ആക്രമികളുടെ മാനസാന്തരത്തിനായി പാപ്പായുടെ പ്രാർത്ഥന!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
വിദ്വേഷത്താലും അക്രമത്താലും അന്ധത ബാധിച്ചിരിക്കുന്നവർ മാനസാന്തരപ്പെട്ട് ശാന്തിയുടെയും നീതിയുടെയും പാത തിരഞ്ഞെടുക്കുന്നതിനായി പാപ്പാ പ്രാർത്ഥിക്കുന്നു.
പെന്തക്കോസ്ത തിരുന്നാൾ ദിനമായിരുന്ന ഇക്കഴിഞ്ഞ അഞ്ചാം തീയതി ഞായറാഴ്‌ച (05/06/22), നൈജീരിയായിലെ തെക്കുകിഴക്കെ സംസ്ഥാനമായ ഓൻറൊയിലെ ഓവ്വൊ നഗരത്തിൽ, വിശുദ്ധ ഫ്രാൻസീസിസിൻറെ നാമത്തിലുള്ള കത്തോലിക്കാദേവാലയത്തിൽ, ഇസ്ലാം ഭീകരർ തിരുക്കർമ്മ വേളയിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ അമ്പതിലേറെപ്പേരെ വധിച്ച ഭീകരാക്രമണത്തിൽ ഫ്രാൻസീസ് പാപ്പായുടെ ദുഃഖം അറിയിച്ചുകൊണ്ട് വത്തിക്കാൻ സംസ്ഥാന കാര്യദർശി കർദ്ദിനാൾ പീയെത്രൊ പരോളിൻ ഓൻറൊ രൂപതയുടെ മെത്രാൻ ജൂഡ് അയോദെജി അരൊഗുന്താദെയ്ക്ക് (Jude Ayodeji Arogundade) അയച്ച അനുശോചന ടെലെഗ്രാം സന്ദേശത്തിലാണ് ഈ പ്രാർത്ഥനയുള്ളത്.
ഈ ദേവലായത്തിലുണ്ടായ ഭീകരാക്രമണത്തിൽ പാപ്പാ അതീവ ദുഃഖിതനാണെന്നും അവാച്യമായ ഈ ആക്രമണം മൂലം വേദനിക്കുന്ന എല്ലാവരുടെയും ചാരെ പാപ്പാ ആത്മീയമായി സന്നിഹിതനാണെന്നും മരണമടഞ്ഞവരുടെ ആത്മാവിനെ, പാപ്പാ, സർവ്വശക്തനായ ദൈവത്തിൻറെ കാരുണ്യത്തിനു സമർപ്പിക്കുകയും പ്രിയപ്പെട്ടവരുടെ വേർപാടിൽ കേഴുന്നവർക്കും മുറിവേറ്റവർക്കും സാന്ത്വനവും സൗഖ്യവും പ്രാർത്ഥിക്കുകയും ചെയ്യുന്നുവെന്നും കർദ്ദിനാൾ അറിയിക്കുന്നു.
സുവിശേഷസന്ദേശം വിശ്വസ്തതയോടും ധീരതയോടും ജീവിക്കാൻ ശ്രമിക്കുന്ന മെത്രാൻ ജൂഡിനും രൂപതയിലെ എല്ലാ വിശ്വാസികൾക്കും ദൈവം സാന്ത്വനവും കരുത്തും നല്കുന്നതിനായി പാപ്പാ പ്രാർത്ഥിക്കുന്നതായും കർദ്ദിനാൾ പരോളിൽ തൻറെ ടെലെഗ്രാം സന്ദേശത്തിൽ വെളിപ്പെടുത്തി.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: