"സഭ ഡിജിറ്റൽ ലോകത്തിൽ " എന്ന പുസ്തകത്തിന് പാപ്പായുടെ ആമുഖം
സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
ഡിജിറ്റൽ ലോകത്തിലെ തിരുസഭയെ കുറിച്ച് പറയുന്ന ഫാബിയോ ബോൾസെത്തയുടെ പുസ്തകത്തിന് നൽകിയ മുഖവുരയിൽ ഇന്ന് നാം അഭിമുഖികരിക്കുന്ന കോവിഡ്- 19 മഹാമാരിയെ എങ്ങനെ വിജയകരമായി തരണം ചെയ്യാൻ കഴിയുമെന്നും സാങ്കേതിക ഉപകരണങ്ങളും, സാമൂഹ്യശൃംഖലകളും എത്രത്തോളം ഉപയോഗപ്രദമാണെന്നും നമ്മുടെ അനുഭവങ്ങളിൽ നിന്നും നാം കണ്ടതാണെന്നും പാപ്പാ സൂചിപ്പിച്ചിട്ടുണ്ട്.
ഡിജിറ്റൽ ലോകത്തിൽ പ്രവർത്തിക്കുന്ന തിരുസഭ അതിന്റെ അനുഭവങ്ങളെ സാമൂഹ്യ ശൃംഖലാ സൈറ്റുകളിലൂടെ എങ്ങനെ പങ്കുവയ്ക്കാമെന്നും ഏതൊക്കെ സാങ്കേതിക ഉപകരണങ്ങൾ ഉപയോഗിക്കാമെന്നുള്ള നിർദ്ദേശങ്ങളെ കുറിച്ച് പറയുന്ന ഈ പുസ്തകം ഒരു സംഘം കത്തോലിക്കാ വെബ് സൈറ്റ് ഡിസൈന്മാരുടെ അനുഭവങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.
കോവിഡ് മഹാമാരി സമയത്ത് പരസ്പരം കാണാൻ കഴിയാത്ത, ദിവ്യബലിയിൽ നേരിട്ട് പങ്കെടുക്കാൻ പറ്റാതിരുന്ന നേരത്ത് സമൂഹ മാധ്യമങ്ങൾ വഴി ഓൺലൈൻ സമ്മേളനങ്ങൾ തത്സമയ പ്രക്ഷേപണങ്ങളിലൂടെ സംഘടിപ്പിക്കാൻ കഴിഞ്ഞതും സമൂഹമാധ്യമങ്ങൾ വഴി ദിവ്യബലിയും പ്രക്ഷേപണം ചെയ്യാൻ കഴിഞ്ഞതും അനുസ്മരിച്ച പാപ്പാ സമൂഹ ബന്ധങ്ങളെ സജീവമായി നിലനിർത്തുന്നതിൽ ഇന്റെർനെറ്റിന്റെ സംഭാവനയെ പ്രശംസിക്കുകയും ചെയ്തു.
ഈ സമയത്തും തെറ്റുകളും കുറ്റങ്ങളും ഉണ്ടായി എങ്കിലും ഈ പരിശ്രമങ്ങൾ സന്ദേശം നൽകുന്നയാളേക്കാൾ നൽകാനുള്ള സന്ദേശത്തിനുള്ള പ്രാധാന്യം കാണുമ്പോൾ അവയെല്ലാം ഉപകാരപ്രദമായിരുന്നു എന്നു നമുക്ക് തിരിച്ചറിയാൻ കഴിയും എന്ന് പാപ്പാ എഴുതി. എങ്കിലും തുടർച്ചയായുണ്ടായിരുന്ന സാങ്കേതിക വിദ്യയുടെ ഉപയോഗം മൂലം സംഭവിച്ച ചില മാറ്റങ്ങൾ പകർച്ചവ്യാധി അവസാനിച്ചാലും തുടർന്നു പോകുമെന്ന വിദഗ്ദ്ധരുടെ അഭിപ്രായത്തെയും പാപ്പാ ചൂണ്ടിക്കാണിച്ചു.
ഇറ്റാലിയൻ കത്തോലിക്കാ വെബ് ഡിസൈനർ ചെയ്ത പ്രവർത്തനങ്ങൾക്ക്, പ്രത്യേകിച്ച് എല്ലാ പ്രായക്കാരായ വൈദീകരെയും കണ്ട് ഡിജിറ്റൽ ഉപകരണങ്ങൾ അജപാലനത്തിന് എങ്ങനെ ഉപയോഗിക്കാമെന്ന് പഠിപ്പിച്ച് സഹായിച്ച അവരോടു നന്ദി പ്രകടിപ്പിച്ച പാപ്പാ ഇടവകയിലെ യുവജനങ്ങളെ പരിശീലിപ്പിക്കുകയും തിരുസഭയെ സഹായിക്കുകയും ചെയ്യണമെന്ന് ആമുഖത്തിൽ അഭ്യർത്ഥിക്കുകയും ചെയ്യുന്നുണ്ട്.
മുഖാമുഖ സംഭാഷണങ്ങളെ സാമൂഹ്യ ശൃംഖല മുഖേനയുള്ള കൂടിക്കാഴ്ച്ചകൾക്ക് പകരം വയ്ക്കാൻ കഴിയില്ല എന്ന് സൂചിപ്പിച്ച പാപ്പാ ഡിജിറ്റൽ ലോകത്തുള്ള ക്രൈസ്തവർക്ക് കൂടുതൽ കേൾക്കാനും യഥാർത്ഥ പങ്കുവയ്പും കൂടുതൽ മാനുഷികവും സാമൂഹികവുമായുള്ള ഒരു പുത്തൻ രീതിയിലുള്ള ആശയ വിനിമയത്തിന്റെ നേതാക്കളാവാൻ കഴിയുമെന്നതും പങ്കുവച്ചു.
ശബ്ദമുഖരിതവും വ്യാജ വാർത്താ മലിനീകരണവുമുണ്ട് എങ്കിലും വെബ്ബ് പരസ്പരം കാണാനും കേൾക്കാനുമുള്ള ഇടമാകാം. മുഖാമുഖ ബന്ധങ്ങൾക്ക് പകരം വയ്ക്കാനാവില്ല ഈ വിർച്ച്വൽ ഇടമെങ്കിലും ശരിയായ രീതിയിൽ ബന്ധപ്പെടാൻ കഴിഞ്ഞാൽ അത് നമ്മെ ഏകാന്തതയിൽ നിന്ന് മോചിപ്പിക്കുമെന്നും പാപ്പാ ആമുഖത്തിൽ എഴുതി.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: