പാപ്പാ: രോഗം മാത്രമല്ല രോഗിയുടെ മാനസിക, സാമൂഹ്യ, ആത്മീയ അവസ്ഥകളും പരിഗണിക്കപ്പെടണം!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
സാമീപ്യം, സമഗ്രത, പൊതുനന്മ എന്നിവ ആരോഗ്യസേവനരംഗത്ത് ആവശ്യമായ ത്രിവിധ പ്രത്യൗഷധങ്ങളാണെന്ന് മാർപ്പാപ്പാ.
ഇറ്റലിയിലെ പ്രാദേശിക ആശുപത്രികളും ഇതര ചികിത്സാ-ആരോഗ്യപ്രവർത്തന കേന്ദ്രങ്ങളും ആരോഗ്യ സംവിധാനങ്ങളും പഞ്ചായത്തുകളും ചേർന്ന “ഫെദെർസനിത്താ” (“Federsanità”) സംയുക്തസംഘടനയുടെ നൂറോളം പ്രതിനിധികളെ ശനിയാഴ്‌ച (04/05/22) വത്തിക്കാനിൽ സ്വീകരിച്ചു സംബോധന ചെയ്യുകയായിരുന്നു ഫ്രാൻസീസ് പാപ്പാ.
അവനവനിൽ തന്നെ കേന്ദ്രീകരിക്കുന്ന പ്രവണതയ്ക്ക് ഒരു മറുമരുന്നാണ് സാമീപ്യം എന്ന് വിശദീകരിച്ച പാപ്പാ രോഗിയിൽ അവനവനെത്തന്നെ കാണാൻ കഴിഞ്ഞാൽ അത് സ്വാർത്ഥതയുടെ ചങ്ങലകൾ തകർക്കുകയും ചിലപ്പോഴൊക്കെ നാം കയറാൻ പ്രലോഭിപ്പിക്കപ്പെടുന്ന പീഠം നിലംപതിക്കുകയും മറ്റുള്ളവരുടെ ഭാഷയൊ ഭൂമിശാസ്ത്രപരമായ ഉത്ഭവസ്ഥാനമൊ സാമൂഹ്യ-ആരോഗ്യാവസ്ഥകളൊ കണക്കിലെടുക്കാതെ നാം സഹോദരങ്ങളാണെന്ന് അംഗീകരിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുമെന്ന് പറഞ്ഞു.
രണ്ടാമത്തെ പ്രത്യൗഷധമായ സാകല്യതയെക്കുറിച്ച് പരാമർശിച്ച പാപ്പാ അത് ശകലങ്ങളാക്കുന്നതിനെയും പക്ഷപാതത്തെയും ചെറുക്കുന്നുവെന്നും സകലവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെങ്കിൽ, വ്യക്തിയുടെ സകല മാനങ്ങളെയും ആശ്ലേഷിക്കുന്നതായ സമഗ്രതയുടെ വീക്ഷണ കോണിലൂടെ ആരോഗ്യം എന്ന ആശയം പുനർവിചിന്തനവിധേയമാക്കണമെന്നും ഉദ്ബോധിപ്പിച്ചു.
വൈദഗ്ദ്യത്തിൻറെ മൂല്യത്തിൽ നിന്ന് വ്യതിചലിക്കാതെ, ഒരു രോഗിയെ ചികിത്സിക്കുകയെന്നത് രോഗിയുടെ രോഗത്തെ മാത്രമല്ല, അവൻറെ മാനസികവും സാമൂഹികവും സാംസ്കാരികവും ആത്മീയവുമായ അവസ്ഥകൾ കൂടി പരിഗണിക്കുകയാണെന്ന് പാപ്പാ പറഞ്ഞു.
മൂന്നാമത്തെ മറുമരുന്നായ പൊതുനന്മയെക്കുറിച്ചു വിശദീകരിച്ച പാപ്പാ, അത്, നിക്ഷിപ്ത താൽപ്പര്യങ്ങൾ പിന്തുടരുന്ന പ്രവണതയ്ക്കുള്ള പ്രതിവിധിയാണെന്ന് ഉദ്ബോധിപ്പിച്ചു. ഭൂരിഭാഗം വരുന്ന ജനങ്ങളെ മുതലെടുത്ത് ചില വിഭാഗങ്ങൾക്ക് സാമ്പത്തികമോ രാഷ്ട്രീയമോ ആയ നേട്ടം കൊയ്യാനുള്ള പ്രലോഭനം ആരോഗ്യമേഖലയിലും പതിവാണെന്ന് പാപ്പാ പറഞ്ഞു.
അന്താരാഷ്ട്ര ബന്ധങ്ങളുടെ തലത്തിലും ഇത് ശരിയാണെന്ന് പാപ്പാ കൂട്ടിച്ചേർത്തു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: