തി. ഈ വെടിനിറുത്തൽ നവീകരകണത്തിന് പാപ്പാ ദൈവത്തിനും അതിനായി പരിശ്രമിച്ചവർക്കും നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു. നമ്മുടെ ഈ കാലഘട്ടത്തിലെ ഏറ്റവും മോശമായ മാനുഷിക പ്രതിസന്ധികളിലൊന്നിന് ജന്മമേകിയ രക്തരൂക്ഷിതമായ ആ സംഘർഷത്തിന് അറുതി വരുത്തുന്നതിനുള്ള ഒരു തുടർനടപടിയായിരിക്കും ഈ പ്രത്യാശയുടെ അടയാളം എന്ന തൻറെ പ്രതീക്ഷയും പാപ്പാ വെളിപ്പെടുത്തി. യെമനിലെ കുട്ടികളെ വിസ്മരിക്കരുതെന്നു അഭ്യർത്ഥിച്ച പാപ്പാ പട്ടിണി, നാശം, വിദ്യാഭ്യാസരാഹിത്യം, അങ്ങനെ സകലവിധ അഭാവങ്ങളും അവിടെ അനുഭവപ്പെടുന്നുണ്ടെന്ന വസ്തുത ചൂണ്ടിക്കാട്ടി.

ബ്രസീലിൽ മണ്ണിടിച്ചിൽ ദുരന്തം

ബ്രസീലിലെ റെസിഫെ മെട്രോപൊളിറ്റൻ മേഖലയിൽ പേമാരി മൂലമുണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തിന് ഇരകളായവരെയും പാപ്പാ അനുസ്മരിക്കുകയും അവർക്ക് തൻറെ പ്രാർത്ഥനകൾ ഉറപ്പു നല്കുകയും ചെയ്തു. 

ഉക്രൈയിൻ യുദ്ധത്തിൻറെ തിക്തഫലം അനുഭവിക്കുന്ന തൊഴിലാളികൾ  

റോമാക്കാരെയും ഇതര തീർത്ഥാടകരെയും, വിവിധ സംഘടനകളെയും പ്രസ്ഥാനങ്ങളെയും തുടർന്ന് പാപ്പാ അഭിവാദ്യം ചെയ്തു. തദ്ദനന്തരം പാപ്പാ, ഉക്രയിനിൽ നടക്കുന്ന യുദ്ധത്തിൻറെ അനന്തരഫലമെന്നോണം ഗുരുതരബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടിവരുന്ന തൊഴിലാളിവിഭാഗത്തെ അനുസ്മരിച്ചു.മത്സ്യത്തൊഴിലാളികളുടെ കാര്യം പ്രത്യേകം എടുത്തുപറഞ്ഞ പാപ്പാ ഇന്ധന വില വർദ്ധനവ് മൂലം അവരുടെ പ്രവർത്തനം നിർത്തേണ്ടിവരുന്ന അപകടസാദ്ധ്യതയിൽ ആശങ്കപ്രകടിപ്പിച്ചു.

സമാപനാഭിവാദ്യം

ത്രികാലപ്രാർത്ഥനാപരിപാടിയുടെ അവസാനം പാപ്പാ എല്ലാവർക്കും തൻറെ പ്രാർത്ഥന ഉറപ്പുനല്കുകയും  തനിക്കു വേണ്ടി പ്രാർത്ഥിക്കാൻ മറക്കരുത് എന്ന പതിവ് അഭ്യർത്ഥന നവീകരിക്കുകയും ചെയ്തു. തുർന്ന് എല്ലാവർക്കും നല്ലൊരു ഞായറും ഉച്ചവിരുന്നും നേർന്നുകൊണ്ട് പാപ്പാ ജാലകത്തിങ്കൽ നിന്ന് പിൻവാങ്ങി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

06 June 2022, 12:01

സ്വര്‍ല്ലോക രാജ്ഞീ! എന്ന ത്രികാലപ്രാര്‍ത്ഥന
 

ദൈവമാതാവിനെക്കുറിച്ചുള്ള 4 പ്രഭണിതങ്ങളില്‍ ഒന്നാണ് സ്വര്‍ല്ലോക രാജ്ഞീ! സ്വസ്തീ രാജ്ഞീ!, സ്വസ്തീ സ്വര്‍ല്ലോക റാണി, സ്വര്‍ല്ലോക രാജ്ഞിയേ, വാഴ്ക!, രക്ഷകന്നമ്മേ വാഴ്ക! എന്നിവയാണ് ലത്തീന്‍ ഭാഷയിലുള്ള വിഖ്യാതമായ 4 പ്രഭണിതങ്ങള്‍ (4 Marian Atiphons :Alma Redemptoris Mater,  l’Ave Regina Coelorum e il Salve Regina).

ത്രികാലപ്രാര്‍ത്ഥ സ്വര്‍ല്ലോക രാജ്ഞിയേ! എന്ന പ്രഭണിതം ഈസ്റ്റര്‍ കാലത്ത് കര്‍ത്താവിന്‍റെ മാലാഖ (Angelus Domini….) എന്ന പ്രാര്‍ത്ഥനയ്ക്ക് പകരമായി ആദ്യം ഉപയോഗിച്ചത് 1742-ല്‍ ബെനഡിക്ട് 14-Ɔമന്‍ പാപ്പായായിരുന്നു. ആ വര്‍ഷത്തെ ഈസ്റ്റര്‍ ഞായറാഴ്ചത്തെ ത്രികാലപ്രാര്‍ത്ഥന മുതല്‍ തുടര്‍ന്നുള്ള പെന്തക്കോസ്താ മഹോത്സവംവരെ സ്വര്‍ല്ലോക രാജ്ഞിയേ.. എന്ന പ്രഭണിതം ഉപയോഗത്തില്‍ കൊണ്ടുവന്നു. മരണത്തിന്മേലുള്ള ക്രിസ്തുവിന്‍റെ ആത്മീയവിജയം പ്രഘോഷിക്കുന്നതായിട്ടാണ് ഈ മാറ്റത്തെ പുണ്യശ്ലോകനായ പാപ്പാ വ്യാഖ്യാനിച്ചത്. പെസഹാക്കാലത്തെ ദിനങ്ങളില്‍ മൂന്നു നേരവും സ്വര്‍ല്ലോക രാജ്ഞിയേ! എന്ന പ്രാര്‍ത്ഥനചൊല്ലുന്ന പതിവിന് അങ്ങനെ തുടക്കമായി. ഇതുവഴി ആ ദിവസം മറിയത്തിലൂടെ ദൈവത്തിനു സമര്‍പ്പിക്കപ്പെടുന്നു.

അതിമനോഹരമായ ഈ ലത്തീന്‍ പ്രഭണിതത്തിന്‍റെ ഉത്ഭവം 6-Ɔο നൂറ്റാണ്ടിലേയ്ക്ക് നീളുന്നതാണെന്നതിന് ചരിത്രരേഖകളുണ്ട്. 13-Ɔο നൂറ്റാണ്ടിന്‍റെ മദ്ധ്യത്തില്‍ അത് ഫ്രാന്‍സിസ്ക്കന്‍ യാമപ്രാര്‍ത്ഥനയില്‍ ഇടംകണ്ടു. വിശ്വാസികള്‍ മറിയത്തെ വിളിച്ചപേക്ഷിക്കുന്ന 4 വരികളുള്ള ഈ ഹ്രസ്വപാര്‍ത്ഥനയുടെ ഒരോ വരിയുടെയും അന്ത്യത്തില്‍ “അലേലൂയ” എന്ന് പ്രഘോഷിക്കപ്പെടുന്നു. ക്രിസ്തുവിന്‍റെ ഉത്ഥാനത്തിലുള്ള ജയഭേരിയാണ് അല്ലേലൂയ പ്രഘോഷണം.

2015-ലെ ഈസ്റ്റര്‍ ഞായറാഴ്ചത്തെ ത്രികാലപ്രാര്‍ത്ഥന മദ്ധ്യേ സ്വര്‍ല്ലോക രാജ്ഞിയേ! എന്ന മേരിയന്‍ പ്രഭണതം ഉരുവിടുമ്പോള്‍ നമുക്ക് ഉണ്ടാകേണ്ട ആത്മീയഭാവത്തെയു മനസ്സിന്‍റെ തുറവിയെക്കുറിച്ചു പാപ്പാ ഫ്രാന്‍സിസ് വ്യാഖ്യാനിച്ചു.

ലോകത്തിനു മറിയം പ്രദാനംചെയ്ത രക്ഷകനായ ക്രിസ്തു, വാഗ്ദാനംചെയ്തതുപോലെ മരണാന്തരം ഉത്ഥാനംചെയ്തു, അതില്‍ സന്തോഷിക്കാമെന്ന് മറിയത്തെയാണ് പ്രാര്‍ത്ഥന അഭിസംബോധനചെയ്യുന്നത്. ഈ മാദ്ധ്യസ്ഥത്തിലുള്ള പ്രത്യാശ വിശ്വാസികള്‍ അലേലൂയ പ്രഘോഷണത്തിലൂടെ ഏറ്റുപറയുന്നു. അതായത് ക്രിസ്തുവിന്‍റെ ഉത്ഥാനത്തിലുള്ള പരിശുദ്ധ കന്യകാനാഥയുടെ ആനന്ദത്തില്‍ വിശ്വാസികള്‍ ഈ പ്രാര്‍ത്ഥനയിലൂടെ പങ്കുചേരുകയാണ്. ഇത് അമ്മയുടെ സന്തോഷത്തില്‍ മക്കള്‍ പങ്കുചേരുന്ന അനുഭവമാണെന്നാണ് പാപ്പാ ഫ്രാന്‍സിസ് വ്യാഖ്യാനിച്ചത്.

ഏറ്റവും ഒടുവിലത്തെ ത്രികാലപ്രാര്‍ത്ഥന

വായിച്ചു മനസ്സിലാക്കാന്‍ >