പാപ്പാ : പരിശുദ്ധാത്മാവിന്റെ വിദ്യാലയത്തിൽ ഇരിക്കാം
സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
അപ്പോസ്തലന്മാരിൽ പരിശുദ്ധാത്മാവ് ഇറങ്ങി വന്നത് അനുസ്മരിക്കുന്ന ദിവസമാണ് പെന്തക്കുസ്ത. അത് പെസഹാ കാലത്തിന്റെ അവസാനവും ലോകത്തോടുള്ള സഭയുടെ ദൗത്യത്തിന്റെ ആരംഭത്തെ ആഘോഷിക്കുകയും ചെയ്യുന്നു. അതിനാൽ, വി. പത്രോസിന്റെ ബസിലിക്കയിലർപ്പിച്ച തിരുനാൾ ദിവ്യബലിയിലെ പരിശുദ്ധ പിതാവിന്റെ വചന പ്രലോഷണം എവിടെ തുടങ്ങണം എന്ന് നമ്മെ പഠിപ്പിക്കുകയും, ഏതു വഴി തിരഞ്ഞെടുക്കണം എന്നു കാണിക്കുകയും, നമ്മുടെ ഹൃദയത്തിൽ ദൈവസ്നേഹം വീണ്ടും കത്തിക്കുകയും, നമ്മുടെ യാത്രയെ നയിക്കുകയും ചെയ്യുന്ന പരിശുദ്ധാത്മാവിനെ തുടർച്ചയായി ശ്രവിച്ചുകൊണ്ടിരിക്കാനുള്ള ഒരു ക്ഷണമായിരുന്നു. ദിവ്യബലിയിൽ മുഖ്യ കാർമ്മികനായിരുന്നത് കർദ്ദിനാൾ തിരുസംഘത്തിന്റെ അദ്ധ്യക്ഷനായ (Dean of the college of Cardinals ) കർദ്ദിനാൾ ജൊവാന്നി ബാത്തിസ്ത റേ ആയിരുന്നു.
"എന്റെ നാമത്തിൽ പിതാവായക്കുന്ന പരിശുദ്ധാത്മാവ്, നിങ്ങളെ സകലതും പഠിപ്പിക്കുകയും, ഞാൻ പറഞ്ഞത് എല്ലാം നിങ്ങളെ ഓർമ്മിപ്പിക്കുകയും ചെയ്യും" എന്ന യോഹന്നാന്റെ സുവിശേഷത്തിൽ യേശു ശിഷ്യരോടു പറയുന്ന ഭാഗത്തിൽ നിന്ന് സൂചന സ്വീകരിച്ചു കൊണ്ട് നടത്തിയ പ്രഭാഷണത്തിൽ "പരിശുദ്ധാത്മാവ് ഒരു പുതിയ വിധത്തിൽ, യേശുവിന്റെ കണ്ണുകൾ കൊണ്ട് എല്ലാം കാണിച്ചുതരുന്നു" എന്ന് പാപ്പാ വിശദീകരിച്ചു. ജീവിതത്തിന്റെ മഹത്തായ യാത്രയിൽ പരിശുദ്ധാത്മാവ് നമ്മെ എവിടെ തുടങ്ങണമെന്നും ഏതു വഴിയെടുക്കണമെന്നും, എങ്ങനെ നടക്കണമെന്നും പഠിപ്പിക്കുന്നു. പാപ്പാ പങ്കുവച്ചു.
എവിടെ തുടങ്ങണം
യേശുവിനെ സ്നേഹിക്കുക എന്നാൽ നമ്മുടെ വിശ്വസ്ഥതയും ഭക്തിയും കാത്തു സൂക്ഷിക്കുന്ന ഒരു കാര്യം മാത്രമല്ല എന്ന് ഓർമ്മിപ്പിച്ചു കൊണ്ട് പരിശുദ്ധാത്മാവ് ആത്മീയ ജീവിതത്തിന്റെ തുടക്കം ചൂണ്ടിക്കാണിക്കുകയാണ് എന്ന് ഫ്രാൻസിസ് പാപ്പാ പറഞ്ഞു. സ്നേഹത്തിന്റെ അടിസ്ഥാനമില്ലെങ്കിൽ മറ്റെല്ലാം വൃഥാവിലാകുന്നു. ആ സ്നേഹം നമ്മുടെ കഴിവുകൾ കൊണ്ടല്ല മറിച്ച് അവന്റെ സമ്മാനമായാണ് നമ്മിലെത്തുന്നത്. സ്നേഹത്തിന്റെ ആത്മാവ് നമ്മിലേക്ക് സ്നേഹം ചൊരിയുന്നു, നമ്മൾ സ്നേഹിക്കപ്പെടുന്ന അനുഭവം നൽകുകയും എങ്ങനെ സ്നേഹിക്കണമെന്ന് പഠിപ്പിക്കുകയും ചെയ്യുന്നു. നമ്മുടെ ആത്മീയ ജീവിതത്തിന്റെ ചലനഹേതു അവനാണ്, പാപ്പാ പറഞ്ഞു.
ദൈവത്തിന്റെ ഓർമ്മ
ആത്മാവ് ദൈവത്തിന്റെ ഓർമ്മയാണ്, യേശു പറഞ്ഞതെല്ലാം നമ്മുടെ ഓർമ്മയിലേക്ക് കൊണ്ടുവരുന്നവനാണ് എന്ന് തുടർന്നു വിശദീകരിച്ച ഫ്രാൻസിസ് പാപ്പാ, പരിശുദ്ധാത്മാവ് നമ്മുടെ ഹൃദയത്തിൽ ദൈവസ്നേഹം വീണ്ടും വീണ്ടും കത്തിക്കുന്നു എന്നും കൂട്ടിച്ചേർത്തു. നമ്മുടെ പാപങ്ങളുടെ പൊറുതിയിലൂടെ നമ്മിൽ അവന്റെ സമാധാനവും, സ്വാതന്ത്ര്യവും, സമാശ്വാസവും കൊണ്ട് നിറയ്ക്കുക വഴി നൽകുന്ന അവന്റെ സാന്നിധ്യാനുഭവത്തെ ഫ്രാൻസിസ് പാപ്പാ ചൂണ്ടിക്കാണിച്ചു. നമ്മുടെ ജീവിതം മുഴുവൻ തോൽവികളും നിരാശകളും നിറഞ്ഞതായി തോന്നുമ്പോൾ, പരിശുദ്ധാത്മാവ് നാം ദൈവത്തിന്റെ മകനും മകളുമാണെന്ന് നമ്മെ ഓർമ്മിപ്പിക്കുന്നു എന്ന് പാപ്പാ വിശദീകരിച്ചു. നമ്മിൽ തന്നെ നമുക്ക് വിശ്വാസം നഷ്ടപ്പെടുമ്പോഴും, ദൈവത്തിന് നമ്മിൽ വിശ്വാസമുണ്ടെന്ന് പാപ്പാ എടുത്തു പറഞ്ഞു.
നമ്മിലെ നീറുന്ന മുറിവുകളെ മാറ്റാൻ കഴിയുന്ന സമാശ്വാസകൻ കൂടിയാണ് അവൻ എന്നും നമ്മെ മുറിപ്പെടുത്തിയ സാഹചര്യങ്ങളുടേയും വ്യക്തികളുടേയും ഓർമ്മകളിൽ സങ്കേതം തേടാതെ ആ ഓർമ്മകളെ അവന്റെ സാന്നിധ്യത്തിലൂടെ ശുദ്ധീകരിക്കാൻ നമ്മെ പഠിപ്പിക്കുന്നു എന്ന് പാപ്പാ തുടർന്നു. അപ്പോസ്തലന്മാരോടും അവരുടെ വീഴ്ചകളോടും അവൻ ചെയ്തതതാണ്: പുറത്തു കടക്കാൻ അവരിൽ തന്നെ ഒരു വഴിയുമുണ്ടായിരുന്നില്ല, എന്നാൽ ആത്മാവ്, ഓർമ്മകളെ സൗഖ്യമാക്കുകയും യഥാർത്ഥത്തിൽ പ്രധാനപ്പെട്ട, ദൈവത്തിന്റെ സ്നേഹത്തേയും, അവന്റെ സ്നേഹാർദ്രമായ നോട്ടത്തേയും ഏറ്റം മുന്നിൽ കൊണ്ടു കൊണ്ടുവരുകയും ചെയ്യുന്നു എന്ന് പാപ്പാ ചൂണ്ടിക്കാണിച്ചു.
ഏത് വഴി എടുക്കണം
എവിടെ തുടങ്ങണം എന്നു മാത്രമല്ല ഏതു വഴി എടുക്കണമെന്നും പരിശുദ്ധാത്മാവ് പഠിപ്പിക്കുന്നുവെന്ന് പാപ്പാ വിശദീകരിച്ചു. രണ്ടാം വായനയിൽ നിന്നു ദൈവത്തിന്റെ ആത്മാവാൽ നയിക്കപ്പെടുന്നവർ ശരീരത്തിന്റെ പ്രവണതകളനുസരിച്ചല്ല ആത്മാവിന്റെ പ്രവണതകൾ അനുസരിച്ചാണ് നടക്കുക എന്ന വി. പൗലോസിന്റെ വാക്കുകൾ പരാമർശിച്ചു കൊണ്ടു നമ്മുടെ ജീവിതത്തിന്റെ എല്ലാ നാൽക്കവലകളിലും ഏതാണ് പിൻതുടരേണ്ട നല്ല വഴി എന്ന് പരിശുദ്ധാത്മാവ് നിർദ്ദേശിക്കുന്നു എന്നും അതിനാൽ അവന്റെ സ്വരം തിന്മയുടെ ആത്മാവിന്റെ സ്വരത്തിൽ നിന്ന് തിരിച്ചറിയേണ്ടത് വളരെ പ്രധാനപ്പെട്ടതാണ് എന്നും പാപ്പാ പറഞ്ഞു. നമ്മുടെ യാത്രയിൽ എല്ലാം ശുഭമായിരിക്കുമെന്ന് പരിശുദ്ധാത്മാവ് ഒരിക്കലും പറയുകയില്ല എന്നാൽ അവൻ നമ്മെ തിരുത്തുവാനും, നമ്മുടെ പാപങ്ങളെ ക്കുറിച്ച് കരയുവാനും, മാറാൻ നിർബന്ധിക്കുകയും, കഠിനാദ്ധ്വാനവും ആന്തരിക തീവ്ര പരിശ്രമവും ത്യാഗവും വേണ്ടി വന്നാലുംനമ്മുടെ നുണകളോടും വഞ്ചനകളോടും പോരാടുവാനും അവൻ നമ്മെ പ്രേരിപ്പിക്കും എന്നു പറഞ്ഞു കൊണ്ടാണ് ഇക്കാര്യം പാപ്പാ വിശദീകരിച്ചത്. ഇതിന് വിപരീതമാണ് തിന്മയുടെ ആത്മാവ്, അത് നമ്മൾ ചിന്തിക്കുന്നതും ഇഷ്ടമുള്ളതും ചെയ്യാൻ നിർബന്ധിക്കും. നമുക്ക് നമ്മുടെ സ്വാതന്ത്ര്യം ഇഷ്ടമുള്ളതുപോലെ ഉപയോഗിക്കാമെന്നു ചിന്തിപ്പിക്കും. പിന്നെ ഉളളിൽ ശൂന്യത അനുഭവപ്പെടുമ്പോൾ അവൻ നമ്മെ കുറ്റപ്പെടുത്തുകയും തള്ളിത്താഴത്തിടുകയും ചെയ്യും
പരിശുദ്ധാത്മാവ് ഒരു ആദർശവാദിയല്ല
പരിശുദ്ധാത്മാവിന്റെ പ്രവർത്തിയുടെ പ്രായോഗിക സ്വഭാവം ചൂണ്ടിക്കാണിച്ചു കൊണ്ട് നാം ഇവിടെ ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് പരിശുദ്ധാത്മാവ് ആഗ്രഹിക്കുന്നതെന്നും, കാരണം നമ്മൾ ഇപ്പോൾ ആയിരിക്കുന്ന സമയവും സ്ഥലവും അതിൽ തന്നെ കൃപ നിറഞ്ഞതാണ് എന്നും പാപ്പാ പറഞ്ഞു. " ഒരു ആദർശ ലോകമോ, സഭയോ അല്ല, പകൽ വെളിച്ചത്തിൽ സുതാര്യതയോടും ലാളിത്യത്തോടും കൂടെ അവ ആയിരിക്കുന്നപോലെ ഇപ്പോൾ ഇവിടെ സ്നേഹിക്കാൻ ആത്മാവ് നമ്മെ നയിക്കുന്നു" ഇത് പരദൂഷണവും അലസഭാഷണവും നടത്തുന്ന പിശാചിൽ നിന്ന് എത്ര വ്യത്യസ്ഥമാണ് എന്ന് പരിശുദ്ധ പിതാവ് ചൂണ്ടിക്കാണിച്ചു.
എങ്ങനെ നടക്കണമെന്ന് സഭയെ പഠിപ്പിക്കുന്ന ആത്മാവ്
പരിശുദ്ധ പിതാവ് ശ്രദ്ധ കേന്ദ്രീകരിച്ച മൂന്നാമത്തേതും അവസാനത്തേതുമായ വശം എങ്ങനെ നടക്കണമെന്ന് സഭയെ പഠിപ്പിക്കുന്നതിനെ കുറിച്ചായിരുന്നു. ഭയന്ന് മുകളിലെ മുറിയിലിരുന്ന ശിഷ്യരിൽ പരിശുദ്ധാത്മാവിറങ്ങി വന്ന് അവരെ പുറത്തേക്കിറങ്ങാൻ പ്രേരിപ്പിച്ചു. ആത്മാവില്ലാതെ അവർ ഏകരായിരുന്നു, അവരിൽ തന്നെ ഒതുങ്ങിക്കൂടി എന്നും എന്നാൽ ആത്മാവോടൊപ്പം അവർ എല്ലാവരോടും തുറവുള്ളവരായി എന്നും പാപ്പാ വിശദീകരിച്ചു. എല്ലാക്കാലത്തും ആത്മാവ് നമ്മുടെ മുൻവിധികളെ അട്ടിമറിക്കുകയും അവന്റെ പുതുമകളിലേക്ക് നമ്മെ തുറന്നു വിടുകയും ചെയ്യാറുണ്ട് എന്ന് പറഞ്ഞ ഫ്രാൻസിസ് പാപ്പാ സഭ തുടർച്ചയായി മുന്നോട്ടു പോകേണ്ടതും സുവിശേഷം പ്രഘോഷിക്കേണ്ടതും ഏറ്റവും പ്രാധാന്യമുള്ളതാണെന്ന് പരിശുദ്ധത്മാവ് നിരന്തരം പഠിപ്പിക്കുന്നുവെന്നും പ്രസ്താവിച്ചു. "സുരക്ഷിതമായ ഒരാട്ടിൻ കൂട്ടമായിരിക്കാനല്ല, മറിച്ച് ദൈവത്തിന്റെ സൗന്ദര്യത്തിൽ എല്ലാവർക്കും മേയാൻ കഴിയുന്ന ഒരു തുറന്ന മേച്ചിൽപ്പുറമായിരിക്കാനാണ് '' സഭയെ അവൻ വിളിക്കുന്നതെന്ന് ഫ്രാൻസിസ് പാപ്പാ ആവർത്തിച്ചു.
നമ്മുടെ പ്രശ്നങ്ങളിലും താല്പര്യങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കാനും, പ്രസക്തിയുള്ളവരായി പ്രത്യക്ഷപ്പെടാനും, നമ്മൾ ഉൾപ്പെടുന്ന രാഷ്ട്രത്തിന്റെയോ സംഘത്തിന്റെയോ ശ്രമാവഹമായ പ്രതിരോധത്തിനായി നമ്മെ നിർബന്ധിക്കുന്ന ലോകത്തിന്റെ ആത്മാവിന് വിപരീതമാണ് പരിശുദ്ധാത്മാവിന്റെ വഴി എന്ന് പാപ്പാ ചൂണ്ടിക്കാണിച്ചു. പരിശുദ്ധാത്മാവിന്റെ വഴി നമ്മെത്തന്നെ മറന്നു കൊണ്ട് എല്ലാവർക്കുമായി ഹൃദയം തുറന്നുകൊടുക്കുക എന്നതാണ് എന്നും അങ്ങനെ സഭയെ യുവത്വത്തിൽ വളർത്തുന്നു എന്നും പരിശുദ്ധാത്മാവ് സഭയെ പുനരുജ്ജീവിപ്പിക്കുന്നു എന്നത് നാം മറക്കരുതെന്നും പാപ്പാ ഓർമ്മിപ്പിച്ചു. സഭയെ പ്രോഗ്രാം ചെയ്യാൻ കഴിയില്ല എന്നും ആധുനികവൽക്കരണത്തിനുള്ള ശ്രമങ്ങൾ പര്യാപ്തവുമാകില്ല എന്നും പാപ്പാ അടിവരയിട്ടു. കാരണം " ആത്മാവ് അടിയന്തിര സാഹചര്യങ്ങളോടുള്ള ആസക്തിയിൽ നിന്ന് മോചിപ്പിക്കുന്നു. തന്റെ, ഏറ്റം പുരാതനവും ഏറ്റം പുതിയതുമായ, സാക്ഷ്യത്തിന്റെ , ദാരിദ്യത്തിന്റെ , പ്രേഷിത ദൗത്യത്തിന്റെ പാതകളിൽ നടക്കാൻ അവൻ നമ്മെ ആഹ്വാനം ചെയ്യുന്നു. ഇത്തരത്തിൽ അവൻ നമ്മെ നമ്മിൽ നിന്നു തന്നെ മോചിപ്പിച്ച് ലോകത്തിലേക്കയക്കുന്നു" പരിശുദ്ധ പിതാവ് പറഞ്ഞു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: