നൈജീരിയയിലെ കത്തോലിക്കാ ദേവാലയത്തിനു നേരെയുണ്ടായ ഭീകരാക്രമണത്തിൽ ഫ്രാൻസിസ് പാപ്പാ അനുശോചനം അറിയിച്ചു
സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
സഭ ഞായറാഴ്ച പെന്തക്കോസ്ത തിരുന്നാൾ ആഘോഷിച്ച നേരത്ത്, നൈജീരിയയിലെ ഒവോയിലുള്ള വിശുദ്ധ ഫ്രാൻസിസ് സേവ്യറിന്റെ നാമഥേയത്തിലുള്ള ദേവാലയത്തിൽ പ്രവേശിച്ച തോക്കുധാരികൾ വിശ്വാസികൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. ഒൻഡോ സ്റ്റേറ്റിൽ നടന്ന ആക്രമണത്തിനിടെ അക്രമികൾ സ്ഫോടക വസ്തുക്കളും ഉപയോഗിച്ചതായി പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഈ ദാരുണ സംഭവത്തെ അനുസ്മരിച്ച പാപ്പാ ഇരകളോടു ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും പ്രാർത്ഥനകൾ അർപ്പിക്കുകയും ചെയ്തു.തിരുന്നാൾ ആഘോഷവേളയിൽ വേദനാജനകമായ ആക്രമണത്തിനിരയായവർക്കുവേണ്ടിയും രാജ്യത്തിനുവേണ്ടിയും പാപ്പാ പ്രാർത്ഥിച്ചു. എല്ലാവരേയും ദൈവത്തിൽ ഭരമേൽപ്പിക്കുന്നു എന്നും അവരെ ആശ്വസിപ്പിക്കാൻ ദൈവം തന്റെ ആത്മാവിനെ അയക്കട്ടെ എന്നും പ്രാർത്ഥിച്ചതായി പരിശുദ്ധ സിംഹാസനത്തിന്റെ വാർത്താവിനിമയ കാര്യാലയത്തിന്റെ ഡയറക്ടർ മത്തേയോ ബ്രൂണി ഞായറാഴ്ച്ച വെളിപ്പെടുത്തി.
അക്രമണത്തിൽ 50പേരെങ്കിലും കൊല്ലപ്പെട്ടതായി പ്രാദേശിക ഡോക്ടർമാർ റോയിട്ടേഴ്‌സ് വാർത്താ ഏജൻസിയോടു പറഞ്ഞു. ഡസൻ കണക്കിന് ആളുകൾക്ക് പരിക്കേറ്റിട്ടുണ്ട്. അവരെ ഓവോയിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. രക്തം ദാനം ചെയ്യാൻ ഡോക്ടർമാർ സാമൂഹ്യ മാധ്യമങ്ങളിലൂടെ അഭ്യർത്ഥിച്ചു.
മെത്രാന്റെ സാമീപ്യം
ഒൻഡോ രൂപതയിലെ മെത്രാൻ അഭിവന്ദ്യ ജൂഡ് അയോഡെജി അരോഗുണ്ടാഡെ, ഇരകളോടും അവരുടെ കുടുംബങ്ങളോടും തന്റെ സാമീപ്യം പ്രകടിപ്പിച്ചതായി രൂപതയുടെ ആശയ വിനിമയത്തിന്റെ ഡയറക്ടർ ഫാ. അഗസ്റ്റിൻ ഇക്വു അറിയിച്ചു. ഇനിയും നിരവധി ആളുകൾ മരിച്ചേക്കുമെന്ന ഭയം വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് ഫാ. ഇക്വു പറഞ്ഞു. എന്നാൽ അക്രമികൾ വൈദികനെയും സഭയിലെ മറ്റ് അംഗങ്ങളെയും തട്ടിക്കൊണ്ടുപോയെന്ന് സാമൂഹ്യ മാധ്യമങ്ങളിൽ വന്ന പ്രാഥമിക റിപ്പോർട്ടുകളെ അദ്ദേഹം നിഷേധിക്കുകയും ചെയ്തു.
ഇടവകയിലെ എല്ലാ വൈദികരും സുരക്ഷിതരാണെന്നും ആരെയും തട്ടിക്കൊണ്ടുപോയിട്ടില്ലെന്നും ഫാ. ഇക്വു ഒരു പത്രക്കുറിപ്പിൽ അറിയിച്ചു. “ഈ ക്ലേശകരമായ സമയത്ത് രൂപതയുടെ മെത്രാൻ അവർക്കൊപ്പമുണ്ട്.” “ശാന്തത പാലിക്കാനും നിയമം അനുസരിക്കാനും സമാധാനവും, സാധാരണ നിലയും നമ്മുടെ സമൂഹത്തിലേക്കും സംസ്ഥാനത്തിലേക്കും രാജ്യത്തിലേക്കും മടങ്ങിവരാൻ വേണ്ടി പ്രാർത്ഥിക്കണമെന്നും” കത്തോലിക്കരോടു മെത്രാൻ അഭ്യർത്ഥിച്ചതായും അദ്ദേഹം അറിയിച്ചു.
സമാധാനത്തിനായുള്ള പ്രാർത്ഥനകൾ
ആക്രമണം നടത്തിയവരെ കുറിച്ചുള്ള കാര്യങ്ങൾ അജ്ഞാതമാണ് എന്നും ഒവോയിലെ പള്ളിക്ക് ചുറ്റുമുള്ള പ്രദേശത്ത് നൈജീരിയൻ സുരക്ഷാ സേനയെ വിന്യസിച്ചിട്ടുണ്ടെന്ന് എന്നും ഫാ. ഇക്വു അറിയിച്ചു. രാജ്യത്ത് “സമാധാനവും ശാന്തതയും” പുനഃസ്ഥാപിക്കാൻ ദൈവത്തിന്റെ സഹായവും അദ്ദേഹം അഭ്യർത്ഥിച്ചു. “ഈ ദു:ഖകരമായ സംഭവത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളെ ആശ്വസിപ്പിക്കാൻ തങ്ങൾ ദൈവത്തിലേക്ക് തിരിയുന്നുവെന്നും, മരിച്ചവരുടെ ആത്മാക്കൾക്ക് സമാധാനം ലഭിക്കാൻ പ്രാർത്ഥിക്കുന്നു,” എന്നും അദ്ദേഹം പറഞ്ഞു.
പ്രസിഡണ്ട് ബുഹാരിയുടെ പ്രതികരണം
അതേസമയം ആക്രമണത്തെ അപലപിച്ചു കൊണ്ട് നൈജീരിയൻ പ്രസിഡന്റ് മുഹമ്മദ് ബുഹാരി ഒരു പ്രസ്താവന ഇറക്കി. അപകടത്തിൽപ്പെട്ടവരുടെ കുടുംബങ്ങൾക്ക് അദ്ദേഹം അനുശോചനം രേഖപ്പെടുത്തുകയും പരിക്കേറ്റവരെ സഹായിക്കാൻ അടിയന്തര ഏജൻസികൾക്ക് ഉത്തരവിടുകയും ചെയ്തു.“എന്തായാലും, ഈ രാജ്യം ഒരിക്കലും ദുഷ്ടതയ്ക്കും അധാർമികതയ്ക്കും വഴങ്ങില്ല, അന്ധകാരം ഒരിക്കലും വെളിച്ചത്തെ കീഴടക്കില്ല. ഒടുവിൽ നൈജീരിയ വിജയിക്കും," എന്ന് രേഖപ്പെടുത്തി കൊണ്ടാണ് പ്രസിഡണ്ട് തന്റെ പ്രസ്താവന ഇറക്കിയത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: